3:54 am - Tuesday January 23, 2018

മാര്‍ക്‌സിസ്റ്റ് അക്രമത്തിന് ദശാബ്ദങ്ങളുടെ ചരിത്രം

ഈ ലേഖനത്തെ കുറിച്ച്
(1999 ഡിസംബര്‍ 1-നു മൊകേരി ഈസ്റ്റ്‌ യു.പി സ്ക്കൂളില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച്‌ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ മൃഗീയമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തെ വിശകലനം ചെയ്തു സി സദാനന്ദന്‍ മാസ്റ്റര്‍ ജന്മഭൂമിയില്‍ അക്കാലത്ത്‌ എഴുതിയ തുടർ ലേഖനത്തിന്റെ പുനഃ പ്രസിദ്ധീകരണം )

 

മുന്‍ മന്ത്രി കാന്തലോട്ട് കുഞ്ഞമ്പുവിനെ കേരളത്തിനെ പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. കണ്ണൂരുകാര്‍ക്ക് സഖാവ് കാന്തലോട്ടിനെ മറ്റു കേരളീയര്‍ക്ക് അറിയാവുന്നതിനേക്കാള്‍ അറിയാം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പടയോട്ടത്തിന് പാതയൊരുക്കിയ ഈറ്റപ്പുലികളില്‍ ഒരാളായിരുന്നു കാന്തലോട്ട്. ഒളിത്താവളങ്ങളില്‍ നിന്ന് ഒളിത്താവളത്തിലേക്ക്  മിന്നല്‍ പിണര്‍ പോലെ സഞ്ചരിച്ച് തന്നെ പിന്തുടരുന്ന പോലീസുകാരെ ഒരുപാട് വിയര്‍പ്പിച്ച വിപ്ലവകാരി. സമരമുഖങ്ങളില്‍ കാന്തലോട്ടെത്തിയാല്‍ കമ്മ്യൂണിസ്റ്റ് സമരഭടന്മാര്‍ക്ക് ആവേശം കത്തിപ്പടരുമായിരുന്നു. ജന്മിമാരുടെ കൂലിത്തല്ലുകാര്‍ക്ക് പേടിസ്വപ്നമായിരുന്നു ആ പേര്. “കാന്തലോട്ട് എവിടെയുണ്ടോ അവിടെ വിപ്ലവമുണ്ട്’ – ഇതായിരുന്നു കുഞ്ഞമ്പുവിന്റെ നിര്‍വചനം.
സോഷ്യലിസ്റ്റ് സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള സ്വപ്നത്തില്‍ മുങ്ങിത്താഴ്ന്ന കാന്തലോട്ട്, കുടുംബജീവിതം പോലും മറന്നുപോയി. ഇന്ന് ശീതീകരിച്ച വാഹനങ്ങളിലും മണിസൗധങ്ങളിലുമിരുന്ന്, നീന്തല്‍ക്കുളങ്ങളില്‍ താറാവുകളെ മേച്ച്, കൂറ്റന്‍ അള്‍സേഷ്യന്‍ പട്ടിയുമൊത്ത് പ്രഭാത സവാരി നടത്തി, ഭരണവിലാസം വിപ്ലവപാര്‍ട്ടിയെ നയിക്കുന്നവരേക്കാള്‍ മുന്നേ നടന്നവനായിരുന്നു ആ മനുഷ്യന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം വലതുകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് കാന്തലോട്ട് നിലകൊണ്ടത്. ജീവിതത്തിന്റെ അവസാനകാലത്ത് ‘വല്യേട്ടനു’ രുചിക്കാത്ത സത്യങ്ങള്‍ എന്തെക്കോയെ ആ പാവം വിളിച്ചുപറഞ്ഞു. പോരെ പൂരം! പിന്നീട് ആക്ഷേപശരങ്ങളായി, തെറിവിളിയായി, ഭീഷണിയായി. ഒടുവില്‍ എണ്‍പതിലെത്തിനില്‍ക്കുകയായിരുന്ന പല്ലുകൊഴിഞ്ഞ സിംഹത്തെ വീട്ടില്‍ കയറി കൈകാര്യം ചെയ്തു.
പൊതുവേദികളില്‍ പ്രസംഗിക്കുമ്പോള്‍ പോലും കാന്തലോട്ടിനെ ആക്രമിച്ചു. എന്തുകൊണ്ടോ സിപിഐക്കാരും കാന്തലോട്ടിന്റെ രക്ഷക്കെത്തിയില്ല. നിവര്‍ത്തിയില്ലാതെ കാന്തലോട്ട് കുഞ്ഞമ്പു പത്രക്കാരെ വിളിച്ചുവരുത്തി. പത്രസമ്മേളനത്തില്‍ അദ്ദേഹം ഒരു ശ്രദ്ധേയമായ കാര്യം വെളിപ്പെടുത്തുകയുണ്ടായി. ചില പത്രങ്ങള്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.അതിതായിരുന്നു: എണ്‍പതുകളില്‍ തലശ്ശേരി, പാനൂര്‍ പ്രദേശങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണത്തെക്കുറിച്ച് കാന്തലോട്ട് കുഞ്ഞമ്പു എം.വി. രാഘവന് ഒരു കത്തെഴുതി. എം.വി.രാഘവന്‍ അക്കാലത്ത് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ചെറുപ്പക്കാര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു കാന്തലോട്ടിന്റെ കത്ത്. കൊല്ലരുതേ സഖാവേ എന്ന അഭ്യര്‍ത്ഥനയോടെയാണ് കത്ത് അവസാനിച്ചത്. കത്ത് കിട്ടിയപ്പോള്‍ രാഘവന്‍ രോഷാകുലനായികാണണം. കാന്തലോട്ടിന് ജില്ലാസെക്രട്ടറി മറുപടി അയച്ചു. ആര്‍എസ്എസ്സുകാരെ കൊല്ലുന്നത് പാര്‍ട്ടികാര്യമാണ്. അതില്‍ താങ്കള്‍ ഇടപെടേണ്ടതില്ല എന്നായിരുന്നുവത്രെ മറുപടി. കാന്തലോട്ട് ഇക്കാര്യം വെളിപ്പെടുത്തിയപ്പോള്‍ അത് ശരിയല്ലെന്ന് സിപിഎം നേതൃത്വമോ എം.വി. രാഘവനോ പറഞ്ഞില്ല. അതുകൊണ്ടുതന്നെ കാന്തലോട്ട് പറഞ്ഞത് സത്യം തന്നെയാണെന്നു വിശ്വസിക്കുകയേ നിര്‍വാഹമുള്ളൂ.
ആര്‍എസ്എസ്സുകാരെ കൊല്ലുന്നത് പാര്‍ട്ടിനയവും പാര്‍ട്ടകാര്യവുമായി സ്വീകരിച്ച പാര്‍ട്ടി! ഈ പ്രാകൃതമായ നയം തന്നെയല്ലെ 1968 മുതല്‍ തുടങ്ങിയ കൊലപാതക പരമ്പരകള്‍ക്ക് സൈദ്ധാന്തിക പിന്‍ബലവും സംഘടനാ സൗകര്യവും ഒരുക്കിക്കൊടുത്തത്. 134 മനുഷ്യ ജീവിതങ്ങള്‍ അകാലത്തില്‍ പൊലിഞ്ഞുപോകാനുണ്ടായ കാരണമന്വേഷിച്ച് എന്തിനേറെ ബുദ്ധിമുട്ടണം? വെട്ടും കുത്തും കൊലയും നടത്തി സമൂഹത്തില്‍ അശാന്തി പടര്‍ത്തി നിരന്തര സംഘര്‍ഷം ക്ഷണിച്ചുവരുത്തുന്നവര്‍ ആരാണ്? സിപിഎമ്മിന് ഇഷ്ടപ്പെടാത്ത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ കണ്ണൂരിലുണ്ട്. കൊല്ലപ്പെട്ടവരെക്കൂടാതെ ജീവഛവമായി ജീവിക്കുന്ന നൂറുകണക്കിന് ചെറുപ്പക്കാര്‍ കണ്ണൂരിലുണ്ട്.കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ പോയിനോക്കൂ. ജില്ലാ തലത്തില്‍ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ പ്രവര്‍ത്തകരുമായി സൗഹൃദബന്ധം മാത്രമുള്ളവര്‍ വരെ പ്രതികളായ നൂറുകണക്കിന് കേസുകള്‍ രാഷ്ട്രീയ സംഘട്ടനവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. വിദ്യാഭ്യാസം തുടരാനാവാതെ സമാധാനപരമായി ജോലിക്ക് പോകാനാവാതെ, സൈ്വര്യമായി കുടുംബജീവിതം നയിക്കാനാവാതെ നെടുവീര്‍പ്പുമായി കഴിയുന്ന എത്രയെത്ര ആളുകള്‍ കണ്ണൂരിലുണ്ട്. ആരാണ് ദുരിതപൂര്‍ണമായ ഈ അന്തരീക്ഷം സൃഷ്ടിച്ചവര്‍?
ജനങ്ങള്‍ എന്നാല്‍ പാര്‍ട്ടികൊടിക്കീഴില്‍ അണിനിരക്കുന്നവര്‍. മനുഷ്യനെന്നാല്‍ മാര്‍ക്‌സിറ്റ് പാര്‍ട്ടിക്കാരന്‍. പാര്‍ട്ടി എന്നാര്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി. ഇതിലപ്പുറം ആരും ഒന്നും ചിന്തിക്കരുത്. ചിന്തിക്കുന്നവരൊക്കെ മ്ലേച്ഛന്മാരും നികൃഷ്ടന്മാരും വകവരുത്തേണ്ടവരും. ഇങ്ങനെ ഒരു വികാരമാണ് സിപിഎമ്മിനെ നയിക്കുന്നത്. ആ വികാരമാണ്, അതുമാത്രമാണ് കണ്ണൂരിന്റെ ദുഃഖത്തിന് കാരണം. പുറമെ കാണുന്ന കുറെ കാര്യങ്ങള്‍ മാത്രമെടുത്ത് ചര്‍വിത ചര്‍വണം നടത്തിയതുകൊണ്ട് ഈ ദുഃഖമകറ്റാന്‍ കഴിയില്ല. അല്പം ആഴത്തില്‍ ഇറങ്ങിച്ചെന്നേ മതിയാകൂ.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നെ കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടായിരുന്നു.കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നുകൊണ്ട് കമ്മ്യൂണിസം വളര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. അതുവഴി സമൂഹത്തില്‍ സ്വാധീനം നേടാനും കഴിഞ്ഞു. നാല്പതുകളുടെ ആരംഭത്തില്‍ത്തന്നെ സാമാന്യം നല്ലതോതിലുള്ള ജനകീയ അംഗീകാരം അവര്‍ക്ക് ലഭിച്ചുതുടങ്ങിയിരുന്നു. അക്കാലത്തുതന്നെ പെരിങ്ങളം, പാനൂര്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരല്ലാത്ത സോഷ്യലിസ്റ്റുകള്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഇന്നത്തെ ജനതാദള്‍ നേതാവ് പി.ആര്‍.കുറുപ്പിന്റെ നേതൃത്വത്തില്‍ വളര്‍ന്നുവന്ന രാഷ്ട്രീയ ശക്തിയായി അവര്‍ വളര്‍ന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ടായിരുന്നത്രയോ അതിനേക്കാളേറെയോ ശക്തി അവര്‍ക്കുണ്ടായിരുന്നു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി തങ്ങളുടെ ആള്‍ബലം ഉപയോഗിച്ച് പ്രതിയോഗികളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് രീതി ആദ്യമായി പ്രയോഗിച്ചത് പാനൂരില്‍ തന്നെയായിരുന്നുവെന്നത് ഇപ്പോള്‍ പ്രത്യേകം സ്മരണീയമാണ്. സോഷ്യലിസ്റ്റ് ഗ്രൂപ്പുകാരായിരുന്നു ഇരകള്‍. ഇന്നത്തെപ്പോലെ ബോംബും മഴുവും ഉപയോഗിച്ചുള്ള നരമേധങ്ങള്‍ നടന്നില്ലെങ്കിലും ക്രൂരമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാരിക്കുന്തവും ചുടുകട്ടകളുമായിരുന്നു അന്നത്തെ പടക്കോപ്പുകള്‍. ഇതിനെക്കുറിച്ച് ലോക്ശക്തി നേതാവ് അഡ്വ. എന്‍. ഹരിഹരന്‍ ഈയിടെ പത്രപ്രസ്താവന നടത്തുകയുണ്ടായി. 1942ല്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പില്‍പ്പെട്ട നിരവധിപേരെ കമ്മ്യൂണിസ്റ്റുകള്‍ വേട്ടയാടിയിരുന്നുവെന്നും അതെല്ലാം ഏകപക്ഷീയമായ ആക്രമണങ്ങള്‍ മാത്രമായിരുന്നുവെന്നുമാണ് ഹരിഹരന്‍ പറഞ്ഞത്. ഇന്നും പി.ആര്‍.കുറുപ്പിന്റെ കൂടെ നില്‍ക്കുന്ന ജനതാദളുകാരും സിപിഎമ്മുകാരും പെരിങ്ങളം മണ്ഡലത്തില്‍ കീരിയും പാമ്പും പോലെയാണ്. പെരിങ്ങളം മണ്ഡലത്തില്‍ രണ്ട് ഇടതുമുന്നണികളുണ്ട്. ഒന്ന് ജനതാദള്‍ ഇടതുമുന്നണിയും മറ്റൊന്ന് മാര്‍ക്‌സിസ്റ്റ് ഇടതു മുന്നണിയും. ഇതിനു കാരണം പണ്ടുകാലത്ത് തങ്ങളുടെ പൂര്‍വികരെ അടിച്ചൊതുക്കിയതിലുള്ള അമര്‍ഷം ജനതാദളുകാരുടെ ഉള്ളില്‍ കെടാതെയുള്ളതാണ്.
സോഷ്യലിസ്റ്റുകാര്‍ ഏതാണ്ട് ഒതുങ്ങിയപ്പോഴാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രംഗപ്രവേശം. പല ഭാഗങ്ങളിലും സംഘപ്രവര്‍ത്തനം വേരോടിത്തുടങ്ങിയപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ നെറ്റിചുളിഞ്ഞു. തലശ്ശേരി, തിരുവങ്ങാട്, വാടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച് സംഘപ്രവര്‍ത്തനം ശക്തിപ്പെടുകയായിരുന്നു. സഹജമായ അസഹിഷ്ണുതയോടെ സംഘത്തെ നേരിടാന്‍ അവര്‍ ഉറച്ചു, പാനൂര്‍, പെരിങ്ങളം ഭാഗത്ത് സോഷ്യലിസ്റ്റുകാര്‍ക്കുനേരെ പ്രയോഗിച്ച കാടന്‍ ശൈലി സംഘത്തിനുനേരെ തിരിച്ചുവിട്ടു. ഒരുപടികൂടി കടന്ന് ആക്രമണം നരഹത്യയിലെത്തി. അങ്ങനെ കണ്ണൂരില്‍ ആര്‍എസ്എസ്സിനെതിരെ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതക പരമ്പരയിലെ ആദ്യാക്ഷരം കുറിക്കപ്പെട്ടു. 1968ല്‍ വാടിക്കലിലെ രാമകൃഷ്ണന്‍ എന്ന തയ്യല്‍ തൊഴിലാളിയായ ആര്‍എസ്എസ്സ് പ്രവര്‍ത്തകന്‍ ക്രൂരമായി വധിക്കപ്പെട്ടു.
കണ്ണൂരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ആദ്യ ഇരയാണ് വാടിക്കല്‍ രാമകൃഷ്ണന്‍.
തുടരും

 

News Feed

പാവം ക്രൂരന്‍ വിക്രമന്‍

‘Kannur’ and the dialectics of political murder

Related posts