10:04 pm - Wednesday March 21, 2018

രാമക്ഷേത്ര സങ്കല്‍പ്പം ദൃഢമാക്കി അശോക് സിംഗാള്‍ അനുസ്മരണം

ന്യൂദില്ലി : വിശ്വഹിന്ദുപരിഷത്ത് രക്ഷാധികാരിയും ഹിന്ദുദാര്‍ശനികതയുടെ മഹാമാനവനുമായ അശോക് സിംഗാളിന്റെ അനുസ്മരണാര്‍ത്ഥം കെ.ഡി യാദവ് റസ്‌ലിംഗ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് രാമക്ഷേത്ര നിര്‍മ്മാണം എന്ന ദൃഢസങ്കല്‍പ്പത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതായി.

ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അശോക് സിംഗാളുമായി നടന്ന അവസാന സമാഗമം അനുസ്മരിച്ചു. അശോക്‌സിംഗാളിനു രണ്ട് ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും സമാജത്തില്‍ വേദങ്ങളുടെ പ്രചരണവും. രാമക്ഷേത്രനിര്‍മ്മാണമെന്ന അദ്ദേഹത്തിന്റെ ലക്ഷ്യം നമ്മുടേതുകൂടിയാകണം. ഈശ്വരീയ കാര്യമായതിനാല്‍ അത് പൂര്‍ത്തിയാവുകതന്നെ ചെയ്യുമെന്നും അതിന്റെ എളിയഭാഗമാകുക മാത്രമേ വേണ്ടൂവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

അശോക് സിംഗാള്‍ 21-ാം നൂറ്റാണ്ടിലെ സ്വാമി വിവേകാനന്ദനെന്നു വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ അദ്ധ്യക്ഷന്‍ രാഘവ റെഡ്ഡി അനുസ്മരിച്ചു. അശോക് സിംഗാള്‍ തന്റെ ഗുരുവും മാര്‍ഗ്ഗദര്‍ശകനുമാണെന്നും അദ്ദേഹം പറഞ്ഞു.

അശോക് സിംഗാള്‍ സന്ന്യാസിയായ സേനാനായകനെന്നും രാജനൈതിക രംഗത്ത് ധര്‍മ്മം പുനഃസ്ഥാപിച്ച ആളുമാണെന്ന് അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ ഭായി തൊഗാഡിയ അനുസ്മരിച്ചു. 23 % വരുന്ന സമൂഹം 77% വരുന്ന ഭൂരിപക്ഷത്തിനു മേല്‍ വീറ്റോ പ്രയോഗിക്കുന്ന പ്രവണതയ്ക്ക് വിരാമമിട്ടത് അശോക് സിംഗാളാണ്. അസ്പൃശ്യത ഇല്ലാതാക്കല്‍, നിര്‍മ്മല ഗംഗ, ഗോവധ നിരോധനം, ഒരു ലക്ഷത്തില്‍ പരം അബ്രാഹ്മണരെ അര്‍ച്ചകരാക്കല്‍ എന്നിവയിലൂടെ ഹിന്ദുദിഗ്വിജയത്തിന്റെ ശംഖനാദം അദ്ദേഹം മുഴക്കി. സോമനാഥ ക്ഷേത്രനിര്‍മ്മാണം സാധ്യമായതു പോലെ രാമക്ഷേത്ര നിര്‍മ്മാണത്തിനും പാര്‍ലമന്റ് നിയമനിര്‍മ്മാണം നടത്തണം.

സര്‍വമതങ്ങളെയും സമദൃഷ്ടിയോടെ കണ്ടിരുന്ന ആളായിരുന്നു അശോക് സിംഗാളെന്ന് ബി.ജെ.പി മാര്‍ഗ്ഗ ദര്‍ശക് മണ്ഡല്‍ അംഗം മുരളീ മനോഹര്‍ ജോഷി അനുസ്മരിച്ചു. അശോക് സിംഗാളെന്ന പ്രകാശ ഗോപുരംചൊരിയുന്ന പ്രഭയിലൂടെ നടന്ന് അദ്ദേഹത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നും എം.എം ജോഷി കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ്. സഹ സര്‍കാര്യവാഹുമാരായ ദത്താത്ത്രേയ ഹൊസബൊളെ, ഡോ. കൃഷ്ണ ഗോപാല്‍ എന്നിവര്‍ക്കൊപ്പം ദിനേഷ് ചന്ദ്ര വി.എച്ച്.പി ജനറല്‍ സെക്രട്ടറി (സംഘടന), ചമ്പത്ത് റായ് (അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി), വിനായക് റാവു, വിജ്ഞാനാനന്ദ്, അമിത് ഷാ, രവിശങ്കര്‍ പ്രസാദ്, സാധ്വി നിരഞ്ജന്‍ ജ്യോതി, ജെ.പി നഡ്ഡ, ഹര്‍ഷ് വര്‍ദ്ധന്‍, രാം ലാല്‍ (ഭാരതീയ ജനതാ പാര്‍ട്ടി), ശ്യാം ജാജു, ഭൂപേന്ദ്ര യാദവ്, അനില്‍ ജയിന്‍, ദീനാനാഥ് ബത്ര എന്നിങ്ങനെ നൂറുക്കണക്കിനു പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ദലൈലാമ, ഭൂട്ടാന്‍ സര്‍ക്കാര്‍, നേപ്പാള്‍ ഉപപ്രധാനമന്ത്രി, മുലായം സിംഗ് യാദവ്, ഷീലാ ദീക്ഷിത് എന്നിവരുടെ അനുസ്മരണ സന്ദേശം വായിച്ചു.

News Feed
Filed in

കുപ്രചരണം നടത്തി കലാപത്തിന് സിപിഎം ശ്രമം-ആര്‍എസ്എസ്

Tributes paid to shri Ashok Singhal with pledge for Ram Temple in Ayodhya

Related posts