ഭാസ്‌കര്ജിക്ക് അന്ത്യപ്രണാമം

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും വിദ്യാനികേതന്‍ സ്‌കൂളുകളുടെ സ്ഥാപനത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് മുദ്രചാര്‍ത്തിയ വ്യക്തിയുമായ എ.വി. ഭാസ്‌കരന്‍(ഭാസ്‌കര്‍ജി) അന്തരിച്ചു. 86 വയസ്സായിരുന്നു. എറണാകുളത്തെ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

1931 ജനുവരി 14ന് എറണാകുളം ടിഡി റോഡില്‍ അറയ്ക്കപ്പറമ്പില്‍ വാസുദേവ ഷേണായി-ലക്ഷ്മി ബായി ദമ്പതികളുടെ മകനായി ജനിച്ചു. വിദ്യാര്‍ത്ഥികാലം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍. 1947ല്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിയും മഹാരാജാസ് കോളേജില്‍ നിന്ന് 1949ല്‍ ഇന്റര്‍മീഡിയറ്റും പാസായി. 1951ല്‍ ജന്തു ശാസ്ത്രത്തില്‍ ബിരുദം നേടി.

സാമ്പന്ന കുടുംബത്തില്‍ നിന്ന് സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായി. മദ്രാസിലെ മിനര്‍വ ട്യൂട്ടോറിയല്‍ കോളേജില്‍ അധ്യാപകനായി ജോലി കിട്ടിയെങ്കിലും പ്രചാരകനാകാനുള്ള വീടുവിട്ടിറങ്ങലായിരുന്നു അത്. 1953ല്‍ പ്രചാരകനായി. കോട്ടയം, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ പ്രചാരകനായി ജില്ലാ, വിഭാഗ് ചുമതലകളില്‍ പ്രവര്‍ത്തിച്ചു.

1948ല്‍ വിദ്യാര്‍ത്ഥിയായിരിക്കെ ആര്‍എസ്എസ് നിരോധനത്തില്‍ സത്യഗ്രഹം നടത്തി, ജയില്‍ വാസമനുഭവിച്ചു. 1965ല്‍ പട്ടാമ്പിക്കടുത്ത് വല്ലപ്പുഴയില്‍ ഭാസ്‌കര്‍ജിയെയും മറ്റൊരു പ്രചാരകനായിരുന്ന പെരച്ചനെയും കമ്മ്യൂണിസ്റ്റുകാര്‍ വധിക്കാന്‍ ശ്രമിച്ചു. അന്ന് ഭാസ്‌കര്‍ജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒളിപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ല്‍, ആര്‍എസ്എസ് പ്രാന്തപ്രചാരകായിരുന്ന ഭാസ്‌ക്കര്‍റാവുജിയുടെ നിര്‍ദേശമനുസരിച്ച് വിദ്യാഭാരതിയുടെ ചുമതല ഏറ്റെടുത്തു. കേരളത്തില്‍ വിദ്യാനികേതന്‍ സ്‌കൂളുകള്‍ ആരംഭിക്കാന്‍ നേതൃത്വം നല്‍കി. ആര്‍എസ്എസ്സിന്റെ രണ്ടാം സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വാള്‍ക്കറുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. ഇംഗ്ലീഷ്, മലയാളം, കൊങ്കിണി, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു.

എളമക്കര മാധവ് നിവാസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വപ്പോള്‍ വിവിധ മേഖലകളിലുള്ളവര്‍ പ്രണാമം അര്‍പ്പിച്ചു. അന്ത്യപ്രണാമത്തിന് ശേഷം ഭൗതികദേഹം ടിഡി റോഡിലെ വസതിയിലേക്ക് കൊണ്ടുപോയി. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തില്‍ സംസ്‌കരിച്ചു.