9:01 am - Tuesday January 23, 2018

ആര്‍എസ്എസ് എന്നും സമാധാനത്തിന്റെ പക്ഷത്ത് :പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

സമാധാനത്തിന് ആര്‍എസ്എസ് എല്ലാക്കാലത്തും തയ്യാറായിരുന്നു. ഇനിയും തയ്യാറാണ്. കാരണം സമാധാനത്തിലൂടെയാണ് ഏതൊരു സംഘടനക്കും സര്‍ഗാത്മകമായി വളരാനാവുക. എന്നാല്‍ സമാധാനം ആഗ്രഹിക്കുന്നതിനപ്പുറം അത് എങ്ങനെ കൈവരിക്കാം എന്നതിലാണ് കാര്യം. ഇവിടെയാണ് സിപിഎമ്മും പിണറായി വിജയനും ആത്മാര്‍ത്ഥത തെളിയിക്കേണ്ടത്. ഇന്നലെവരെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന, നാളെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിപോലും ആയേക്കാവുന്ന ഒരാളെന്ന നിലയ്ക്ക് അടവുനയം എന്നതിനപ്പുറം അക്രമത്തിന്റെ പാതയില്‍നിന്ന് സ്വന്തം അണികളെ പിന്തിരിപ്പിച്ച് സംസ്ഥാനത്ത് പ്രത്യേകിച്ച്, കണ്ണൂരില്‍ സമാധാനാന്തരീക്ഷം സൃഷ്ടിച്ച് ജനജീവിതം സുഗമമാക്കേണ്ട ഉത്തരവാദിത്വം പിണറായിക്കുണ്ട്.

 

കേരളത്തിലെ ചില പ്രമുഖ പൊതുപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നതിനിടെ ആര്‍എസ്എസ് സിപിഎമ്മുമായി സമാധാനസംഭാഷണത്തിനൊരുക്കമായിരുന്നുവെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടതിനോടുള്ള സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രതികരണം അപ്രിയസത്യങ്ങള്‍ മറച്ചുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
കണ്ണൂരിലെ രാഷ്ട്രീയസംഘര്‍ഷത്തിന്റെ പ്രശ്‌നത്തില്‍ ആര്‍എസ്എസ് എന്നും സമാധാനത്തിന്റെ പക്ഷത്തായിരുന്നു. സമാധാനത്തിന്റെ ഭാഗവുമായിരുന്നു. എന്നാല്‍ ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഒരുകാലത്തും സിപിഎം തയ്യാറായിട്ടില്ല. അധികാരത്തിന്റെ  ബലത്തില്‍ വെല്ലുവിളിയുടെ ഭാഷയും ശരീരഭാഷയും കൈമുതലായുള്ള സിപിഎം നേതൃത്വം സമാധാനശ്രമങ്ങളെ ബോധപൂര്‍വം അവഗണിക്കുകയോ പരിഹസിക്കുകയോ അട്ടിമറിക്കുകയോ ചെയ്യുകയായിരുന്നു.

 

ആര്‍എസ്എസിന്റെ ജില്ലാതല പ്രവര്‍ത്തകനായിരുന്ന  മനോജിനെ 2014 സപ്തംബറില്‍  കതിരൂരില്‍ സിപിഎമ്മുകാര്‍ ക്രൂരമായി കൊലപ്പെടുത്തുകയുണ്ടായി. സംഘപ്രവര്‍ത്തകര്‍ അങ്ങേയറ്റം വേദനയനുഭവിച്ച ഈ അവസരത്തില്‍ യാതൊരു പ്രതികാര നടപടിക്കും മുതിരാതെ അങ്ങേയറ്റം ജനാധിപത്യബോധത്തോടെയും നിയമവാഴ്ചയെ അംഗീകരിച്ചും പ്രവര്‍ത്തിക്കുകയാണ് സംഘം ചെയ്തത്. മനോജ് കൊലചെയ്യപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് പരിഷ്‌കൃതലോകത്തിന് ചേരാത്ത ഹീനമായ നടപടിയുണ്ടായിട്ടും അതില്‍ പ്രകോപിതരാവാതെ സംഘപ്രവര്‍ത്തകര്‍ സംയമനം പാലിച്ചു.

 

പിണറായി വിജയന്റെ സ്വന്തം നാടായ പിണറായിയില്‍തന്നെ അടുത്തിടെ യാതൊരു പ്രകോപനവുമില്ലാതിരുന്നിട്ടും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടു. റൈജേഷ് എന്ന യുവാവിന്റെ വലതുകൈപ്പത്തി സിപിഎമ്മുകാര്‍ വെട്ടിയെടുത്തു.

 

പിണറായി വിജയന്റെ അയല്‍വാസിയാണ് ഇയാള്‍. ബൈക്കില്‍ വരികയായിരുന്ന ശ്രീമിലേഷ് എന്ന മറ്റൊരു യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വാടകവീട്ടില്‍ താമസിക്കുന്ന പ്രഭേഷ് എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തലശ്ശേരിക്കടുത്ത് ബസ്‌ഡ്രൈവറായ ഉദയ്കുമാറിനെ ബസ് തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും ജനങ്ങളുടെ ആഗ്രഹവും ആശങ്കയും കണക്കിലെടുത്ത് സമാധാനാന്തരീക്ഷത്തിന് യാതൊരു പോറലുമേല്‍ക്കാതിരിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു. സ്വന്തം നാട്ടില്‍ തന്റെ പാര്‍ട്ടിക്കാര്‍ നടത്തിയ ഏകപക്ഷീയമായ ഈ അക്രമപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ഒന്നും ചെയ്യാതിരുന്ന പിണറായി വിജയനാണ് ഇപ്പോള്‍ സമാധാനത്തിന്റെ വക്താവ് ചമഞ്ഞ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഈ കാപട്യം സാമാധാനകാംക്ഷികളായ ജനങ്ങള്‍ തിരിച്ചറിയാതിരിക്കില്ല.

 

സമാധാന ശ്രമത്തിന് ആര്‍എസ്എസ് തെറ്റുതിരുത്തി മുന്നോട്ടു വരണമെന്ന പിണറായി വിജയന്റെ ആവശ്യം തികഞ്ഞ അസംബന്ധമാണ്. 1967-ല്‍ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തയ്യല്‍ തൊഴിലാളിയെ കൊലപ്പെടുത്തി കണ്ണൂരില്‍ അക്രമരാഷ്ട്രീയത്തിന് തുടക്കമിട്ടത് സിപിഎമ്മാണ്. രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ പിണറായി വിജയന്‍ പ്രതിയുമായിരുന്നു.

 

ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ കണ്ണൂരില്‍ നടന്ന സര്‍സംഘചാലക് പങ്കെടുത്ത പരിപാടിക്കുശേഷം സംഘത്തിന്റെ പ്രാന്തകാര്യവാഹ് എന്ന നിലയ്ക്കുള്ള എന്റെ വാര്‍ത്താസമ്മേളനത്തില്‍ ‘ദേശാഭിമാനി’ ലേഖകന്‍ ഒരു ചോദ്യമുന്നയിക്കുകയുണ്ടായി. ആര്‍എസ്എസ് സമാധാനചര്‍ച്ചക്ക് തയ്യാറുണ്ടോ എന്നതായിരുന്നു ചോദ്യം. സമാധാനചര്‍ച്ചക്ക് ആര്, എവിടെ വിളിച്ചാലും ആര്‍എസ്എസ് അതിന് ഒരുക്കമാണെന്ന് ഞാന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുകയുണ്ടായി. മറുപക്ഷവും ഇതിന് ആത്മാര്‍ത്ഥമായി മുന്നോട്ടുവരണമെന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇതിനുശേഷമാണ് പിണറായി വിജയന്റെ നാട്ടില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഒരു സാധാരണ പൗരന്റെ സ്വാഭാവികമായ സംഘടനാസ്വാതന്ത്ര്യംപോലും അനുവദിച്ചുകൊടുക്കാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് സമാധാനത്തിന്റെ പക്ഷത്ത് നില്‍ക്കാനാവുക? സമാധാനപ്രേമികളാണ് തങ്ങളെന്ന് നടിക്കുന്നതിനുപകരം ഇക്കാര്യത്തില്‍ തീവ്രമായ ആത്മപരിശോധന നടത്തുകയാണ് പിണറായിയെപ്പോലുള്ളവര്‍ ചെയ്യേണ്ടത്. ഇപ്പോഴും സമയം വൈകിയിട്ടില്ല. ഇനിയെങ്കിലും അതുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

 

മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള സമാധാനസംഭാഷണങ്ങളോട് പൂര്‍ണമായി സഹകരിച്ചിട്ടുള്ള ചരിത്രമാണ് ആര്‍എസ്എസിനുള്ളത്. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് നേതാവുമായിരുന്ന ഡി.ബി. ഠേംഗ്ഡിയും സിപിഎം നേതാവായിരുന്ന രാമമൂര്‍ത്തിയും മുന്‍കൈയെടുത്ത് 1981-ല്‍ ദല്‍ഹിയില്‍വെച്ച് ഒരു ചര്‍ച്ച നടക്കുകയുണ്ടായി. സംഘത്തിന്റെ പക്ഷത്തുനിന്ന് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി, സ്വര്‍ഗീയ പി. മാധവ്ജി എന്നിവരും സിപിഎമ്മില്‍നിന്ന് മുന്‍മന്ത്രി ടി.കെ. രാമകൃഷ്ണന്‍, എം.എം. ലോറന്‍സ് എന്നിവരും ഈ സംഭാഷണത്തില്‍ പങ്കാളികളായിരുന്നു. പിന്നീട് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പരുമല ദേവസ്വംബോര്‍ഡ് കോളേജില്‍ മൂന്ന് എബിവിപി വിദ്യാര്‍ത്ഥികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മുന്‍കയ്യെടുത്ത് ഒരു സമാധാന ചര്‍ച്ച നടത്തുകയുണ്ടായി.

 

ഇ.എം.എസ്. നമ്പൂതിരിപ്പാട് ജീവിച്ചിരിക്കെ മുതിര്‍ന്ന സംഘപ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരന്‍ പലപ്പോഴും സിപിഎമ്മുമായി സമാധാനപരമായ സഹവര്‍തിത്വത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും ഇഎംഎസ് അനുകൂലമായി പ്രതികരിച്ചില്ല. ഇതിനൊക്കെ പുറമെ കാലാകാലങ്ങളില്‍ കണ്ണൂരില്‍ അധികൃതര്‍ വിളിച്ചുചേര്‍ക്കാറുള്ള സമാധാനസംഭാഷണങ്ങളിലും ആര്‍എസ്എസ് സജീവമായി പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഓരോ അവസരത്തിലും സമാധാനയോഗത്തില്‍ എത്തിച്ചേര്‍ന്ന ധാരണകളില്‍നിന്ന് പിന്മാറുകയോ ധാരണകള്‍ പൊളിക്കുകയോ ചെയ്തത് സിപിഎം ആയിരുന്നു. അക്രമപരമ്പരകളുടെ ഇടവേളകള്‍ അണികളെ കൂടുതല്‍ ആയുധമണിയിക്കാനുള്ള  അവസരങ്ങളായാണ് സിപിഎം ഉപയോഗിച്ചത്.

 

അക്രമരാഷ്ട്രീയത്തിന്റെ പാത ഉപേക്ഷിക്കണമെങ്കില്‍ സംഘടനാപരമായി മാത്രമല്ല, ആശയപരമായും സിപിഎമ്മിന് മാറേണ്ടതുണ്ട്. പാര്‍ലമെന്ററി ജനാധിപത്യം ഒരു അടവുനയമായി സ്വീകരിക്കുമ്പോഴും വര്‍ഗസമരത്തില്‍ അധിഷ്ഠിതമായ അക്രമരാഷ്ട്രീയത്തിന്റെ പാത ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാവുന്നില്ല എന്നതാണ് പ്രശ്‌നം. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് പുറമെ  കോണ്‍ഗ്രസിന്റെയും സ്വപക്ഷത്തുള്ള സിപിഐയുടെപോലും പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഇരയാകുന്നത് ഇതിനാലാണ്. ”അക്രമത്തിന്റെ കാര്യം വരുമ്പോള്‍ ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമറിയാവുന്ന ആര്‍ക്കും അതിനെ വിശ്വസിക്കാനാവില്ല” എന്ന് ഡോ. സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ഇവിടെ ഓര്‍ക്കാവുന്നതാണ്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രംതന്നെ നിരന്തരമായ അക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും ചരിത്രമാണല്ലോ. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ച് കണ്ണൂരിെല ചരിത്രവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. സിപിഎമ്മിന്റെ സമുന്നത നേതാക്കള്‍പോലും ഹിംസയുടെ ഭാഷയില്‍ സംസാരിക്കുന്നത് ഇതിനാലാണ്.

 

സമാധാനത്തിന് ആര്‍എസ്എസ് എല്ലാക്കാലത്തും തയ്യാറായിരുന്നു. ഇനിയും തയ്യാറാണ്. കാരണം സമാധാനത്തിലൂടെയാണ് ഏതൊരു സംഘടനക്കും സര്‍ഗാത്മകമായി വളരാനാവുക. എന്നാല്‍ സമാധാനം ആഗ്രഹിക്കുന്നതിനപ്പുറം അത് എങ്ങനെ കൈവരിക്കാം എന്നതിലാണ് കാര്യം. ഇവിടെയാണ് സിപിഎമ്മും പിണറായി വിജയനും ആത്മാര്‍ത്ഥത തെളിയിക്കേണ്ടത്. ഇന്നലെവരെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന, നാളെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിപോലും ആയേക്കാവുന്ന ഒരാളെന്ന നിലയ്ക്ക് അടവുനയം എന്നതിനപ്പുറം അക്രമത്തിന്റെ പാതയില്‍നിന്ന് സ്വന്തം അണികളെ പിന്തിരിപ്പിച്ച് സംസ്ഥാനത്ത്, പ്രത്യേകിച്ച് കണ്ണൂരില്‍ സമാധാനാന്തരീക്ഷം സൃഷ്ടിച്ച് ജനജീവിതം സുഗമമാക്കേണ്ട ഉത്തരവാദിത്വം പിണറായിക്കുണ്ട്.

News Feed
Filed in

ചരിത്രം കുറിച്ച് ശിവ ശക്തി സംഗം

SWARANJALI, RSS 4-day Akhil Bharatiya Shrung Vadya Shibir begins at Bengaluru

Related posts