11:19 pm - Thursday March 22, 2018

ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരോര്‍മ്മപ്പെടുത്തലാകുന്നു :ജെ.നന്ദകുമാര്‍

ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരോര്‍മ്മപ്പെടുത്തലാകുന്നു. പ്രതീക്ഷാനിര്‍ഭരമായ ഒരു ചരിത്ര സാക്ഷ്യം. 1674-ലെ ആ ജ്യേഷ്ഠ ശുദ്ധ ത്രയോദശി നമ്മില്‍ ആത്മവിശ്വാസം നിറയ്ക്കുന്നു. ഈ ആര്‍ഷ ഭൂമിയുടെ ചിരന്തന നന്മയ്ക്കായുള്ള പ്രയത്‌നങ്ങള്‍ക്ക് പ്രേരണയുടെ പ്രാണന്‍ നിറയ്ക്കുന്നു. കൃണ്വന്തോ വിശ്വം ആര്യം എന്ന ഉദാത്തമായ ലക്ഷ്യം നിറവേറ്റുവാന്‍ പിറന്ന ഈ ആര്‍ഷഭൂമിക്ക്, നിരന്തരമായ വെല്ലുവിളികളെ അതിജീവിച്ച് മന്വന്തരങ്ങള്‍ താണ്ടി വന്ന ഈ പുണ്യ ധരിത്രിക്ക് ഇപ്പോളനുഭവിക്കേണ്ടി വരുന്ന തളര്‍ച്ച താല്‍ക്കാലികം മാത്രമെന്ന തിരിച്ചറിവാണ് ഛത്രപതി ശിവാജിയുടെ കര്‍മ്മപുണ്യം നമുക്കേകുന്നത്. മുഗള ധിക്കാരത്തിന്‍ കീഴില്‍ നാം അടിമപണി  ചെയ്തുകഴിഞ്ഞിരുന്ന നാളുകളില്‍ ഭവാനീ ഖഡ്ഗത്തിന്റെ ഉഗ്ര ശീല്‍ക്കാരം കൊണ്ട് അന്നത്തെ ഹിന്ദുക്കളുടെ ഉള്ളിലെ പോരാട്ട വീര്യത്തെ ശിവാജി തോറ്റി ഉണര്‍ത്തി. ഒന്നുമില്ലായ്മയില്‍ നിന്നൊരു മഹാസാമ്രാജ്യത്തെ സ്ഥാപിക്കുന്നതില്‍ അത് ലക്ഷ്യം നേടി. ഭൂവിസ്തൃതി കൊണ്ട് മുഗള സാമ്രാജ്യത്തിന്റെ കാല്‍ ഭാഗം പോലുമില്ലായിരുങ്കെിലും ശിവാജിയുടെ ഹൈന്ദവ സാമ്രാജ്യം സനാതനമായ ഒരു പരമ സത്യത്തെ അത്യുച്ചമുദ്‌ഘോഷിച്ചു. അറിവാല്‍ പ്രപഞ്ചത്തെ ആകെ ആനന്ദത്തില്‍ ആറാടിക്കാന്‍ അഥവാ ആത്മദീപം തെളിയിച്ച് അന്ധകാരത്തെ അകറ്റുവാന്‍ നിയുക്തമായ ഒരു സംസ്‌കൃതിക്ക് മരണമില്ലെന്നതായിരുന്നു ആ സത്യ സന്ദേശം.

റായ്ഗഢിന്റെ ഉന്നത ഗിരിയില്‍ നിന്നുയര്‍ന്ന ആ നാദം  ദിഗന്തങ്ങള്‍ ഭേദിച്ച് വിശ്വമെങ്ങും മാറ്റൊലിക്കൊണ്ടു. കാലം നെടുനാളായി കാണാന്‍ കൊതിച്ചിരുന്ന മനോരമ്യ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍, ചരിത്രം പല നാളായി കേല്‍ക്കാന്‍ തുടിച്ചിരുന്ന ഭാരതീയ പൗരുഷത്തിന്റെ ഗംഭീര ഗര്‍ജ്ജനം നേരിട്ടനുഭവിക്കാന്‍ ലോകം ഹൃദയപൂര്‍വ്വം ഒരുങ്ങിയെത്തി. ഹിന്ദു പദ പാദഷാഹിയായി ശിവാജി സിംഹാസനാരോഹണം ചെയ്തപ്പോള്‍ ഇംഗ്ലീഷുകാര്‍ ഉള്‍പ്പടെ അക്കാലത്തെ അറിയപ്പെടുന്ന ശക്തികള്‍ എല്ലാം അതില്‍ പങ്കെടുത്തിരുന്നു. മഹാരാഷ്ട്രയില്‍ ശിവാജിയിലൂടെ ഹിന്ദു ശക്തി ഉദയം ചെയ്തപ്പോള്‍ അങ്ങു ദൂരെ മുഗള ശാസനത്തിന്റെ പതാകയുടെ അവരോഹണം ആരംഭിക്കുകയും ചെയ്തു. ശിവാജിയുടെ സിംഹാസനാരോഹണത്തിന്റെ 440-)ം വാര്‍ഷികം നാം കൊണ്ടാടുന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു സന്ദര്‍ഭത്തിലാണ്.  പുരോഗതിക്ക് തടസ്സമായി നിലക്കൊണ്ടിരുന്ന പല കന്മതിലുകളും തകര്‍ന്ന് തുടങ്ങിയ നല്ലനാളുകളിലൂടെയാണു നാട് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. നാണംകെട്ടും പേറിപ്പോന്നിരുന്ന ചില വൈചാരിക വിഴുപ്പു ഭാണ്ഡങ്ങള്‍ വലിച്ചെറിയാന്‍ ഭാരതീയര്‍ തയാറായി.

മതേതരത്വമെന്ന മനോവിഭ്രമം ആണതിലൊന്നാമത്തേത്. ദേശീയതയുമായി ബന്ധപ്പെട്ട എല്ലാറ്റിനേയും മതത്തിന്റെ ചാപ്പ കുത്തി ഓരങ്ങളിലേക്ക് ചവിട്ടി ഒതുക്കുകയും, തുഛമായ മതവെറിയെ സംസ്‌കാരത്തിന്റെ അനര്‍ഹ സ്ഥാനം നല്‍കി എഴുള്ളിക്കുകയും ചെയ്യുന്നതിനെ ആയിരുല്ലോ പുരോഗമനം എന്ന് പറഞ്ഞു പോന്നിരുന്നത്. പക്ഷേ ഇവിടെ ഇതാ ഗംഗ പുനര്‍ജ്ജനിക്കുന്നതിനെ കുറിച്ച് ബുദ്ധിജീവികള്‍ ഊറ്റം കൊള്ളുന്നു. ഭസ്മാഭിഷിക്തനായി ദശാശ്വമേധഘട്ടത്തില്‍ ആരതി നടത്തുന്ന പ്രധാനമന്ത്രിയെ അഭിമാനത്തോടെ താണു തൊഴുന്നു, മറവിയിലാണ്ടിരുന്ന സത്യത്തെ ബോദ്ധ്യപ്പെടുത്തി കൊടുത്തതിനു നന്ദി പറയുന്നു.
അഴിമതിയില്‍ നിന്നും സ്വജനപക്ഷപാതത്തിന്റേയും അകര്‍മ്മണ്യതയുടേയും കഴിവില്ലായ്മയുടേയും കാലം കഴിഞ്ഞതായി ഭാരതീയര്‍ തിരിച്ചറിയുന്നു. ജെ.എന്‍.യു (ജവഹര്‍ലാല്‍ നെഹ്രു യൂണിവേര്‍സ്സിറ്റി )വില്‍ നിന്ന് ബി.എച്.യു (ബനാറസ് ഹിന്ദു യൂണിവേര്‍സ്സിറ്റി) വിലേക്ക്, പണ്ഡിറ്റ് നെഹ്രുവില്‍ നിന്ന് പണ്ഡിറ്റ് മാളവ്യയിലേക്ക്  ഭാരതം എത്തിയിരിക്കുന്നു എന്ന് ഒരു സരസനായ രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞതില്‍ മഹത്തായ ഒരു തത്വമുണ്ട്. ഈ വര്‍ഷത്തെ ഹിന്ദു സാമ്രാജ്യ ദിനം കൂടുതല്‍ പ്രസക്തമാവുന്നത് ഇങ്ങനെ ആണ്. ശിവാജി വഴികാട്ട’ിത്തന്ന യഥാര്‍ത്ഥ ഭാരത വൈഭവത്തിന്റെ പുലരി അതിവിദൂരത്തല്ല എന്ന ദൃഢമായ വിശ്വാസം എങ്ങും പ്രകാശം പരത്തുന്നു.

ജെ.നന്ദകുമാര്‍
(അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ്‌, ആര്‍.എസ്‌.എസ്‌)

News Feed
Filed in

Green Tribunal cancels environment clearance to Aranmula Airport

Hindu empire day is an auspicious reminder:J Nandakumar

Related posts