ഗത്യന്തരമില്ലാതെ കൈയേറ്റക്കാര്‍ ഒഴിയുന്നു; ക്ഷേത്രഭൂമി സ്വതന്ത്രമാകുന്നു.

കുന്നത്തൂര്‍: ഭരണവര്‍ഗത്തിന്റെ ഗര്‍വിന് ഒടുവില്‍ നിയമത്തിന് മുന്‍പില്‍ പരാജയം. പതിറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തില്‍ നിന്നും ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര ഭൂമിക്ക് ഒടുവില്‍ മോചനമാകുന്നു. കൈയേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ഈ മാസം ഒന്‍പതിനാണ് അവസാനിക്കുന്നത്.
അതിനുശേഷം അവിടെ തുടരാന്‍ കൈയേറ്റക്കാര്‍ക്ക് യാതൊരു സാഹചര്യവും ഇല്ലാത്തതിനാല്‍ സ്വയം ഒഴിഞ്ഞുപോകാനാണ് തീരുമാനം. ഇതോടെ 30 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ശുഭാന്ത്യമാകും. കൈയേറ്റക്കടകള്‍ കച്ചവടക്കാര്‍ തന്നെ പൊളിച്ചുമാറ്റുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അല്ലാത്തപക്ഷം ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് റവന്യൂവകുപ്പ് കടകള്‍ പൊളിച്ചു മാറ്റുമെന്നും കുന്നത്തൂര്‍ തഹസീല്‍ദാര്‍ അറിയിച്ചു.
അടൂര്‍ മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിനിടയില്‍ ഒരിക്കല്‍ പോലും കൈയേറ്റക്കാര്‍ക്ക് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിലും ഇത്രയും വര്‍ഷക്കാലം കൈയേറ്റക്കാര്‍ ക്ഷേത്രഭൂമി കൈവശം വച്ച് ഉപയോഗിച്ചുവന്നത് ഇടത് വലത് മുന്നണികളുടെ ഭരണ സ്വാധീനം മുതലാക്കിയാണ്. ഹൈക്കോടതി ഉത്തരവിനെപ്പോലും അട്ടിമറിക്കുന്ന തരത്തിലാണ് ഏഴ് മാസം മുന്‍പ് ചക്കുവള്ളിയില്‍ സിപിഎം നേതാക്കള്‍ ഇടപെട്ടത്.
കൈയേറ്റക്കാര്‍ക്ക് പിന്തുണയോടെ സോമപ്രസാദ് എംപിയുടെ നേതൃത്വത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗവും പോപ്പുലര്‍ ഫ്രണ്ടും നിലയുറപ്പിച്ചതോടെ കൈയേറ്റമൊഴിപ്പിക്കല്‍ നിലയ്ക്കുകയായിരുന്നു. ഇതിനെതിരെ ഭക്തരെ അണിനിരത്തി ഹൈന്ദവ സംഘടനകള്‍ സമരമാരംഭിച്ചു. സമാധാനപരമായ സമരത്തെ അക്രമത്തിലേക്ക് തള്ളിവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം ശ്രമിച്ചെങ്കിലും ഹൈന്ദവ നേതൃത്വം സംയമനം പാലിച്ചു.