9:55 pm - Wednesday March 21, 2018

ചുവന്ന കംസന്‍

ജയരാജന്‍ തടയുമെന്ന് പ്രഖ്യാപിച്ച ജന്മാഷ്ടമി ശോഭായാത്രകള്‍ നാളെയാണ്. അത് കണ്ണൂരില്‍ മാത്രമല്ല കേരളമാകെ നടക്കും. എഴുപതുകളില്‍ തുടങ്ങിയതാണ് ഈ ശോഭായാത്രകള്‍. ഇപ്പോള്‍ അത് മലയാളിയുടെ ശീലവും ആഘോഷവുമാണ്. പിഞ്ചുകുഞ്ഞുങ്ങളാണ് ഈ ശോഭായാത്രകളുടെ അമരത്തും അണിയത്തും നിലയുറപ്പിക്കുന്നത്. അവര്‍ തന്നെയാണ് ഇതിന്റെ ആകര്‍ഷണവും. മഞ്ഞപ്പട്ടുടുത്ത്, നീലമയില്‍പ്പീലി ചൂടി, പുല്ലാങ്കുഴല്‍ പിടിച്ച് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിരത്തുകള്‍ ഗോകുലമാക്കി, അമ്പാടിയാക്കി, വൃന്ദാവനമാക്കി നീങ്ങുന്ന കാഴ്ച ആരെയും ആനന്ദിപ്പിക്കുന്നതാണ്. കാലവര്‍ഷപ്പെരുംകടലില്‍ ആലിലയില്‍ കണ്ണനെന്നപോല്‍ ഏത് കൊടിയ ദുഖത്തിന്റെ ഇരുട്ടിലും മലയാളിക്ക് ആ മയില്‍പ്പീലിക്കണ്ണരുളുന്ന പ്രകാശം എത്രമാത്രം പ്രചോദനാത്മകമാണ്.

 

നിഷ്‌കളങ്കമായ ചിരിയുമായി നിരത്തിലിറങ്ങുന്ന കുഞ്ഞുങ്ങളെ തടയുമെന്നാണ് ജയരാജന്റെ പ്രഖ്യാപനം. കുഞ്ഞുങ്ങളോട് യുദ്ധം പ്രഖ്യാപിക്കാനുള്ള മാനസികാധഃപതനം മഹാപാപികള്‍ക്ക് മാത്രമാണുണ്ടാവുക എന്നതാണ് പുരാണമതം. മാത്രമല്ല മോക്ഷകാലമടുക്കുമ്പോഴാണ് പോലും അങ്ങനെയൊരു തോന്നല്‍ ഉദിക്കുക. കംസന്‍ അങ്ങനെയായിരുന്നു. ഊണിലും ഉറക്കത്തിലും നടപ്പിലും ഇരിപ്പിലുമെല്ലാം അയാള്‍ ഇടയ്ക്കിടെ ഭയം കൊണ്ട് ഞെട്ടിവിറയ്ക്കുമായിരുന്നുവത്രെ.

 

ഉണ്ണിക്കണ്ണനില്‍ നിന്ന് രക്ഷനേടാന്‍ കംസന്‍ പുരാണങ്ങള്‍ പാരായണം ചെയ്യുകയും ഹോമങ്ങളും യാഗങ്ങളും നടത്തുകയും ചെയ്തു. ഇതൊക്കെ ചെയ്യുമ്പോഴും മനസില്‍ ഭീതി നടമാടുകയായിരുന്നു. കിങ്കരന്മാരെ നാലുപാടും അയച്ചു. പൂതനയായും ശകടാസുരനായും അഘാസുരനായും മുഷ്ടികനായുമൊക്കെ കംസന്റെ അനുചരന്മാര്‍ അമ്പാടി തേടി നടന്നു. ഓരോ നിമിഷവും കംസന്‍ അവരുടെ ദൗത്യനിര്‍വഹണത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. ആസുരികശക്തികള്‍ അവസാനിക്കുകയും കണ്ണന്‍ അവശേഷിക്കുകയും ചെയ്യുന്നുവെന്ന വര്‍ത്തമാനം കംസനില്‍ ജനിപ്പിച്ചത് മരണഭയമാണ്.

 

ഇതൊരു വിചിത്രമായ മാനസികാവസ്ഥയാണ്. അതിനുമപ്പുറം ഭീരുത്വം നിറഞ്ഞ നിലതെറ്റിയ വികൃതമായ മനോഭാവമാണ്. കംസന്‍ രാക്ഷസന് പിറന്നവനല്ല, കംസനെ രാക്ഷസനാക്കിയത് അയാളുടെ ഉള്ളിലെ അധികാരക്കൊതിയും അടങ്ങാത്ത ധാര്‍ഷ്ട്യവുമായിരുന്നു. ചെയ്തുകൂട്ടിയ പാപങ്ങളുടെ ശാപമാണ് അയാളെ അതിക്രൂരമായ ഈ ശിശുഹത്യയിലേക്ക് നയിച്ചത്. ഈ കഥ ജയരാജനും അറിയാം. കടലായി ശ്രീകൃഷ്ണസ്വാമിയുടെ അനുഗ്രഹവര്‍ഷത്തില്‍ ഉറന്നൊഴുകിയ ചെറുശ്ശേരി നമ്പൂതിരിയുടെ കൃഷ്ണഗാഥ പിറന്ന മണ്ണാണ് അത്. പഠിക്കാന്‍ പള്ളിക്കൂടത്തില്‍ പോയിട്ടുണ്ടെങ്കില്‍ ആ കാലത്തെങ്കിലും ചുണ്ടില്‍ ഈണത്തില്‍ താളത്തില്‍ ഈ കഥ പാട്ടായി നിറഞ്ഞിട്ടുണ്ടെന്ന് ഉറപ്പ്. എന്നിട്ടും എന്തിനാണ് ശോഭായാത്രകള്‍ തടഞ്ഞുകളയുമെന്ന് ജയരാജന്‍ പറഞ്ഞതെന്നതിന്റെ മറുപടി കംസന്റെ കഥയിലുണ്ട്. കടുത്ത ഭയമാണ് ജയരാജനെ നയിക്കുന്നത്. പത്തുവര്‍ഷമായി ജയരാജന്റെ പാര്‍ട്ടി ഭയപ്പെടുന്ന പ്രസ്ഥാനമാണ് ബാലഗോകുലം എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കേരളത്തില്‍ ബാലഗോകുലത്തിന്റെ ശക്തി വര്‍ധിക്കുന്നുവെന്നും ജന്മാഷ്ടമി ശോഭായാത്രകളില്‍ പങ്കുചേരുന്നവരുടെ എണ്ണം ആയിരങ്ങളുടെ ഗുണിതങ്ങളായി വര്‍ധിക്കുന്നുവെന്നും ആകുലതയില്ലാത്ത പ്രവര്‍ത്തനറിപ്പോര്‍ട്ടുണ്ടായിട്ടില്ല സിപിഎമ്മിന്. ബാലഗോകുലത്തെ ഇല്ലാതാക്കാന്‍ പാര്‍ട്ടി സഖാക്കള്‍ നടത്തിയ പരിശ്രമങ്ങള്‍ അത്ര ചെറുതൊന്നുമല്ല. കുഞ്ഞുങ്ങളില്‍ വര്‍ഗീയത വളര്‍ത്തുന്നു തുടങ്ങിയ നുണപ്രചരണങ്ങള്‍ മുതല്‍ ബാലസംഘം പോലുള്ള തട്ടിക്കൂട്ട് പ്രസ്ഥാനങ്ങളുടെ പിറവി വരെ പയറ്റിയതിന് ശേഷമാണ് ജയരാജന്റെ ഒടുക്കത്തെ പ്രഖ്യാപനമുണ്ടാകുന്നതെന്നോര്‍ക്കണം.

 

കൃഷ്ണാഷ്ടമി ആഘോഷങ്ങള്‍ കണ്ണൂരിന്റെ മണ്ണില്‍ തടയുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് കതിരൂരില്‍ മനോജ് കൊല്ലപ്പെടുന്നത്. മനോജിന്റെ വധത്തെതുടര്‍ന്ന് അന്തരീക്ഷം കലാപകലുഷിതമാകുമെന്നും അതുവഴി ജന്മാഷ്ടമി ആഘോഷങ്ങള്‍ സ്വാഭാവികമായി തടയപ്പെടുമെന്നുമുള്ള മുന്‍ധാരണ ജയരാജനുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്. ആര്‍എസ്എസുകാരന്റെ ചോരയോടുള്ള രാക്ഷസീയമായ ആര്‍ത്തി ജയരാജനടക്കമുള്ള സിപിഎം നേതാക്കന്മാരില്‍ അവസാനിക്കില്ല. ആ പാര്‍ട്ടിയും പ്രത്യയശാസ്ത്രവും മനുഷ്യര്‍ക്ക് ചേര്‍ന്നതല്ലെന്നതിന്റെ ഒട്ടനവധി ഭീഷണമായ ഉദാഹരണങ്ങള്‍ ലോകമെമ്പാടും നിന്ന് നമ്മള്‍ കേട്ടതും കണ്ടതുമാണ്. ആ പാര്‍ട്ടിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് ടിപി വധത്തോടെ അവരുടെ കൊതി അവസാനിച്ചു എന്ന് വിലയിരുത്തുന്നത്. ആറ് പതിറ്റാണ്ടായി എതിര്‍ശബ്ദങ്ങള്‍ക്ക് മേല്‍ വടിവാളും വെട്ടുകത്തിയും കൈക്കോടാലിയും ബോംബും പ്രയോഗിക്കുന്ന ഭീകരസംഘടനയാണ് അതെന്ന് വിലയിരുത്താന്‍ ഇതുവരെയുള്ള അനുഭവജ്ഞാനം ധാരാളമാണ്.

 

ഒരു ജനാധിപത്യപ്രസ്ഥാനമെന്ന മര്യാദ അവര്‍ അര്‍ഹിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് മതഭീകരത നടമാടുന്ന കണ്ണൂരിന്റെ മാത്രം പശ്ചാത്തലം മുന്‍നിര്‍ത്തി നിരോധിച്ചുകളയേണ്ട ഒരു മനോരോഗമാണ് ആ പ്രസ്ഥാനമെന്ന് പറയാതെവയ്യ. അല്ലെങ്കില്‍ എങ്ങനെയാണ് ഈ കേരളത്തില്‍ ഒരാള്‍ക്ക് ‘നിന്നെ ഞാന്‍ ഓണമുണ്ണിക്കില്ല’ എന്ന് പ്രഖ്യാപിക്കാനാവുക. കാല്‍ നൂറ്റാണ്ടായി ജയരാജനെയും കൂട്ടാളികളെയും ഭയന്ന് അച്ഛനമ്മമാരെ കാണാന്‍ പോലുമാകാതെ കഴിയുന്ന ആളുകളുണ്ടുപോലും കതിരൂരില്‍. സ്വന്തം കുഞ്ഞിന് തങ്ങള്‍ക്കൊപ്പം ഓണമുണ്ണാന്‍ സഖാവ് ജയരാജന്റെ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഈ രക്ഷിതാക്കള്‍ അയാളുടെ വീട്ടുപടിക്കല്‍ നില്‍ക്കാറുണ്ടത്രെ. സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ വീടുകളില്‍ കല്യാണം മുതല്‍ കുടിവെള്ളം വരെ അനുവദനീയമല്ല. കംസന്റെ മഥുരയെ ഒന്നുകൂടി കാണണമെങ്കില്‍ ജയരാജന്റെ കതിരൂരില്‍ ചെല്ലണമെന്നല്ലേ കണ്ണൂരില്‍ നിന്നുള്ള ഈ വിവരങ്ങള്‍ പൊതുസമൂഹത്തോട് വിളിച്ചുപറയുന്നത്.

 

കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുക, വീട് ഇടിച്ചുനിരത്തുക, പ്രതീകാത്മകമായി ചിതയൊരുക്കുക, ചുടലത്തെങ്ങ് വെച്ചുപിടിപ്പിക്കുക, ഊരുവിലക്കി നാടുകടത്തുക, ഇതിനൊന്നും വഴങ്ങാതെ പൊരുതിനില്‍ക്കുന്നവരെ മഴുവിന് അരിഞ്ഞു കൊല്ലുക …… കശാപ്പുകാരന്റെ രാഷ്ട്രീയത്തിനാണ് ഇവിടെ കമ്മ്യൂണിസമെന്ന് പേര് (കശാപ്പുകാര്‍ പൊറുക്കണം).

 

ഇപ്പോള്‍ പുരാണപാരായണവും ഗണേശോത്സവവുമൊക്കെ തുടങ്ങിയിട്ടുണ്ട് പാര്‍ട്ടി. വാസുവും അശോകനുമാണ് കാര്‍മ്മികര്‍. ദേശാഭിമാനിക്കാരന് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ജയരാജന്റെ പാര്‍ട്ടി കണ്ണൂരിലെ സമരപ്പന്തലില്‍ രാമായണ കര്‍സേവ നടത്തി. അതിനേക്കാള്‍ കൗതുകകരമായിരുന്നു ഗണേശോത്സവക്കാഴ്ചകള്‍. ചുവന്ന റിബണും തലയില്‍ കെട്ടി ഡിവൈഎഫ്‌ഐയുടെ കൊടിയും പിടിച്ച് മഹാഗണപതിക്ക് സിന്ദാബാദ് വിളിച്ചു നടത്തിയ ഗണേശോത്സവം ഭയത്തിന്റെ മറ്റൊരു പ്രകടനമാണ്.

 

വൃന്ദാവന ലീലകളിലാറാടി കേരളം നാളെ ഗോകുലഗംഗയില്‍ അലിഞ്ഞുചേരുന്ന കാഴ്ച അത്ര സുഖകരമല്ല സിപിഎമ്മുകാര്‍ക്ക്. നാടിന്റെ ചേതനയെത്തൊട്ടുണര്‍ത്തുന്ന ഒന്നിനെയും അവര്‍ അംഗീകരിച്ച പാരമ്പര്യമില്ല. ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തവരാണവര്‍. ഇപ്പോള്‍ രാമായണം വായിക്കുകയും ഗണേശോത്സവം നടത്തുകയും ചെയ്യുമ്പോള്‍ ഒരു പൂതനയുടെ വരവ് പ്രതീക്ഷിക്കേണ്ടത് കേരളമാണ്. കമ്മ്യൂണിസ്റ്റ് മതഭീകരതയില്‍ കേരളം പൊലിഞ്ഞടങ്ങാതിരിക്കാന്‍ പൊതുസമൂഹം കരുതല്‍ കണ്ണുമായി കാവലിരിക്കണം എന്ന സന്ദേശമാണ് ജയരാജന്റെ പ്രഖ്യാപനം പകരുന്നത്. കൊലപാതകത്തില്‍ ലഹരി കണ്ടെത്തുന്ന ഇത്തരം ശക്തികള്‍ക്ക് ജനാധിപത്യത്തിന്റെ ആനുകൂല്യം നല്‍കാതിരിക്കാന്‍ നിയമവും ഭരണാധികാരികളും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണുതാനും.

എം.സതീശന്‍

News Feed

BJP will face CPI(M) violence democratically :Ram Madhav

കണ്ണൂരിന്റെ ദുഃഖം കേരളത്തിന്റേയും

Related posts