പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് സംഘം ക്യാമ്പസിലെത്തിയത് കൊല്ലാനുറച്ച്.

പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഭീകരസംഘം മഹാരാജാസ് കോളേജിലെത്തിയത് ആയുധസജ്ജരായി കൊല്ലാനുറച്ചെന്ന് ഇന്നലെ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം ആദിലിന്റെ മൊഴി. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കൊലപാതകത്തിലും ഗൂഢാലോചനയിലും ആദിലിന് നേരിട്ട് പങ്കുണ്ടെന്നും പോലീസ് പറയുന്നു.

ആലുവ സ്വദേശിയായ ഇയാള്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്. അഭിമന്യുവിനെ കൊലപ്പെടുത്താനായി ക്യാമ്പസ് ഫ്രണ്ടിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു.

ചുവരെഴുത്തിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എന്തിനും തയ്യാറായെത്തിയ സംഘം അഭിമന്യുവിനെയും അര്‍ജുനെയും ആക്രമിക്കുകയായിരുന്നു.

അടിച്ചാല്‍ തിരിച്ചടിക്കുമെന്നായിരുന്നു നിര്‍ദേശമെന്നും പലരും ആയുധം കരുതിയിരുന്നുവെന്നും, കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നവര്‍ ആയുധം ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചിരുന്നവരാണെന്നുമാണ് ആദില്‍ പോലീസിന് നല്‍കിയ മൊഴി.

എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും ചെയ്യുന്ന കൊലപാതകങ്ങള്‍ പൂര്‍ണമായും ജില്ലാ നേതൃത്വത്തിന്റെ അറിവോടെയായിരിക്കും എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സ്ഥലത്ത് സംഘടിച്ച് മാരാകായുധങ്ങളുമായി പ്രതികള്‍ എത്തി അഭിമന്യുവിനേയും അര്‍ജുനേയും ആക്രമിക്കുകയായിരുന്നു.

എന്നാല്‍ ഇതുവരെ മുഖ്യപ്രതികളെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുഖ്യപ്രതികള്‍ രാജ്യം വിട്ടു എന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ പോലീസ് പിടികൂടുന്നത് ഇതാദ്യമാണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ആദില്‍ ജില്ലയ്ക്ക് വെളിയില്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. സംഭവം നടന്ന് 14 ദിവസത്തിന് ശേഷമാണ് ആദിലിനെ പോലീസ് പിടികൂടിയത്.