1:18 am - Sunday March 25, 2018

ഭാസ്ക്കര്‍ റാവു കളംബി: സമര്‍പ്പിത ജീവിതം

1919 ഒക്‌ടോബര്‍ 5-ന് ബര്‍മ്മ (ഇന്ന് മ്യാന്‍മര്‍)യിലെ ഡിന്‍സാ പട്ടണത്തില്‍ ഭാസ്‌കര്‍ കളമ്പി ജനിച്ചു. അവിടെ ഡോക്ടറായിരുന്ന അച്ഛന്‍ ശിവറാം കളമ്പി മരിച്ചതിനെ തുടന്ന് അമ്മ രാധാ ഭായിയും കുട്ടികളും 1931-ല്‍ മുംബൈയിലെത്തി. 1936-ല്‍ സ്വയംസേവകനായി. എംഎ, എല്‍എല്‍ബി. പരീക്ഷകള്‍ പാസ്സായതിനുശേഷം 1946-ല്‍  സംഘപ്രചാരകനായി. എറണാകുളത്തേയ്ക്കാണ് നിയോഗിക്കപ്പെട്ടത്. 1948-ല്‍ ഗാന്ധി വധത്തെ തുടര്‍ന്ന് സംഘം നിരോധിക്കപ്പെട്ടപ്പോള്‍ ഒളിവില്‍ കഴിയവെ കേരളവിഭാഗിലെ സംഘടന പ്രവര്‍ത്തനങ്ങളും സത്യാഗ്രഹ പ്രവര്‍ത്തനങ്ങളും നയിച്ചു.

1956-ല്‍ കോട്ടയം ജില്ലാപ്രചാരകനായി. 1958-ല്‍ കേരള സംഭാഗ് പ്രചാരകും. 1964 ല്‍ കേരളം പ്രത്യേക പ്രാന്തമായപ്പോള്‍ പ്രാന്തപ്രചാരകനായി. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് സംഘം നിരോധിക്കപ്പെട്ടപ്പോള്‍ (1975 മുതല്‍ 1977 വരെയുള്ള കാലയളവില്‍) ഒളിവിലിരുന്ന് സംഘടന പ്രവര്‍ത്തനങ്ങള്‍ക്കും പ്രക്ഷോഭപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. 1982-ല്‍ എറണാകുളത്ത് നടന്ന ബൃഹത്തായ വിശാലഹിന്ദുസമ്മേളനത്തിന്റെ സൂത്രധാരനായിരുന്നു. 1974-ലും 1981-ലും 1982-ലും ഹൃദയാഘാതമുണ്ടായി, 1983-ല്‍ ഹൃദയ ശസ്ത്രക്രിയ നടന്നു. അതിനു മുന്‍പ് പ്രാന്തപ്രചാരക് ചുമതലയൊഴിഞ്ഞു.

തുടര്‍ന്ന് അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ സഹസംഘടനാ കാര്യദര്‍ശിയായി. പിറ്റേവര്‍ഷം സംഘടനാകാര്യദര്‍ശിയായി. മുംബൈ കേന്ദ്രമാക്കി ഭാരതത്തിലെ വനവാസിമേഖലകളില്‍ നിരന്തരയാത്ര നടത്തി കല്യാണാശ്രമത്തിനെ വനവാസിസേവാരംഗത്തെ സുസജ്ജമായ സംഘടനയായി വളര്‍ത്തി. 1997-98ല്‍ അര്‍ബുദ രോഗ ബാധിതനായി. 1998 ല്‍ കല്യാണാശ്രമത്തിന്റെ മാര്‍ഗദര്‍ശി എന്ന ചുമതല സ്വീകരിച്ചു. 2001 ഒക്ടോബറില്‍ കേരളത്തിലേയ്ക്ക് മടങ്ങിവന്നു പ്രാന്ത് കാര്യാലയമായ മാധവനിവാസില്‍ താമസം തുടങ്ങി. 2002 ജനുവരി 12 ന് ഇഹലോകവാസം വെടിഞ്ഞു.

 

ഭാസ്ക്കര്‍ റാവുവിനെകുറിച്ച്‌ ടി.സതീശന്‍ ,കൊച്ചി  എഴുതിയ ഓര്‍മ്മക്കുറിപ്പ്‌ (2013 ജനുവരി 12 ന്‌ ജന്മഭൂമി പ്രസിദ്ധീകരിച്ചത്‌)

ഭാസ്‌കര്‍ റാവുജിയുടെ ഭൗതിക സാന്നിധ്യം ഇല്ലാതായിട്ടു 2012 ജനുവരി 12-നു 11 വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന്റെ കയ്പ്പിനേക്കാള്‍ ഇപ്പോള്‍ വിലയിരുത്തപ്പെടേണ്ടത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ചവര്‍ ആസ്വദിച്ച മാധുര്യമാണെ് തോന്നുന്നു. ഒപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരില്‍ ചിലര്‍ക്ക് അദ്ദേഹം ഗുരുതുല്യനായിരുങ്കെില്‍ മറ്റ് ചിലര്‍ക്ക് പിതൃതുല്യനായിരുന്നു. അദ്ദേഹം കേരളത്തിന്റെ പ്രാന്ത പ്രചാരകനായിരുന്നുവെന്ന്  എന്ന്  മാത്രം ആരും പറഞ്ഞുകേട്ടിട്ടില്ല. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരു പ്രചാരകന്‍ എന്ന നിലയില്‍ അദ്ദേഹം കാഴ്ച്ചവെച്ച ജീവിത മാതൃകയാണ്.

bhaskarjiപൂജനീയ ഗുരുജി വളര്‍ത്തി വികസിപ്പിച്ച സമ്പ്രദായമാണല്ലോ സംഘത്തിലെ പ്രചാരക പദ്ധതി. ഭാസ്‌കര്‍ റാവുജിയില്‍ ഗുരുവിനെയും പിതാവിനെയും മാതാവിനെയും കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാന കാരണം അദ്ദേഹത്തില്‍ ജ്വലിച്ചു നിന്ന പ്രചാരക വ്യക്തിത്വമാണ്. കീര്‍ത്തിപരാങ്മുഖനായി, സദാ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന, സ്വയം നേതാവാകാതെ നിരവധി കാര്യകര്‍ത്താക്കളെ സൃഷ്ടിക്കുന്ന, മാധ്യമങ്ങളില്‍ മുഖം കാണിക്കാതെ മറ്റുള്ളവരെ മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവരുന്ന, പ്രവര്‍ത്തകരെ വളര്‍ത്തുകവഴി സംഘടനയെ വളര്‍ത്തുന്ന അനിര്‍വചനീയമായ പ്രവര്‍ത്തനരീതിയാണ് ഒരു സംഘ പ്രചാരകന്റെത്. ഇവിടെ സൂചിപ്പിച്ച പ്രവര്‍ത്തന സമ്പ്രദായത്തിലൂടെ സഫലജീവിതം നയിച്ച മഹദ് വ്യക്തിയാണ് സ്വര്‍ഗ്ഗീയ ഭാസ്‌കര്‍ റാവു. ഒരു വ്യക്തിയുടെ സ്ഥായിയായ സ്വഭാവ സവിശേഷതകള്‍ ഒരു സമൂഹം തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തന ശൈലിയിലൂടെയാണ്. അത്തരമൊരു വൈയക്തിക അനുഭവം ഇവിടെ പറയാം. 1977 മെയ് 12, കൊച്ചി വില്ലിംഗ്ടന്‍ ഐലന്റിലെ പഴയ വിമാനത്താവളം. അടിയന്തരാവസ്ഥയും ,സംഘനിരോധനവും പിന്‍വലിക്കപ്പെട്ടതിനു ശേഷം ജയില്‍വിമുക്തനായ പരംപൂജനീയ സര്‍സംഘചാലക് ബാളാസാഹബ് ദേവറസ്ജി കേരളത്തിലെത്തുന്നു. ഭാരതമാസകലം ലഭിച്ചുവരുന്ന  സ്വീകരണങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലും സ്വീകരണമൊരുക്കാന്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു സ്വയംസേവകരും അവരുടെ കുടുംബാംഗങ്ങളും പ്രവഹിച്ചു. പുഷ്പ്പാലംകൃതമായ വാഹനത്തില്‍ ദേവറസ്ജിയ്‌ക്കൊപ്പം പ്രാന്തകാര്യവാഹ് അഡ്വ ടി. പി അനന്തേട്ടനെയും പ്രാന്ത സംഘചാലക് എന്‍. ഗോവിന്ദ മെനോനെയും ഭാസ്‌ക്കര്‍ റാവു നിര്‍ബന്ധിച്ച് ഇരുത്തി. എന്നാല്‍ നൂറോളം വരുന്ന കാറുകളില്‍ സ്വയംസേവകരെ ഇരുത്തുവാന്‍ വ്യവസ്ഥ ചെയ്ത, സര്‍സംഘചാലകന്റെ വാഹനത്തില്‍ കയറാന്‍ യോഗ്യനായ ഭാസ്‌കര്‍ റാവു തനിക്കായി തെരെഞ്ഞെടുത്ത് മോട്ടോര്‍ക്കേഡിന്റെ ഏറ്റവും പിന്നില്‍ നീങ്ങിയ ഒരു ഒരു സ്‌കൂട്ടറിന്റെ പിന്‍സീറ്റായിരുന്നു.

അദേഹത്തിന്റെ ജീവിതമെന്നാല്‍ ഇത്തരം സംഭവങ്ങളുടെ ഘോഷയാത്ര തന്നെയല്ലേ. അടിയന്തരാവസ്ഥ കത്തി നില്‍ക്കുന്ന 1976-ലെ സപ്റ്റംബര്‍. താലൂക്ക് പ്രചാരകായിരുന്ന എനിക്ക് കടുത്ത പനിമൂലം പ്രവര്‍ത്തനവൃത്തം ജില്ലാ പ്രചാരകനു കൊടുക്കാന്‍ സാധിച്ചില്ല. ഒരു ദിവസം രാവിലെ ഭാസ്‌ക്കര്‍ റാവു എന്റെ അസുഖ മെത്തയ്ക്കരികില്‍. അസുഖം പൂര്‍ണ്ണമായും ഭേദമാകാതെ യാത്ര പാടില്ലെന്നുപദേശിച്ച് അദ്ദേഹം എന്റെ കൈയ്യില്‍ നിന്നും വൃത്തം വാങ്ങി നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രയായി. ലക്ഷ്യം ഏതോ സംസ്ഥാനത്ത് നടക്കു പ്രചാരകന്മാരുടെ ബൈഠക്. വരവിന്റെ ഉദ്ദേശം സുവ്യക്തം. ജൂനിയര്‍ പ്രചാരകന്റെ അസുഖ വിവരം അന്വേഷിക്കുക. കൂട്ടത്തില്‍ ജില്ലപ്രചാരകനെ ബുദ്ധിമുട്ടിക്കാതെ താലൂക്ക് വൃത്തം ശേഖരിക്കുക. ബൈഠക്കിലേക്കുള്ള യാത്രയില്‍ പ്രാന്തത്തിന്റെ വൃത്തം പൂര്‍ത്തിയാക്കുക. എത്രയോ ഉദാത്തമായ പ്രചാരക ദൗത്യം! പ്രാന്ത പ്രചാരകനായിരിക്കുമ്പോഴും പിന്നീട് വനവാസി കല്ല്യാണ്‍ ആശ്രമത്തിന്റെ അഖിലഭാരതീയ ചുമതല നിര്‍വഹിക്കുമ്പോഴും ഭാസ്‌ക്കര്‍ റാവു ആരോടും കഠിനമായി ദേഷ്യപ്പെടുത് ആരും കണ്ടിട്ടില്ല. എന്നാല്‍ സ്‌നേഹം ചോരാത്ത കഠിന ശാസനയെക്കാള്‍ രോഷത്തെക്കാള്‍ തീക്ഷ്ണമായിരുന്നു. അത്തരം ശാസനകള്‍ മുഖം നോക്കാതെയായിരുന്നു അദ്ദേഹം പുറപ്പെടുവിച്ചിരുന്നത്. പ്രാന്തീയ ചുമതലയായാലും ശാഖാ ശിക്ഷക് ആയാലും അദ്ദേഹത്തിന് അത് പ്രശ്‌നമല്ലായിരുന്നു.

മനുഷ്യത്വത്തെ അടിസ്ഥാന ശിലയാക്കിയ സഘടനാപ്രവര്‍ത്തനമായിരുന്നു ഭാസ്‌ക്കര്‍ റാവുവിന്റെ വജ്രായുധം. അതുകൊണ്ട് തന്നെ കുടുംബ പ്രശ്‌നങ്ങളാലോ സാമ്പത്തിക ക്ലേശങ്ങളോ മൂലം വിഷമിക്കുന്ന എത്രയോ പ്രവര്‍ത്തകരോട് അദ്ദേഹം തല്‍ക്കാലത്തേക്കെങ്കിലും ചുമതലയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ ദൃഷിയില്‍ നിന്നകന്ന്, പ്രതിഭാശാലികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സംഘടനയെ വളര്‍ത്തുക എന്ന ശൈലി അനുകരണീയമാണെങ്കിലും പ്രായോഗികമായി ദുഷ്‌ക്കരമാണ് ഒരു ഹെര്‍ക്കൂലിയന്‍ ദൗത്യം. അവിടെയാണ് ഭാസ്‌ക്കര്‍ റാവുവിന്റെ അനുപമമായ വിജയം.

ഒരിക്കല്‍ അദ്ദേഹം എന്നോട്‌ പറഞ്ഞു “നോക്കൂ, നല്ല ബൗദ്ധിക്‌ വേണമെങ്കില്‍ ഞാന്‍ മാധവ്ജിയെയേയൊ പരമേശ്വര്‍ജിയെയോ ഹരിയേട്ടനെയോ നിയോഗിക്കും. നല്ല പാട്ട്‌ വേണമെങ്കില്‍ ഭട്ട്ജിയെയോ സനല്‍കുമാറിനെയോ അയക്കും. നല്ല ശാരീരിക്‌ വര്‍ഗ്‌ വേണമെന്നാണെങ്കില്‍ ഭട്ട്ജിയും സേതുവുമുണ്ട്‌. ഞാനിതിലൊന്നും വിദഗ്ദ്ധനല്ല. എന്നാല്‍ ഇവരുടെയെല്ലാം ടാലന്റിനെ സംയോജിപ്പിക്കലാണ്‌ എന്റെ ജോലി. അതില്‍ വിജയിച്ചതുകൊണ്ടാണല്ലോ കേന്ദ്ര നേതൃത്വം എന്നെ പ്രാന്തപ്രചാരകനായി നിലനിര്‍ത്തുന്നത്‌.”  ഇവിടെ ഈഗോയില്ല, അസൂയയെയില്ല, വെറുപ്പില്ല, അതിമോഹമില്ല. ഇത്തരം ഗുണങ്ങളല്ലേ ഭാസ്ക്കര്‍ റാവു എന്ന പ്രചാരകന്റെ ജീവിതത്തെ സഫലമാക്കിയത്‌.

ഈ സ്വഭാവ സവിശേഷതകള്‍ തന്നെയല്ലേ പൂജനീയ ഡോക്‌ടര്‍ കേശവ ബലിറാം ഹെഡ്ഗേവാറിന്റെയും ജീവിതത്തില്‍ ഉണ്ടായിരുന്നത്‌? ഈ സാമ്യങ്ങളല്ലേ ഭാസ്ക്കര്‍ റാവുവിനെ കേരളത്തിന്റെ ഡോക്ടര്‍ജിയാക്കിയത്‌? മറ്റുള്ളവരുടെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്തുവെക്കുക, അപരന്റെ വേദന തന്റെ വേദനയായി സ്വീകരിക്കുക, സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കെല്ലാം തന്നോടാണ്‌ ഏറ്റവും സ്നേഹം എന്ന് തോന്നിപ്പിക്കുന്ന മാസ്മരിക ശക്തി, താനാരുമല്ല, വെറുമൊരു സാധാരണക്കാരന്‍ എന്ന ഭാവം ഉള്‍ക്കൊണ്ടുകൊണ്ട്‌ മുഴുവന്‍ ലോകത്തിന്റെയും ആദരവ്‌ നേടുന്ന അത്ഭുത വ്യക്തിത്വം., സ്നേഹവും ബഹുമാനവും ഡിമാണ്ട്‌ ചെയ്യാതെ കമ്മാണ്ട്‌ ചെയ്യുന്ന മാനേജ്‌മന്റ്‌ വൈദഗ്ധ്യം…

ഇതെല്ലാം ഒത്തുചേര്‍ന്നാല്‍ അത്‌ തന്നെ ഭാസ്ക്കര്‍ റാവു- കേരളത്തിന്റെ ഡോക്ടര്‍ജി.

 

"ഭാസ്ക്കരീയം" ഭാസ്ക്കര്‍റാവു സ്മൃതിമന്ദിരം

“ഭാസ്ക്കരീയം” ഭാസ്ക്കര്‍റാവു സ്മൃതിമന്ദിരം

The walk of hope 2015-16:A Padayatra From Kanyakumari to Kashmir led by SRI M

ക്രിസ്ത്യന്‍ മിഷണറിമാരുടെ മതപരിവര്‍ത്തനത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചത് സ്വാമി വിവേകാനന്ദന്‍

Related posts