3:21 pm - Friday March 19, 1627

ബാലഗോകുലം ഇന്നലെ, ഇന്ന്, നാളെ

നാല്‍പ്പത്‌വര്‍ഷം മുമ്പ് കേരളത്തില്‍ രൂപംകൊണ്ടതും, കേരളത്തിലുടനീളം വ്യാപിച്ചതും കേരളീയര്‍ പോയ സ്ഥലത്തെല്ലാം ഇതേ പേരിലോ മറ്റേതെങ്കിലും പേരിലോ പ്രവര്‍ത്തിച്ചുവരുന്നതുമായ ഒരു പ്രസ്ഥാനമാണ് ബാലഗോകുലം. സ്വാതന്ത്ര്യലബ്ധിക്കുശേഷം നാടിന്റെ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അന്യസംസ്‌കാരത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമൂഹം കേരളത്തിലെപ്പോലെ മറ്റെങ്ങുമുണ്ടാകുമെന്ന് തോന്നുന്നില്ല. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും വിദേശികള്‍ തുടങ്ങിവച്ച ഇംഗ്ലീഷ് സ്‌കൂളുകള്‍ അങ്ങനെ നിലനിന്നുവെങ്കിലും മാധ്യമം മലയാളമായിരുന്നു. മാതൃഭാഷ തന്നെ മാധ്യമമായ വിദ്യാലയങ്ങളും നിലവിലുണ്ടായിരുന്നു.

അതുപോലെ സംസ്‌കൃതസ്‌കൂളുകളും. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി ജനാധിപത്യം വന്നപ്പോള്‍, വളരെ സാവകാശത്തിലാണെങ്കിലും ഇംഗ്ലീഷ് ഭാഷ കടന്നുകയറാനും മറ്റു വിഷയങ്ങളില്‍ മാറ്റം വരുത്തി, സംസ്‌കാരവും പാരമ്പര്യവും ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാറ്റിവച്ച് പാശ്ചാത്യവിഷയങ്ങള്‍ ശാസ്ത്രവിഷയങ്ങള്‍ എന്ന പേരില്‍ പഠിപ്പിക്കാനും തുടങ്ങി. ഇംഗ്ലീഷ് മാധ്യമസ്‌കൂളുകളും സിബിഎസ്ഇ സ്‌കൂളുകളുമെല്ലാം മലയാള ഭാഷയെ ഒഴിവാക്കാന്‍ തുടങ്ങി. നമ്മളുടേതൊന്നും നമ്മളുടെ കുട്ടികള്‍ പഠിക്കരുതെന്ന് ആര്‍ക്കോ നിര്‍ബന്ധമുള്ളതുപോലെയാണ് ഇവിടെ പരിഷ്‌കാരങ്ങള്‍ മുന്നേറിയത്. ഇന്നിപ്പോള്‍ വിദ്യാഭ്യാസം വ്യവസായമായി മാറിയപ്പോള്‍, വിദ്യാലയങ്ങള്‍ തുടങ്ങുന്നതിന് പണക്കൊതിയന്മാര്‍ക്കും താല്‍പര്യം വര്‍ദ്ധിച്ചിട്ടുണ്ട്. തൊഴിലന്വേഷികളായി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും മലയാളം ഒഴിവാക്കുന്നത് ആശ്വാസകരമാണ്.

മലയാളം അദ്ധ്യാപകര്‍ക്ക്, ആര്‍ക്കും വേണ്ടാത്ത വിഷയം പഠിപ്പിക്കാനും താല്‍പര്യമില്ല. നാല്‍പതുവര്‍ഷം മുമ്പുതന്നെ കേരളത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരുടെ മനഃസ്ഥിതി മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് തങ്ങളുടെ കുട്ടികള്‍ ഗുരുത്വദോഷികളാകരുതെന്ന് രക്ഷകര്‍ത്താക്കളും സാംസ്‌കാരികരംഗത്തെ ആചാര്യന്മാരും ഒരുപോലെ ചിന്തിച്ചതുകൊണ്ടാണ് ബാലഗോകുലമെന്ന ഒരു സാംസ്‌കാരിക പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ പ്രേരിപ്പിച്ചത്. ‘കേസരി’ വാരിക തുടങ്ങിയതുതന്നെ, രാഷ്ട്രീയ സ്വയംസേവക സംഘത്തന്റെ കേരളത്തിലെ വളര്‍ച്ചയെ തുടര്‍ന്നാണ്. സംഘസന്ദേശം ജനങ്ങളിലെത്തിക്കാനായി തുടങ്ങിയ കേസരി വാരികയുടെ പത്രാധിപരായിരുന്ന ഈ ലേഖകനാണ്  ബാലഗോകുലമെന്ന പേരില്‍ ഒരു പംക്തി തുടങ്ങിയത്. 22 വര്‍ഷത്തിനുശേഷമാണ് കുട്ടികളുടെ കൂട്ടായ്മയായി അതിനെ മാറ്റിയത്.

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍, കുട്ടികളെ ഒരുമിച്ചുവിളിച്ചുകൂട്ടി സാംസ്‌കാരിക വിഷയങ്ങള്‍, കഥയും കവിതയും പാട്ടും നൃത്തവുമായി ഗോകുലം യൂണിറ്റുകള്‍ നാട്ടിലെങ്ങും വ്യാപിച്ചപ്പോള്‍ അതിനെ ഫലവത്തായി പോഷിപ്പിക്കാന്‍ പറ്റിയ വിഷയങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ‘മാലി കഥപറയുന്നു’ എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച മാധവന്‍നായരും, കോഴിക്കോട് രാമകൃഷ്ണാശ്രമം സ്‌കൂളിലെ അദ്ധ്യപകനായ കുഞ്ഞുണ്ണിമാസ്റ്ററും എന്നെ സഹായിക്കാനെത്തി. കോഴിക്കോട്ടെ ചില സുഹൃത്തുക്കള്‍ കാണിച്ച സൗഹൃദം ഗോകുലം യൂണിറ്റിലെ പരിപാടികള്‍ക്ക് ഐക്യരൂപം കൊണ്ടുവരാനും സാധിച്ചു. നാടന്‍ കുട്ടിക്കവിതകളും കടംകഥകളും പഴഞ്ചൊല്ലും ഭജനപ്പാട്ടും നാടന്‍ പാട്ടുകളും നൃത്തവുമായി, ബാലഗോകുലം േകരളത്തിലെല്ലാം വ്യാപിച്ചത് എന്തെങ്കിലും നിയമനിര്‍മ്മാണത്തിന്റെയോ നിര്‍ദ്ദേശത്തെിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല.

പലരിലും അന്നുകണ്ട സമാനചിന്താഗതിയാണ് ഇന്നു കാണുന്ന ഗോകുലം യൂണിറ്റുകളും അതിന്റെ സംഘടനാപരമായ മുന്നേറ്റങ്ങളും. സമൂഹത്തിനാവശ്യമായത് നല്‍കാന്‍ കുറേ ചെറുപ്പക്കാര്‍ മുന്നോട്ടുവന്നപ്പോള്‍ അതിനെ രക്ഷകര്‍ത്താക്കള്‍ പിന്താങ്ങി, പ്രോത്സാഹിപ്പിച്ചു. സംഘത്തിന്റെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരെ ബാലഗോകുലത്തിന്റെ സംഘടനാ പ്രവര്‍ത്തനത്തിനുതരാന്‍ അന്നത്തെ പ്രാന്തപ്രചാരക് കാണിച്ച താല്‍പര്യവും സംഘടനയുടെ വളര്‍ച്ചക്ക് സഹായകമായി. കാലക്രമേണ പ്രവര്‍ത്തകരായി വന്നവര്‍ ഒരുമിച്ചിരുന്നു കുട്ടികള്‍ക്കാവശ്യമായ പാഠ്യവിഷയം മാത്രമല്ല, സംഘടനാ ശൈലിയും ചര്‍ച്ചചെയ്തു തീരുമാനിക്കാന്‍ തുടങ്ങി. കുട്ടികളുടെ കൂട്ടായ്മ പരിപാടികളാണെങ്കിലും, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനാണെങ്കിലും ഭാവാത്മകമായ ഒട്ടനവധി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞുവെന്നതില്‍ ഇന്ന് അഭിമാനം തോന്നുന്നു. കുട്ടികള്‍ക്കും അവരെ സംഘടിപ്പിക്കുന്നവര്‍ക്കും  ആദര്‍ശപരമായി വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കുമെല്ലാം കൂട്ടായ്മയുടെയും പ്രവര്‍ത്തനത്തിന്റെയും പരിശീലനം രൂപംകൊണ്ടുവന്നു.

കുട്ടികള്‍ക്കുവേണ്ടിയുള്ള ഈ സാംസ്‌കാരികസംരംഭം ഒരു ആഹ്ലാദമാണെന്നു തോന്നിയ ചില ചെറുപ്പക്കാര്‍ പൂര്‍ണ്ണസമയം പ്രവര്‍ത്തിക്കാന്‍ തയ്യാറായപ്പോള്‍ അവര്‍ക്കുവേണ്ടിയുള്ള സൗകര്യങ്ങളും പരിശീലനങ്ങളും ആദര്‍ശാത്മക ജീവിതത്തിന്റെ വഴികളും കണ്ടെത്താന്‍ തുടങ്ങി. ശ്രീകൃഷ്ണജയന്തിയാഘോഷം ബാലദിനമെന്ന പേരില്‍ ബാലഗോകുലത്തിന്റെ ബാനറില്‍ ആഘോഷിക്കാന്‍ സംഘവും നിശ്ചയിച്ചത് വളരെ ദീര്‍ഘവീക്ഷണത്തോടെയാണ്. സര്‍വ്വമാനഹിന്ദുക്കള്‍ക്കും, വിഭാഗീയചിന്തകൂടാതെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയുമാറ് ആഘോഷപരിപാടികള്‍ ചിട്ടയായി ആസൂത്രണം ചെയ്തപ്പോള്‍ കേരളീയ അന്തരീക്ഷത്തില്‍ തന്നെ വലിയ മാറ്റം. കാവിമുണ്ട് ധരിക്കുന്നവര്‍, കാവിക്കൊടി ഉയര്‍ത്തുന്നവര്‍, ഓം എന്ന സാംസ്‌കാരികചിഹ്നത്തെ മാനിക്കുന്നവര്‍, ശോഭയാത്രയില്‍ ഭജനപാടി പങ്കാളികളാകുന്നവരുമെല്ലാം ഉണ്ടായത് ശ്രീകൃഷ്ണജയന്തി ആഘോഷത്തോടുകൂടിയാണെന്ന് ഇന്നാരെങ്കിലും അറിയുന്നുണ്ടെന്ന് തോന്നുന്നില്ല.

ക്രമാനുഗതമായി വിഷുവാഘോഷം ബാലഗോകുലം യൂണിറ്റിന്റെ വാര്‍ഷികം എന്ന നിലയില്‍ ഗ്രാമോത്സവമായി ആഘോഷിക്കുവാന്‍ വിഷുക്കണിയും കൈനീട്ടവും മറ്റും പ്രചരിപ്പിക്കാനും ബാലഗോകുലം പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ബ്രിട്ടീഷ് ഭരണത്തെ പിന്‍പറ്റി ജനുവരി ഒന്നിന് പുതുവര്‍ഷ ഗ്രീറ്റിംഗ്‌സ് അയക്കുന്നതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് വിഷു-നവവത്സര സന്ദേശകാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതും ബാലഗോകുലമാണ്. ആണ്ടുതോറും കുട്ടികള്‍ക്കുവേണ്ടിയുള്ള കലോത്സവങ്ങള്‍, താലൂക്ക്-ജില്ലാതലങ്ങളില്‍ നടക്കുന്നതും, പൊതുജനശ്രദ്ധയില്‍വന്നു. കേരളത്തിലെ ഗ്രാമീണ കലകളെ തട്ടിയുണര്‍ത്തി മത്സരാടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് അതാഹ്ലാദമായി. ഇന്ന് വിദ്യാഭ്യാസമേഖലയില്‍ കലോത്സവം ഒരു പ്രധാനപരിപാടിയായി വന്നതും സംസ്ഥാന സ്‌കൂള്‍  കലോത്സവം വിദ്യാഭ്യാസമേഖലയിലെ വലിയ പരിപാടിയായി മാറിയതും ബാലഗോകുലം  കാരണമാണെന്ന് പറയാവുന്നതാണ്. ബാലഗോകുലത്തിനുവേണ്ടവിധം ആ കലോത്സവത്തെ പിന്തുടരാന്‍ കഴിഞ്ഞില്ല.

കേരളത്തില്‍ 1980-കളില്‍ തുടങ്ങിയ കലാമേളകള്‍ ആണ് പിന്നീട് കാലടിയില്‍ ഗോകുലോത്സവം നടത്താന്‍ പ്രേരണയായത്. മുതിര്‍ന്ന ഗോകുലം പ്രവര്‍ത്തകരുടെ സമര്‍പ്പിത ഭാവവും ഹൃദയബന്ധവുമാണ് വലിയ വലിയ പരിപാടികള്‍ നടത്താന്‍ പ്രേരണയായത്. തൃശൂരില്‍ നടന്ന അന്തര്‍ദ്ദേശീയ ബാലമഹാസമ്മേളനങ്ങള്‍ വേണ്ടവിധം വിജയിച്ചില്ല എന്ന് ചിലര്‍ പറയുന്നു. കാലം ചെല്ലുംതോറും പൊതുജനങ്ങള്‍ക്കിടയിലും സ്വഭാവമാറ്റം വന്നുതുടങ്ങി. കുട്ടികളുടെ സംഖ്യ കുറഞ്ഞുവരുന്നു. കുടുംബബന്ധം ശിഥിലമായിത്തുടങ്ങി. കുടുംബത്തിലെ സംഖ്യ കുറഞ്ഞു, പൊതുവേദിയിലെ പ്രസംഗത്തിനപ്പുറം കുടുംബജീവിതത്തിന് കൃത്യനിഷ്ഠയും പാരമ്പര്യ സംസ്‌കാരവും നഷ്ടപ്പെട്ടുതുടങ്ങി. അഞ്ചും ആറും കുട്ടികളുള്ള കുടുംബത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മതിയെന്ന നിര്‍ബന്ധം നിലവില്‍ വന്നു.

കൂടുതല്‍ കുട്ടികള്‍ ഭാരമെന്നു ചിന്തിക്കും വിധം കുടുംബങ്ങള്‍ ഭാഗം വച്ചുപിരിയുകയും, ചെലവു കുറയ്ക്കാന്‍ ചെറുകുടുംബം മതിയെന്ന ചിന്തയും നിലവില്‍വന്നു. കുട്ടിയെ പഠിപ്പിക്കാന്‍, കുടുംബം നടത്താന്‍ കൊച്ചുകുടുംബങ്ങള്‍ക്കു കഴിയാതെ വരുമോ എന്ന ഭയം, തന്നെ സഹായിക്കാനാരുമില്ലെന്ന അനാഥത്വം ഇവയെല്ലാം വളര്‍ന്നുകഴിഞ്ഞിരുന്നു. കൂട്ടുകുടുംബജീവിതത്തിന്റെ സുരക്ഷിതത്വം നഷ്ടപ്പെട്ടിടത്തു വ്യക്തിസ്വാതന്ത്ര്യം വളര്‍ന്നുവരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഹിന്ദുജന സംഖ്യ താഴോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു. മറ്റുള്ളവര്‍ മുകളിലേക്കും. ഇങ്ങനെ വിദ്യാലയത്തില്‍ നിന്നു കിട്ടാത്തത് ഗോകുലങ്ങള്‍ വഴി നല്‍കാനുള്ള സംഘടനാപ്രപവര്‍ത്തനത്തെ പരാജയപ്പെടുത്തുന്ന അന്തരീക്ഷം നിലവില്‍ വന്നു എന്നുപറയാം. നാല്‍പതും അമ്പതും കുട്ടികള്‍ പങ്കെടുത്തിരുന്ന ഗോകുലങ്ങളില്‍ 15ഉം 20ഉം കുട്ടികള്‍ മാത്രമെത്തുന്നു എന്നുപറയുമ്പോള്‍, കുട്ടികള്‍ വിരളമാണെന്നു മാത്രമല്ല, അവരെ ആധുനിക വിദ്യാഭ്യാസമത്സരത്തില്‍ പിന്തള്ളപ്പെടാതിരിക്കാന്‍ രാവിലെയും വൈകിട്ടും പ്രത്യേക ട്യൂഷന്‍ ക്ലാസ്സുമായി രക്ഷിതാക്കള്‍ പാടുപെടുന്നു.

പഠിക്കേണ്ടതെന്തോ അതുപഠിക്കാന്‍ കഴിയാതെ ഒരുപരീക്ഷയില്‍ നിന്നും മറ്റൊരു പരീക്ഷയിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു ഇന്നത്തെ കുട്ടികള്‍. ഒരു ജോലി കരസ്ഥമാകുന്നതുവരെയുള്ള ഈ ഓട്ടത്തില്‍ ഒറ്റപ്പെട്ട കുട്ടിക്ക് വിനോദമെവിടെ, കൂട്ടുകാരെവിടെ? പിന്നേയല്ലേ മണ്ണിന്റെ മണമുള്ള പാരമ്പര്യസംസ്‌കാരം  കൈവശമാക്കുന്നത്. ഈ മത്സരയോട്ടത്തില്‍ ലഭിക്കുന്ന ജോലിയുമായി, അടുത്ത ജീവിതപ്രാരാബ്ധത്തിലേക്ക് പായുകയാണ് പുതിയ തലമുറ. വ്യവസായവല്‍ക്കരണത്തിന്റെ ഫലമായി ഏറെ ധനം സമാഹരിക്കാന്‍ കഴിയുന്നുവെങ്കിലും ജീവിതലക്ഷ്യം കൈവരിക്കാന്‍ കഴിയുന്നില്ല. അതിന്റെ ഫലമായി അതിവേഗം പണം സമാഹരിക്കാനും, അതുകൊണ്ട് അനാശാസ്യമായി സുഖമനുഭവിക്കാനും ആശ കൂടുന്നു. ജീവിതത്തില്‍ ആത്മീയചിന്തയിലോ സദാചാര ജീവിതത്തിലോ  ഇവര്‍ക്കു താല്‍പര്യവുമില്ല. വഴിതെറ്റുകയും വേണ്ടതു പഠിക്കാതെ കുട്ടികള്‍ വളരുകയും ചെയ്യുമ്പോള്‍ പരിതപിച്ചിട്ടുകാര്യമില്ല. ബാലഗോകുലമെന്ന അനൗപചാരിക സാംസ്‌കാരിക ക്ലാസ്സുകളൊന്നു മാത്രമാണ് നേര്‍വഴി തെളിക്കാന്‍ വഴിയെന്ന് വിലപിക്കുകയാണ് രക്ഷകര്‍ത്താക്കള്‍. കാലത്തിന്റെ മാറ്റത്തില്‍, സമൂഹത്തിന്റെ ആവശ്യം നിറവേറ്റുവാന്‍ പറ്റിയ ഗോകുലങ്ങള്‍ നടത്തിക്കൊണ്ടുപോകേണ്ടതാവശ്യമാണെന്നു ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ഈ സാഹചര്യത്തില്‍ സമൂഹമധ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ പണ്ടെന്നതിനേക്കാള്‍ ത്യാഗമനുഷ്ഠിക്കാന്‍ കഴിവുള്ള ഗോകുലപ്രവര്‍ത്തകര്‍ കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാല്‍ ബാലഗോകുലം കുറ്റമറ്റ പ്രവര്‍ത്തനശൈലിയുമായി, കുട്ടികളെ സംഘടിപ്പിക്കുന്ന ബാലമിത്രങ്ങള്‍, കുട്ടികളെ പഠിപ്പിക്കുന്ന രക്ഷാധികാരിമാര്‍ എന്നിവരോടൊപ്പം രക്ഷകര്‍ത്താക്കളുടെ സഹകരണം തേടേണ്ടതുണ്ട്. കുട്ടികളുടെ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വൈമനസ്യം കാട്ടരുത്. പ്രവര്‍ത്തനത്തിന്റെ 20-ാം വര്‍ഷത്തില്‍ ശ്രീ ശങ്കരന്റെ ജന്മനാട്ടില്‍ നടന്ന ഗോകുലോത്സവം, കേരളത്തിലെ ബാലഗോകുലപ്രസ്ഥാനത്തിന്റെ ആദ്യസംസ്ഥാനതല ഒത്തുചേരലായിരുന്നു. ബാലപ്രതിഭകളെയും സമൂഹത്തിലെ അഭിവന്ദ്യവ്യക്തികളെയും സമാദരിച്ചുകൊണ്ടു നടന്ന ഗോകുലോത്സവം ആഹഌദത്തിന്റെ ദിനങ്ങളായിരുന്നു. ആദ്യമായി കേരളത്തിലെ ബാലഗോകുലം പ്രവര്‍ത്തകര്‍ വ്യാപകമായി ഒഴുകിയെത്തിയപ്പോള്‍ അവരെ അനുഗ്രഹിക്കാന്‍ പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ത്ഥയും കുഞ്ഞുണ്ണിമാസ്റ്ററും ഒട്ടനവധി സാംസ്‌കാരികനായകന്മാരും സന്നിഹിതരായിരുന്നു. ബാലഗോകുലം കേരളത്തിന്റെ നവോത്ഥാനത്തിന് തുടക്കം കുറിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കാന്‍ കഴിയുമാറ് ആ പരിപാടി ഒരു വിജയമായി മാറി.

ഗോകുലോത്സവത്തോടെ ബാലഗോകുലം ഒരു  അംഗീകൃത സാംസ്‌കാരിക പ്രസ്ഥാനമാണെന്ന വിശ്വാസം നേടിയ സംസ്ഥാനതല പ്രവര്‍ത്തകര്‍ പ്രിയപ്പെട്ട ശ്രീധരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍, ഓരോവര്‍ഷവും നടത്തേണ്ട പരിപാടികള്‍ക്ക് രൂപം നല്‍കി. ബാലമിത്രങ്ങള്‍ക്ക് പരിശീലനം , രക്ഷാധികാരിമാരുടെ കൂട്ടായ്മ, കുട്ടികള്‍ക്ക് ജില്ലാതലത്തില്‍ ബാലമേള, കലോത്സവം എന്നിങ്ങനെ ബാലികാബാലന്മാരുടെ വലിയ ഒരു പ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരുന്നു. കുട്ടികളുടെ സാംസ്‌കാരിക വികസനത്തിനുതകുന്ന ബാലസാഹിത്യപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ ബാലസാഹിതീപ്രകാശന്‍, ഗോകുലത്തില്‍ വരുന്നവരും അല്ലാത്തവരുമായ കുട്ടികള്‍ക്ക്  സാംസ്‌കാരികാവബോധം നല്‍കാന്‍ അമൃതഭാരതി എന്ന പേരില്‍ ഒരു വിദ്യാപീഠവും സ്ഥാപിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സംസ്ഥാനതലത്തില്‍ സംഘടനയ്ക്ക് ഏകോപനമുണ്ടാക്കാനും കുട്ടികളുടെ വികസനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തിനാവശ്യമായ ധനം ശേഖരിക്കുമ്പോള്‍ അവയുടെ നിയമവിധേയത്വത്തിന് ബാലസംസ്‌കാരകേന്ദ്രമെന്ന ഒരു ട്രസ്റ്റും രൂപീകരിച്ചു. ആദ്യമായി ആലുവായില്‍ ഒരു വീടും സ്ഥലവും വാങ്ങിക്കൊണ്ട് സ്ഥാപനവല്‍ക്കരണത്തിന് തുടക്കം കുറിച്ചു.

News Feed
Filed in

കുമ്മനം രാജശേഖരന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…

Manoj murder case: CPM leader P. Jayarajan seeks anticipatory bail

Related posts