3:19 pm - Thursday February 23, 4761

ശ്രീനാരായണ ഗുരുദേവനെയും ഗുരുദേവദര്‍ശനങ്ങളെയും അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സി. പി. എം നടപടികളെ അപലപിക്കുന്നു:ആര്‍.എസ്.എസ്

2015 സെപ്തംബര്‍ 12,13 തീയ്യതികളില്‍ തിരുവനന്തപുരം ശ്രീശ്രീവിദ്യാമന്ദിറില്‍ ചേര്‍ന്ന രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന നേതൃയോഗം അംഗീകരിച്ച പ്രമേയം

ശ്രീനാരായണ ഗുരുദേവനെയും ഗുരുദേവദര്‍ശനങ്ങളെയും അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സി. പി. എം നടപടികളെ ഈ യോഗം ശക്തമായി അപലപിക്കുന്നു. കേരള നവോത്ഥാനത്തിനും സാമൂഹ്യപരിവര്‍ത്തനത്തിനും ദിശാബോധം പകര്‍ന്ന ലോകാരാധ്യനായ ഗുരുദേവനെതിരായ ഇത്തരം പ്രാകൃത നടപടികള്‍ക്കെതിരെ കേരളീയ പൊതുസമൂഹവും സാംസ്‌കാരിക ലോകവും പ്രതികരിക്കേണ്ടതുണ്ട്.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ പരിപാടിയില്‍ ശ്രീനാരായണ ഗുരുദേവനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ആണിയടിച്ചു കുരിശില്‍ തറയ്ക്കുകയും അദ്ദേഹത്തിന്റെ മഹദ്‌വചനങ്ങളെ ‘പല ജാതി, പല മതം, പല ദൈവം’ എന്ന് വികൃതമാക്കി പലകയില്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ഗുരുദേവനെ കയറില്‍ കെട്ടി വലിക്കുകയും ചെയ്യുന്ന രീതിയിലാണ് സി. പി. എം പൊതു നിരത്തില്‍ അവതരിപ്പിച്ചത്. നികൃഷ്ടമായ ഈ ഗുരുനിന്ദയ്‌ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാനാണ് സി.പി.എം നേതൃത്വം ശ്രമിച്ചതെന്നത് അങ്ങേയറ്റം ഗൗരവത്തോടെയാണ് ഈ യോഗം വീക്ഷിക്കുന്നത്. സംഭവത്തിനു ശേഷം തിരുവനന്തപുരത്ത് ചേര്‍ന്ന സി. പി. എം സംസ്ഥാന സമിതിയോഗത്തിലും ഗുരുനിന്ദ ആവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ നാടെങ്ങും പൊതു സമ്മേളനങ്ങള്‍ നടത്തി സുവിശേഷകരെയും മുസ്ലീം തീവ്രവാദികളെയും ഹിന്ദു വിരുദ്ധരെയും ഒപ്പം കൂട്ടി കൂടുതല്‍ ആവേശത്തോടെ ഗുരുധര്‍മ്മത്തെ അപമാനിക്കാന്‍ നടത്തുന്ന സി പി എം നീക്കം അപകടകരമാണെന്ന് ഈ യോഗം ഓര്‍മ്മിപ്പിക്കുന്നു.

ശ്രീനാരായണഗുരുദേവനും എസ് എന്‍ ഡി പിക്കുമെതിരായ ഈ ആക്രമണം ഒറ്റപ്പെട്ടതോ യാദൃച്ഛികമോ പൊടുന്നനെ ഉണ്ടായതോ ആണെന്ന് കരുതാനാവില്ല. ഗുരുദേവന്‍, മഹാത്മാ അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, പണ്ഡിറ്റ് കറുപ്പന്‍ മന്നത്ത് പത്മനാഭന്‍, കെ കേളപ്പന്‍, ശുഭാനന്ദ ഗുരുദേവന്‍, കുമാര ഗുരുദേവന്‍, വാഗ്ഭടാനന്ദന്‍, അയ്യാവൈകുണ്ഠസ്വാമികള്‍ തുടങ്ങിയ നവോത്ഥാന നായകന്മാര്‍ നടത്തിയ സാമൂഹ്യ പരിഷ്‌ക്കരണ പരിശ്രമങ്ങളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അതിന്റെ തുടക്കം മുതല്‍ അപമാനിച്ചു പോന്നിട്ടുണ്ട്. ഗുരുദേവനെ ബുര്‍ഷ്വാസന്യാസിയായും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാനെ ബ്രിട്ടീഷുകാരുടെ പാദസേവകനായും ചിത്രീകരിച്ചവര്‍ തന്നെയാണ് ഇന്ന് പൊതു നിരത്തില്‍ ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റുന്നത് . 1988ല്‍ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷം അന്ന് കേരളം ഭരിച്ചിരുന്ന മാര്‍കിസ്റ്റ് സര്‍ക്കാര്‍ ബഹിഷ്‌കരിച്ചതും ശതാബ്ദി ആഘോഷത്തെ പരിഹസിച്ചുകൊണ്ട് ഇ എം എസ് നമ്പൂതിരിപ്പാട് ലേഖനമെഴുതിയതും കേരളം മറന്നിട്ടില്ല.

ഗുരുദേവനടക്കമുള്ള എല്ലാ ഹിന്ദു ധര്‍മ്മാചാര്യന്മാര്‍ക്കുമെതിരായ പ്രചാരവേലയാണ് എന്നും സി.പി.എം നടത്തിയിട്ടുള്ളത്. ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിച്ച് ശിവഗിരി മഠം പിടിച്ചെടുക്കാനും നശിപ്പിക്കാനും സിപിഎം നടത്തിയ ശ്രമത്തെ കേരളം കാണാതെ പോകരുത്. കേരളത്തിലെ ആശ്രമങ്ങള്‍ക്കും ഹിന്ദു സന്യാസിമാര്‍ക്കും എതിരെ ആള്‍ ദൈവങ്ങളെന്ന ആരോപണവുമായി സി പി എം അഴിച്ചു വിട്ട ആക്രമണം സമീപകാല സംഭവമാണ്. സാമൂഹ്യ സേവനത്തിന്റെ പാതയില്‍ മുന്നേറുന്ന മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ നടന്ന പ്രചാരവേലയും സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധമനോഭാവത്തിന് തെളിവാണ്.

സാമൂഹ്യ സമത്വത്തിനും ജാതിക്ക് അതീതമായ ഹൈന്ദവ മുന്നേറ്റത്തിനും വേണ്ടി എസ് എന്‍ ഡി പിയും കെ. പി. എം എസും അടക്കമുള്ള ഹിന്ദു സംഘടനകള്‍ കൈകോര്‍ക്കുന്നതിലെ അസഹിഷ്ണുതയാണ് സി. പി. എമ്മിന്റെ പ്രകടനങ്ങളില്‍ കാണുന്നത്. കാലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനത്തോടാണ് കാലഹരണപ്പെട്ട കമ്മ്യൂണിസം ഏറ്റുമുട്ടാന്‍ പരിശ്രമിക്കുന്നത്. സര്‍വാദരണീയരായ ധര്‍മ്മാചാര്യന്മാരെ അപമാനിക്കുന്ന ഈ സി. പി. എം ധാര്‍ഷ്ട്യത്തിന് പ്രബുദ്ധകേരളം കനത്ത തിരിച്ചടി നല്‍കുമെന്ന് ഉറപ്പാണ്. ഹിന്ദുഐക്യധാരയിലേക്ക് വിശ്വാസത്തിന്റെയും ധര്‍മ്മത്തിന്റെയും പാതയിലൂടെ പിന്നാക്ക വിഭാഗങ്ങളെ ആനയിച്ച ശ്രീനാരായണ ഗുരുദേവന് നേരെ അക്കാലത്ത് നടത്തിട്ടുള്ള അതിക്രമങ്ങളെക്കാള്‍ ഭീകരവും നിന്ദ്യവുമാണ് ഇപ്പോള്‍ സി. പി. എം നടത്തുന്ന പ്രചാരവേല. ശ്രീനാരായണഗുരു സൃഷ്ടിച്ച മഹത്തായ സാമൂഹ്യവിപ്ലവത്തെ തിരിച്ചറിയാന്‍ കഴിയാത്ത സംഘടനയാണ് സി പി എം. ആത്മീയതയിലൂന്നി ഗുരുദേവന്‍ നടത്തിയ നവോത്ഥാന സംരംഭങ്ങളെ തികച്ചും ആത്മീയ വിരുദ്ധവും ഭൗതീകവുമായ കാഴ്ചപ്പാടിലൂടെ വിമര്‍ശിക്കുകയും നവോത്ഥാനത്തിന്റെ കാരണക്കാര്‍ തങ്ങളാണെന്ന് ഊറ്റം കൊള്ളുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് കാപട്യത്തിനെതിരായ ജനരോഷത്തില്‍ മുഴുവന്‍ കേരളവും പങ്കാളികളാകണമെന്ന് ഈ യോഗം ആഹ്വാനം ചെയ്യുന്നു.

News Feed
Filed in

Value based family system is the strength of Hindu Society : Dr Mohan Bhagwat

Secularism evolved along the themes of separation of the Church and State in Europe:Dr. Manmohan Vaidya

Related posts