ഒക്‌ടോബര്‍ വിപ്ലവം എന്ന മിഥ്യ.

അഡ്വ. സി. കെ. സജി നാരായണന്‍

“കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം അണികളെയും കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യങ്ങളിലെ സ്വന്തം ജനങ്ങളെയും പാര്‍ട്ടി ചരിത്രത്തില്‍ ആവേശം കൊള്ളിക്കാന്‍ കള്ളക്കഥകള്‍കൊണ്ട് എങ്ങനെ ഇത്രയും കാലം വഞ്ചിച്ചു എന്നതിന്റെ നിരവധി ഉദാഹരണങ്ങളില്‍ ഒന്നാണ് 1917 ലെ ‘മഹത്തായ’ ഒക്ടോബര്‍ വിപ്ലവം.”

റഷ്യയിലെ ഒക്‌ടോബര്‍ വിപ്ലവം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും അതിനെ ഗൗരവമായി എടുക്കുകയോ വലിയ തോതിലുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയോ ചെയ്യുന്നില്ല എന്നത് കൗതുകകരമാണ്. പലരും ധരിച്ചു വച്ചിട്ടുള്ളത്, ‘മഹത്തായ ഒക്ടോബര്‍ വിപ്ലവം’ എന്നത് സാര്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യത്വത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ വിപ്ലവം എന്നാണ്. എന്നാല്‍ വാസ്തവത്തില്‍ സാര്‍ ചക്രവര്‍ത്തിക്കെതിരെ പോരാടി സ്ഥാപിതമായ ജനാധിപത്യ ഭരണകൂടത്തിനെതിരെ ഒരുകൂട്ടം കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ സൈനിക അട്ടിമറിയാണ് ഒക്ടോബര്‍ വിപ്ലവമെന്ന പേരില്‍ കമ്മ്യൂണിസ്റ്റ്കാര്‍ പ്രചരിപ്പിച്ചത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം അണികളെയും കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യങ്ങളിലെ സ്വന്തം ജനങ്ങളെയും പാര്‍ട്ടി ചരിത്രത്തില്‍ ആവേശം കൊള്ളിക്കാന്‍ കള്ളക്കഥകള്‍കൊണ്ട് എങ്ങനെ ഇത്രയും കാലം വഞ്ചിച്ചു എന്നതിന്റെ നിരവധി ഉദാഹരണങ്ങളില്‍ ഒന്നാണ് 1917 ലെ ‘മഹത്തായ’ ഒക്ടോബര്‍ വിപ്ലവം.

1917 ലെ റഷ്യന്‍ വിപ്ലവത്തിന് പ്രചോദകമായത് ‘ബ്ലഡി സണ്‍ഡേ’ എന്ന പേരില്‍ അറിയപ്പെട്ട 1905 ല്‍ നടന്ന റഷ്യന്‍ വിപ്ലവമാണ്. സാര്‍ ചക്രവര്‍ത്തിയുടെ ദുര്‍ഭരണത്തിനെതിരെ നടന്ന പ്രതിഷേധത്തിനൊടുവില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഒരു സോവിയറ്റ് രൂപംകൊണ്ടു. പിന്നീട് ഒന്നാം ലോകമഹായുദ്ധകാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ റഷ്യയിലെ ചക്രവര്‍ത്തിക്കെതിരെ കമ്മ്യൂണിസ്റ്റുകള്‍ ജനവികാരം ഇളക്കി. 1915 ല്‍ സാര്‍ ചക്രവര്‍ത്തി സൈനിക നേതൃത്വം ഏറ്റെടുത്തു പട്ടാള താവളത്തിലേക്ക് പോയതും, ജര്‍മന്‍കാരിയായ ഭാര്യയെ ചക്രവര്‍ത്തിനിയായി അവരോധിച്ചു ഭരണമേല്‍പ്പിച്ചതും ദേശീയ വികാരമുള്ള ജനങ്ങളുടെ പ്രതിഷേധം വര്‍ദ്ധിപ്പിച്ചു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ പേര് ജര്‍മന്‍ ഭാഷയില്‍ പെട്രോഗ്രേഡ് എന്നാക്കിയത് ജനങ്ങളില്‍ ദേശീയ ബോധമുണര്‍ത്തിയിരുന്നു. യുദ്ധം ചെയ്ത പട്ടാളക്കാര്‍ക്ക് പ്രതിഫലമോ ജനങ്ങള്‍ക്ക് മതിയായ വിലയ്ക്ക് ഭക്ഷണമോ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ ജനങ്ങളെയും പട്ടാളത്തെപ്പോലും തിരിക്കുക എളുപ്പമാണല്ലോ. തുടര്‍ന്ന് ഫാക്ടറികളില്‍ വേതന വര്‍ദ്ധനവിനുവേണ്ടി സമരങ്ങള്‍ വ്യാപകമായി. തൊഴിലിടങ്ങളിലെ പീഡനങ്ങളും പട്ടിണിയും ക്ഷാമവും യുദ്ധത്തിലെ തോല്‍വിയും യുദ്ധക്കെടുതികളും ജനങ്ങളെ ഭരണകൂടത്തിനെതിരാക്കി. അതൃപ്തരായ സൈന്യവും ഭരണകൂടത്തിനെതിരെ തിരിഞ്ഞു. സാര്‍ ചക്രവര്‍ത്തി തന്നെ 1906 ല്‍ രൂപം നല്‍കിയ ജനാധിപത്യ രീതിയില്‍ തെഞ്ഞെടുത്ത ‘സ്റ്റേറ്റ് ഡ്യൂമ’ എന്ന റഷ്യന്‍ പാര്‍ലമെന്റ് 1916 ല്‍ ചക്രവര്‍ത്തിക്കെതിരെ തിരിഞ്ഞു. റഷ്യന്‍ ഭരണകൂടം ജര്‍മ്മനിയുമായി സമാധാന ചര്‍ച്ചകള്‍ നടത്തിയത് ദേശീയവാദികളായ ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കി. ഇതെല്ലാം റഷ്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഭരണത്തിനെതിരെ പോരാടുന്നതില്‍ ശക്തിപകര്‍ന്നു. പക്ഷെ യുദ്ധത്തിനെതിരെയുള്ള ബാനറുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിയത് ദേശീയ വികാരമുണര്‍ന്ന ജനങ്ങള്‍ എതിര്‍ത്തു.

പോരാട്ടത്തില്‍ പങ്കെടുത്ത മാര്‍ക്‌സിസ്റ്റ് സ്വാധീനമുള്ള സോഷ്യല്‍ ഡെമോക്രാറ്റു നേതാക്കള്‍ രാജ്യം വിട്ടു സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആണ് താമസിച്ചത്. എന്നാല്‍ ഇതേസമയം ജര്‍മ്മനിയിലെയും, ഫ്രാന്‍സിലെയും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അഖില ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നയങ്ങളെ ലംഘിച്ച് സ്വന്തം രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ യുദ്ധനയങ്ങളെ പിന്തുണച്ച് ദേശീയത ഉയര്‍ത്തിപ്പിടിച്ചു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റുകാര്‍ ജര്‍മ്മനിയെയും ജര്‍മന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഫ്രാന്‍സിനെയും എതിര്‍ത്തു. ഇത് ശത്രുരാജ്യമായ ജര്‍മ്മനി ഉള്‍പ്പെടെ പുറത്തുനിന്നുള്ള പിന്തുണ പ്രതീക്ഷിച്ച റഷ്യയിലെ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വിപ്ലവ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി.

‘വിപ്ലവ’മെന്നു വിശേഷിപ്പിക്കാവുന്ന ഒന്നുണ്ടെങ്കില്‍ അത് ‘ഫെബ്രുവരി വിപ്ലവ’മെന്ന പേരില്‍ റഷ്യന്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം 1917 ഫെബ്രുവരി 23 മുതല്‍ 27 വരെ (നാം ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 8 മുതല്‍ 12 വരെ) സാര്‍ ചക്രവര്‍ത്തിയുടെ ഭരണത്തിനെതിരെ നടന്ന സമരങ്ങളാണ്. മിക്കവാറും ഫാക്ടറികള്‍ അടച്ചുപൂട്ടുകയും, വിദ്യാര്‍ത്ഥികളും അധ്യാപകരും സമരത്തിനു പിന്തുണയുമായി എത്തുകയും ചെയ്തു. സമരത്തെ അടിച്ചമര്‍ത്താന്‍ സാര്‍ ചക്രവര്‍ത്തി സൈന്യത്തോട് കല്‍പ്പിച്ചുവെങ്കിലും മനോവീര്യം തകര്‍ന്നു കലാപകലുഷിതമായ സൈന്യം സ്ത്രീകളുള്‍പ്പെട്ട സമരക്കാരെ നേരിടാന്‍ വിസമ്മതിക്കുകയും സൈനിക കലാപം നടത്തുകയും ചെയ്തു.

റഷ്യന്‍ പാര്‍ലമെന്റായ സ്റ്റേറ്റ് ഡ്യൂമയെ ചക്രവര്‍ത്തി നിയമവിരുദ്ധമായി പ്രഖ്യാപിച്ചുവെങ്കിലും, നിയമ സമാധാനം സ്റ്റേറ്റ് ഡ്യൂമ ഏറ്റെടുത്തു. സൈനിക നേതാക്കളും സ്റ്റേറ്റ് ഡ്യൂമയും യോഗംചേര്‍ന്ന് സാര്‍ ചക്രവര്‍ത്തിയോട് ഭരണം ഒഴിയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് റഷ്യന്‍ പാര്‍ലമെന്റിലെ നേതാവായ പ്രിന്‍സ് ജോര്‍ജിയെ വജനീവിച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്നിന് താത്ക്കാലിക സര്‍ക്കാര്‍ റഷ്യയുടെ ഭരണം ഏറ്റെടുത്തു. ചക്രവര്‍ത്തി താല്‍ക്കാലിക സര്‍ക്കാരിന്റെ വീട്ടുതടങ്കലിലുമായി. സമരത്തിന് മുന്‍പില്‍ നിന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ സൈന്യത്തെയും തൊഴിലാളികളെയും ഉള്‍പ്പെടുത്തി പെട്രോേഗ്രഡില്‍ സോവിയറ്റ് ഭരണം സ്ഥാപിച്ചു.

താല്‍ക്കാലിക സര്‍ക്കാരിനു സമാന്തരമായി സോഷ്യലിസ്റ്റുകള്‍ പെട്രോഗ്രേഡ് സോവിയറ്റ് ഭരണവും രൂപീകരിച്ചതോടെ ഇരട്ട അധികാര കേന്ദ്രങ്ങള്‍ റഷ്യന്‍ സമൂഹത്തില്‍ ഉദയംകൊണ്ടു. ‘ഫെബ്രുവരി വിപ്ലവത്തിന്’ ശേഷം ഇവര്‍ രണ്ടുകൂട്ടരും തമ്മിലുള്ള അധികാര വടംവലിയാണ് കാണുന്നത്. മെന്‍ഷെവിക്കുകളും സോഷ്യലിസ്റ്റ് റെവല്യൂഷനറി പാര്‍ട്ടിക്കാരുമാണ് സോവിയറ്റ് കൗണ്‍സിലുകളുടെ നേതൃത്വം വഹിച്ചിരുന്നത്. അവര്‍ ഉയര്‍ത്തിയ പരിഷ്‌കാരങ്ങള്‍ മാര്‍ക്‌സിയന്‍ ആയിരുന്നില്ല, ജനാധിപത്യപരമായിരുന്നു. അതേസമയം താത്കാലിക സര്‍ക്കാര്‍ സോവിയറ്റുകളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറായിരുന്നു. പക്ഷെ പിന്നീട് സോഷ്യലിസ്റ്റ് റെവല്യൂഷനറി പാര്‍ട്ടിയുടെ നേതാവും പ്രശസ്ത അഭിഭാഷകനുമായ അലക്‌സാണ്ടര്‍ കെരന്‍സ്‌കി താത്കാലിക സര്‍ക്കാരില്‍ ചേര്‍ന്നു. കെരന്‍സ്‌കിക്കു ഏറ്റവും വലിയ എതിരാളി ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക് പാര്‍ട്ടിയായിരുന്നു.

ലെനിന്‍ ‘ഫെബ്രുവരി വിപ്ലവ’കാലത്തു സ്വിറ്റ്‌സര്‍ലണ്ടില്‍ ഒളിവിലായിരുന്നു. യുദ്ധം കാരണം സാറിന്റെ ഭരണം പോയ ശേഷവും ലെനിന് റഷ്യയില്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ലെനിന്‍ റഷ്യയുമായി യുദ്ധത്തിലായിരുന്ന ജര്‍മനിയുമായി രഹസ്യ ചര്‍ച്ച നടത്തി. റഷ്യന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ യുദ്ധത്തില്‍ എതിരാളിയായിരുന്ന ജര്‍മനിയുടെ ഉദ്യോഗസ്ഥര്‍ ലെനിനെയും കൂട്ടാളികളെയും ജര്‍മനിയുടെ യുദ്ധഭൂമിയിലൂടെ തീവണ്ടിയില്‍ റഷ്യയിലെത്താന്‍ സഹായിച്ചു. അങ്ങിനെ 1917 ഏപ്രിലില്‍ ലെനിന്‍ റഷ്യയിലെത്തി.

‘എല്ലാ അധികാരവും സോവിയറ്റുകള്‍ക്ക്’ എന്ന മുദ്രാവാക്യം റഷ്യയിലെങ്ങും ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക്കുകള്‍ പ്രചരിപ്പിച്ചുവെങ്കിലും അവരുടെ ജനകീയ പിന്തുണ വളരെ പരിമിതമായിരുന്നു. റഷ്യക്കാര്‍ യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങി സാര്‍ ഭരണത്തിനെതിരെ വിപ്ലവ യുദ്ധം നയിക്കണമെന്നു ആഹ്വാനം ചെയ്ത ലെനിനോടൊപ്പം നില്‍ക്കാന്‍ കേവലം 10000 പേരും, ദുര്‍ബലമായ തീവ്രവാദ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ് ഉണ്ടായിരുന്നത്.
ജൂണ്‍ 18 ന് വീണ്ടും യുദ്ധത്തിന് ഉത്തരവിട്ട താത്കാലിക സര്‍ക്കാരിനെതിരെ തൊഴിലാളികളും സൈന്യവും സമരം ചെയ്തുവെങ്കിലും, ലെനിന്‍ അതിനെ തള്ളിപ്പറയുകയാണുണ്ടായത്.

സര്‍ക്കാരിനെതിരെ വലിയ ഒരു മുന്നേറ്റം ഉണ്ടാകേണ്ട സമയത്തു എന്തുകൊണ്ട് ബോള്‍ഷെവിക്കുകള്‍ ഒരു വിപ്ലവത്തിന് തയ്യാറായില്ല എന്നത് ചരിത്രകാരന്മാര്‍ക്കു മുന്‍പില്‍ ചോദ്യചിഹ്നം തന്നെയായിരുന്നു. ഇത് അവര്‍ക്ക് തൊഴിലാളികള്‍ക്കും സൈനികര്‍ക്കും ഇടയില്‍ പിന്തുണ നഷ്ടപ്പെടുന്നതിനു മറ്റൊരു കാരണമായി. പകരം ‘എല്ലാ അധികാരവും സോവിയറ്റ്കള്‍ക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി ബോള്‍ഷെവിക്കുകളുടെ നേതൃത്വത്തില്‍ പെട്രോേഗ്രഡില്‍ സായുധ പ്രകടനങ്ങള്‍ നടത്തി. ട്രോട്‌സ്‌കിയും മറ്റു ബോള്‍ഷെവിക്കുകളും അറസ്റ്റിലായി. ലെനിനാകട്ടെ ഫിന്‍ലാന്‍ഡിലേക്കു നാട് വിടേണ്ടി വന്നു. ജൂലൈ ഏഴിനു ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഒഴിയുകയും സോഷ്യലിസ്റ്റ് റെവല്യൂഷനറി പാര്‍ട്ടി നേതാവ് കെരന്‍സ്‌കി റഷ്യന്‍ പ്രധാന മന്ത്രിയാവുകയും ചെയ്തു. ഓഗസ്റ്റില്‍ റഷ്യന്‍ സൈന്യവും സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോള്‍ കെരന്‍സ്‌കി ബോള്‍ഷെവിക്കുകളുടെ സഹായം തേടി. ബോള്‍ഷെവിക്കുകള്‍ സര്‍ക്കാരിനെതിരായ നിലപാട് മാറ്റി തങ്ങളുടെ അവസരവാദം പ്രകടിപ്പിച്ചു. ബോള്‍ഷെവിക്കുകളുടെ സഹായത്തോടെ സര്‍ക്കാര്‍ സൈന്യത്തിന്റെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു.

സപ്തംബറില്‍ ട്രോട്‌സ്‌കിയും കൂട്ടരും ജയിലില്‍ നിന്നും പുറത്തുവരികയും സോവിയറ്റുകളുടെ നേതൃത്വം ട്രോട്‌സ്‌കി ഏറ്റെടുക്കുകയും ചെയ്തു. ഒക്ടോബറില്‍ ലെനിന്‍ പെട്രോേഗ്രഡില്‍ തിരിച്ചെത്തി. തുടര്‍ന്ന് താത്കാലിക സര്‍ക്കാര്‍ അധികാരമൊഴിയണമെന്ന പ്രമേയം ബോള്‍ഷെവിക്കുകള്‍ പാസ്സാക്കി. റഷ്യന്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 25 നാണു കേവലം ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടു നിന്ന ‘ഒക്ടോബര്‍വിപ്ലവം’ നടക്കുന്നത്. നാം ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം അത് നവംബര്‍ ഏഴിനാണ്. വിന്റര്‍ പാലസില്‍ താത്കാലിക സര്‍ക്കാറിന്റെ യോഗം നടന്നുകൊണ്ടിരിക്കെ ബോള്‍ഷെവിക്കുകള്‍ രൂപീകരിച്ച മിലിറ്ററി റെവല്യൂഷനറി കമ്മിറ്റി സര്‍ക്കാരിലെ എല്ലാവരെയും അറസ്റ്റുചെയ്തു. തുടര്‍ന്ന് അന്നേദിവസം ഒളിവിലിരുന്ന ലെനിന്‍ പുറത്തുവന്നു താല്‍ക്കാലിക സര്‍ക്കാരിന്റെ ഭരണം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. സൈന്യം ഭരണം പിടിച്ചെടുത്ത ഈ സംഭവമാണ് 24 മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ‘മഹത്തായ ഒക്ടോബര്‍ വിപ്ലവം’.

ഫെബ്രുവരിയില്‍ നിലവില്‍ വന്ന താത്കാലിക സര്‍ക്കാരിന് പകരം പുതിയ സര്‍ക്കാര്‍ ഒക്ടോബര്‍ 25 ന് നിലവില്‍ വന്നു. ഈ ഒക്ടോബര്‍ വിപ്ലവത്തിന് പ്രേരണയും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക വ്യാഖ്യാനവും നല്‍കിയത് ഒളിച്ചിരുന്ന ലെനിന്‍ ആയിരുന്നെങ്കിലും, സൈനിക അട്ടിമറി നയിച്ചത് ട്രോട്‌സ്‌കിയായിരുന്നു.

പിന്നീട് നാം കാണുന്നത് ലെനിന്‍, ട്രോട്‌സ്‌കി, സ്റ്റാലിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാരും, ഈ അനീതിയെ എതിര്‍ത്ത മറ്റുള്ളവരും തമ്മില്‍ നാലുവര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധമാണ്. ഇതും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ കണക്കില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ തുടര്‍ച്ചയാണ്! മിതവാദികളാണ് വളരെ ദുര്‍ബലമായ ‘വൈറ്റ് ആര്‍മി’ യുണ്ടാക്കി 1918 ല്‍ ആഭ്യന്തര യുദ്ധം നടത്തിയത്. ഇതില്‍ സൈനിക ഉദ്യോഗസ്ഥര്‍, സോഷ്യല്‍ റവല്യൂഷനറികള്‍ തുടങ്ങി പലരും ഉണ്ടായിരുന്നു.

സോവിയറ്റുകളുടെ ‘റെഡ് ആര്‍മി’ക്കെതിരെ പോരാടിയ ‘വൈറ്റ് ആര്‍മി’ യെ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ ലോകശക്തികള്‍ പിന്തുണച്ചു. അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവരുടെ സൈന്യം ‘വൈറ്റ് ആര്‍മി’യെ പിന്തുണച്ച് റഷ്യക്കകത്തുള്ള അതിര്‍ത്തിയിലെ വ്‌ളാദിവോസ്റ്റോക് എന്ന സ്ഥലത്ത് പരേഡ് നടത്തി. റെഡ് ആര്‍മിയില്‍ ലയിക്കാന്‍ വിസമ്മതിച്ച മഖ്‌നോ എന്ന ഉക്രെനിയന്‍ നേതാവിന്റെ നേതൃത്വത്തിലുള്ള ‘ബ്ലാക്ക് ആര്‍മി’യും സര്‍ക്കാരിനെതിരെ പോരാടി. കൂടാതെ കര്‍ഷകരുടെ വക ‘ഗ്രീന്‍ ആര്‍മി’യും സര്‍ക്കാരിനെതിരെ പോരാടാനുണ്ടായിരുന്നു. സോവിയറ്റ് നാവിക സൈന്യവും, റെഡ് ആര്‍മിയിലെ പടയാളികളും, ജനങ്ങളും ബോള്‍ഷെവിക് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നടത്തിയ സായുധകലാപമാണ് പ്രസിദ്ധമായ ക്രോണസ്റ്റേറ്റ് കലാപം.