3:49 am - Tuesday January 23, 2018

അത്തം മുതല്‍ ചതയം വരെ സമ്പൂര്‍ണ്ണ മദ്യ നിരോധനം വേണം : ആര്‍.എസ്‌.എസ്‌

കൊച്ചി : അത്തം മുതല്‍ ചതയം വരെ കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആര്‍.എസ്‌.എസ്‌ ആവശ്യപ്പെട്ടു. മദ്യപാനം പോലെ മാരകമായ മയക്കുമരുന്നുപയോഗത്തിനെതിരെയും ശക്തമായ നടപടികള്‍ എടുക്കണമെന്നും ആര്‍.എസ്‌.എസ്‌ പ്രാന്ത കാര്യവാഹ്‌ പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഏപ്പ്രില്‍ ഒന്നു മുതല്‍ ബാറുകള്‍ അടച്ചു പൂട്ടുമെന്ന സര്‍ക്കാരിന്റെ നിലപാട്‌  ആര്‍.എസ്‌.എസ്‌ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. മദ്യപാനത്തിനെതിരെ സാമൂഹിക രംഗത്തെ മുഴുവന്‍ പ്രസ്ഥാനങ്ങളും ഒരുമിച്ചു മുന്നേറണം. കുടുംബശ്രീ, ഗ്രാമ സഭ തുടങ്ങിയവ മദ്യാസക്തിക്കെതിരെ ബോധവല്‍ക്കരണത്തിനു മുന്നിട്ടിറങ്ങണം. കലോത്സവങ്ങളിലും മറ്റും ലഹരി ഉപയോഗത്തിനെതിരെയുള്ള കലാവിഷ്ക്കാരങ്ങള്‍ ഉണ്ടാകണം. അടച്ചു പൂട്ടിയ മദ്യവില്‍പ്പന ശാലകള്‍ ഒരുകാരണവശാലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും മദ്യത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കുമെതിരെ നിരന്തരം പോരാടണമെന്നും 2014- ജൂലൈ മാസത്തില്‍ പാലക്കാട്‌ ചേര്‍ന്ന ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തക സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

——————————————————————————————————————————————————-

പ്രമേയം ഇവിടെ വായിക്കാം.

പ്രമേയം – 1
മദ്യ-മയക്കുമരുന്നു വിമുക്ത കേരളത്തിനായി പരിശ്രമിക്കണം

ദൈവത്തിന്റെ സ്വന്തം നാടാണെന്ന് അഭിമാനിക്കുമ്പോള്‍ത്തന്നെ കേരളം മദ്യത്തിന്റെ സ്വന്തം നാടായി അധഃപതി ക്കുകയാണ്. സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക നിലവാരത്തെ തകര്‍ക്കുന്ന വന്‍വിപത്തായി മലയാളിയുടെ മദ്യ-മയക്കുമരുന്ന് ഉപഭോഗം മാറിയിരിക്കുന്നു. ആത്മഹത്യയും ക്രിമിനല്‍ കുറ്റങ്ങളും വര്‍ദ്ധിച്ചുവരുന്ന കേരളം മദ്യോപയോഗം കൊണ്ടുണ്ടാകുന്ന മഹാരോഗങ്ങളുടേയും പിടിയിലായിരിക്കുന്നു. മദ്യോപയോഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്ന കേരളം സ്ത്രീപീഡനങ്ങളുടെയും ബാലപീഡനങ്ങളുടെയും നാടായി മാറി. വര്‍ദ്ധിച്ചുവരുന്ന മദ്യോപഭോഗ മാണ് മനുഷ്യത്വരഹിതമായ ഇത്തരം ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും പിന്നില്‍ പ്രധാനമായും ഉള്ളത്  എന്ന വസ്തുത നിഷേധിക്കാനാവാത്തതാണ്.

മദ്യം വിഷമാണെന്നു പ്രഖ്യാപിച്ച ശ്രീനാരായണഗുരുദേവന്റെ നാട് കൈവരിച്ച സാമൂഹ്യനേട്ടങ്ങളെ പിന്നോട്ട് വലിക്കുകയാണ് മലയാളിയുടെ മദ്യോപയോഗം. മെച്ചപ്പെട്ട ആരോഗ്യശീലങ്ങളും ആരോഗ്യപരിപാലനസംവിധാനങ്ങളും കേരളത്തിന്റെ നേട്ടമായി ഉയര്‍ത്തിക്കാണിച്ചിരുന്നുവെങ്കിലും ഇന്നത് മിഥ്യയായി മാറിയിരിക്കുകയാണ്. മദ്യം ഉപയോഗി ക്കുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായം 11 ആയി കുറഞ്ഞെന്ന സത്യം ഞെട്ടിപ്പിക്കുന്നതാണ്. വീട്ടില്‍ സൂക്ഷിച്ച മദ്യം കുടിച്ച് 2 സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ദാരുണമായി മരണമടഞ്ഞ സംഭവം കേരളത്തിന്റെ പൊതുസമൂഹത്തിന്റെ കണ്ണു തുറപ്പിക്കേ ണ്ടതാണ്. സ്ത്രീകളിലും മദ്യപാനശീലം വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ മദ്യപാനികളില്‍ ഭൂരിഭാഗവും 35 വയസ്സിന് താഴെയുള്ളവരാണ്. അടുത്ത തലമുറ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ക്ക് എത്രത്തോളം അടിമപ്പെടും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.  ദേശീയ കുടുംബാരോഗ്യ സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നത് 15 വയസ്സിന്റെയും 45 വയസ്സിന്റേയും ഇടയിലുള്ളവരാണ് 45 ശതമാനം മദ്യപാനികളും എന്നാണ്. വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ 80 ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണമാവുന്നത് മദ്യപാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 9.5 ലക്ഷം പേര്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മുന്നില്‍ പ്രതിദിനം ക്യൂ നിന്ന് 12 ലക്ഷം കുപ്പി മദ്യം വാങ്ങുന്നുവെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. മലയാളി അരി വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് മദ്യം വാങ്ങുവാനാണ്. മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചതിന്റെ ദുരന്തഫലങ്ങള്‍ മനസ്സിലാക്കിയിട്ടാവാം ബിവറേജസ് കോര്‍പ്പറേഷന്‍ തന്നെ 3.5 കോടി രൂപ മദ്യത്തിനെതിരായ ബോധവല്‍ക്കരണത്തിന് മാറ്റിവെച്ചിരിക്കുന്നുവെന്നത് മദ്യവിപത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

കേരളം അഭിമുഖീകരിക്കുന്ന ഈ ഗുരുതരപ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിരശ്രദ്ധ പതിപ്പി ക്കേണ്ടതുണ്ട്. മദ്യലഭ്യത ഉണ്ടാവുന്നിടത്തോളം മദ്യഉപയോഗം കുറയ്ക്കാനാവില്ലെന്ന സുപ്രീംകോടതി നിരീക്ഷണം സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശമാണ്. എന്നാല്‍ സര്‍ക്കാര്‍ തന്നെ മദ്യവില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന നിലപാടി ലേയ്ക്കാണ് നീങ്ങുന്നത്. പടിപടിയായി മദ്യോപയോഗം കുറച്ചുകൊണ്ടുവരുമെന്നുള്ള സര്‍ക്കാര്‍ വാഗ്ദാനം അട്ടിമറി ക്കപ്പെടുകയാണ്. ബാറുകളുടെ നിലവാരം കൂട്ടിയാലും ഇല്ലെങ്കിലും അടച്ചിട്ട ബാറുകള്‍ മദ്യലോബിയുടെ സമ്മര്‍ദ്ദത്താല്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാവരുത്. അതോടൊപ്പം കേരളത്തിന്റെ പ്രബുദ്ധസമൂഹം ഈ വിപത്തിനെതിരെ ഒന്നിക്കേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ മാന്യത നേടിക്കൊണ്ടിരിക്കുന്ന മദ്യപാനശീലത്തിനെതിരെ സാമൂഹ്യരംഗത്തെ മുഴുവന്‍ പ്രസ്ഥാനങ്ങളും ഒരുമിച്ച് ചേര്‍ന്ന് മുന്നേറണം. കുടുംബശ്രീ, ഗ്രാമസഭകള്‍ എന്നിവ മദ്യാസക്തിക്കെതിരെ ബോധവല്‍ ക്കരണത്തിന് മുന്നിട്ടിറങ്ങണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യ-മയക്കുമരുന്നുപയോഗത്തിനെതിരെ വ്യാപക ബോധവല്‍ക്കരണവും ഇടപെടലുകളും ഉണ്ടാകേണ്ടിയിരിക്കുന്നു. കലോത്സവങ്ങള്‍ അക്കാദമികേതരമായ മറ്റ് പരിപാടികള്‍ എന്നിവയില്‍ മദ്യ-മയക്കുമരുന്നിനെതിരായ മനോഭാവം വളര്‍ത്താനും പാഠഭാഗങ്ങളില്‍ ഇതിന് പ്രത്യേക പരിഗണന നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം.

കേരളത്തെ മദ്യ-മയക്കുമരുന്ന് വിമുക്തമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ സ്വയംസേവകര്‍ മുന്നോട്ടുവരണം. മദ്യമുക്തവീടും മദ്യവിമുക്തഗ്രാമവും അതിലൂടെ മദ്യ-മയക്കുമരുന്ന് വിമുക്ത കേരളവും എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ പങ്കുചേരണമെന്ന് പൊതുസമൂഹത്തോട്  രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകര്‍ത്തൃബൈഠക്ക് ആഹ്വാനം ചെയ്യുന്നു.

Filed in

വൃക്കയ്ക്കും മതമുണ്ടോ?

Former President APJ Abdul Kalam calls for research in Cyber Security

Related posts