3:16 pm - Wednesday January 20, 8100

പരിസ്ഥിതി സൗഹാര്‍ദ്ദ വികസന മാതൃക വേണം: ആര്‍എസ്‌എസ്‌

കൊച്ചി: ഭാവിതലമുറയുടെ സമാധാനപൂര്‍ണമായ ജീവിതത്തിന്‌ ഭാരതീയ പരിസ്ഥിതി സൗഹാര്‍ദ്ദ വികസന മാതൃക പിന്തുടരണമെന്ന്‌ ആര്‍എസ്‌എസ്‌ വ്യക്തമാക്കി. മാധവ്‌ ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ട്‌ നാഴികക്കല്ലാണ്‌.

നാം പിന്തുടരുന്ന പിഴവുകള്‍ നിറഞ്ഞ വികസന മാതൃകയും ചില വിഭാഗങ്ങളുടെ ആര്‍ഭാട ജീവിത രീതിയും പരിസ്ഥിതിക്ക്‌ കനത്ത നാശം ഉണ്ടാക്കുന്നതായി പരിസ്ഥിതി നേരിടുന്ന ഭീഷണികളെയും പശ്ചിമഘട്ടത്തിന്റെ പ്രകൃതിസന്തുലിതാവസ്ഥയെപ്പറ്റിയും നടന്ന ചര്‍ച്ചകളില്‍ അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം വിലയിരുത്തിയതായി സര്‍കാര്യവാഹ്‌ സുരേഷ്‌ (ഭയ്യാജി) ജോഷി പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ പ്രവണത മാറ്റാന്‍ അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടത്‌ പുതിയ തലമുറയുടെ ഉത്തരവാദിത്തമാണ്‌.

പശ്ചിമഘട്ടത്തിലെ പ്രകൃതി സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനെക്കുറിച്ച്‌ ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യുന്നതിന്‌ പകരം തള്ളിക്കളഞ്ഞ കേന്ദ്ര നടപടി നിര്‍ഭാഗ്യകരവും അപലപനീയവുമാണ്‌. അതിലെ പല നിര്‍ദ്ദേശങ്ങളും രാജ്യത്തിന്റെ വിശാല താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നു. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ട്‌ ചുവടുവെപ്പായിരിക്കാമെങ്കിലും പര്യാപ്തമല്ല. കേന്ദ്രസര്‍ക്കാരും ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാരുകളും തീരുമാനങ്ങള്‍ പുനഃപരിശോധിച്ച്‌ രാജ്യത്തിന്റെ പരിസ്ഥിതി ഭാവി സംബന്ധിക്കുന്ന കാര്യത്തില്‍ വിശാലമായ ചര്‍ച്ചക്ക്‌ വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു.

കമ്മ്യൂണല്‍ ആന്റ്‌ ടാര്‍ജറ്റഡ്‌ വയലന്‍സ്‌ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളില്‍നിന്ന്‌ കടുത്ത എതിര്‍പ്പ്‌ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്‌. പക്ഷപാതപരവും ചട്ടവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ നിയമനിര്‍മ്മാണമാണിത്‌. സമൂഹത്തില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവുണ്ടാക്കുന്ന ബില്‍ ഭരണഘടനാവിരുദ്ധവുമാണ്‌. രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെയും സമുദായ സൗഹാര്‍ദ്ദത്തെയും തകര്‍ക്കുന്ന നിയമനിര്‍മ്മാണം വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിന്‌ പകരം സമുദായ വിദ്വേഷമുണ്ടാക്കി വര്‍ഗീയ ധ്രുവീകരണത്തിന്‌ വഴിവെക്കുന്നതുമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

പതിവ്‌ വോട്ടുബാങ്ക്‌ രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ടാണ്‌ ഒരിക്കല്‍ മരവിപ്പിച്ച ഇൌ‍ നിയമത്തിന്റെ കരട്‌ സര്‍ക്കാര്‍ ഇപ്പോള്‍ പൊടിതട്ടിയെടുത്തിരിക്കുന്നത്‌. ഹിന്ദുവിരുദ്ധവും മതസൗഹാര്‍ദ്ദ വിരുദ്ധവുമായ നിയമനിര്‍മ്മാണത്തെ ജനങ്ങള്‍ എതിര്‍ക്കുമെന്ന്‌ സര്‍കാര്യവാഹ്‌ മുന്നറിയിപ്പ്‌ നല്‍കി. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ ഭരണകക്ഷി നടത്തുന്ന പ്രീണന രാഷ്ട്രീയത്തെ തുറന്നുകാട്ടണമെന്ന്‌ ആര്‍എസ്‌എസ്‌ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

50,000 ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം

കൊച്ചി: സംഘടനാപരമായി ഏറെ വളര്‍ച്ച കൈവരിക്കാന്‍ ആര്‍എസ്‌എസിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം വിലയിരുത്തി. 2012 ഒക്ടോബറില്‍ നടന്ന കാര്യകാരി മണ്ഡല്‍ യോഗത്തെത്തുടര്‍ന്നുള്ള സംഘടനയുടെ വളര്‍ച്ച ക്രമാനുഗതമാണെന്ന്‌ സര്‍കാര്യവാഹ്‌ സുരേഷ്‌ (ഭയ്യാജി) ജോഷി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2500 പുതിയ സ്ഥലങ്ങളില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. ഇപ്പോള്‍ 6000 ത്തോളം സ്ഥലങ്ങളില്‍ പ്രതിവാരമോ മാസംതോറുമുള്ളതോ ആയ ശാഖകളുണ്ട്‌. 50,000 ത്തിലേറെ ഗ്രാമങ്ങളില്‍ ആര്‍എസ്‌എസിന്റെ സജീവ സാന്നിധ്യവും പ്രവര്‍ത്തനങ്ങളുമുണ്ട്‌. ഇവിടങ്ങളില്‍ എല്ലാം കൃത്യമായി ശാഖകളും നടക്കുന്നുണ്ട്‌. രാജ്യവ്യാപകമായി കൃത്യമായ സംഘപ്രവര്‍ത്തനം നടക്കുന്ന 75,000 ത്തോളം സ്ഥലങ്ങളുണ്ടെന്നും സര്‍കാര്യവാഹ്‌ വ്യക്തമാക്കി.

എളമക്കരയില്‍ ആര്‍എസ്‌എസ്‌ സംസ്ഥാന ആസ്ഥാനമായ മാധവനിവാസിന്‌ സമീപം ഭാസ്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളിലായി നടന്ന അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം ഇന്നലെ ഉച്ചയോടെ സമാപിച്ചു. യോഗത്തില്‍ സര്‍സംഘചാലക്‌ ഡോ. മോഹന്‍ ഭാഗവത്‌ ഉള്‍പ്പെടെ നാനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

 

News Feed
Filed in

കുടുംബാസൂത്രണം അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു

RSS Sahsarkaryavah Dattatreya Hosabale’s press conference at ABKM

Related posts