7:45 am - Saturday September 23, 2017

പത്രപ്രവര്‍ത്തനം സമൂഹത്തോടുള്ള ഉത്തരവാദിത്തം: കെ. വേണു

തിരുവനന്തപുരം: പത്രപ്രവര്‍ത്തനം സമൂഹത്തോടുള്ള ഉത്തരവാദിത്വമാണെന്ന് രാഷ്ട്രീയസ്വയംസേവകസംഘം പ്രാന്തസഹപ്രചാരക് കെ.വേണു. ഓരോ മാധ്യമപ്രവര്‍ത്തകനും ഈ തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് ഗുണപരമായ പത്രപ്രവര്‍ത്തനം നടക്കുന്നത്. വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച സിറ്റിസണ്‍ ജേര്‍ണലിസം കോഴ്‌സ് ഉദ്ഘാടനചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പത്രവായനകൊണ്ട് മനസ്സിനും ബുദ്ധിക്കും ആത്മാവിനും ഉണര്‍വ് ഉണ്ടാകണം. പത്രം എപ്പോഴും ശരിയുടെ ഭാഗത്തുനില്‍ക്കുകയും വേണം. കാലത്തിന്റെ കണ്ണാടിയെന്ന വിശേഷണം പത്രങ്ങള്‍ക്കുണ്ട്. കണ്ണാടിക്ക് ആരോടും വെറുപ്പോ മമതയൊ ഇല്ല. മുമ്പില്‍ വരുന്നത് അതേപടി പ്രതിഫലിപ്പിക്കുക മാത്രമാണ് കണ്ണാടി ചെയ്യുന്നത്. യഥാര്‍ത്ഥ പത്രവും അതേപോലെ ആവണം. ചില വ്യക്തികളെ ദ്രോഹിക്കാനോ മറ്റുചിലരെ സുഖിപ്പിക്കാനോ എഴുതുന്നത് പത്രപ്രവര്‍ത്തനമല്ല. മനുഷ്യന് പോഷണം കിട്ടുന്ന കാര്യങ്ങളാവണം വാര്‍ത്തകളിലൂടെയും വിശകലനങ്ങളിലൂടെയും പുറത്തുവരേണ്ടത്. പ്രതിസന്ധിയെ തരണം ചെയ്യാനും കര്‍ത്തവ്യബോധത്തിലേക്ക് ഒരാളെ ഉയര്‍ത്താനും വാര്‍ത്തകള്‍ക്ക് സാധിക്കും, കെ.വേണു പറഞ്ഞു.

നല്ല അധികാരമുള്ള തൊഴിലാണ് പത്രപ്രവര്‍ത്തനമെന്ന് കോഴ്‌സ് ഉദ്ഘാടനം ചെയ്ത ദൂരദര്‍ശന്‍ ഡപ്യൂട്ടി ഡയറക്ടര്‍ രഷ്മി റോജ തുഷാര നായര്‍ പറഞ്ഞു. അധികാരത്തിനൊപ്പം ഉത്തരവാദിത്തവും ഏറെയാണ്. ഇന്ന് ഉത്തരവാദിത്തത്തിന്റെ അംശം കുറഞ്ഞുവരുകയും അധികാരം കൂടുതല്‍ കാണിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്നു. പാശ്ചാത്യലോകം പല നല്ലകാര്യങ്ങള്‍ക്കുമായി നമ്മളിലേക്ക് നോക്കുമ്പോള്‍ നമ്മള്‍ അവരുടെ ചീത്തകാര്യങ്ങള്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നു രഷ്മി പറഞ്ഞു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. മാതൃഭൂമി ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ജോര്‍ജ്ജ് പുളിക്കന്‍, അമൃത ചാനല്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഹരി എസ് കര്‍ത്ത, പി. ഗിരീഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ജെ. മഹാദേവന്‍ സ്വാഗതവും പി. സുധാകരന്‍ നന്ദിയും പറഞ്ഞു. ഇന്ന് (15-02-2015) കേസരി ചീഫ് എഡിറ്റര്‍ പത്രപ്രവര്‍ത്തകന്റെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും സുകേഷ് ഫോട്ടോഗ്രാഫിയെക്കുറിച്ചും ക്ലാസുകള്‍ എടുക്കും. സമാപനയോഗത്തില്‍ ആര്‍. എസ്. എസ് പ്രചാര്‍പ്രമുഖ് എം. ഗണേശന്‍ മുഖ്യപ്രഭാഷണം നടത്തും.

 

News Feed

ഏകാത്മമാനവവാദദര്‍ശനം ദേശീയ വിചാരസത്രത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.

Journalism gains importance, says DD Deputy Director

Related posts