3:21 pm - Friday March 20, 9068

ധര്‍മ്മത്തിനായി ജീവിച്ച കര്‍മ്മയോഗി

aaaഒരു പുരുഷായുസ്സ് മുഴുവന്‍ ദേശത്തിനും തന്റെ സമാജത്തിനുമായി ഉഴിഞ്ഞുവയ്ക്കുക, അതിനുവേണം വലിയ മനസ്സ്. അത്തരം വലിയ മനസ്സുള്ളവരില്‍ ഏറെ പ്രധാനിയായിരുന്നു ഇന്നലെ വിടചൊല്ലിയ അശോക് സിംഗാള്‍. 1926 സെപ്തംബര്‍ 15ന് ആഗ്രയില്‍ ജനിച്ച സിംഗാള്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയശേഷം ജോലി സമ്പാദിച്ച് കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കാതെ രാഷ്ട്ര സേവനത്തിനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു.

1942 രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട് സാമൂഹ്യസേവനം നടത്തി വന്ന അശോക് സിംഗാള്‍ ബിരുദ പഠനത്തിനുശേഷം സംഘപ്രചാരകനായി. ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും പ്രാന്തപ്രചാരകനായി. തുടര്‍ന്ന് 1980 ല്‍ വിശ്വഹിന്ദുപരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ഹിന്ദു എന്ന് പറയുന്നത് അപകര്‍ഷതയോടെ വീക്ഷിച്ചിരുന്ന സമൂഹത്തില്‍ ഹിന്ദുത്വത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സിംഗാള്‍ വഹിച്ച പങ്ക് ചെറുതല്ല. 1981 ല്‍ തമിഴ്‌നാട് മീനാക്ഷിപുരത്ത് ഇസ്ലാമിലേക്ക് കൂട്ടമതം മാറ്റം നടത്തിയപ്പോള്‍ അവിടത്തെ പ്രശ്‌നം മനസ്സിലാക്കി പിന്നോക്ക ഹിന്ദുക്കള്‍ക്കടക്കം ആരാധനയ്ക്കായി 200 ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് മതംമാറ്റത്തിന് തടയിട്ട പ്രവര്‍ത്തനം സര്‍വ്വരുടെയും പ്രശംസ പിടിച്ചുപറ്റി. വ്യത്യസ്ഥ ആചാര പദ്ധതികളുമായി വേറിട്ടു നിന്ന സന്യാസിവര്യന്മാരെ ഒരേവേദിയിലെത്തിച്ച് ധര്‍മ്മസന്‍സദ് സംഘടിപ്പിച്ച് ഹൈന്ദവ  നവോത്ഥാനത്തില്‍ വലിയ മുതല്‍ക്കൂട്ടാക്കി. അയോദ്ധ്യാ പ്രസ്ഥാനത്തെയും ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തെയും ഏറെക്കാലം നയിച്ച സിംഗാള്‍ ലക്ഷ്യം കാണും മുമ്പാണ് വിടചൊല്ലിയിരിക്കുന്നത്.

ashokji_old ashokji22ഉണരുന്ന ദേശീയ ബോധത്തിന്റെ പ്രതീകമായി ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തെ മാറ്റിയെടുക്കാന്‍ അശോക് സിംഗാളിന്റെ നിരന്തരവും നിശ്ചയദാര്‍ഢ്യവുമായ പ്രവര്‍ത്തനംകൊണ്ട് സാധിച്ചു. മതേതരത്വത്തിന്റെ പേരിലുള്ള മതേതരത്വ വിരുദ്ധ നിലപാടുകളെ തുറന്നെതിര്‍ക്കാന്‍ മടിയില്ലാതിരുന്ന അദ്ദേഹം ഹിന്ദുവിന്റെ ഉയര്‍ച്ചയും വളര്‍ച്ചയുമാണ് ലക്ഷ്യമിട്ടത്. ഹിന്ദുക്കളില്‍ പിന്നോക്കമായി പീഡനങ്ങള്‍ സഹിക്കേണ്ടി വന്നവര്‍ക്കായി നിരവധി പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. നിലപാടുകളില്‍ മാറ്റമില്ലാതെ നിലയുറപ്പിച്ച സിംഘാള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെപോലും പ്രതിസന്ധിയിലാക്കിയ സന്ദര്‍ഭങ്ങളുണ്ട്. അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി രാജ്യത്തിനകത്തും പുറത്തും വിശ്വഹിന്ദുപരിഷത്തും, അതിന്റെ സാരഥി എന്ന നിലയില്‍ അശോക് സിംഗാളും ചെയ്ത പ്രവര്‍ത്തനങ്ങള്‍ അസൂയാവഹമാണ്.

നിരവധി പ്രക്ഷോഭങ്ങള്‍, അറസ്റ്റ്, കേസ് തുടങ്ങി ഭരണകൂടത്തിന്റെ നിരവധി പ്രതിബന്ധങ്ങളെ കൂസാതെ ഹൈന്ദവ സമാജത്തെ തട്ടിയുണര്‍ത്താന്‍  നേതൃത്വം നല്‍കി. ഹിന്ദുത്വം ഏറെ ഭീഷണി നേരിടുകയും എതിര്‍ക്കപ്പെടുകയും ചെയ്യുന്ന കേരളത്തിലെത്തി ഹിന്ദുത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ എന്നും ഉത്സാഹിച്ച നേതാവായിരുന്നു അശോക് സിംഗാള്‍. വര്‍ഷത്തില്‍ ഒന്നും രണ്ടും തവണ അദ്ദേഹം കേരളത്തിലെത്താറുണ്ട്. കഴിഞ്ഞ തവണ അദ്ദേഹം ശിവഗിരിയിലെത്തി ഗുരുദേവന്റെ സമാധിയില്‍ നമ്രശിരസ്‌കനായി. ശാരദാദേവിയെ കുമ്പിട്ടു. ഹിന്ദു സമ്മേളനങ്ങള്‍, സന്യാസി സമ്മേളനങ്ങള്‍ എന്നിവയ്ക്കായി എത്തുന്ന അശോക് സിംഗാള്‍ മാധ്യമ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്കും ശരിയും ശക്തവുമായ മറുപടി നല്‍കിപോന്നിരുന്നു.

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തില്‍ മാത്രമല്ല, സന്യാസിമാരുടെ സുരക്ഷ, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം ശക്തമായി ഇടപെട്ടു. ഗോഹത്യകള്‍ അടക്കമുള്ള അപകടകരമായ പ്രവണതകള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2021 ആകുമ്പോള്‍ ഭാരതത്തില്‍ നാടന്‍ പശുക്കളുടെ വംശം ഇല്ലാതാകും. 2061ല്‍ ഭാരതത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം നുഴഞ്ഞുകയറ്റവും ലൗജിഹാദും മാവോയിസ്റ്റ് ആക്രമണവും മുമ്പെങ്ങുമില്ലാത്തവണ്ണം വര്‍ധിച്ചു. ഈ ഗുരുതര സാഹചര്യത്തില്‍ സന്ന്യാസി സമൂഹത്തിന് നിശ്ശബ്ദത പാലിക്കാനാകില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കണമെന്ന ശക്തമായ അഭിപ്രായമാണ് അദ്ദേഹം എന്നും പ്രകടിപ്പിച്ചിരുന്നത്.

അസുഖബാധിതനായി കിടക്കുമ്പോഴും രാജ്യത്തെ ഹിന്ദുക്കളുടെ ദയനീയാവസ്ഥയിലും ലോകത്ത് പടരുന്ന ഇസ്ലാമിക ഭീകരകതയിലും അദ്ദേഹം അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സുഖം പ്രാപിച്ച ശേഷം ഇക്കഴിഞ്ഞ 12ന് ആശുപത്രി വിട്ടതാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും കഠിനമായ ശ്വാസംമുട്ടും നെഞ്ചു വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് മരണവും സംഭവിച്ചു.

ധര്‍മത്തിനും ദേശീയതയ്ക്കും സര്‍വോപരി ഹൈന്ദവ സമൂഹത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്കുമായി ജീവിച്ച ഈ കര്‍മയോഗിയുടെ സ്മരണ എന്നെന്നും നിലനില്‍ക്കും.

– ജന്മഭൂമി മുഖപ്രസംഗം,
18-11-2015

News Feed
Filed in

Ashok Singhal: Architect of Ram Temple movement, role model, inspiration for pracharaks – The Indian Express

ആര്‍ക്കും മാതൃക, അശോക് സിംഗാളെന്ന സമരനായകന്‍ : കുമ്മനം രാജശേഖരന്‍

Related posts