3:21 pm - Thursday March 19, 3001

മാറ്റം പ്രകടമാകുന്നു; സമയം നല്‍കണം; സമൂഹം ജാഗ്രതയോടെ ഇരിക്കണം: ആര്‍എസ്എസ്

നാഗ്പുര്‍: മാറ്റത്തിന്റെ ഗുണഫലം രാജ്യത്തു കണ്ടു തുടങ്ങിയെന്നും ശരിയയ വഴിയില്‍ ലക്ഷ്യം കാണാന്‍ സര്‍ക്കാരിനു കൂടുതല്‍ സമയം അനുവദിക്കണമെന്നും രാഷ്ട്രീയ സ്വയം സേവക സംഘം സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് ജന്മദിനമായ വിജയമദശമി ദിവസം സംഘ ആസ്ഥാനത്ത് നല്‍കിയ വിജയ ദശമി സന്ദേശ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
RSS-Sarasanghachalak-offer-floral-trubtes-to-Dr-Hedgewar
സര്‍ക്കാരിന്റെ ദിശമാറിപ്പോകാതെ നോക്കാന്‍ സമൂഹത്തിനു ബാധ്യതയുണ്‌ടെന്നും അതിനാല്‍ ജാഗ്രതയോടെ സന്നദ്ധമായി ഇരിക്കണമെന്നും ആഹ്വാനം ചെയ്ത സര്‍സംഘചാലക് സര്‍ക്കാര്‍ പുതിയ വികസനനയം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു.
സ്വദേശീ നയം പ്രോത്സാഹിപ്പിക്കപ്പെടണം, സുരക്ഷാ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കരുതലോടെ നക്‌സല്‍-ജിഹാദി പ്രവര്‍ത്തനങ്ങള്‍ തടയണം, മയക്കുമരുന്നുപോലുള്ള യുവജനതയെ വഴിതെറ്റിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ നിയമം കര്‍ക്കശമാക്കണം, മാധ്യമങ്ങളിലൂടെ നടക്കുന്ന സാംസ്‌കാരത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം കൊണ്ടു വരണം, സര്‍സംഘചാലക് നിര്‍ദ്ദേശിച്ചു. പ്രസംഗത്തില്‍നിന്ന്-  ഭാരതീയ സാഹചര്യങ്ങളില്‍ ഉണ്ടായിരിക്കുന്ന മാറ്റം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിലെ ജനങ്ങളെക്കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിച്ചിട്ടുണ്ട്. ഒപ്പം ഭാരതീയരായ നമ്മുടെയെല്ലാം മനസ്സുകളാലും ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിച്ചു. ഭാരതത്തിന്റെ ഭാവി അഭിമാനകരവും,വൈഭവപൂര്‍ണ്ണവുമായിരിക്കുമെന്നതിന്റെ ശുഭ സൂചനയാണിത്.
അടുത്തിടെ സമാജം ദേശത്തിന്റെ ഭരണസംവിധാനത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നു. ഈ പരിവര്‍ത്തനം നടന്നിട്ട് ആറു മാസംപോലും തികഞ്ഞിട്ടില്ല. എന്നാല്‍ ലോകത്ത് ഭാരതത്തിന്റെ ഉത്ഥാനത്തിന്റെയും ഭാരതജനതയുടെ സമ്പൂര്‍ണ സുരക്ഷിതത്വത്തിന്റെയും സര്‍വാംഗീണമായ ഉന്നത ജീവിതത്തെക്കുറിച്ചുള്ള ആകാംക്ഷയുടെയും പ്രതിഫലനം സര്‍ക്കാരിന്റെയും ഭരണസംവിധാനത്തിന്റെയും നയങ്ങളില്‍ കണ്ടുതുടങ്ങി. ഇത് പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇതേ ദിശയില്‍ ശരിയായ വഴിക്ക് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകണം. നാം വിശ്വാസത്തോടെ, കൂടുതല്‍ സമയം പ്രതീക്ഷയോടെ കാത്തിരിക്കേണ്ടതുണ്ട്.
ജമ്മുകശ്മീരില്‍ തികച്ചും അപ്രതീക്ഷിതമായുണ്ടായ വമ്പിച്ച വെള്ളപ്പൊക്ക നേരിടാന്‍ ഉദാരമനസ്ഥിതിയോടെ സഹായസഹകരണങ്ങള്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രശംസനീയമാണ്. പതിവുപോലെ മറ്റനേകം സാമൂഹിക സംഘടനകള്‍ക്കൊപ്പം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും സേവാഭാരതിയുടേയും പ്രവര്‍ത്തകര്‍ വളരെ പെട്ടെന്ന് ദുരിതാശ്വാസ പദ്ധതികള്‍ ആരംഭിക്കുകയുണ്ടായി. വരും ദിവസങ്ങളിലും ചെയ്യേണ്ടതായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിഷമാവസരങ്ങളില്‍ വ്യത്യാസങ്ങള്‍ക്ക് അതീതമായി സഹായമെത്തിക്കുന്നതില്‍ കാണിക്കുന്ന താല്‍പര്യം ഭാരതീയ സമൂഹത്തിന്റെ സാമാജിക സഹാനുഭൂതിയെയും ദേശീയ ഏകതയേയുമാണ് കാണിക്കുന്നത്.
സ്വതന്ത്ര രാജ്യമായിട്ടും പല മേഖലകളിലും നാം പിന്തടരുന്നത് അപൂര്‍ണമായ വൈദേശിക നയ നിയമ മാര്‍ഗ്ഗങ്ങളാണ്. ഇപ്പോള്‍ നിലവിലുള്ള വികസനപാതയുടെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് കാലാനുസൃതമായി ന്യൂനകളില്ലാത്ത സ്വന്തം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പുതിയൊരു പാത കണ്ടെത്തേണ്ടതുണ്ട്.
വിവേകാനന്ദസ്വാമികള്‍, അരവിന്ദമഹര്‍ഷി, ടാഗോര്‍, തിലകന്‍ തൊട്ട് ഗാന്ധിജി, ബോസ്, സാവര്‍ക്കര്‍, ഡോ. അംബേദ്ക്കര്‍, വിനോബാജി, സംഘത്തിന്റെ ദ്വിതീയ സര്‍സംഘചാലക് ശ്രീ ഗുരുജി, ലോഹ്യ, ജയപ്രകാശ് നാരായണ്‍, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ മുതലായ മഹാപുരുഷന്മാര്‍ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് മുന്നോട്ടുവെച്ച ചിന്തകളുണ്ട്. അവ ഉള്‍ക്കൊണ്ട്, നമ്മുടെ ദേശത്തെ ഏതുരൂപത്തില്‍ മാറ്റണമെന്നാണോ ഭരണഘടന വിഭാവനം ചെയ്യുന്നത്, ആ ദിശയില്‍ ആത്മവിശ്വാസത്തോടെ ഭരണകൂടം അതിന്റെ പ്രവര്‍ത്തനം തുടരണം. അതിനാവശ്യമായ സമയം നാം അവര്‍ക്ക് അനുവദിക്കുകയും വേണം.
അതേ സമയം സമൂഹത്തിന്റെ സഹകരണം ഇതിനു നേടണം. ജനാധിപത്യത്തില്‍ അവരുടെ സക്രിയത, സന്നദ്ധത, സമാജത്തിന്റെ രാഷ്ട്രഹിതത്തെകുറിച്ചുള്ള ബോധം എന്നിവയിലൂടെയേ നയങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനും ഭരണസംവിധാനത്തിനും സഹകരണം ലഭിക്കൂ. അധികാര രാഷ്ട്രീയത്തിന്റെ ഫലമായി ദേശം വഴിതെറ്റിപോകാനുള്ള സാധ്യതയും ഇതുമൂലം ഇല്ലാതാകും..
കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ ഗതിവിഗതികള്‍ ഉല്‍ക്കണ്ഠയുണ്ടാക്കും വിധം വര്‍ദ്ധിച്ചു. ദക്ഷിണ കടല്‍തീരത്തുള്ള പൂഴിയില്‍ അടങ്ങിയിട്ടുള്ള അസംസ്‌കൃതവസ്തുക്കള്‍ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്ന കാര്യത്തില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല. പശ്ചിമബംഗാളിലും ആസാമിലും നുഴഞ്ഞു കയറ്റവും മറ്റും മൂലം അവിടുത്തെ ഹിന്ദുക്കളുടെ ജീവിതം നിയമവ്യവസ്ഥ, ദേശസുരക്ഷ എന്നിവ അപകടകരമായ അവസ്ഥയിലാണ്. രാജ്യത്തുടനീളം ദേശത്തിന്റെ ആന്തരിക സുരക്ഷയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്ന ജിഹാദി, നക്‌സല്‍ ഭീകരവാദത്തേയും അവരെ പരിപോഷിപ്പിക്കുന്ന ശക്തികളേയും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറുകളും സംസ്ഥാന സര്‍ക്കാറുകളും സഹകരിച്ച് ഫലപ്രദമായ എന്തെങ്കിലും ഒരു പദ്ധതി ആവിഷ്‌കരിച്ചതായി കാണുന്നില്ല. അതേ സമയം ഈ വിഷയത്തില്‍ സമാജത്തിനും തനതായ പങ്ക് നിര്‍വ്വഹിക്കാനുണ്ട്. ഈ പ്രശ്‌നങ്ങളെ കുറിച്ച് സമാജം കൂടുതല്‍ ഉണര്‍ന്ന് ചിന്തിക്കേണ്ടത് ആവശ്യമാണ്.
സ്വദേശി ശീലം വളര്‍ത്തേണ്ടതും അനിവാര്യമാണ്. സേനയില്‍ സൈനികരുടേയും സൈനീക അധികാരികളുടേയും എണ്ണത്തില്‍ വരുന്ന കുറവ് നികത്തുന്ന കാര്യം സമാജത്തിലെ യുവജനങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ സാധാരണക്കാരായ ജനങ്ങളുടെ കണ്ണും കാതും സമാജത്തില്‍ നടക്കുന്ന ഗതിവിഗതികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും ആവശ്യമാണ്. ഭാരതത്തില്‍ വര്‍ദ്ധിച്ചു വരുന്ന മാംസക്കയറ്റുമതിയും പ്രത്യേകിച്ച് ഗോമാംസം, അനധികൃത പശുക്കടത്തും ഉടനെ തന്നെ അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
പുതിയ തലമുറയില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗത്തിന്റെ തോത്, വിദ്യാഭ്യാസത്തിലും കുടുംബങ്ങളിലും കൈവന്ന ആത്മീയതയുടെയും സംവാദത്തിന്റെയും സംസ്‌കാരത്തിന്റെയും കുറവിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇവയെ നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാകണം. ഒപ്പം സമാജത്തില്‍ മാന്യമായ പെരുമാറ്റത്തിന്റെ യോഗ്യമായ ഉദാഹരണങ്ങളും സാംസ്‌കാരികബോധവും ഉണ്ടാകേണ്ടതുണ്ട്.
ദൃശ്യശ്രാവ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും സംസ്‌കാരത്തെ നശിപ്പിക്കുന്ന കാര്യപരിപാടികളും പരസ്യങ്ങളും സംപ്രേക്ഷണം ചെയ്യുകയോ അച്ചടിക്കുകയോ ചെയ്യാതിരിക്കാന്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ  ചുമതലയാണ്. ഭരണകൂടത്തിന്റെ പങ്കാളിത്തമില്ലാതെ നമ്മുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ നാം മുന്നിട്ടിറങ്ങാവുന്ന മേഖലകളാണ് ഇല്ലായ്മയും വിവേചനവും ഇല്ലാതാക്കുന്ന കാര്യം. നമ്മുടെ ചുറ്റുവട്ടത്തോ നമ്മുടെ വീട്ടില്‍തന്നെയോ ജീവിതോപായത്തിനുവേണ്ടി പണിയെടുക്കുന്ന നമ്മുടെ സമാജത്തിലെ  ഇല്ലായ്മകൊണ്ട് പൊറുതിമുട്ടുന്ന ബന്ധുക്കള്‍ക്കോ, സഹോദരിമാര്‍ക്കോ ഉപകാരപ്രദമായ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയോ സ്വതന്ത്രമായി ഏതെങ്കിലും കാര്യം ചെയ്യാന്‍ കുടുംബാംഗങ്ങളോടൊപ്പം നമുക്ക് മുന്നിട്ടിറങ്ങാം.
സമാജത്തില്‍ നിന്ന് ഭേദഭാവന അകറ്റാനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. വിശാലമായ നമ്മുടെ ഹിന്ദു സമൂഹത്തിലെ ഓരോ വ്യക്തിയും, ഭാരതമാതാവിന്റെ ഓരോ സത്പുത്രനും തന്റെ ബന്ധുവാണ് എന്ന സ്‌നേഹഭാവനയുടെ ഉരക്കല്ലില്‍ ഉരച്ചുനോക്കിവേണം ചെറുതും  വലുതുമായ ഏതൊരു കാര്യവും ചെയ്യാന്‍.
നമ്മുടെ രാഷ്ട്രത്തിന്റെ സ്വത്വമായ ഹിന്ദുത്വത്തിന്റെ ഗൗരവം മനസ്സിലുണര്‍ത്തി ആ ഗൗരവത്തിനനുഗുണമായ സദ്ഗുണങ്ങള്‍ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റി ദേശത്തിനുവേണ്ടി സംഘടിതരായി ജീവിക്കുന്ന,  ആവശ്യം വരുമ്പോള്‍ പ്രാണത്യാഗം ചെയ്യാന്‍ സന്നദ്ധരായ വ്യക്തികളെ നിര്‍മ്മിക്കുന്ന കാര്യം രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ പ്രാരംഭകാലം തൊട്ട് നടത്തിപ്പോരുന്നു. എല്ലാവരേയും തന്നില്‍ ഉള്‍ക്കൊള്ളുന്ന, സര്‍വാശ്ശേഷിയായ, സര്‍വവ്യാപിയായ ഹിന്ദുത്വം. അതുതന്നെയാണ് നമ്മുടെ സ്വത്വം. അതുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖ ഗ്രാമാന്തരങ്ങളില്‍,എത്തേണ്ടതുണ്ട്.

 

News Feed
Filed in

Poojaneeya Sarsanghachalakji’s speech full text (English)

കണ്ണൂരില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ വീണ്ടും ആക്രമണം

Related posts