3:16 pm - Wednesday January 20, 8641

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഭാരതത്തിന്റെ മുഖച്ഛായ മാറ്റും : രശ്മി റോജ തുഷാര നായര്‍ IIS

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത “ഡിജിറ്റല്‍ ഇന്ത്യ” പദ്ധതിയും “ഇ-വിപ്ലവവും” (ഇ-ക്രാന്തി) യും  ഭാരതത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് ദൂരദര്‍ശന്‍ വാര്‍ത്താവിഭാഗം ഡെപ്പ്യൂട്ടി ഡയറക്ടര്‍  രശ്മി റോജ തുഷാര നായര്‍ IIS പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവേകാനന്ദ പഠനവേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച “ഭാരതദര്‍ശന്‍” പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അഴിമതിയും കെടുകാര്യസ്ഥതയും വിവിധ തൊഴിലുകളോടുള്ള നമ്മുടെ മനോഭാവവും ഇന്നു ഭാരതം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. എല്ലാ അപേക്ഷകളും ഓണ്‍ലൈന്‍ വഴി ചെയ്യാമെന്ന സ്ഥിതിവന്നാല്‍ ഇന്നു സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയെ ഒരു പരിധിവരെ ഇല്ലാതാക്കാം. വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ പദ്ധതികളെക്കുറിച്ചുള്ള അവബോധം യുവതിയുവാക്കളാണ് സമാജത്തിലേക്ക് പകര്‍ന്നു നല്‍കേണ്ടത്. ഇന്നു പല സര്‍ക്കാര്‍ ജീവനക്കാരും ഖുഷ്‌വന്ത് സിംഗിന്റെ ‘സുന്ദര്‍ സിംഗ്’ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നവരാണ്. എങ്ങനെയെങ്കിലും നാളുകള്‍ തള്ളി നീക്കി മാസാവസാനം ശമ്പളം വാങ്ങാം എന്ന ഒറ്റ ചിന്തയിലാണ് പല സര്‍ക്കാര്‍ ജീവനക്കാരും കഴിഞ്ഞുകൂടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം നിര്‍ണ്ണയിക്കാന്‍ സ്ഥാപിച്ച ബയോമെട്രിക്ക് സംവിധാനം പോലും ഫലവത്തായില്ല. ഏത് തൊഴിലിനും അതിന്റെതായ അന്തസ്സുണ്ട്. എല്ലാത്തരം തൊഴിലാളികളോടും മാന്യതയോടെ പെരുമാറാന്‍ നമ്മള്‍ പഠിക്കണം. അല്‍പ്പം സ്‌നേഹവും സഹായിക്കാനുള്ള മനസുമുണ്ടെങ്കില്‍ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.

തൊഴിലിനോടും രാഷ്ട്രത്തോടുമുള്ള പ്രതിബദ്ധതയാണ് ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ ഏറ്റവും വലിയ സവിശേഷത. തന്റെ സുരക്ഷയ്ക്കായി വിനിയോഗിക്കപ്പെട്ട സൈനികര്‍ക്കായി പോലും അദ്ദേഹത്തിന്റെ മനസ്സ് വ്യാകുലമായിരുന്നു. എല്ലാ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും എ.പി.ജെ അബ്ദുള്‍കലാമിനെ പോലെയായിരുന്നുവെങ്കില്‍ ഭാരതത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു. സംസ്‌കാരവും മനുഷ്യവിഭവശേഷിയും ഭാരതത്തിനു കൈമുതലായുണ്ട്.അത് വേണ്ടവിധത്തില്‍ വിനിയോഗിക്കുകമാത്രമാണ് ചെയ്യേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

News Feed
Filed in

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ എന്‍. കൃഷ്ണപ്പ അന്തരിച്ചു.

നാടിനാഘോഷമായി ഭാരതദര്‍ശന്‍

Related posts