3:16 pm - Friday January 20, 8508

ആര്‍ക്കും മാതൃക, അശോക് സിംഗാളെന്ന സമരനായകന്‍ : കുമ്മനം രാജശേഖരന്‍

ഹൈന്ദവ നവോത്ഥാന ചരിത്രത്തില്‍ ഉജ്വലമായ ഏടാണ് അശോക് സിംഗാളിന്റെ സമര്‍പ്പിത ജീവിതത്തിലൂടെ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. പ്രതികൂലമായ സാഹചര്യങ്ങളിലും നിശിതമായ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ക്കിടയിലും തലയുയര്‍ത്തി ഹൈന്ദവ സമൂഹത്തിനുള്ള ആത്മാഭിമാനം ജാജ്വല്യമാനമാക്കിയത് അദ്ദേഹം വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയേറ്റതോടുകൂടിയാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചതിലൂടെ കിട്ടിയ അറിവും വളര്‍ച്ചയും വിഎച്ച്പിയുടെ ഉന്നത സ്ഥാനത്തേക്ക് അശോക് സിംഗാളിന്റെ പ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്നു.

ഭാരതത്തില്‍ നാളിതുവരെ നടന്ന ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തമായ തനിമയും ശൈലിയും അവലംബിച്ചാണ് അദ്ദേഹം പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. സംഘടന ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഹൈന്ദവ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനാകൂ എന്നായിരുന്നു വിഎച്ച്പി ജനറല്‍ സെക്രട്ടറി സ്ഥാനമേറ്റുകൊണ്ട് അദ്ദേഹം നടത്തിയ ആദ്യത്തെ പ്രഖ്യാപനം. അദ്ദേഹം ചുമതലയേറ്റെടുത്ത ആദ്യത്തെ സെന്‍ട്രല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ ഭാവി പ്രവര്‍ത്തനത്തിനുള്ള വ്യക്തമായ രൂപരേഖയും കര്‍മപദ്ധതിയും അദ്ദേഹം വ്യക്തമായി അവതരിപ്പിച്ചിരുന്നു. ആ നയരേഖയുടെ അടിസ്ഥാനത്തിലാണ് ബഹുജനാടിത്തറയുള്ള സുശക്തമായ ഹൈന്ദവ പ്രസ്ഥാനമായി വിഎച്ച്പിയെ മാറ്റിയെടുക്കുവാന്‍ അദ്ദേഹം ശ്രമങ്ങള്‍ ആരംഭിച്ചത്.

ആധ്യാത്മികവും ധാര്‍മികവും സാംസ്‌കാരികവുമായി ക്ഷേത്രത്തില്‍  പ്രവര്‍ത്തനങ്ങള്‍ നടത്തി ധര്‍മസംരക്ഷണവും പ്രചാരണവും നടത്തുകയെന്ന പ്രവര്‍ത്തന രീതിയായിരുന്നു വിഎച്ച്പി രൂപീകൃതമായ കാലം മുതല്‍ അവലംബിച്ചിരുന്നത്. വിദ്വേക്കര്‍ജി, ധരം മോഹന്‍ലാല്‍ തുടങ്ങിയവര്‍ വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്ന വേദിയില്‍ വിഎച്ച്പിക്ക് ജനകീയ സ്വഭാവവും സമരാത്മക മുഖവും നല്‍കേണ്ടതാവശ്യമാണെന്ന് സിംഗാള്‍ജി വ്യക്തമാക്കുകയുണ്ടായി. ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം സാമൂഹ്യാവബോധം ഹിന്ദുക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന ആവേശോജ്വലമായ പ്രവര്‍ത്തകനിരയെ ശക്തിപ്പെടുത്തുന്നതിന് എന്തുചെയ്യാനാവുമെന്നതായിരുന്നു അദ്ദേഹത്തിന് മുന്നില്‍ ആദ്യം ഉയര്‍ന്നുവന്ന ചോദ്യം. അതേക്കുറിച്ച് നടന്ന വിശദമായ ചര്‍ച്ചകൡ, പൊരുതുന്ന പ്രസ്ഥാനമെന്ന നിലയ്ക്ക് ജനവിശ്വാസം സമാര്‍ജിക്കാന്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. ഹൈന്ദവ മനസുകളെ മഥിച്ചുകൊണ്ടിരുന്നതും നിലനില്‍പ്പിനെ ചോദ്യംചെയ്തിരുന്നതുമായ ഒട്ടേറെ ജീവല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അവ  ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിഎച്ച്പിയ്ക്ക് ജനപ്രീതി നേടാന്‍ കഴിയൂവെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.

kummanam-and-ashokസേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും ധര്‍മ്മജാഗരണവും വഴി ഹൈന്ദവസമൂഹത്തെ ഉയര്‍ത്താനും സംഘടിത ശക്തിയായി വളര്‍ത്താനും ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് പ്രവര്‍ത്തകര്‍ ഇറങ്ങിച്ചെല്ലണമെന്നും അതിനുവേണ്ടി ഹിന്ദു മിഷനറിമാരായ ആയിരക്കണക്കിന് മുഴുവന്‍സമയ പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുഴുവന്‍സമയ പ്രവര്‍ത്തകരെ ഏറ്റെടുക്കാന്‍ (സ്‌പോണ്‍സര്‍ ചെയ്യാന്‍) തയാറുള്ള ആളുകളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഭാരതം മുഴുവന്‍ യാത്ര ചെയ്തത്. സംഘടനയുടെ ജീവന്‍ നിലനിര്‍ത്തുന്നത് അതിനായി ജീവിതം ഉഴിഞ്ഞുവച്ച സമര്‍പ്പിത മനോഭാവമുള്ളവരായ മുഴുവന്‍സമയ പ്രവര്‍ത്തകരുടെ സുസ്ഥിരവും സുശക്തവുമായ നിരയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങനെ സംഘടനയ്ക്ക് കരുത്തുറ്റ അടിത്തറ ശക്തിപ്പെടുത്തനിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലത്തെ ശ്രമം.

ഭാരതത്തില്‍ ഹൈന്ദവ സമൂഹത്തിന് ആത്മാഭിമാനവും അന്തസും ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ നാടിന്റെ മാനബിന്ദുക്കളെ സംരക്ഷിക്കണമെന്ന അശോക് സിംഗാളിന്റെ നിര്‍ദേശം സ്വീകരിക്കപ്പെട്ടു. അതിനുള്ള കര്‍മ്മ പദ്ധതി ഉണ്ടാക്കണമെന്ന ചര്‍ച്ചകളില്‍ പല നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നെങ്കിലും മുഗളന്മാരുടെ കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ പുനരുജ്ജീവനമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ബാബറിന്റെ കാലത്ത് തകര്‍ക്കപ്പെട്ട ശ്രീരാമജന്മഭൂമിയായ അയോധ്യയും ഔറംഗസീബിന്റെ കാലത്ത് തകര്‍ക്കപ്പെട്ട മഥുരയും പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കാശിയും അതുപോലുള്ള ആയിരക്കണക്കിന് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളും അതേനിലയില്‍ കിടക്കുന്നത് അപമാനകരമാണെന്നും ഹൈന്ദവ സമൂഹത്തിന്റെ ഇച്ഛാശക്തിയെ തൊട്ടുണര്‍ത്തി അവയെല്ലാം വീണ്ടെടുക്കേണ്ടത് ആവശ്യമാണെന്നും അശോക് സിംഗാള്‍ വ്യക്തമാക്കി. വ്രണിതഹൃദയരായി വേദനയോടെ ദുഃഖിച്ച് കഴിയുന്ന ഹൈന്ദവസമൂഹത്തിന് ആത്മവിശ്വാസവും ആത്മവീര്യവും ആത്മാഭിമാനവും ആത്മബോധവും പകര്‍ന്നുകൊടുക്കുവാന്‍ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളെ വീണ്ടെടുത്ത് പൂര്‍വസ്ഥിതിയിലാക്കണമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.

വിശ്വഹിന്ദു പരിഷത്തിന് ഒരു സമരാത്മക മുഖം കൂടി തുറന്നുകൊണ്ട് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള കര്‍മ പദ്ധതിയുമായി അശോക് സിംഗാള്‍ രംഗത്തിറങ്ങി. മുഗള്‍ ഭരണകാലത്ത് ബാബറിന്റെ ആളുകള്‍ തകര്‍ത്ത കെട്ടിടം പണിത സ്ഥലത്ത് മനോഹരമായ ഭവ്യമായ, ശ്രീരാമ ക്ഷേത്രം പണികഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായി. അതിന് വ്യാപകവും ശക്തവുമായ ഒരു ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിശ്വഹിന്ദു പരിഷത്ത് ഗവേണിങ് കൗണ്‍സില്‍ ഏകകണ്ഠമായി യോജിച്ചു. അത് സംബന്ധിച്ച് നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ‘രാമജന്മഭൂമിയായ അയോധ്യയില്‍ ക്ഷേത്രമുണ്ടാവുകയെന്നത് ഹൈന്ദവസമൂഹത്തിന്റെ ചിരകാല സ്വപ്‌നമാണ്. അത് നേടിയെടുക്കുന്നതിന് എന്തു ത്യാഗവും സഹിക്കാന്‍ നാം തയാറാകണം. ഹിന്ദുക്കള്‍ക്ക് ഒരു ജന്മഭൂമി മാത്രമേയുള്ളു. ഹിന്ദുക്കള്‍ക്ക് രാമജനമഭൂമിയായി ഒരു അയോധ്യ മാത്രമേ ഉള്ളു.

അയോധ്യയിലെ തര്‍ക്കമന്ദിരം ബാബറി മസ്ജിദ് ആണെങ്കില്‍ പോലും അത് നൂറുകണക്കിന് മസ്ജിദുകളില്‍ ഒരെണ്ണം മാത്രമാണ്. എന്താണോ അവിടെ ഉണ്ടായിരുന്നത്, അത് വീണ്ടെടുക്കണം. ക്ഷേത്രം പൊളിച്ച് കെട്ടിടമുണ്ടാക്കിയതുകൊണ്ട് കേന്ദ്രത്തിന്റെ അവകാശമോ സാംഗത്യമോ ഇല്ലാതാകുന്നില്ല. അതിന് ഒരു ബഹുജന പ്രക്ഷോഭം അനിവാര്യമാകുന്നു. അത് വിഎച്ച്പി എന്ന സംഘടനയ്ക്ക് മാറ്റം ബോധ്യപ്പെട്ടാല്‍ പോരാ.സമസ്ത ഹൈന്ദവ ജനതയ്ക്കും സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനകള്‍ക്കും പങ്കാളിത്തമുള്ള ഒരു ജനകീയ മുന്നേറ്റമാണുണ്ടാകേണ്ടത്. ധര്‍മ്മഗുരുക്കന്മാര്‍, സന്യാസി ശ്രേഷ്ഠന്മാര്‍, ആധ്യാത്മികാചാര്യന്മാര്‍ മഠാധിപതികള്‍, മഹാമണ്ഡലേശ്വരന്മാര്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ സജീവമായി രംഗത്തിറങ്ങുകയും ഹൈന്ദവ സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്താല്‍ അതു സാധിക്കും. അവരോട് നിര്‍ദേശവും നേതൃത്വവും നേടിയെടുക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.’

അശോക് സിംഗാളിന്റെ ഈ നിര്‍ദേശം സെന്‍ട്രല്‍ ഗവേണിങ് കൗണ്‍സിലും ഏകകണ്ഠമായി അംഗീകരിച്ചു. തുടര്‍ന്ന്, മാര്‍ഗദര്‍ശക മണ്ഡലം രൂപീകരിക്കാനും ആചാര്യശ്രേഷ്ഠന്മാരുടെയും ആത്മീയ ഗുരുക്കന്മാരുടെയും വിപുലമായ ഒരു ധര്‍മ സംസദ് ചേരാനും തീരുമാനിച്ചു. രാജ്യവ്യാപകമായി മഠങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ച് അയോധ്യാ വിഷയത്തില്‍ ഏകോപിതമായ അഭിപ്രായം രൂപീകരിക്കാന്‍ ആചാര്യ ഗിരിരാജ് കിഷോറിനെ ചുമതലപ്പെടുത്തി. അശോക് സിംഗാള്‍ മഠങ്ങളും മാധ്വാചാര്യ-രാമാനുജാചാര്യ പരമ്പരകളില്‍പ്പെട്ട ആശ്രമങ്ങളും സന്ദര്‍ശിച്ചു. ആയോധ്യയിലെ വിവിധങ്ങളും വ്യത്യസ്തങ്ങളുമായ മഠങ്ങള്‍ സന്ദര്‍ശിച്ച് അവിടെല്ലാം അഭിപ്രായ സമന്വയം ഉണ്ടാക്കി. ഇതേത്തുടര്‍ന്ന് ആദ്യത്തെ ധര്‍മ്മസദസില്‍ ആയിരത്തോളം സന്യാസിശ്രേഷ്ഠന്മാരും മഠാധിപതികളും പങ്കെടുത്തു,
അയോധ്യ വീണ്ടെടുക്കുന്നതിന് എന്തു കഷ്ടനഷ്ടങ്ങളും ത്യാഗവും സഹിക്കാന്‍ ഹൈന്ദവസമൂഹം തയാറാണെന്നും ആചാര്യശ്രേഷ്ഠന്മാരുടെ മാര്‍ഗ്ഗ ദര്‍ശനവും അനുഗ്രഹവും ഇതിനുണ്ടാകണമെന്നും ധര്‍മ്മ സംസദിനെ അഭിസംബോധന ചെയ്ത് അശോക് സിംഗാള്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അപേക്ഷയും ആഗ്രവും ആവേശത്തോടെയാണ് സന്യാസ്രിശ്രേഷ്ഠന്മാര്‍ സ്വാഗതം ചെയ്തത്. ഭാവി പ്രവര്‍ത്തനത്തിന് വേണ്ടി രാമജന്മഭൂമി മുക്തിയജ്ഞ സമിതി, സ്വാമി ശ്രീരാമചന്ദ്രദാസ് അധ്യക്ഷനായി ശ്രീരാമ ജന്മഭൂമി ന്യാസ് രൂപീകരിച്ചു. തുടര്‍ പരിപാടികള്‍ ആരംഭിച്ചു.

പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കര്‍േസവയും അതിന് ആയിരക്കണക്കിന് ജനങ്ങളെ സംഘടിപ്പിക്കാനും ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വലിയൊരു പ്രക്ഷോഭമായി ആതിനെ മാറ്റിയെടുക്കുവാനും അശോക് സിംഗാള്‍ കഠിന പ്രയത്‌നം നടത്തി. കര്‍സേവയില്‍ പങ്കെടുക്കവെ പോലീസിന്റെ പ്രഹരമേറ്റ് തലയ്ക്ക് പരിക്കേല്‍ക്കുകയും അവശനിലയില്‍ ആവുകയും ചെയ്തപ്പോഴും കൂടെയുണ്ടായിരുന്ന സമരസേനാനികളുടെ ആത്മവീര്യം ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം മുന്നേറുന്ന കാഴ്ച അണികള്‍ക്ക് ആവേശം പകര്‍ന്നു. പ്രക്ഷോഭങ്ങളില്‍ സാധാരണ നേതാക്കള്‍ പിന്നില്‍ നിന്ന് ആഹ്വാനം ചെയ്യുക മാത്രം ചെയ്തിരുന്ന പതിവു കാഴ്ചകള്‍ക്ക് വിപരീതമായായിരുന്നു അശോക് സിംഗാളിന്റെ സമരരീതികള്‍. പ്രവര്‍ത്തകരുടെയും അണികളുടെയും ആവേശത്തെ ഒരിക്കല്‍ പോലും അണയാതെ കൂടുതല്‍ ജ്വലിപ്പിക്കുന്നതിലും അവരെ സംരക്ഷിക്കുന്നതിലും ആയിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

കര്‍സേവകര്‍ ക്രൂരമായ മര്‍ദ്ദനവും പീഡനവുമേറ്റ് പുളയുമ്പോള്‍ തന്റെ വേദനയും ഏറ്റ പ്രഹരത്തിലെ പരിക്കും ഒന്നും വകവയ്ക്കാതെ അവര്‍ക്കെല്ലാം സാന്ത്വന വാക്കുള്‍ പറഞ്ഞ് കൂടുതല്‍ ആത്മവിശ്വാസവും മുന്നേറാനുള്ള ധൈര്യവും പകര്‍ന്നുകൊടുത്തു. 1990 ഒക്‌ടോബര്‍ 30നായിരുന്നു സംഭവം. അധികാരികളുടെ നിരന്തരവും നിര്‍ബന്ധപൂര്‍ണവുമായ അപേക്ഷ മാനിച്ചതാണ് അദ്ദേഹം ചികിത്സയ്ക്ക് വിധേയനാകാന്‍ സമ്മതിച്ചത്. ആശുപത്രിയില്‍ നിന്നിറങ്ങിയ അദ്ദേഹം വീണ്ടും ശ്രീരാമജന്മഭൂമിയിലെത്തി അവശതകളേറ്റവരെ അഭിസംബോധന ചെയ്തു. അയോധ്യ മാത്രമല്ല തകര്‍ക്കപ്പെട്ട എല്ലാ ക്ഷേത്രങ്ങളും വീണ്ടെടുക്കുമെന്നും പുനഃരുദ്ധരിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്.

ഓരോ ദിവസവും കര്‍സേവകര്‍ രാമജന്മഭൂമിയിലേക്ക് ഒരു മടിയുംകൂടാതെ സുധീരം കുതിച്ചപ്പോള്‍ നിറതോക്കുകള്‍ക്ക് അവരെ തടയാനുള്ള കരുത്തില്ലാതെ പോയി. കര്‍സേവ തുടരണം എന്ന ്രപഖ്യാപനത്തോടെ വീണ്ടും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അടുത്ത ദിവസങ്ങളിലും അയോധ്യയില്‍ സജീവമായ സമരമുഖം തുറന്നു. നവംബര്‍ രണ്ടിന് രാവിലെ വളരെ അപ്രതീക്ഷിതമായി പോലീസിനെയും അര്‍ധസൈനികരെയും അതിലംഘിച്ചുകൊണ്ട് എല്ലാ ഭാഗങ്ങളില്‍നിന്നും ഒരേസമയം കര്‍സേവകര്‍ ഇരച്ചുകയറുകയാണ്. ജയ് ശ്രീരാം വിളകളോടെ ആര്‍ത്തിരമ്പി വരുന്ന കര്‍സേവകരുടെ മുന്നേറ്റം നിയതികളെ ആകെ മാറ്റിമറിച്ചു. പോലീസ് തേര്‍വാഴ്ചയാരംഭിച്ചു. വെടിവെയ്പും ടിയര്‍ഗ്യാസ് ഷെല്ലുകളും ലാത്തിച്ചാര്‍ജും കൊണ്ട് കര്‍സേവകരെ നേരിട്ടു. ശ്രീരാമജന്മഭൂമിയുടെ പവിത്രമണ്ണില്‍ വെടിയേറ്റുവീണ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. ഈ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ സമചിത്തതയോടെയും ചങ്കുറ്റത്തോടെയും അശോക് സിംഗാള്‍ കടന്നുവന്നപ്പോള്‍ മുറിവേറ്റും കൈകാലുകള്‍ ഒടിഞ്ഞും പല ഭാഗങ്ങളിലായി കിടന്നിരുന്നവര്‍ എല്ലാ വേദനയും മറന്ന് ജയ് ശ്രീരാം വിളിച്ച് എതിരേറ്റ കാഴ്ച അവിടെയുള്ള ആയിരക്കണക്കിന് കര്‍സേവകര്‍ ഇന്നും ഓര്‍ക്കുന്നു.

വെടിയേറ്റു മരിച്ചു കിടക്കുന്ന കോത്താരി സഹോദരന്മാരുടെ സമീപം കണ്ണീര്‍വാര്‍ത്ത് വിലപിക്കുന്ന അമ്മയെ അശോക് സിംഗാള്‍ സമാശ്വസിപ്പിക്കുന്ന രംഗം ഏവരുടേയും മനസ്സില്‍ ഇന്നും മരിക്കാത്ത ഓര്‍മ്മയായി ജ്വലിച്ചുനില്‍ക്കുന്നു. വെടിയേറ്റു മരിച്ച രണ്ട്മക്കളുടെയും മൃതദേഹം മടിത്തട്ടില്‍ വച്ചുകൊണ്ട് രണ്ട് കൈയും ഉയര്‍ത്തി ജയ് ശ്രീരാം വിളിക്കുന്ന അമ്മയുടെ അടുത്ത് അശോക് സിംഗാള്‍ ആശങ്കപ്പെടാതെ ചെന്ന് പറഞ്ഞു, എന്തുവന്നാലും ശ്രീരാമജന്മഭൂമി നമ്മള്‍ വിമോചിപ്പിക്കും. ആ അമ്മയുടെ പ്രതികരണം എന്തായിരിക്കും? സിംഗാള്‍ജിയുടെ നേരെ പൊട്ടിത്തെറിക്കുമോ? എന്ന് ആശങ്കപ്പെട്ടിരുന്ന കര്‍സേവകരെ നോക്കി അമ്മ പറഞ്ഞു, ”എന്റെ മക്കളെ രാമനു സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഒരു ദുഃഖം മാത്രം. എന്റെ വീട്ടില്‍നിന്നും, രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ അതില്‍ ഒരു കല്ലെടുത്തുവയ്ക്കാന്‍ ഒരാളെക്കൂടി നല്‍കാന്‍ ഇനി മക്കളില്ലല്ലോ.”

പ്രതിസന്ധിഘട്ടത്തിലും പ്രക്ഷുബ്ധാന്തരീക്ഷത്തിലും സമരമുഖത്ത് എങ്ങനെയാണ് ഒരു സമരനായകന്‍ പെരുമാറണമെന്നുള്ളതിന് ഏറ്റവും ഉജ്വലമായ മാതൃകയായിരുന്നു അശോക് സിംഗാള്‍. സമനില കൈവിടാതെ അണികള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും ആവേശവും പകര്‍ന്നുകൊടുക്കുകയെന്ന അടിസ്ഥാനതത്വം പ്രയോഗത്തില്‍ ഫലപ്രദമായി കാണിച്ചുകൊടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പിന്നീടങ്ങോട്ട് നടന്ന കര്‍സേവകളിലും ശിലാന്യാസചടങ്ങിലും അശോക് സിംഗാള്‍ നേതൃത്വം അയോധ്യാസംഭവത്തിനെ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന അതിപ്രധാനമായ ഒരു വിഷയമാക്കി. തുടര്‍ന്ന് നടന്ന നിയമയുദ്ധങ്ങളില്‍, ഏറ്റുമുട്ടലുകളില്‍, ബലപരീക്ഷണങ്ങളില്‍ എല്ലാം ജനങ്ങളുടെ ഇടയില്‍ സാര്‍വത്രികമായ അംഗീകാരം അയോധ്യാപ്രശ്‌നത്തില്‍ നേടിയെടുക്കാന്‍ സഹായകരമായി.

ഇന്ന് അയോധ്യാ സംഭവം ഭാരതജനമനസുകളില്‍ വിജയത്തിന്റെയും അഭിമാനത്തിന്റെയും ചിന്തകളും വികാരങ്ങളും പകര്‍ന്നുകൊടുക്കുന്നുവെങ്കില്‍ അതിന്റെ പ്രധാനപ്പെട്ട കാരണക്കാരന്‍ അശോക് സിംഗാളാണെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. പാര്‍ലമെന്റ് പലപ്രാവശ്യം സ്തംഭിപ്പിച്ചുകൊണ്ട്, അശോക് സിംഗാളിനെതിരെ എംപിമാര്‍ ആഞ്ഞടിക്കുകയും ലോക്‌സഭാ സമ്മേളനങ്ങള്‍ ഇളകിമറിക്കുകയും ഒക്കെ ചെയ്തിട്ടും മാറിമാറി വന്ന സര്‍ക്കാരുകള്‍ അയോധ്യയെ തമസ്‌കരിക്കാന്‍, അവഗണിക്കാന്‍  പരമാവധി ശ്രമിച്ചിട്ടും ആ വിഷയത്തെ ജനഹൃദയങ്ങളില്‍ മങ്ങാതെയും മായാതെയും ജ്വലിക്കുന്ന അനുഭവമായി നിലനിര്‍ത്തിയതിന്റെ കാരണക്കാരന്‍ സിംഗാള്‍ജി തന്നെ. ലക്ഷ്യംവച്ച കാര്യങ്ങള്‍ എത്ര പ്രയാസമേറിയതും ബുദ്ധിമുട്ടുള്ളതും ആയിരുന്നാലും തിരുമാനം നടപ്പിലാക്കുന്നതില്‍ അദ്ദേഹം കാട്ടിയ പിടിവാശിയും നിര്‍ബന്ധബുദ്ധിയും ഒരിക്കലും ആര്‍ക്കും വിസ്മരിക്കാനാവില്ല.

ഭാരതത്തിലെ ഏതുസ്ഥലം സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള ക്ഷേത്രങ്ങളും ആശ്രമങ്ങളും ഹിന്ദുധര്‍മ സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയെന്നത് അദ്ദേഹത്തിന്റെ പതിവ് പരിപാടികളില്‍ ഒന്നാണ്. ആശ്രമവും ക്ഷേത്രവും എത്ര ചെറുതും അറിയപ്പെടാത്തതും ആണെങ്കിലും അശോക് സിംഗാളിന് അവ സന്ദര്‍ശിക്കുക എന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. ഏറ്റവും അവസാനമായി ദല്‍ഹി മാര്‍ഗ്ഗദര്‍ശക് മണ്ഡലില്‍ സന്യാസിസമ്മേളനം വിളിച്ചുകൂട്ടിയപ്പോഴും ഓരോ സന്യാസിശ്രേഷ്ഠന്മാരെയും നേരില്‍ കണ്ട് ക്ഷണിക്കാന്‍ അദ്ദേഹം പ്രായാധിക്യവും രോഗവും മൂലം ഏറെ കഷ്ടതയനുഭവിച്ചിരുന്ന ഘട്ടത്തിലും കേരളത്തിലെത്തി, ഓരോ സന്യാസിശ്രേഷ്ഠന്മാരുമായി ബന്ധപ്പെടുന്നതില്‍ വ്യാപൃതനായി. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദസ്വാമിയെ കാണുവാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അനാരോഗ്യംനിമിത്തം യാത്രചെയ്യാനാവാതെ വിശ്രമിച്ചുകൊണ്ടിരുന്നപ്പോഴും സ്വാമിജിയെ ഫോണില്‍ വിളിച്ച് ആഗമനോദ്ദേശ്യം അദ്ദേഹം വ്യക്തമാക്കി.

അനാരോഗ്യം മൂലം അദ്ദേഹം കിടപ്പിലാണെന്നും വയ്യ എങ്കിലും സ്വാമിയെ കാണാന്‍ ആശ്രമത്തിലേക്ക് വരാന്‍ തയ്യാറാണെന്ന് അശോക് സിംഗാള്‍ജി ആമുഖമായി പറഞ്ഞു. സ്വാമിയെ നേരില്‍ കണ്ടാലേ സമാധാനമാകൂ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഫോണില്‍ സംസാരിച്ചാല്‍ മതിയെന്ന് സ്വാമിജി അനുമതി നല്‍കിയിട്ടും തടയാനായില്ല. രോഗശയ്യയില്‍ കിടന്ന് സ്വാമിജിക്ക് നീണ്ട ഒരു കത്തെഴുതി  നേരിട്ടു കൊടുത്തയച്ചപ്പോഴാണ് സിംഗാള്‍ജിക്ക് സമധാനമായത്.
ഹിന്ദുക്കളെക്കുറിച്ചുള്ള ചിന്തകളായിരുന്നു എപ്പോഴും അദ്ദേഹം മനസില്‍ എപ്പോഴും ഓളം തല്ലിയത്. ഏതു വിഷയത്തെക്കുറിച്ച് സംസാരിച്ചാലും അത് വന്നെത്തുക ഹിന്ദുസമൂഹത്തിന്റെ പ്രശ്‌നത്തിലേക്കാണ്. തിരുവല്ല പുരുഷോത്തമാനന്ദാശ്രമം ഉദ്ഘാടനവേളയിലും പ്രകാശാനന്ദസ്വാമിജിയുടെ സെക്രട്ടറിയേറ്റു പടിക്കലുള്ള സത്യഗ്രഹസമയത്തും വ്യാപാരികളുടെ സമ്മേളനസ്ഥലത്തും അദ്ദേഹത്തിന് പറയാനുള്ളത് ഒരേ വിഷയമായിരുന്നു;ഹൈന്ദവസമൂഹത്തിലെ പ്രശ്‌നങ്ങള്‍.

ഏറ്റവും ഒടുവില്‍ അശോക്‌സിംഗാള്‍ജിയെ കണ്ടത് മാതാ അമൃതാനന്ദമയിദേവിയുടെ ജന്മദിനാഘോഷവേളയിലാണ്. വള്ളിക്കാവില്‍ സമ്മേളനതിനു ശേഷം വിശ്രമിക്കുകയായിരുന്നു. കണ്ടപ്പോള്‍ത്തന്നെ അദ്ദേഹം ആദ്യം പറഞ്ഞത് തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് പോകുന്നവഴിയില്‍ ശിവഗിരിയില്‍ പോകണമെന്നും പ്രകാശാനന്ദ സ്വാമിയെ സന്ദര്‍ശിക്കണമെന്നുമായിരുന്നു. സ്വാമി അവിടെയുണ്ട് എന്നുറപ്പാക്കാനാവശ്യപ്പെട്ടു. അപ്പോള്‍ത്തന്നെ ഞാന്‍ അന്വേഷണം നടത്തി. പക്ഷേ, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഒരു പ്രത്യേക പരിപാടിയ്ക്കായി പ്രകാശാനന്ദ സ്വാമിയും മറ്റു പ്രമുഖ സന്യാസിമാരും പോയിരിക്കുകയായിരുന്നു. ഇക്കാര്യം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ സിംഗാള്‍ജി പറഞ്ഞത് ഇങ്ങനെയാണ്- ആരുമില്ലാതെ വരില്ല. അവിടെ നാരായണ ഗുരുസ്വാമി ഉണ്ടാകും.
അദ്ദേഹം കൈകാര്യം ചെയ്ത ഏതുവിഷയത്തിലും ഒരു അേശാക് സിംഗാള്‍ ടച്ചുണ്ടാവും. ഏവര്‍ക്കും അത് അനുഭവിക്കാന്‍ കഴിയും. എപ്പോഴും അദ്ദേഹം വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ ആദര്‍ശനിഷ്ഠയിലൂടെയാണ്. അതാണ് അദ്ദേഹത്തിന്റെ ജീവശ്വാസം.

Courtesy : ജന്മഭൂമി

News Feed
Filed in

ധര്‍മ്മത്തിനായി ജീവിച്ച കര്‍മ്മയോഗി

കുപ്രചരണം നടത്തി കലാപത്തിന് സിപിഎം ശ്രമം-ആര്‍എസ്എസ്

Related posts