6:49 pm - Monday October 23, 2017

വെള്ളയടിച്ച കുഴിമാടങ്ങളെ നിങ്ങൾക്കു ഹാ കഷ്ടം : സിസ്റ്റര്‍ ജസ്മിയുമായുള്ള അഭിമുഖം

വെള്ളയടിച്ച കുഴിമാടങ്ങളെ…..! നിങ്ങള്‍ക്കു ഹാ കഷ്ടം.
സിസ്റ്റര്‍ ജസ്മിയുമായുള്ള അഭിമുഖം – ടി. സുധീഷ് (കടപ്പാട്‌ കേസരി വാരിക)

 

jesme

? കേരളത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ട ഒരു പുസ്തകമാണ് സിസ്റ്ററുടെ ആത്മകഥയായ ‘ആമേന്‍’ ഇരുപതോളം പതിപ്പുകള്‍ പുറത്തിറങ്ങി. എന്താണ് ഇങ്ങനെ ഒരു പുസ്തം എഴുതാന്‍ കാരണം? ഈ പുസ്തകത്തിന് കിട്ടിയ അംഗീകാരം സിസ്റ്ററുടെ നിലപാടിന് കിട്ടിയ അംഗീകാരമായി കരുതുന്നുണ്ടോ?

ഇല്ല. ഇത് ഒരു ആകാംക്ഷയുടെ പുറത്തുള്ള വായനയാണ്. ഇന്നുവരെ തുറക്കാത്ത ഒരു മുറിയുടെ വാതില്‍ തുറന്നാല്‍ എല്ലാവരും എത്തിനോക്കില്ലേ. അതുപോലെയാണിത്. ആദ്യമായിട്ട് തുറക്കുമ്പോള്‍ ഇതിനോട് താല്പര്യം ഉള്ളവരും ഇല്ലാത്തവരും ഒക്കെ എത്തിനോക്കും. അത് മനുഷ്യന്റെ ആകാംക്ഷയാണ്. പിന്നെ, പുസ്തകം ചവറായിരുന്നെങ്കില്‍ പിന്നീട് ആള്‍ക്കാര്‍ വായിക്കില്ല. ഒന്നിനും കൊള്ളില്ലെന്ന സന്ദേശം പെട്ടെന്ന് പരക്കും. ആമേനില്‍ എന്റെ ആത്മാര്‍ത്ഥത, എന്റെ കണ്ണുനീര്, ദൈവത്തിലുള്ള എന്റെ വിശ്വാസം, ചില അത്ഭുതങ്ങള്‍, എന്റെ നിഷ്‌കളങ്കത എല്ലാം കാണാം. ഒരു വാക്കുപോലും ഞാന്‍ അതിശയോക്തി കലര്‍ത്തി എഴുതിയിട്ടില്ല. പുസ്തകത്തിന്റെ ഉള്ളിലേക്ക് കടക്കാന്‍ ആകാംക്ഷയാണെങ്കിലും കടന്നപ്പോള്‍ കണ്ട ആ വിശ്വസ്തത, ധൈര്യം അത് ജനം വിശ്വസിച്ചു. ഒരു സ്ത്രീ ഇത്രയും തുറന്ന് പറയാനുള്ള ധൈര്യം കാണിച്ചതിനെ, അതും ചര്‍ച്ചിനെപോലുള്ള ഒരു വലിയ സ്ഥാപനത്തെ വെല്ലുവിളിച്ചതിനെ പലരും അതിശയത്തോടെ കണ്ടു. “You are a brave lady” എന്ന് വിദേശികള്‍ കൂടി പറഞ്ഞപ്പോള്‍ ഞാനും അതിശയപ്പെട്ടു. കാരണം നമ്മള്‍ ധരിച്ചത് അവരാണ് ധൈര്യശാലികള്‍ എന്നായിരുന്നു. ഞാന്‍ എന്താ ചെയ്തത്, വേദന വന്നപ്പോള്‍ അങ്ങ് നിലവിളിച്ചു. അത് ആരാ കേള്‍ക്കുക എന്നൊന്നും ചിന്തിച്ചില്ല. ആരെങ്കിലും ആക്രമിക്കാന്‍ വരുമ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിന് നിങ്ങള്‍ എനിക്ക് ഏറ്റവും നല്ല ഓട്ടത്തിനുള്ള സമ്മാനം തന്നാല്‍ എങ്ങനെയിരിക്കും, അതുപോലെയാണിത്. അതുകൊണ്ടു തന്നെ എന്റെ നിലപാടിനുള്ള അംഗീകാരമാണ് ഇത് എന്നു കരുതുന്നില്ല. എന്നാല്‍ ഇത് കുറേ സ്ത്രീകള്‍ക്ക് ശക്തി പകര്‍ന്നു. ഞാന്‍ ഒരു സാധാരണ സ്ത്രീയാണ്. എന്നാല്‍ എപ്പോഴും എനിക്ക് തീ ആകാന്‍ സാധിക്കും. ഞാന്‍ പറയും സ്ത്രീ കനലാകണം. കനല്‍ പാകത്തില്‍ എപ്പോഴും ഇരിക്കണം. ചാരമാകരുത്. ചാരമാക്കാനാണ് സമൂഹം ശ്രമിക്കുക. കനലായിരുന്നാല്‍ എപ്പോ വേണമെങ്കിലും തീ ആകാം.
പിന്നെ ആമേന്‍ എഴുതാനിടയായ സാഹചര്യത്തെക്കുറിച്ച്. അത് ദൈവത്തിന്റെ കയ്യൊപ്പിട്ട പുസ്തകമാണെന്ന് ഞാന്‍ പറയും. എന്നെക്കൊണ്ട് ഈശോ എഴുതിച്ചതാണത്. ഇപ്പോ എന്നോട് എഴുതാന്‍ പറഞ്ഞാല്‍ എനിക്ക് എഴുതാന്‍ സാധിച്ചു എന്ന് വരില്ല. ഞാന്‍ അനുഭവിച്ച വേദന, മഠത്തിനുള്ളില്‍ വെച്ചുണ്ടായ പീഡനങ്ങള്‍, അവിടെ നടക്കുന്ന യഥാര്‍ത്ഥ ജീവിതം ഇതെല്ലാം പുറംലോകം അറിയണമെന്ന് എനിക്കുതോന്നി. ദൈവം എന്നെ മഠത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി 33 വര്‍ഷം ടോര്‍ച്ചടിച്ച് ആ ഇരുളടഞ്ഞ ലോകത്തെ ഒരു വിധമെല്ലാം കാട്ടിത്തന്നു. എന്നിട്ട് പുറത്തുകൊണ്ടുവന്നു. എന്നെക്കൊണ്ട് എഴുതിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്തു. ഞാന്‍ ഈശോ എന്നുദ്ദേശിക്കുന്നത് ദൈവം എന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ ഏതെങ്കിലും മതത്തിന്റെ ആളായിട്ടല്ല. എനിക്ക് ഇന്ന് മതം ഇല്ല. ഞാന്‍ പള്ളിയില്‍ പോകാറില്ല. കുര്‍ബാനയോ കൊന്തയോ ചൊല്ലാറില്ല. ഒരു പ്രാര്‍ത്ഥന പോലും ഇപ്പോള്‍ ചൊല്ലാറില്ല. എന്തുമാത്രം പ്രാര്‍ത്ഥന ചൊല്ലിക്കൂട്ടിയതാണ് ഞാന്‍. ഇപ്പോള്‍ രാവിലെ സൗകര്യപൂര്‍വ്വം എഴുന്നേല്‍ക്കും. ചിലപ്പോള്‍ ഈശോവിനെ നോക്കി ഒരു ഉമ്മകൊടുക്കും. ചിലപ്പോള്‍ ഒരു നന്ദി പറയും. ഇന്നലത്തെ ഉറക്കം നന്നായതിനും ഇന്നലെ ഒരു നല്ല ദിവസമൊരുക്കിയതിനും. ഇന്ന് എന്റെ ജീവിതം തന്നെ ഒരു പ്രാര്‍ത്ഥനയാണ്. അപ്പോള്‍ പ്രത്യേകം ഒരു പ്രാര്‍ത്ഥന ചൊല്ലേണ്ട ആവശ്യമില്ല. കന്യാസ്ത്രീമഠത്തില്‍ എനിക്ക് ഇത് പറ്റിയിട്ടില്ല. ഇപ്പോള്‍ എന്റെ ചിറക് വിടര്‍ന്നു. എനിക്ക് പറക്കാന്‍ പറ്റും. മുമ്പ് ചിറക് ഉണ്ടായിരുന്നില്ല. ചിറകരിയുകയാണ് സഭ ചെയ്തത്. കഴിവുള്ള നിരവധിപേര്‍ സഭയിലുണ്ട്. എന്നാല്‍ അവരെയെല്ലാം ചിറകരിഞ്ഞ് ചിറകരിഞ്ഞ് നിര്‍ത്തുകയാണ്. പണമുണ്ടാക്കാന്‍ വേണ്ടി. എനിക്ക് സഭയോട് പറയാനുള്ളത് ദയവുചെയ്ത് ചിറകുള്ളവരെ പറക്കാന്‍ അനുവദിക്കൂ എന്നാണ്.

? തന്റെ ചിറകരിഞ്ഞ പൗരോഹിത്യത്തേയും സഭാ നിയമങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് കാറ്റും വെളിച്ചവുമുള്ള സ്വതന്ത്രലോകത്തേക്ക് കടന്നുവന്ന സിസ്റ്റര്‍ക്ക് പുറകോട്ടേക്കു നോക്കുമ്പോള്‍ എന്തു തോന്നുന്നു?
എനിക്ക് വളരെയധികം സന്തോഷവും ആശ്വാസവും സമാധാനവും തോന്നുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണ്. ഞാന്‍ എപ്പോഴും ആലോചിക്കും; സമാധാനം, സ്വസ്ഥത, തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ഒരു സ്ത്രീക്ക് കിട്ടിയാല്‍ അതിനപ്പുറം ഒന്നും നിങ്ങള്‍ അവര്‍ക്ക് കൊടുക്കാനില്ല. പുരുഷന്മാര്‍ സ്ത്രീക്ക് കൊടുക്കാത്തതും അതാണ്. അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്റെ ഭാഷയില്‍ പറഞ്ഞാല്‍ തേന്‍വരിക്ക കിട്ടിയതുപോലെയാണ്. സൂര്യ ചാനലിലെ മലയാളം ഹൗസിലേക്ക് എന്നെ വിളിച്ചിരുന്നു. ആദ്യം ഞാന്‍ സമ്മതിച്ചെങ്കിലും പിന്നെ ചിന്തിച്ചു. ആറു ദിവസത്തെ എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി ലക്ഷങ്ങള്‍ നേടിയാലും അതിനുപകരമാവില്ല.
ഞാന്‍ 17-ാം വയസ്സില്‍ മഠത്തില്‍ കയറി 52-ാം വയസ്സില്‍ പുറത്തിറങ്ങി. നീണ്ട 33 വര്‍ഷം. ഇതു മുഴുവന്‍ പാഴായിപ്പോയി എന്നു ഞാന്‍ കരുതുന്നില്ല. നിരവധി കഴിവുകള്‍ ആര്‍ജിച്ചെടുക്കാന്‍ എനിക്ക് സാധിച്ചു. പ്രിന്‍സിപ്പാള്‍ പോസ്റ്റില്‍ വരെ എത്തി. ചിലപ്പോള്‍ 24 മണിക്കൂറും അവിടെ ജോലിയായിരിക്കും. എതിര്‍ക്കാത്തതുകൊണ്ട് എല്ലാ ഉത്തരവാദിത്വങ്ങളും എന്റെ തലയില്‍ വന്നു വീഴും, അതുകൊണ്ടുതന്നെ എന്റെ കാര്യക്ഷമത വര്‍ധിച്ചു. ഞാന്‍ അതിനെ പോസിറ്റീവായിട്ട് കാണുന്നു. എന്നാല്‍ ഒരു യന്ത്രത്തിന്റെ ഭാഗമായി മാത്രമേ അവിടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. സ്വന്തം തീരുമാനമെടുത്ത് ഒന്നും ചെയ്യാന്‍ സാധിക്കില്ല. സേവനം പോലും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇരുളടഞ്ഞ ഗുഹയിലേതുപോലെയായിരുന്നു അവിടുത്തെ ജീവിതം. എല്ലാ നന്മകളും നഷ്ടപ്പെട്ട്, സര്‍ഗ്ഗാത്മകത മുഴുവന്‍ മുരടിച്ചു പോയ ഒരു ലോകം.

?മഠത്തിനുള്ളിലെ സിസ്റ്റര്‍മാരുടെ കുശുമ്പും കുന്നായ്മയും പരസ്പരം പാരവെയ്പും ‘പ്രത്യേക സ്‌നേഹവും’ മാത്രമാണോ മഠം വിടാന്‍ പ്രേരിപ്പിച്ചത്? അതോ ഭ്രാന്തി എന്ന് മുദ്രകുത്തി ചികിത്സിക്കാനുള്ള ശ്രമമോ? ആശയപരമായി എന്തെങ്കിലും അഭിപ്രായ വ്യത്യസം ഉണ്ടായിട്ടുണ്ടോ?
പെട്ടെന്ന് ഇറങ്ങാനുള്ള കാരണം ഭ്രാന്തി എന്ന് മുദ്രകുത്തി ചികിത്സിക്കാനുള്ള ശ്രമം തന്നെയായിരുന്നു. മഠത്തിലെ പല തോന്ന്യവാസങ്ങളും മേലധികാരികളുടെ ചില അനാവശ്യ ചെയ്തികളും ചോദ്യം ചെയ്തതിനാണ് അവര്‍ എന്നെ ഭ്രാന്തി എന്ന് മുദ്ര കുത്തി ചികിത്സിക്കാന്‍ ഏര്‍പ്പാടുചെയ്തത്. അതിനുമുമ്പെ തന്നെ ഇവിടുത്തെ സംവിധാനങ്ങളോട് എനിക്ക് വൈമനസ്യം തോന്നിത്തുടങ്ങിയിരുന്നു.
ആദ്യകാലത്ത് ഞാന്‍ ചില കാര്യങ്ങളെ എതിര്‍ക്കുമ്പോള്‍ അച്ചന്മാര്‍ വന്ന് എന്നെ ചോദ്യം ചെയ്യുകയും നിരീക്ഷിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. വല്ല ലിബറേഷന്‍ തിയോളജിയുടെ ഭാഗമായിട്ടാണോ എന്റെ പ്രവൃത്തി എന്നറിയാന്‍. ജീസസിനെയും ബൈബിളിനെയും അടിസ്ഥാനപ്പെടുത്തിയോ അതിന് മുന്‍തൂക്കം കൊടുത്തോ ഉള്ള ജീവിതമല്ല ഇന്ന് മഠത്തിലേത്. ഇതാണ് കാതലായ പ്രശ്‌നം. ഞങ്ങള്‍ എന്തിനാണ് ഒരുമിച്ചുകൂടിയത്? കൂടുതല്‍ നന്മചെയ്യാന്‍. കൂടുതല്‍ സ്വതന്ത്രയാവാന്‍. ഞങ്ങള്‍ക്ക് കെട്ടുപാടുകളില്ല. ഭര്‍ത്താവിനോട് അനുവാദം ചോദിക്കേണ്ട. മറ്റ് വിലക്കുകളൊന്നുമുണ്ടാകില്ല. മദറിനോട് മാത്രം അനുവാദം ചോദിച്ചാല്‍ മതിയാകും. അവര്‍ നന്മയുടെ കേദാരമായിരിക്കും. ഇങ്ങനെയൊക്കെ ചിന്തിച്ചാണ് ഇതിലേക്ക് കടന്നുവന്നത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? പ്രതീക്ഷിച്ചതില്‍ നിന്നും നേരെ വിരുദ്ധമായാണ് കാര്യങ്ങള്‍ നടക്കുന്നത്. തിന്മയുടെ കേദാരമായി കന്യാസ്ത്രീമഠങ്ങളും അച്ചന്‍മാരുടെ സെമിനാരിയും മാറിയിരിക്കുന്നു. ഞങ്ങളൊക്കെ ക്രിസ്തുവിന്റെ മണവാട്ടികളാണെന്നാണ് സങ്കല്പം. നൂറുകണക്കിന് ഭാര്യമാരുള്ള ഒരാള്‍ മരിച്ചുപോയാല്‍ പിന്നെ അവിടെ എന്തായിരിക്കും അവസ്ഥ എന്ന് സങ്കല്‍പിച്ചു നോക്കൂ. യഥാര്‍ത്ഥ നരകം തന്നെയായിരിക്കും. ഇതാണ് ഇന്ന് മഠത്തില്‍ നടക്കുന്നത്. മഠങ്ങളില്‍ നിന്ന് ജീസസ് എപ്പൊഴോ ഇറങ്ങിപ്പോയി. സഹിക്കാന്‍ പറ്റാതെയാണ് പോയത്. അവര്‍ എന്നോ ബൈബിളിനെ ഉപേക്ഷിച്ചിരിക്കുന്നു. അരാജകത്വമാണ് ഇപ്പോള്‍ അവിടെ നടമാടുന്നത്. ഞാന്‍ നന്മ ചെയ്യാന്‍ ആഗ്രഹിച്ചാണ് അവിടെ ചെന്നത്. പക്ഷെ അതിനു പറ്റാത്ത സാഹചര്യമാണ്. ഞാന്‍ ഇതുവരെ വെളിപ്പെടുത്താത ഒരു സംഭവം പറയാം. സത്യത്തിന്റെ വക്താക്കളാകേണ്ട ഞങ്ങള്‍ കോഴകൊടുത്ത് കാര്യം നേടിയ പല സംഭവങ്ങളില്‍ ഒന്ന്. ഞാന്‍ സെന്റ് മേരീസ് കോളേജില്‍ പ്രിന്‍സിപ്പാള്‍ ആയിരിക്കുമ്പോള്‍ നടന്ന സംഭവം. കൊച്ചിരാജാവ് പാട്ടത്തിനു തന്ന ഏക്കറു കണക്കിന് സ്ഥലം കൈക്കലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടുണ്ട്. മുന്‍ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്താണ്. ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തിയതിന്റെ ഫലമായി മന്ത്രി കെ.എം. മാണിയും വകുപ്പ് സെക്രട്ടറിയാണെന്നു തോന്നുന്നു, അന്‍ഫോന്‍സ് കണ്ണന്താനവും ഞങ്ങള്‍ക്ക് ഈ സ്ഥലം എഴുതിത്തരാന്‍ തീരുമാനിച്ചു. എന്നാല്‍ ഇവിടുത്തെ കലക്ടറും കൂട്ടരും തടസ്സം നിന്നു. കാരണം കോടിക്കണക്കിന് രൂപ വിലവരുന്ന ഇത്രയും ഏക്കര്‍ സ്ഥലം ഞങ്ങള്‍ക്ക് വെറുതെ വിട്ടുതരേണ്ട ഒരാവശ്യവുമില്ലല്ലോ. തൊട്ടടുത്ത് ഒരു ക്ഷേത്രക്കുളമുണ്ടായിരുന്നു. അവരുമായി വലിയ പ്രശ്‌നമായി. ഞങ്ങള്‍ക്ക് വധഭീഷണിയൊക്കെ വന്നു. നിവൃത്തിയില്ലാതായപ്പോള്‍ ഞങ്ങള്‍ക്ക് പാട്ടത്തിന് കിട്ടിയ സ്ഥലത്തു നിന്ന് കുറച്ചുസ്ഥലം ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം അവര്‍ക്ക് കൊടുക്കേണ്ടിവന്നു. എന്നാല്‍ നിയമപ്രകാരം അതിനു ഞങ്ങള്‍ക്ക് അവകാശമില്ല. പാട്ടത്തിന് തന്ന സ്ഥലം മുഴുവന്‍ സര്‍ക്കാരിന് വിട്ടുകൊടുക്കണം എന്ന ഉത്തരവ് വന്നാല്‍ ഞങ്ങള്‍ കുടുങ്ങും. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇത്ര മാത്രമേ കിട്ടിയുള്ളൂ എന്ന് റീസര്‍വേ നടത്തി കള്ളരേഖ തയ്യാറാക്കണം. അതിനു വേണ്ടിയാണ് കൈക്കൂലി കൊടുത്തത്. മടികൂടാതെ കൈക്കൂലി ചോദിച്ച ക്രിസ്ത്യാനിയായ ഉദ്യോഗസ്ഥനോട് ഞാന്‍ ചോദിച്ചു, ”നിങ്ങള്‍ ഒരു ക്രിസ്ത്യാനിയല്ലേ, എന്നിട്ട് എന്തേ ഇങ്ങനെ കൈക്കൂലി ചോദിക്കുന്നേ” അപ്പോള്‍ അയാള്‍ പറഞ്ഞു, ”ഞങ്ങള്‍ തെറ്റാണ് ചെയ്യുന്നത്. അതിനു ഞങ്ങള്‍ക്ക് കാശുകിട്ടണം. പിന്നെ നിങ്ങള്‍ എഴുതുന്ന കള്ളക്കണക്കുകളെക്കുറിച്ച് എനിക്കു നന്നായി അറിയാം.” അയാള്‍ ഞങ്ങളുടെ ഒന്നു രണ്ടു കള്ളക്കണക്കുകള്‍ ചൂണ്ടികാട്ടിയപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ലാതെയായി. ഞങ്ങളുടെ മേലധികാരികളെ ഈ വിവരം അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് എന്താണോ വേണ്ടത് അതുപോലെ ചെയ്‌തോളൂ എന്നാണ്. പണമായിട്ടല്ല, സ്വര്‍ണ്ണമായിട്ടാണ് കൈക്കൂലി കൊടുത്തത്. ജോസ്‌കോയില്‍ നിന്നാണ് സ്വര്‍ണ്ണം വാങ്ങിയത്. കോഴ കൊടുക്കരുത് എന്ന് എഴുതിയ ബോര്‍ഡിന്റെ മുന്നിലിരുന്നാണ് ഇത് കൊടുത്തത്. എനിക്ക് കുറ്റബോധം തോന്നി. അതില്‍ ഞാനും കുറ്റിക്കാരിയാണ്. ഇത് ഞാന്‍ ആമേനില്‍ എഴുതിയിട്ടില്ല. എഴുതിയാല്‍ ചിലപ്പോള്‍ മേലധികാരികളടക്കം പിടിക്കപ്പെടും. മഠത്തിന്റെയും സഭയുടേയും അടിത്തറ തന്നെ ഇളകിയേക്കും. എന്നെക്കാള്‍ കൂടുതല്‍ രഹസ്യങ്ങളറിയുന്ന ലേഖ എന്ന സിസ്റ്ററുണ്ട്. മേലധികാരികള്‍ ഞങ്ങളെക്കുറിച്ച് പറഞ്ഞത്, ജെസ്മിപോയാല്‍ ചില സത്യങ്ങള്‍ വിളിച്ചു പറയും എന്നേ ഉള്ളൂ. ലേഖ പോയാല്‍ ചിലപ്പോള്‍ നമ്മുടെ അടിത്തറ തന്നെ ഇളകും എന്നാണ്. ഞാന്‍ ഇതു പറയുന്നത് കാര്യലാഭത്തിനായി എന്തു ദുഷ്പ്രവൃത്തികള്‍ നടത്താനും സഭയ്ക്ക് മടിയില്ലെന്ന് കാണിക്കാനാണ്. ഞങ്ങള്‍ അവിടെ കൊടുത്തത് ഞങ്ങളുടെ വിലപ്പെട്ട ജീവിതമാണ്. വേണ്ടുവോളം കഴിവും ആവശ്യത്തിന് വിദ്യാഭ്യാസവും സൗന്ദര്യവും നല്ല തറവാട്ടു മഹിമയുമുണ്ട്. ഇതൊക്കെ അവിടെ കൊണ്ട് അടിയറവെച്ചത് ആയിരം നന്മകള്‍ ചെയ്യാനാണ്. എന്നാല്‍ അവിടെ സാധാരണ ഒരു മനുഷ്യന്‍ ചെയ്യുന്ന നന്മപോലും ചെയ്യാന്‍ സാധിക്കുന്നില്ല എന്നുവച്ചാല്‍ എന്തുചെയ്യും? ഇങ്ങനെയൊന്നും ചിന്തിക്കാതെ വെറും ആട്ടിന്‍കുട്ടിയെപോലെ ജീവിക്കുന്നവരാണ് അവിടെ ഉള്ളത്. അവര്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ്. അവിടെ ഉള്ളവരില്‍ ബഹുഭൂരിപക്ഷം പേരും എല്ലാം സഹിച്ചും പീഡനങ്ങള്‍ ഏറ്റുവാങ്ങിയുമാണ് ജീവിക്കുന്നത്. ഞാന്‍ ഇറങ്ങി വന്നിട്ടും ഒരാളും കൂടെ ഇറങ്ങിവരാതിരിക്കാന്‍ കാരണം ഭയവും അടിമ മനഃസ്ഥിതിയും കൊണ്ടാണ്. എന്നെക്കുറിച്ച് വേശ്യയെന്നും ഭ്രാന്തിയെന്നുമൊക്കെയാണ് പ്രചരിപ്പിക്കുന്നത്. ഇറങ്ങിവന്നാല്‍ എങ്ങനെ ജീവിക്കുമെന്ന പേടി. അപവാദ പ്രചരണം സഹിക്കണം, കുടുംബത്തിന് മാനക്കേടുണ്ടാകും. എന്നൊക്കെയുള്ള ചിന്തയാണ് പലരേയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
എന്നെ മെന്റല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി ഞാന്‍ അറിഞ്ഞു. കൂടാതെ പോട്ടയിലേക്കും കൊണ്ടുപോകാന്‍ ശ്രമിച്ചു. അവിടെ എന്ത് നടക്കുന്നു എന്ന് എനിക്ക് നല്ലവണ്ണം അറിയാം. ഭയാനകമാണ് അത് പോട്ടയില്‍ കൊണ്ടുപോയിരുന്നെങ്കില്‍ പിന്നെ ഞാന്‍ പുറം ലോകം കാണില്ലായിരുന്നു. മരിച്ച് ജീവിക്കുമായിരുന്നു. മരണംവരെ സുബോധത്തോടുകൂടി നന്മ ചെയ്യാനുള്ള അനുഗ്രഹം തരണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അതുകൊണ്ട് സഹിക്കാന്‍ പറ്റാതെ മഠത്തില്‍ നിന്നും ഇറങ്ങി പോരുകയായിരുന്നു.

? ബ്രഹ്മചര്യം നടപ്പിലാക്കുക എന്നത് കഠിനമായ പ്രവൃത്തിയാണെന്ന് ആമേനില്‍ പറയുന്നു. ബഹുഭൂരിപക്ഷം പേരും പ്രത്യക്ഷമായോ പരോക്ഷമായോ ഇത് ലംഘിക്കുന്നവരാണ്. വൈദികരുടെ അസാന്‍മാര്‍ഗ്ഗിക പ്രവൃത്തിക്ക് പിഴയൊടുക്കിത്തന്നെ കത്തോലിക്കാസഭയുടെ സ്വത്ത് മുഴുവന്‍ തീര്‍ന്നു പോകും എന്ന് പറയാറുണ്ട്. ഇവരുടെ ലൈംഗിക പീഡനത്തിന് ഇരയായവരോട് നിരന്തരം ക്ഷമ ചോദിച്ചുകൊണ്ടിരിക്കുകയാണ് പോപ്പ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ വിവാഹം കഴിച്ചുകൊണ്ടുള്ള പൗരോഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയോ സഭാചട്ടങ്ങള്‍ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടത് ആവശ്യമല്ലേ?
എനിക്ക് മാര്‍പാപ്പയോട് ഉന്നയിക്കാനുള്ള രണ്ട് ആവശ്യങ്ങളില്‍ ഒന്ന് വൈദികരേയും കന്യാസ്ത്രീകളേയും വിവാഹം കഴിക്കാനനുവദിക്കുക എന്നതാണ്. രണ്ടാമത്തേത് മൂന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുക എന്നതും.
ഇന്ന് കന്യാസ്ത്രീകളും വൈദികരും സദാചാരപരമായി ഏറ്റവും മോശമായാണ് ജീവിക്കുന്നത്. ഞങ്ങളുടെ ഇടയില്‍ പറയാറുണ്ട് പുരുഷന്മാരായി ജനിക്കുകയാണെങ്കില്‍ വൈദികരായി ജീവിക്കണം എന്ന്. അസാന്‍മ്മാര്‍ഗ്ഗിക ജീവിതമാണ് ഇതില്‍ ഭൂരിപക്ഷം പേരും നയിക്കുന്നത്. ഢമൃമശ്യേ ംശവേ ിീ ൃലുെീിശെയശഹശ്യേ. വ്യത്യസ്തരായ സ്ത്രീകള്‍, എന്നാല്‍ ഒരു ഉത്തരവാദിത്തവും ഏല്‍ക്കുകയും വേണ്ട. ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തതും ഉള്ളതുമായി ഏത് തരത്തിലുള്ള പെണ്ണിനേയും കിട്ടും. അഥവാ അവള്‍ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന്റെ കുട്ടിയായി പ്രസവിച്ചുകൊള്ളും. അച്ഛന് ഒരു കുഴപ്പവും വരില്ല. പോരെങ്കില്‍ കന്യാസ്ത്രീകള്‍ വേറെയും. കന്യാസ്ത്രീ മഠത്തില്‍ സ്വവര്‍ഗ്ഗരതി വ്യാപകമാണ്. ഇതിന്റെ പേരില്‍ അക്രമവും കൊലപാതകവും വരെ നടക്കുന്നു. ഞങ്ങള്‍ മഠത്തില്‍ ഇത്തരം സ്വവര്‍ഗ്ഗരതിയെ ‘പ്രത്യേകസ്‌നേഹം’ എന്നാണ് വിളിക്കാറുള്ളത്. ഈ അടുത്തകാലത്ത് പത്രങ്ങളില്‍ വാര്‍ത്തയായി വന്ന കന്യാസ്ത്രീ മഠങ്ങളില്‍ നടന്ന പല സംഭവങ്ങളുടേയും പിന്നില്‍ സ്വവര്‍ഗ്ഗരതിയും അതിനോടനുബന്ധമായ പ്രശ്‌നങ്ങളുമാണ്. തിളച്ച വെളിച്ചണ്ണ എടുത്തൊഴിക്കുക എന്നൊക്കെ പറഞ്ഞാല്‍. കഴിഞ്ഞ ദിവസം മാര്‍പാപ്പ പറഞ്ഞു, രണ്ട് ശതമാനം പുരോഹിതര്‍ കുട്ടികളെ പീഡിപ്പിക്കുന്നവരാണെന്ന്. എന്താ അതിനര്‍ത്ഥം? അമ്പതു പേരില്‍ ഒരാള്‍ പീഢിപ്പിക്കുന്നവരാണെന്ന്. പെണ്ണുങ്ങളെ പിടിക്കല്‍ പോകട്ടെ. കുട്ടികളേയും അള്‍ത്താരബാനമാരെയുമാണ് പീഢിപ്പിക്കുന്നത്. അതാണ് സങ്കടം. ആലോചിച്ചു നോക്കൂ എത്ര വലിയ സംഖ്യയായെന്ന്, ലക്ഷക്കണക്കിന് വൈദികരുണ്ട് സഭയില്‍. കേരളത്തില്‍ മാത്രം 35000 കന്യാസ്ത്രീകള്‍ ഉണ്ടെന്നാണ് ഇതിനിടെ മാര്‍പവ്വത്തില്‍ പിതാവ് പറഞ്ഞത്.
എത്രകൊല്ലമായി പോപ്പ് ക്ഷമ ചോദിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ മാര്‍പാപ്പയുടെ ‘മഹാത്യാഗം’ ഉണ്ടായില്ലേ. എപ്പൊഴാ ഈ ‘സ്ഥാനത്യാഗം’ ഉണ്ടായേ? അയാളെ ജയിലില്‍ പിടിച്ചിടും എന്ന ഘട്ടം വന്നപ്പോഴാണ് ത്യാഗം ഉണ്ടായത്. ഇതിനെയൊക്കെ ഈ മാര്‍പാപ്പ അപലപിക്കുന്നത് എന്തുകൊണ്ടാ? അല്ലെങ്കില്‍ നാളെ ഈ മാര്‍പാപ്പയുടെ പേരിലാണ് പല കേസുകളും വരിക. വ്യക്തിമാറിയതു കൊണ്ട് പലതും തല്‍ക്കാലം ഒതുങ്ങി. എന്നിട്ടും ബ്രഹ്മചര്യം ബ്രഹ്മചര്യം എന്നു പറഞ്ഞിരിക്കുന്നതില്‍ എന്താ അര്‍ത്ഥം?
പുതിയ മാര്‍പാപ്പ പുരോഗമന ചിന്താഗതിക്കാരനാണ്. അദ്ദേഹം മൂന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടട്ടെ. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലാണ് മതത്തില്‍ കുറച്ച് മാറ്റം വന്നത്. ജനലുകള്‍ തുറന്നിടൂ എന്ന ആഹ്വാനം അതിലാണ് ഉണ്ടായത്. കുറേ അച്ചന്‍മാരും സിസ്റ്റമാരും സഭ വിട്ട് പോയി. കാറ്റും വെളിച്ചവും കടക്കുമ്പോള്‍ പോകുന്നതെല്ലാം പോകട്ടെ. അന്ന് നില്‍ക്കാനുള്ളവര്‍ നിന്നു. 21-ാം നൂറ്റാണ്ടില്‍ കാര്യങ്ങള്‍ പുനര്‍വ്യാഖ്യാനം ചെയ്യണം. വിവാഹത്തെക്കുറിച്ച് ആലോചിക്കാം എന്നു പറഞ്ഞിട്ടുണ്ട്. ഇന്നുവരെ ഒരു മാര്‍പ്പാപ്പയും പറയാത്ത വാക്ക്. അത്രയെങ്കിലുമാകട്ടെ.

? പുതിയമാര്‍പ്പാപ്പയെ സിസ്റ്റര്‍ തീര്‍ത്തും അംഗീകരിക്കുന്നു. എന്നു കരുതട്ടെ?
എനിക്ക് പുതിയ മാര്‍പാപ്പയോട് ഒരു അഭിപ്രായ വ്യത്യാസമുള്ളത്, അദ്ദേഹം ആള്‍ക്കാരെ നിരത്തിപ്പിടിച്ച് വിശുദ്ധരാക്കിക്കൊണ്ടിരിക്കുന്നതിലാണ്. അച്ചടിച്ച് അച്ചടിച്ച് വിശുദ്ധരെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഈ അടുത്തിടെ കേരളത്തില്‍ നിന്ന് രണ്ടുപേരെ വിശുദ്ധരാക്കി. ചാവറയച്ചനേയും എവുപ്രാസു അമ്മയേയും. എന്റെ അമ്മ ഫോണില്‍ വിളിച്ച് ഈ വിവരം അഭിമാനത്തോടുകൂടി പറഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് തിരിച്ചു പറഞ്ഞു, ”ശരിയാണമ്മേ, ഞാന്‍ അമ്മയെ വിശുദ്ധയാക്കിത്തരാം. ഒരു രണ്ടു കോടി രൂപ തന്നാല്‍ മതി. ത്യാഗം അനുഭവിക്കുന്ന ഒരുപാട് സ്ത്രീകള്‍ വേറെയും ഉണ്ട്. അവരെയൊക്കെ വിശുദ്ധയാക്കിത്തരാം. പണം തന്നാല്‍ മതി. നാളെ ചിലപ്പോള്‍ ഇവര്‍ എന്നെയും വിശുദ്ധയാക്കിക്കളയും. എന്നിട്ട് പോപ്പ് പറയും, സെയിന്റ് ജസ്മി ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു എന്നൊക്കെ. കാരണം ജോനോപാര്‍ക്കിനെ വരെ പിന്നീട് വിശുദ്ധയായി പ്രഖ്യാപിച്ചില്ലേ.”

? സഭയുടെ കീഴില്‍ നിരവധി കന്യാസ്ത്രീകളും അച്ചന്മാരുണ്ടെന്നു പറഞ്ഞല്ലോ. ഇവര്‍ വഴിതെറ്റാന്‍ എന്താണു കാരണമെന്നാണ് സിസ്റ്ററുടെ അഭിപ്രായം?
മനുഷ്യശക്തി അല്പം പോലും വിനിയോഗിക്കാന്‍ അറിയാത്തവരാണ് സഭാനേതൃത്വം. 35000 കന്യാസ്ത്രീകള്‍ ഉണ്ടത്രെ. 24 മണിക്കൂറും ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍. എന്തിനും തയ്യാറുള്ളവര്‍. ഇവരെല്ലാം കൂടി ശ്രമിച്ചാല്‍ ഇന്ന് കേരളം കീഴ്‌മേല്‍ മറിക്കാന്‍ സാധിക്കും. 35000 വേണ്ട 3500, അല്ല 350 പേരുണ്ടായാല്‍ മതി. 350 സ്ത്രീകള്‍ കല്ല്യാണവും വേണ്ട കുടുംബജീവിതവും വേണ്ട എന്ന് തീരുമാനിച്ച് ഇറങ്ങിയവര്‍ മിനിമം ഭക്ഷണം, മിനിമം വസ്ത്രം, മിനിമം വിശ്രമം സഭയ്ക്കു വേണ്ടി ഉഴിഞ്ഞു വെച്ചവര്‍. എന്നിട്ടെന്താണ് ഇവിടെ സംഭവിക്കുന്നത്? അവരുടെ കഴിവുകളെ വിനിയോഗിക്കാതെ കേവലം പണമുണ്ടാക്കാനുള്ള മാധ്യമമായി മാത്രം അവരെ കാണുന്നു. എത്രയോ പേര്‍ യു.ജി.സി. ശമ്പളം വാങ്ങുന്നവരുണ്ട്. ആലോചിച്ചു നോക്കൂ. കോടികളുടെ വരുമാനമാണ് ഉണ്ടാക്കുന്നത്. അതിനുപുറമെ പലരേയും വെട്ടിച്ചും കോഴവാങ്ങിയും കാശുണ്ടാക്കുന്നു. ഇന്ന് ഏറ്റവും വലിയ പൈസക്കാര്‍ ഞങ്ങളാ. അതുകഴിഞ്ഞാല്‍ മാര്‍ക്‌സിസ്റ്റുകാരാണെന്നു കേള്‍ക്കുന്നു. പിന്നെ മുസ്ലീങ്ങള്‍. ഞങ്ങള്‍ ഉണ്ടാക്കിയത്ര ആരും ഉണ്ടാക്കിയിട്ടില്ല.

? ഇന്ന് ഏറെ ചര്‍ച്ചയായിട്ടുള്ള ആള്‍ദൈവ സങ്കല്‍പത്തെ സിസ്റ്റര്‍ എങ്ങിനെ കാണുന്നു? വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമൊക്കെ ഇത്തരം ഗണത്തില്‍പ്പെടുന്നവരല്ലേ? മരണശേഷം ദൈവിക പരിവേഷം കിട്ടുന്ന വിശുദ്ധരെക്കുറിച്ച് സിസ്റ്ററുടെ അഭിപ്രായം എന്താണ്? 
ജീവിച്ചിരിക്കുന്നവരെ ദൈവങ്ങളായി സങ്കല്‍പിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. അത് മദര്‍തെരേസയായാലും ശരി അമൃതാനന്ദമയിയായാലും ശരി. വിശുദ്ധരാക്കുന്ന പരിപാടിയ്ക്ക് പിന്നില്‍ ഒരുപാട് തട്ടിപ്പുണ്ട്. പണമുണ്ടെങ്കില്‍ ആരെയും വിശുദ്ധരാക്കാം. ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധ എന്നു പറയുന്ന അല്‍ഫോന്‍സാമ്മയുടെ കാര്യമെടുക്കുക. എന്താണ് അവരുടെ മേന്‍മ എന്നു ചോദിച്ചാല്‍ അവര്‍ ഒരുപാട് സഹിച്ചു എന്നാണ് പറയുക. അവര്‍ക്ക് നിരവധി രോഗങ്ങളുണ്ടായിരുന്നു. അത് സഹിച്ചു. മഠത്തിനകത്തുള്ള കുറേ സഹപ്രവര്‍ത്തകരുടെ പീഡനം സഹിച്ചു. ആരാ അവരെ പീഡിപ്പിച്ചേ? കൂടെയുള്ള കന്യാസ്ത്രീകള്‍. അല്ലാതെ പുറമെയുള്ള ക്രൂരന്മാര്‍ ചാട്ടവാറടിച്ച് പീഡിപ്പിച്ചതല്ല. സ്വന്തം സഹപ്രവര്‍ത്തകരായ അകത്തെ ക്രൂരകളുടെ പീഡനമാണ് അവര്‍ ഏറ്റുവാങ്ങിയത്. മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു സേവനവും അവര്‍ ചെയ്തിട്ടില്ല. മറ്റുള്ളവരുടെ കാലില്‍ തറക്കാതിരിക്കാന്‍ താഴെ വീണ ഒരു മൊട്ടുസൂചിപോലും പെറുക്കി മാറ്റാത്ത സ്ത്രീയായിരുന്നു ഭാരതത്തിലെ ആദ്യ വിശുദ്ധ. പിന്നെ അസുഖം മാറ്റി എന്ന് സാക്ഷി പറയുന്നതും അത്ഭുതങ്ങള്‍ സംഭവിപ്പിച്ചു എന്നു പറയുന്നതുമൊക്കെ വേറെ തലമാണ്. അത് മനസ്സിന്റെ ശക്തിയാണ്. മനസ്സിനെ ഏകാഗ്രമാക്കിയാല്‍ നമുക്ക് പലതും നേടിയെടുക്കാന്‍ സാധിക്കും. മനസ്സിനെ ശക്തിപ്പെടുത്തി വിശ്വസിപ്പിച്ചാല്‍ ഈശോയെ വിചാരിച്ചാല്‍ മാത്രമല്ല ചെകുത്താനെ വിചാരിച്ചാലും അത്ഭുതങ്ങള്‍ സംഭവിക്കും. ഇപ്പോ വിശുദ്ധയായി പ്രഖ്യാപിച്ച എവുപ്രാസ്യമ്മയുടെ കാര്യം. ഒരു കുട്ടിയുടെ ക്യാന്‍സര്‍ പ്രാര്‍ത്ഥനയുടെ ഫലമായി മാറ്റി എന്നാണ് പറയുന്നത്. ഞാന്‍ ചോദിക്കുന്നത്, മാറി എന്നു പറയുന്നു ഈ അസുഖം വീണ്ടും വന്നാലോ? വരില്ലെന്ന് പറയാന്‍ സാധിക്കുമോ? എന്തൊക്കെ അസുഖങ്ങള്‍ തിരിച്ചുവരുന്നു. അപ്പോള്‍ എന്തുചെയ്യും? അത് ഒതുക്കിത്തീര്‍ക്കും. ആ കുട്ടിയോട് പറയും ആരോടും മിണ്ടരുതെന്ന്. നവംബര്‍ 8നോ മറ്റോ ആ കൂട്ടി റോമിലേക്ക് പോകുകയാണ്. അതുപോലെ കളവു പറയുന്ന സന്ദര്‍ഭങ്ങളുമുണ്ട്. എന്റെ ഒരു അനുഭവം പറയാം. ഞങ്ങളുടെ അടുത്ത് ഒരു ചേട്ടത്തി ഉണ്ട്. മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കണമെന്ന് ആഗ്രഹമുള്ളവരാണ്. അവര്‍ ഒരു ധ്യാനത്തിന് വന്നപ്പോള്‍ പ്രാര്‍ത്ഥനക്ക് ശേഷം സൗഖ്യം കിട്ടിയവര്‍ കൈപൊക്കാന്‍ പറഞ്ഞു. അവര്‍ കൈപൊക്കി. അവരെ സ്റ്റേജിലേക്കുവിളിച്ചു. എന്താ സംഭവിച്ചത് എന്ന് ചോദിച്ചു. ശരീരത്തിന്റെ വലതുഭാഗത്ത് എന്തോ ഒരു വേദനയുണ്ടായിരുന്നു എന്നും ഒരു പ്രകാശഗോളം വന്ന് ഇവിടെ തട്ടിയപ്പോള്‍ ആ വേദന ഇല്ലാതായി എന്നും പറഞ്ഞു. എല്ലാവരും കൈയ്യടിച്ചു. ഫാദര്‍ വന്ന് കെട്ടിപ്പിടിച്ചു. ഇതെല്ലാം കഴിഞ്ഞ് മഠത്തിലെത്തിയപ്പോള്‍ ഞങ്ങള്‍ ചോദിച്ചു, ‘ചേട്ടത്തീ ശരിക്കും എന്താണ് ഉണ്ടായത്?’ ‘ഞാന്‍ ചുമ്മാ പറഞ്ഞതാണ്’ എന്ന് അവര്‍ പറഞ്ഞു. മറ്റുള്ളവരുടെ ശ്രദ്ധ നേടാനും അംഗീകാരം കിട്ടാനുമുള്ള ഒരാഗ്രഹം. എന്നാല്‍ ചിലപ്പോള്‍ ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. മനസ്സിന്റെ ശക്തി അപാരമാണ്. ചിന്തകളെല്ലാം പോസിറ്റീവ് ആക്കി മാറ്റുകയാണ് അവിടെ ചെയ്യുന്നത്. ഇത് ഒറ്റയ്ക്കിരുന്ന് ചെയ്യാവുന്നതേയുള്ളൂ. ഒരു പള്ളിയിലും ധ്യാനത്തിനും പോകേണ്ട.

? ജീവിച്ചിരിക്കുമ്പോള്‍ പീഡനത്തിനിരയാക്കുകയും മരിച്ചതിനുശേഷം വിശുദ്ധരാക്കപ്പെടുകയും ചെയ്തവര്‍ സഭയിലുണ്ട് എന്നാണോ സിസ്റ്റര്‍ പറയുന്നത്?
എത്രയോ പേരുണ്ട്. ഞാന്‍ പറഞ്ഞില്ലേ ഇന്ത്യയിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സമ്മ തന്നെ അങ്ങിനെയാണ്. കിഡ്‌നി ദാനം ചെയ്ത അച്ഛനെതിരെ സഭ ശിക്ഷാ നടപടികള്‍ എടുക്കാന്‍ മുതിര്‍ന്നതാണ്. മാധ്യമങ്ങളാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ അവയവദാനത്തെ നമ്മുടെ മതം പിന്തുണക്കുന്നില്ല. എത്രായിരം സിസ്റ്റര്‍മാരും അച്ചന്മാരും ഉണ്ട്. മരണശേഷം അവരുടെ അവയവങ്ങള്‍ ദാനം ചെയ്യുകയും ശരീരം മെഡിക്കല്‍കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കുകയും ചെയ്തുകൂടേ? മനുഷ്യര്‍ക്ക് ഗുണമുണ്ടാകുന്ന ഒന്നും ചെയ്തുകൂടെന്നത് സഭയുടെ നിര്‍ബ്ബന്ധമാണ്.

? സ്‌നേഹത്തിന്റെ മാലാഖമാരായാണ് കന്യാസ്ത്രീകളെ ഒരുകാലത്ത് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നവര്‍ ക്രൂരതയുടെ പര്യായമായി മാറുന്നു എന്നല്ലേ പലഭാഗങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്?
തീര്‍ച്ചയായും, എല്ലാവരും കെട്ടിയിടപ്പെട്ടിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന ജലം മലിനമാകുമല്ലോ. എല്ലാവരുടേയും മനസ്സ് മലിനമാണ്. ഒന്നാമത് 99% വും കന്യാസ്ത്രീയാകാന്‍ ഇഷ്ടപ്പെട്ട് വരുന്നവരല്ല. ഒരു ശതമാനം മാത്രമാണ് അങ്ങിനെ വരുന്നത്. കന്യാസ്ത്രീകള്‍ അവരുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തുകയാണ്. ലൈംഗികത, മാനുഷികമായ ആഗ്രഹങ്ങള്‍, സിനിമ, പാട്ട്, ഡാന്‍സ് തുടങ്ങിയ വിനോദോപാധികള്‍ ആസ്വദിക്കാനുള്ള താല്പര്യം എല്ലാം അടിച്ചമര്‍ത്തുന്നു. ഇതെല്ലാം ഏതെങ്കിലും വഴിയില്‍ പുറത്തുചാടേണ്ടേ. അസൂയ, കുശുമ്പ്, വിദ്വേഷം ഇവയെല്ലാം കൊണ്ട് മനസ്സ് അശുദ്ധമാക്കപ്പെട്ടിരിക്കുന്നു. 15 വര്‍ഷമായി പരസ്പരം മിണ്ടാതെ നടക്കുന്ന രണ്ട് സിസ്റ്റര്‍മാര്‍ സെന്റ്‌മേരീസ് കോളേജില്‍ ഉണ്ടായിരുന്നു. പല കന്യാസ്ത്രീമഠങ്ങളിലും സിസ്റ്റര്‍മാര്‍ തമ്മില്‍ പൊരിഞ്ഞ അടിയാണ്. തല്ലുണ്ടാക്കുക, ബഹളം വെക്കുക, സാധനങ്ങള്‍ വലിച്ചെറിയുക തുടങ്ങി എന്തെല്ലാം വൈകൃതങ്ങള്‍ അവിടെ നടക്കുന്നു. പ്രാര്‍ത്ഥനാ സമയത്തുപോലും കണ്ടുകൂടാത്തവരുണ്ട്. തെറിവിളിക്കുന്നവരുണ്ട്. ഇവരുടെ ഒരു പ്രധാന പരിപാടി എല്ലാ സ്ഥലത്തും ധ്യാനം കൂടാന്‍ പോകുക എന്നതാണ്. എന്നിട്ടും മനസ്സ് ശുദ്ധമാകുന്നില്ല. 99 ശതമാനം പേരും വെറുതെ ഉടുപ്പിട്ട് നടക്കുകയാണ്. ഞങ്ങളുടെ കൂടെ കോളേജില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകളെല്ലാത്തവര്‍ പറയും, ഈ ധ്യാനമൊന്നുമില്ലാതെ തന്നെ ഞങ്ങള്‍ സമാധാനമായി ജീവിച്ചു പോകുന്നുണ്ട്. പിന്നെ നിങ്ങള്‍ എന്താണ് ഇങ്ങനെ? ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അഭയകേസിലെ പ്രതി സിസ്റ്റര്‍ സ്റ്റെഫി സഭയ്ക്കകത്ത്. ശുദ്ധമായ സന്ന്യാസ ജീവിതം നയിക്കുന്ന സിസ്റ്റര്‍ ജസ്മി സഭയ്ക്ക് പുറത്ത്. എന്തൊരു വിരോധാഭാസമാണ് ഇത്. സിസ്റ്റര്‍ സ്റ്റെഫി ജയിലില്‍ നിന്ന് ജാമ്യം കിട്ടി പുറത്തുവന്നപ്പോള്‍ പല സ്ഥലത്തും ലഡു വിതരണം ചെയ്തു. സിസ്റ്റര്‍ സ്റ്റെഫിയെ ചിലപ്പോള്‍ നാളെ വിശുദ്ധയാക്കി പ്രഖ്യാപിച്ചേക്കും. ഇത്രയും കഷ്ടപ്പാടുകള്‍ സഹിച്ചതിന്. ഇതാണ് സഭയുടെ ഇന്നത്തെ നിലവാരം. ദൈവം എന്നെ രക്ഷിച്ചതാണ്. ഞാന്‍ മഠത്തിനകത്ത് തന്നെ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ മറ്റൊരു അഭയയാകുമായിരുന്നു. എന്നാല്‍ അടുത്ത ജന്മത്തില്‍ നിങ്ങള്‍ക്കാരാകണം എന്നു ചോദിച്ചാല്‍ ഞാന്‍ പറയും ഒരു സന്യാസിനി തന്നെ ആകണം എന്ന്. കാരണം ഞാന്‍ അത് ഇഷ്ടപ്പെടുന്നു.

Potta Ashram

? ധ്യാനകേന്ദ്രങ്ങളുടെ മറവില്‍ നടക്കുന്ന പൗരോഹിത്യ തട്ടിപ്പുകളെ എങ്ങിനെ കാണുന്നു? പോട്ട പോലുള്ള ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന നിയമവിരുദ്ധ മനുഷ്യാവകാശ ലംഘനങ്ങള്‍, വിശ്വാസവഞ്ചനയും ചൂഷണവും, മയക്കുമരുന്നിന്റേയും നിരോധിത മരുന്നിന്റേയും ഉപയോഗങ്ങള്‍, മരണങ്ങള്‍ ഇത്തരം ആരോപണങ്ങളെക്കുറിച്ച് എന്താണ് സിസ്റ്ററുടെ അഭിപ്രായം? എന്തുകൊണ്ട് ഭരണകൂടം നടപടി എടുക്കാന്‍ ധൈര്യം കാട്ടുന്നില്ല?

ഞാനും അതുതന്നെയാണ് ചോദിക്കുന്നത്. എന്തുകൊണ്ട് അവരെ തൊടാന്‍ സാധിക്കുന്നില്ല? എന്നെയും മാനസിക രോഗി എന്നു മുദ്രകുത്തി അവിടെ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. അവിടെ പോയിരുന്നെങ്കില്‍ മരണം വരെ അബോധാവസ്ഥയില്‍ ജീവിച്ചേനേ. പോട്ടയില്‍ കൊണ്ടുപോകുന്നു എന്നറിഞ്ഞപ്പോള്‍ അതുവരെ എന്റെ വിഷയത്തില്‍ ഇടപെടാതിരുന്ന എന്റെ വീട്ടുകാര്‍ ഇളകി. പോട്ടയില്‍ വിടാന്‍ അവര്‍ അനുവദിച്ചില്ല. എന്റെ ചേച്ചി അവിടെ പോയിട്ടുള്ള അനുഭവം എനിക്കും അവര്‍ക്കും അറിയാമല്ലോ. അവിടെ ധ്യാനത്തിനുപോയ എന്റെ ചേച്ചിയെ അവര്‍ കെട്ടിയിടുകയും പീഡിപ്പിക്കുകയും ചെയ്തു. അത് അവള്‍ക്ക് വലിയ മെന്റല്‍ഷോക്കായി. പിന്നീട് ചേച്ചിയെ ഓട്ടോറിക്ഷയില്‍ കയറ്റിവിടുകയാണു ചെയ്തത്. കെട്ടിയിട്ട് എത്രപേര്‍ ഉപയോഗിച്ചുവെന്ന് ദൈവത്തിനറിയാം. ചേച്ചി ഒരു സെക്‌സി ബോഡിയാണ്. ഒരു വിശുദ്ധന്‍ പോലും നിന്റെ അടുക്കല്‍ അഞ്ചുമിനുട്ടില്‍ കൂടുതല്‍ പാപചിന്തയില്ലാതെ ഇരിക്കില്ല എന്നാണ് മറ്റൊരു വിശുദ്ധനച്ചന്‍ ചേച്ചിയോട് പറഞ്ഞത്. ആ ചേച്ചിക്ക് പോട്ടയില്‍ എന്തു സംഭവിച്ചിരിക്കും? സംഭവമറിഞ്ഞ് ചേച്ചിയുടെ ഭര്‍ത്താവ് കൂട്ടുകാരേയും കൂട്ടി രാത്രിക്കുരാത്രി അവിടെ പോയി അവിടുത്തെ ഫാദറായ പനയ്ക്കലച്ചന്റെ കോളറിനു പിടിച്ച് പുറത്തുകൊണ്ടുവന്ന് ‘എന്റെ ഭാര്യയെ എത്രപേര്‍ ഉപയോഗിച്ചു എന്ന് എനിക്ക് ഇപ്പോഴറിയണം’ എന്നു പറഞ്ഞ് ബഹളം വെച്ചിരുന്നു. മറ്റൊരു സംഭവം, എനിക്ക് അറിയാവുന്ന ഒരു സിസ്റ്ററിന്റെ കൂടെ പോട്ടയില്‍ ധ്യാനം കൂടാന്‍ പോയ നാല് പെണ്‍കുട്ടികളുടെ അനുഭവം അവര്‍ എന്നോടു പറഞ്ഞിരുന്നു. ഒരു ദിവസം രാത്രി എന്തോ ആവശ്യത്തിന് എഴുന്നേറ്റ് പെണ്‍കുട്ടികളുടെ മുറിയില്‍ പോയി നോക്കിയപ്പോള്‍ അവരെ അവിടെ കണ്ടില്ല. താഴത്തെ മുറിയില്‍ നോക്കിയപ്പോള്‍ നാലും പൂര്‍ണ്ണ നഗ്നരായി കിടക്കുന്നു. എല്ലാ കാര്യവും കഴിഞ്ഞതായി മനസ്സിലായി. അവരെ ചോദ്യം ചെയ്തപ്പോള്‍ കുറേ ദിവസമായി ഇത് പതിവായി നടക്കുന്നതാണെന്ന് അവര്‍ സമ്മതിച്ചു. പല രാത്രികളിലും ആരൊക്കെയോ അവരെ ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെയാണ് ധ്യാനകേന്ദ്രങ്ങളില്‍ നടക്കുന്ന കാര്യം. തെറ്റായി ഈ ലോകത്ത് എന്തൊക്കെയുണ്ടോ അതൊക്കെ അവിടെ ഉണ്ട്. അവിടെ നിന്നും രക്ഷപ്പെട്ട നേരനുഭവമുള്ള നിരവധിപേര്‍ എന്നോടു തുറന്നു പറഞ്ഞിട്ടുണ്ട്. എത്രയോ കൊലപാതകങ്ങള്‍ പോലും അവിടെ നടന്നിട്ടുണ്ട്.

? സഭ പീഡിപ്പിക്കുന്നവരുടേയും ചൂഷണം ചെയ്യുന്നവരുടേയും ഭാഗത്താണ് നില്‍ക്കുന്നത് എന്നാണല്ലോ സിസ്റ്റര്‍ അഭയയുടെ കാര്യത്തിലായാലും പ്രൊഫ. ജോസഫിന്റെ കാര്യത്തിലായാലും സിസ്റ്റര്‍ ജസ്മിയുടെ കാര്യത്തിലായാലും മനസ്സിലാക്കേണ്ടത്?
സഭയ്ക്കുള്ളില്‍ അവര്‍ വേറൊരു ലോകം സൃഷ്ടിച്ചുവച്ചിരിക്കുകയാണ്. ഒരു കൃത്രിമലോകം. അതു പറയാനാണ് ഞാന്‍ അതില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. നിങ്ങളൊന്നും കാണുന്ന കാഴ്ചയല്ല അവര്‍ കാണുന്നത്. ഒരു പത്രം വായിക്കുമ്പോള്‍ അവര്‍ മനസ്സിലാക്കുന്നത് നമ്മളൊന്നും മനസ്സിലാക്കുന്നതല്ല. അടിമുടി വ്യത്യസ്തമാണ്. അഭയകേസില്‍ അഭയയാണ് തെറ്റ് ചെയ്തതെന്നും അവര്‍ കിണറ്റില്‍ ചാടിയതാണെന്നും അതിലെ 99 ശതമാനം ആള്‍ക്കാരും ഇന്നും വിശ്വസിക്കുന്നു. അമേരിക്കയില്‍ നിന്നും ഒരു വയസ്സനച്ചന്‍ ഒരിക്കല്‍ എന്നെ ഫോണ്‍ വിളിച്ച് പറഞ്ഞു. ‘സിസ്റ്ററേ, അവള്‍ ചീത്ത പെണ്ണാണ്. അവള്‍ പരപുരുഷന്മാരുമായി ബന്ധപ്പെട്ട് ഗര്‍ഭിണിയായി കിണറ്റില്‍ ചാടിയതാണ്. സിസ്റ്റര്‍ മറ്റുള്ളവര്‍ പറയുന്ന കഥയൊന്നും വിശ്വസിക്കരുത്.’ – ഇതാണ് അവസ്ഥ. അവര്‍ക്കാര്‍ക്കും പുറത്തെ വെളിച്ചം കിട്ടിയിട്ടില്ല. എനിക്ക് എങ്ങനെ കിട്ടി എന്നു വച്ചാല്‍, ഇംഗ്ലീഷ് അധ്യാപികയായതുകൊണ്ട് നിരവധി തവണ എനിയ്ക്ക് പുറത്ത് ചര്‍ച്ചയ്ക്കും മറ്റും പോകേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരിക്കല്‍ ധാര്‍വാര്‍ഡില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടുന്ന് ഒരു സ്ത്രീ ചോദിച്ചു, സിസ്റ്ററേ, കുന്തിയും നമ്മുടെ മാതാവും (യേശുവിന്റെ അമ്മ) തമ്മില്‍ എന്താണ് വ്യത്യാസം? ഞാന്‍ ചിന്തിച്ചു, കുന്തിദേവി വെറുമൊരു സാധാരണ കഥാപാത്രം. ഒരു ഫിക്ഷണല്‍ ക്യാരക്ടര്‍. എന്നാല്‍ മാതാവ്….! ഹൊ- നമ്മുടെ മാതാവ്….! അവര്‍ വീണ്ടും പറഞ്ഞു, കുന്തിദേവി സൂര്യനെക്കൊണ്ട് ചെവിയിലൂടെ ഗര്‍ഭം ധരിച്ചു. മാതാവ് പരിശുദ്ധാത്മാവില്‍ നിന്ന് ഗര്‍ഭം ധരിച്ച് ജീസസിനെ പ്രസവിച്ചു. എന്താണ് വ്യത്യാസം? ‘എനിക്ക് ഒന്നും പറയാനില്ല, ഞാന്‍ വിശദീകരിക്കാന്‍ ആളല്ല’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. എന്നാല്‍ അത് എന്നെ ചിന്തിപ്പിച്ചു. ഞാന്‍ എങ്ങനെ പറയും മാതാവാണ് ശരി കുന്തിദേവി ശരിയല്ലെന്ന്? കുറച്ചുനാള്‍ മുമ്പ് കോട്ടയത്തു നിന്ന് ഒരു അച്ചന്‍ പറഞ്ഞു. യേശുക്രിസ്തു ദൈവമല്ല വെറും മനുഷ്യനാണെന്ന്. അതൊരു ഷോക്കായിരുന്നു. ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടു സംസാരിച്ചു. ക്രിസ്റ്റോളജിയില്‍ ഡോക്ടറേറ്റ് എടുത്ത ഫാദര്‍ ജയിംസ് ഗുരുദാസ് സി.എം.ഐ. ആയിരുന്നു ആ വ്യക്തി. അദ്ദേഹം കുര്‍ബാന ചൊല്ലാറില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘എന്റെ സിസ്റ്ററേ, കുര്‍ബാനയൊക്കെ ഞങ്ങള്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു ജാടയല്ലേ’ ഞാന്‍ അതിശയപ്പെട്ടു. അദ്ദേഹത്തെ എന്തുകൊണ്ട് മേലധികാരികള്‍ ചോദ്യം ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘അവര്‍ക്കൊക്കെ ഇതറിയാം. ഞാന്‍ ക്രിസ്റ്റോളജിയില്‍ ഡോക്ടറേറ്റ് എടുത്ത ആളാ. എന്നെ പഠിപ്പിക്കാന്‍ അവര്‍ക്കു പറ്റുമോ?’ ഇതാണ് സത്യം. നമ്മുടെ മനസ്സിലുള്ള ഓരോ വിഗ്രഹങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു ബിഷപ്പ് എന്നെക്കുറിച്ച് പറഞ്ഞുവത്രെ, എന്റെ കല്ല്യാണം കഴിഞ്ഞൂന്ന്. അയാളുടെ കയ്യില്‍ വ്യക്തമായ തെളിവ് ഉണ്ടത്രെ. മറ്റൊരു ബിഷപ്പ് പറഞ്ഞതായി അറിഞ്ഞു, ഞാന്‍ അന്യപുരുഷന്മാരുമായി ലൈംഗികബന്ധം ആസ്വദിക്കുകയാണ്; അതുകൊണ്ടാണ് കല്ല്യാണം കഴിക്കാത്തത് എന്ന്. ഒരു ബിഷപ്പാണ് പറയുന്നതെന്നോര്‍ക്കണം. ആ ബിഷപ്പിന് ചിന്തിക്കാന്‍ സാധിക്കുന്നുണ്ടാവില്ല ലൈംഗികബന്ധം ഇല്ലാതെയും ജീവിക്കാന്‍ പറ്റും എന്നത്. വൈദികര്‍ക്കും ബിഷപ്പിനും അത് സാധിക്കുന്നുണ്ടാകില്ല. എനിക്ക് സാധിക്കും. അതിലവര്‍ക്ക് അസൂയയുണ്ടാകും. ഞാന്‍ അദ്ദേഹത്തോട് പറയാന്‍ പറഞ്ഞു, അകത്തുള്ള കന്യാസ്ത്രീകളില്‍ എത്രപേര്‍ക്ക് കന്യകാത്വം ഉണ്ടെന്ന് നോക്കാന്‍. അവരോടെങ്കിലും ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ പറയൂ. എന്നിട്ട് മതി എന്റെ കാര്യം നോക്കാന്‍. അതിന്നവര്‍ക്ക് സാധിക്കില്ല.
പ്രൊഫസര്‍ ജോസഫിന്റെ കാര്യം നോക്കൂ. ആരാണ് യഥാര്‍ത്ഥ തീവ്രവാദികള്‍? കൈവെട്ടിയവരോ, കൈവെട്ടപ്പെട്ട ജോസഫിന്റെ ജോലി കളഞ്ഞവരോ? രണ്ടാമത്തെവിഭാഗമാണ് ഭീകരര്‍ എന്ന് ഞാന്‍ പറയും. വേദനിക്കുന്നവരെ വീണ്ടും വേദനിപ്പിക്കുന്നവര്‍.

? ഇന്ന് ഓരോ ക്രിസ്ത്യന്‍ സഭയ്ക്കും കോടാനുകോടി സ്വത്തുക്കളുണ്ട്. എങ്കിലും അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ കോഴവാങ്ങുന്നു. സഭകള്‍ വെറും ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമായി അധഃപതിക്കുകയല്ലേ?
ശരിയാണ്. അവിടെ നിന്നും എപ്പോഴോ ദൈവം ഇറങ്ങിപ്പോയി. എല്ലാ അഴിമതിയും തോന്ന്യവാസങ്ങളും നടക്കുന്ന കേന്ദ്രമായി അത് മാറി. എന്നാണ് ആത്യന്തിക ലക്ഷ്യമെന്നും എന്തിനുവേണ്ടിയാണ് ഇതൊക്കെ തുടങ്ങിയതെന്നും മറന്നുപോയി. എല്ലായിടത്തും ഇരുട്ട് പടരുന്നുണ്ടെങ്കിലും മനസ്സു പറയുന്നു, എവിടെയൊക്കെയോ വിളക്കുകള്‍ കത്തുന്നുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ആയാലും അത് വെട്ടം തന്നെയാണ്.

? വിശുദ്ധബൈബിള്‍ നഗരചത്വരങ്ങളില്‍ നടക്കുന്ന എല്ലാ ആരാധനകളേയും തള്ളിപ്പറയുന്നുണ്ട്. പരസ്യ ആരാധനയിലൂടെ ശക്തിപ്രകടനത്തിന്റെ തലത്തിലേക്ക് ക്രിസ്തീയ സഭ അതിന്റെ സമ്പ്രദായങ്ങളെ മാറ്റുന്നു എന്നു പറഞ്ഞാല്‍ നിഷേധിക്കുമോ?
അതാണ് പണ്ട് പരിസേയര്‍ ചെയ്തുകൊണ്ടിരുന്നേ. വലിയ തൊങ്ങലുകളിട്ട് എല്ലാസ്ഥലത്തും ദൈവവചനം എഴുതിവെക്കും. പരസ്യമായി നിന്ന് പ്രാര്‍ത്ഥിക്കും. അവരോടാണ് ഈശോ പറഞ്ഞത്, പരിസേയരേ നിങ്ങള്‍ക്ക് ദുരിതം. നിങ്ങളേക്കാള്‍ വേഗം വേശ്യകളും ചുങ്കക്കാരും സ്വര്‍ഗ്ഗത്തിലെത്തും. ഇതൊക്കെ അന്നത്തെക്കാലത്ത് ഭയങ്കര വരികളല്ലേ. അന്ന് അവരുടെ മുഖത്തു നോക്കി പറഞ്ഞത് ഇന്ന് ഈ സഭകളുടെ മേലാളന്മാരോട് പറയേണ്ടതാണ്. ബൈബിളില്‍ പറഞ്ഞതില്‍ നിന്ന് നേരെ വിരുദ്ധമായി ജീവിക്കുകയും ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ജീസസ് ഒരു ക്രിസ്താനിയായിരുന്നില്ല. യഹൂദനായിരുന്നു. യഹൂദനായി ജനിച്ചു, യഹൂദനായി ജീവിച്ചു. യഹൂദനായി മരിച്ചു. ജീസസ് ക്രിസ്തുമതം സ്ഥാപിച്ചിട്ടില്ല. ജീസസ് ഒരു വഴികാണിച്ചു തന്നു, യഹൂദമതം നവീകരിക്കാനുള്ള വഴി.

? സിസ്റ്ററുടേത് ഒരു ഒറ്റയാള്‍ പോരാട്ടമാണോ? അതോ സമാന മനസ്‌കരുടെ സഹകരണമോ പിന്തുണയോ ഉണ്ടോ?
അതെ ഒറ്റയാള്‍ പോരാട്ടം തന്നെ. എനിക്ക് ചിലപ്പോള്‍ തോന്നും റിബലുകള്‍ ഒറ്റയ്ക്കു നില്‍ക്കുന്നതാണ് നല്ലത് എന്ന്. അവര്‍ ഒരു ഗ്രൂപ്പായാല്‍ ശരിയാവില്ല. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് ഒന്നിച്ചുചേരാം. രണ്ടു റിബലുകള്‍ ഒന്നിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. എന്റെ മേഖല എഴുത്തിന്റെതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അത് ആത്മസംതൃപ്തിക്കല്ല. വെളിച്ചം കൊടുക്കാനാണ്. മതത്തിന്റെ മാര്‍ഗ്ഗമല്ല. അതിലും എത്രയോ ഉയര്‍ന്ന മനുഷ്യത്വത്തിന്റെ മാര്‍ഗ്ഗമാണ് ഞാന്‍ സ്വീകരിച്ചിരിക്കുന്നത്.

 

Thousands paid homage to RSS Leader K Manoj

കെ. മനോജ്‌ വധം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

Related posts