3:11 pm - Wednesday November 24, 9277

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്‌ ഭൂമിപൂജയോടെ തുടക്കം

തൃശൂര്‍: അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭൂമിപൂജയോടെ തുടക്കം. കൊടകരയിലെ കനകമലയുടെ താഴ്‌വാരത്ത്‌ കാഞ്ചി കാമകോടി പീഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി ഭൂമിപൂജ നിര്‍വ്വഹിച്ചു. ഇതോടെ ബാലസംസ്ക്കാരകേന്ദ്രത്തിന്റെ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രമെന്ന ചരിത്രദൗത്യം തുടങ്ങി.

കേരളത്തിലെ 43 നദികളില്‍ നിന്നും ശേഖരിച്ച ജലവും ഗംഗാജലവും സ്വാമി ആപ്തലോകാനന്ദ ഒറ്റപ്പുണ്യതീര്‍ത്ഥമായി സംയോജിപ്പിച്ച്‌ ഭൂമിയില്‍ തളിച്ചു. ദ്വാപരയുഗത്തിലെ വൃന്ദാവനത്തെ കലിയുഗത്തിലേക്ക്‌ പറിച്ച്‌ നടുന്ന വിശിഷ്ടമായ ചടങ്ങുകള്‍ക്ക്‌ ഗോപൂജയോടെ തുടക്കമായി. വേഴപ്പറമ്പ്‌ ചിത്രഭാനു നമ്പൂതിരിപ്പാടും കൈമുക്ക്‌ വൈദികന്‍ ശ്രീധരന്‍ നമ്പൂതിരിയും ഗോപൂജക്ക്‌ കാര്‍മ്മികത്വം വഹിച്ചു. സമ്മേളനം തിരുവിതാംകൂര്‍,കൊച്ചി ദേവസ്വം ബോര്‍ഡ്‌ ഓംബുഡ്സ്മാന്‍ ജസ്റ്റീസ്‌ ആര്‍.ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലത്തിന്റെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായി ഇത്‌ മാറുമെന്ന്‌ അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണകേന്ദ്രം ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

കേരളീയ സമൂഹത്തിന്റെ പരിവര്‍ത്തനത്തിനുള്ള വേദിയായി ഇത്‌ മാറുമെന്ന്‌ ആമുഖപ്രസംഗം നടത്തിയ ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന്‍ പറഞ്ഞു. 2020 നകം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു.

സംഘപ്രവര്‍ത്തനചരിത്രത്തിലെ നാഴികക്കല്ലാണ്‌ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രമെന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി.മേനോന്‍ പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ആര്‍ എസ്‌ എസ്‌ പ്രാന്തകാര്യവാഹ്‌ പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, തപസ്യ അദ്ധ്യക്ഷന്‍ കവി എസ്‌.രമേശന്‍ നായര്‍, ബാലഗോകുലം സംസ്ഥാനപ്രസിഡന്റ്‌ ടി.പി.രാജന്‍ മാസ്റ്റര്‍, കല്യാണ്‍ സില്‍ക്ക്സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ടി.എസ്‌.പട്ടാഭിരാമന്‍, ജയലക്ഷ്മി സില്‍ക്ക്സ്‌ ഡയറക്ടര്‍ എന്‍.നാരായണ കമ്മത്ത്‌, പി.എസ്‌.നായര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ ടി.വി.ചന്ദ്രമോഹന്‍, സ്വാമി ദര്‍ശനാനന്ദ സരസ്വതി, എ.യു.രഘുരാമപ്പണിക്കര്‍, കാനാടി മഠം അധിപതി വിഷ്ണുഭാരതി , വി.ഹരികുമാര്‍, അന്താരാഷ്ട്ര കേന്ദ്രം വൈസ്‌ ചെയര്‍മാന്‍ കെ.കിട്ടു നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്‌.സേതുമാധവന്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു. ഗോദാനനിധി എം.എ.കൃഷ്ണനും ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിയും സ്വീകരിച്ചു. ചടങ്ങില്‍ പ്രത്യക്ഷ ഗോദാനവും നടന്നു. ചീഫ്‌ കോര്‍ഡിനേറ്റര്‍ ആര്‍.ലാല്‍കൃഷ്ണ പദ്ധതിയെക്കുറിച്ച്‌ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി എസ്‌.ജയകൃഷ്ണന്‍ സ്വാഗതവും എന്‍.പിശിവന്‍ നന്ദിയും പറഞ്ഞു.

രാവിലെ നടന്ന ഗണപതി ഹോമം, ശ്രീകൃഷ്ണപൂജ എന്നിവക്ക്‌ ഡോ. കാരുമാത്ര വിജയന്‍ കാര്‍മ്മികത്വം വഹിച്ചു. ഭാഗവതം, ജ്ഞാനപ്പാന, കൃഷ്ണഗാഥ,നാരായണീയം എന്നിവ പരായണം ചെയ്തു.

News Feed
Filed in

ഇടപ്പള്ളി സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം

ദുരിത ഭൂമിയില്‍ സഹായ ഹസ്തവുമായി കാഞ്ഞങ്ങാട് സേവാഭാരതി

Related posts