10:58 pm - Tuesday February 20, 2018

പാവം ക്രൂരന്‍ വിക്രമന്‍

മതിയായ ഉപ്പിന്റെ ലഭ്യത ഉറപ്പാകാത്തതുകൊണ്ടാകുമോ ബംഗാള്‍ മോഡല്‍ ഇവിടെ നടപ്പാക്കാത്തത്? അന്നത്തെ മോഡലല്ല ഇന്നാണ് ബംഗാളിലെ യഥാര്‍ത്ഥ മോഡല്‍. ഒരുകാലത്ത് ദല്‍ഹി കുലുക്കാന്‍ ബംഗാളില്‍നിന്നും കുതിച്ച പാര്‍ട്ടി കിതച്ച് കിതച്ച് കുഴിയിലേക്ക് നിങ്ങുകയാണല്ലോ.

സപ്തംബര്‍ ഒന്നിന് കതിരൂരില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ നേരിട്ടിടപ്പെട്ട ക്രൂരരില്‍ ഒരാള്‍ മാത്രമാണ് പിടിയിലായത്. സംഭവം നടന്ന് ഇരുപതുദിവസം കഴിഞ്ഞിട്ടും ബാക്കി പ്രതികള്‍ ഒളിച്ചുകളിക്കുകയാണ്. കൂട്ടുപ്രതികളാരെന്ന് വിക്രമന്‍ ഒരിക്കല്‍ പറഞ്ഞതല്ല പിന്നെ പറയുന്നത്. എന്തുപറയണം എങ്ങനെ പറയണമെന്നെല്ലാം ഓരോ ദിവസവും ബാഹ്യശക്തികള്‍ പഠിപ്പിച്ചു വിടുന്നുണ്ട്. അതിനുള്ള സാഹചര്യങ്ങളെല്ലാം പോലീസ് ഒരുക്കി കൊടുക്കുന്നു.

രാത്രിയില്‍ ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പ്രതിയെ കസ്റ്റഡിയില്‍ നല്‍കുംമുന്‍പ് പ്രതിയുടെ വക്കീല്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. അത് ലംഘിക്കാന്‍ ക്രൈംബ്രാഞ്ചും തയ്യാറാകുന്നില്ല. പാവം വിക്രമന്‍, നടന്ന കാര്യങ്ങളെല്ലാം തത്തപറയുംപോലെ പറയുകയാണത്രെ. എല്ലാം ഏറ്റാല്‍ പിന്നെ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലല്ലോ. താനൊരു ക്രൂരനാണെന്നുപോലും തോന്നാത്തവിധം പോലീസ് പെരുമാറ്റവും കൂടിയാകുമ്പോള്‍ വിക്രമനെന്തിന് ഭയക്കണം.

ആര്‍എസ്എസുകാരനായ മനോജിന്റെ മരണത്തില്‍ പാര്‍ട്ടിക്ക് ബന്ധമേയില്ലെന്ന് സിപിഎം വ്യക്തമാക്കിയാല്‍ പിന്നെ സംശയിക്കണോ? പക്ഷേ കൊല്ലുന്നതിന് പദ്ധതി തയ്യാറാക്കിയത് പാര്‍ട്ടി. കൊന്നശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് പാര്‍ട്ടി. സ്‌ഫോടനത്തില്‍ പരിക്കേറ്റ് മുറിവ് പറ്റിയവര്‍ക്ക് ചികിത്സയ്ക്ക് സംവിധാനമൊരുക്കിയതും പാര്‍ട്ടി. പ്രതിക്കുവേണ്ടി ഹാജരാകാന്‍ പാര്‍ട്ടിയുടെ വക്കീല്‍. പ്രതിയെ ഒളിപ്പിക്കാന്‍ കൊണ്ടുപോയതും അകമ്പടിക്കോടിയതും പാര്‍ട്ടി സെക്രട്ടറിയുടെ പേരിലുള്ള വണ്ടികള്‍. എന്നാലും പാര്‍ട്ടിപറയും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ലവലേശം ബന്ധമില്ലെന്ന്! പാര്‍ട്ടിയുടെ നിഷ്‌കളങ്ക (?)മായ ഈ വെളിപ്പെടുത്തലുകള്‍ കാണുമ്പോള്‍ ഏത് പോലീസുകാരന്റെ കരളാണ് അലിഞ്ഞുപോകാത്തത്? അതുകൊണ്ടുതന്നെ വിക്രമന് പോലീസ് സ്റ്റേഷനില്‍ സുഖവാസം. ലോക്കപ്പില്‍ കിടക്കുകയേ വേണ്ട. കിടക്കാന്‍ നല്ല കട്ടില്‍. കഴിക്കാന്‍ അപ്പവും മുട്ടയും. മൂട്ടകടിയോ കൊതുകുശല്യമോ ഒട്ടുമില്ലാതെ വിക്രമന് സുഖനിദ്ര ഉറപ്പാക്കാന്‍ പോലീസ് സഖാക്കള്‍ ബദ്ധശ്രദ്ധരാണ്.

ആഭ്യന്തര മന്ത്രി എന്തുതന്നെ പറഞ്ഞാലും തലശ്ശേരിയില്‍ അങ്ങിനയേ നടക്കൂ. യുഎപിഎ അല്ല അതിലും വലിയ കോടാലിയെറിഞ്ഞാലും പാവം ക്രൂരന്മാരുടെ രോമംപോലും നഷ്ടപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. കൊന്നവനെയും കൊല്ലിച്ചവനെയുമെല്ലാം പൂട്ടുമെന്ന് പുരപ്പുറത്ത് കയറി കൂവിയാലും തലശ്ശേരിയില്‍ സൂര്യനുദിക്കണമെങ്കില്‍ ജയരാജ ത്രയങ്ങള്‍ മനസ്സുവയ്ക്കണം. ആരെ കൊല്ലണമെന്നവര്‍ തീരുമാനിക്കും. ആര് പ്രതിയാകണമെന്നവര്‍ നിശ്ചയിക്കും. പിന്നെങ്ങനെ കൊന്നവനെ കിട്ടും? കൊല്ലിച്ചവനെ കിട്ടും? അല്ലെങ്കിലും കൊല്ലലിന്റെ രീതി തന്നെ മാറ്റാന്‍ ആഗ്രഹിക്കുകയല്ലേ? വിദ്യാര്‍ത്ഥി സഖാവായി ഏറെക്കാലം വിലസുകയും നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന കണ്ണൂരിലെ അബ്ദുള്ളക്കുട്ടിയുടെ സത്യവാങ്മൂലം തന്നെ അതിന്റെ തെളിവാണല്ലോ. പത്തുവര്‍ഷം സിപിഎമ്മിനെ പ്രതിനിധീകരിച്ച അബ്ദുള്ളക്കുട്ടി ഈ വര്‍ഷം ജനുവരി 29ന് വീക്ഷണത്തിലെഴുതിയ ലേഖനത്തിലെ വരികള്‍ അത് സാക്ഷ്യപ്പെടത്തുകയാണ്.

കണ്ണൂരിലെ രാഷ്ട്രീയകലാപം കാവിലെ കളിയാട്ടംപോലെയാണ്. എല്ലാവര്‍ഷവും ഡിസംബര്‍ മാര്‍ച്ച് മാസങ്ങളിലായിരുന്നു കൊലയുത്സവം. 2008-ല്‍ ഉണ്ടായ അക്രമത്തില്‍ ഇരുഭാഗത്തുമായി അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പതിവുപോലെ അവസാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാനയോഗം കളക്ടറേറ്റില്‍ ചേരുന്ന ദിവസം ഉണ്ടായ മറക്കാനാകാത്ത ഒരു ഉള്‍പാര്‍ട്ടി അനുഭവമാണ് ഇവിടെ കുറിക്കുന്നത്. കണ്ണൂര്‍ അഴിക്കോടന്‍ മന്ദിരത്തില്‍ പാര്‍ട്ടി സെക്രട്ടറി സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൂടിയാലോചനായോഗത്തില്‍ സമാധാനയോഗത്തില്‍ എടുക്കേണ്ട നിലപാട് ധാരണയാക്കിയിരുന്നു. ഞാനും യോഗത്തില്‍ ഉണ്ടായിരുന്നു. പി. കരുണാകരന്‍, പി.സതീദേവീ എന്നീ എംപിമാര്‍, എംഎല്‍എമാര്‍ ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം മുറിയില്‍ ഉണ്ടായിരുന്നു. യോഗം പിരിയുന്നതിനുമുമ്പ് സതീദേവി പിണറായിയുടെ മുമ്പില്‍ ഒരു പരിഭവം പറഞ്ഞു.

പാര്‍ലമെന്റില്‍ ഞങ്ങള്‍ ലെഫ്റ്റ് എംപിമാര്‍ തലതാഴ്ത്തിയിരിക്കുകയായിരുന്നു. കണ്ണൂര്‍ അക്രമത്തിലെ കബന്ധങ്ങളുടെ വര്‍ണഫോട്ടോയുമായാണ് ബിജെപിക്കാര്‍ സഭയില്‍ വന്നത്. തല അറുത്തുമാറ്റിയ ഉടലുകളുടെയും കൊത്തിമാറ്റിയ കൈകാലുകളുടെയും ചോരയൊലിക്കുന്ന ഫഌക്‌സുകളും അവര്‍ ഉയര്‍ത്തികാട്ടി. പിന്നെയങ്ങോട്ട് കണ്ടുനില്‍ക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ഈ രീതി അവസാനിപ്പിക്കണമെന്ന് അവര്‍ കൂട്ടിചേര്‍ത്തു.

അല്‍പം ചിന്താധീനനായി ഗൗരവം പൂണ്ട പിണറായിയുടെ മറുപടി ഇങ്ങനെയായിരുന്നു. സതി പറഞ്ഞതിലും കാര്യം ഉണ്ട്. നമ്മള്‍ ഇക്കാര്യത്തില്‍ ബംഗാളികളെകണ്ടു പഠിക്കണം. ഒരുതുള്ളി ചോര പോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്‌നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തുകുഴച്ചുമൂടും ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയുകയില്ല.

പിണറായിയുടെ വിശദീകരണം കേട്ടു ഞാന്‍ ഞെട്ടിപ്പോയി. എന്റെ നാവ് വരണ്ടുപോയിരുന്നു. പക്ഷേ ജയരാജന്‍ സഖാക്കളുടെ കണ്ണുകളില്‍ നല്ല തിളക്കമാണ് ഉണ്ടായതെങ്കിലും മറ്റുപലരും മുഖം ചുളിച്ചു. ഞാന്‍ വല്ലാത്ത മാനസികാവസ്ഥയോടെയാണ് പാര്‍ട്ടി ഓഫീസില്‍നിന്നും ഇറങ്ങിയത്. അത് 2008 മാര്‍ച്ച 5നായിരുന്നു. പിന്നെ കുറച്ചുമാസംപോലും ആ പാര്‍ട്ടിയില്‍ ഞാന്‍ ഉണ്ടായില്ല. പാര്‍ട്ടി വിടാന്‍ ഉണ്ടായ പല അനുഭവങ്ങളില്‍ ഒന്ന് ഇതും ആവാം.

സമാധാനയോഗം കഴിഞ്ഞ് ഞങ്ങള്‍ എംപിമാര്‍ ദില്ലിയില്‍ മടങ്ങി എത്തി. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ ഞാന്‍ സുഹൃത്ത് സുരേഷ്‌കുറുപ്പനോട് ഇക്കാര്യങ്ങള്‍ പങ്കുവച്ചു. കുറുപ്പിന്റെ മുഖം അസ്വസ്ഥമായിരുന്നു. പിന്നീട് ഒരുദിവസം ബംഗാളിലെ അനില്‍ബാസു എംപിയെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ കാപ്പികുടിക്കുന്നതിന് ഇടയില്‍ കണ്ടു.

ഞാന്‍ കുറുപ്പിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ ഇക്കാര്യം ചോദിച്ചു. അനില്‍ ബാസു പറഞ്ഞു.”Yes comdrade, Bengal line is very simple’ നിങ്ങളുടെ കേരള ലൈന്‍ പഴയ ബാര്‍ബേറിയനിസമാണ്. ഒരുതുള്ളി ചോരപോലും ബംഗാളില്‍പൊടിയില്ല. എല്ലുപോലും പുറംലോകം കാണില്ല. ഞാനും കുറുപ്പും അന്തംവിട്ട് ഇരുന്നുപോയി.

രാഷ്ട്രീയം പിന്നെയും കുറെ മാറിമറിഞ്ഞു. 34 വര്‍ഷത്തെ ബംഗാള്‍ ലൈന്‍ പൊളിഞ്ഞു വീണു. മമത ബാനര്‍ജി പഴയ പല മാര്‍ക്‌സിസ്റ്റ് അക്രമണങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുകൊണ്ടുവന്നു. അനന്തപുരിയില്‍ മുന്‍ മന്ത്രി സുശാന്ത് ഘോഷ്, സഹോദരന്‍ പ്രശാന്ത് ഘോഷ് എന്നിവരുടെ വീട്ടുവളപ്പില്‍നിന്നു പോലീസ് ജെസിബി ഉപയോഗിച്ചു കുഴിച്ചെടുത്തത് ഒന്‍പതോളം മനുഷ്യരുടെ എല്ലിന്‍ കൂടുകളാണ്. ഉപ്പിന്റെ ചേരുവ കുറഞ്ഞു പോയതുകൊണ്ടാവും തലയോട്ടികള്‍ ബാക്കിയായത്.”

മതിയായ ഉപ്പിന്റെ ലഭ്യത ഉറപ്പാകാത്തതുകൊണ്ടാകുമോ ബംഗാള്‍ മോഡല്‍ ഇവിടെ നടപ്പാക്കാത്തത്? അന്നത്തെ മോഡലല്ല ഇന്നാണ് ബംഗാളിലെ യഥാര്‍ത്ഥ മോഡല്‍. ഒരുകാലത്ത് ദല്‍ഹി കുലുക്കാന്‍ ബംഗാളില്‍നിന്നും കുതിച്ച പാര്‍ട്ടി കിതച്ച് കിതച്ച് കുഴിയിലേക്ക് നിങ്ങുകയാണല്ലോ. സിറ്റിംഗ് സീറ്റില്‍ തോല്‍ക്കുകമാത്രമല്ല നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന സ്ഥിതിവരെ ഉണ്ടാകുമ്പോള്‍ ആരായാലും മൂക്കത്ത് വിരല്‍ വച്ച് പോകില്ലേ? ഏറ്റവും ഒടുവില്‍ സംഭവിച്ചത് അതാണല്ലോ. ജയിച്ചതോ ഹിന്ദുവര്‍ഗീയതയെന്നും ഫാസിസ്റ്റും ജന്മികുത്തക ബൂര്‍ഷായെന്നുമൊക്കെ ആക്ഷേപിച്ച് അധിക്ഷേപിച്ച് അരിക്കാക്കാന്‍ മോഹിച്ച ബിജെപി ഓരോ തെരഞ്ഞെടുപ്പിലും ജയിച്ചുകയറുന്നു. ഇനി ബംഗാളിലേക്ക് ഇനി ഉപ്പുചാക്കുകള്‍ നീങ്ങട്ടെ. ആഴമേറിയ കുഴിയില്‍ ഉപ്പും വിരിച്ച് സിപിഎമ്മിനെ കെട്ടിതാഴ്ത്തുകയേ വേണ്ടൂ. പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍.

ബംഗാളിലേതിനെക്കാളും സമര്‍ത്ഥമായാണ് കണ്ണൂരിലെ പാര്‍ട്ടി പ്രതികളെ വച്ച് പോലീസിനെ കുരങ്ങ് കളിപ്പിക്കുന്നത്. വിക്രമന്റെ കാര്യം തന്നെ അതിന് തെളിവാണല്ലോ. കുറ്റം സമ്മതിച്ച പ്രതി ആയുധം പുഴയിലെറിഞ്ഞു എന്നാണ് മൊഴിഞ്ഞത്. മഴക്കാലത്ത് കുത്തിയൊലിച്ച് ഒഴുകിയ പുഴയില്‍ നിന്നിനി ഒരു കുന്തവും കിട്ടില്ലെന്നാണല്ലോ വിശ്വസിക്കേണ്ടത്. ഒളിവില്‍ കഴിഞ്ഞതെല്ലാം ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലാണെന്ന് പറഞ്ഞാല്‍ ഒളിപ്പിച്ചവരെ പിടികൂടാന്‍ കഴിയില്ലല്ലോ. ഇതെല്ലാം വിശ്വസിച്ച് തലയാട്ടുകയാണ് പോലീസ് ചെയ്യുന്നതെങ്കില്‍ പാവം ക്രൂരന്മാരായ വിക്രമന്മാര്‍ തലശേരിയില്‍ ഇനിയുമൊരുപാട് തലപൊക്കും. അതുവരെ കാത്തുനില്‍ക്കുകയാണോ ഭരണകൂടവും ജനങ്ങളും!

 

കടപാട് : ജന്മഭുമി

News Feed

കണ്ണൂരിന്റെ ദുഃഖം കേരളത്തിന്റേയും

മാര്‍ക്‌സിസ്റ്റ് അക്രമത്തിന് ദശാബ്ദങ്ങളുടെ ചരിത്രം

Related posts