3:21 pm - Friday March 20, 7857

കോടതിവിധികള്‍ അട്ടിമറിക്കാനുള്ള ശ്രമം അപലപനീയം: കുമ്മനം രാജശേഖരന്‍

പത്തനംതിട്ട : ആറന്മുള വിമാനത്താവളത്തിനെതിരെ സുപ്രീം കോടതിയും ഹരിതട്രൈബ്യൂണലും ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ അട്ടിമറിക്കാനും എയര്‍പോര്‍ട്ട് കമ്പനിയെ വഴിവിട്ട് സഹായിക്കാനും കേരള സര്‍ക്കാരും ജില്ലാ ഭരണകൂടവും നടത്തുന്ന ശ്രമങ്ങള്‍ ഹീനവും അപലപനീയവുമാണ്.

എയര്‍പോര്‍ട്ട് കമ്പനിക്കെതിരെ കോടതികള്‍ പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകള്‍ ഒന്നും അധികൃതര്‍ ഗൗനിക്കുന്നില്ല. പദ്ധതിപ്രദേശത്തെ മണ്ണ് നീക്കി ആറന്മുളയിലെ പുഴയും ചാലും പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ് നാളുകളേറെയായിട്ടും അധികൃതര്‍ ഇപ്പോഴും കുറ്റകരമായ നിഷ്‌ക്രിയത്വം പാലിക്കുകയാണ്. ആറന്മുള ചാലുകള്‍ പൂര്‍വ്വസ്ഥിതിയില്‍ ആക്കിയാല്‍ 60,000 ലോഡ് മണ്ണ് ലഭിക്കുമെന്നിരിക്കെ തൊട്ടടുത്ത എഞ്ചിനീയറിങ്ങ് കോളേജിനുവേണ്ടി വളരെ ദൂരെ നിന്നും മണ്ണ് കൊണ്ടു വന്ന് ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ദുര്‍വ്യയം ചെയ്യുകയാണ്.
നിര്‍ദ്ധനരും ഭൂരഹിതരുമായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് ആറന്മുളയിലെ മിച്ചഭൂമി. 232 ഏക്കര്‍ മിച്ചഭൂമിയില്‍മേല്‍ തീരുമാനം എടുത്ത് നടപടി പൂര്‍ത്തിയാക്കണമെന്ന് പലപ്രാവശ്യം ഹൈക്കോടതി താലൂക്ക് ലാന്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുളളതാണ്. പാവങ്ങള്‍ക്ക് സാമൂഹ്യ നീതി നല്‍കുന്നില്ലെന്ന് മാത്രമല്ല കെജിഎസ്. ഗ്രൂപ്പിന് അനര്‍ഹമായ ഭൂമി എങ്ങനെയും തരപ്പെടുത്തി കൊടുക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുകയാണ്. സീറോ ലാന്റ് പദ്ധതി അനുസരിച്ച് ഭൂമി കിട്ടുവാന്‍ ലക്ഷക്കണക്കിന് ഭൂരഹിതര്‍ കേരളത്തില്‍ കാത്തുകെട്ടി കിടക്കുമ്പോള്‍ ആറന്മുളയില്‍ നിയമങ്ങളെല്ലാം പരസ്യമായി ലംഘിച്ച് കോര്‍പ്പറേറ്റ് കമ്പനിക്ക് മിച്ചഭൂമി വിട്ടുകൊടുക്കാന്‍ ജില്ലാ ഭരണകൂടം വഴിവിട്ട് ശ്രമിക്കുന്നു.

ആറന്മുളയില്‍ 1800ല്‍ പരം ഏക്കര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് ഇനിയും പിന്‍വലിച്ചിട്ടില്ല. നിയമസഭക്ക് അകത്തും പുറത്തും മുഖ്യമന്ത്രി പലവട്ടം വ്യവസായ മേഖല പ്രഖ്യാപനം പിന്‍വലിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും നടപടി ഒന്നും ആയിട്ടില്ല. വിമാനത്താവള കമ്പനി ഭൂമി വാങ്ങിച്ചതിലും പോക്കുവരവ് നടത്തിയതിലും ഒട്ടേറെ ക്രമകേടും അഴിമതിയും തട്ടിപ്പും നടന്നിട്ടുണ്ടെന്ന് സിഎജിയും വിജിലന്‍സ് ഉദ്ദ്യോഗസ്ഥരും ലാന്റ് റവന്യു കമ്മീഷണറും തെളിവുകളോടെ വ്യക്തമാക്കിയിട്ടും അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന്‍ നടപടികള്‍ നടത്തേണ്ട പല സംഭവങ്ങളും തേച്ച്മാച്ച് കളയാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. എബ്രഹാം കലമണ്ണിലിന്റെ പേരില്‍ പോക്കുവരവ് നടത്താത്ത 300 ഏക്കര്‍ ഭൂമി കെജിഎസ്. ഗ്രൂപ്പ് എങ്ങനെ വാങ്ങിയെന്നും കമ്പനിയുടെ പേരില്‍ എങ്ങനെ പോക്കുവരവ് നടത്തിയെന്നും ഉള്ളതിനെകുറിച്ച് നാളിതുവരെ അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച പരാതിയിന്മേല്‍ ജില്ലാ ഭരണകൂടം നിശബ്ദ്ധത പാലിക്കുകയാണ്.

ശിവദാസന്‍ നായര്‍ എംഎല്‍യുടെ വീടിന് നേരെ കല്ലെറിഞ്ഞു എന്ന കുറ്റം ആരോപിച്ച് ഊര്‍ജിതമായ കേസ് അന്വേഷണം നടത്തുന്ന പോലീസ് ആറന്മുള കര്‍മ്മസമിതി നേതാക്കളായ പി.ഇന്ദുചൂഡന്റെയും, ഹരിയുടെയും വീടുകള്‍ കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ച സംഭവം എഴുതി തളളിയത് എന്തുകൊണ്ടാണെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കണം. പി.ഇന്ദുചൂഡന്റെ വീട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സഹിതം പരാതി പോലീസിന് നല്‍കിയിട്ടുളളതാണ്. പട്ടാപകലാണ് കോണ്‍ഗ്രസ്സുകാര്‍ ആറന്മുള പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. ബോര്‍ഡും ഉപകരണങ്ങളും തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളതുമാണ്. എന്നിട്ടും ആ കേസുകളിലൊന്നും നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.

ആറന്മുള വിമാനത്താവള വിഷയം ഒരു അടഞ്ഞ അദ്ധ്യായമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയും ഗ്രീന്‍ട്രൈബ്യൂണലും വിമാനത്താവളം പാടില്ലായെന്നും പദ്ധതിപ്രദേശത്ത് യാതൊരുവിധ മാറ്റവും വരുത്തരുതെന്നും വ്യക്തമാക്കിയിരിക്കെ അതിനെയെല്ലാം മറികടന്ന് വിമാനത്താവള കമ്പനിക്ക് വേണ്ടി എല്ലാവിധ സഹായവും ചെയ്ത് കൊടുക്കുവാനുളള നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

News Feed
Filed in

ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിക്കണം

A new dawn for offspring of Saint Agastya

Related posts