1:22 am - Sunday March 25, 2018

രാഷ്ട്രനന്മ ലക്ഷ്യമാക്കി പാഠ്യവിഷയങ്ങള്‍ തിരുത്തിയെഴുതണം: ഭാരതീയ വിചാരകേന്ദ്രം സെമിനാര്‍

മുൻ കേന്ദ്രസഹമന്ത്രി ഡോ.സഞ്ജയ്‌ പാസ്വാൻ പ്രബന്ധമവതരിപ്പിക്കുന്നു

കൊച്ചി: ദേശീയതയുടെയും രാഷ്ട്രത്തിന്‍റെയും നന്മ ലക്ഷ്യമാക്കി സര്‍വകലാശാലകളിലെ പാഠ്യവിഷയങ്ങള്‍ മാറ്റിയെഴുതണമെന്ന് എറണാകുളത്ത് നടന്ന ദേശീയ സെമിനാര്‍ ആഹ്വാനം ചെയ്തു. പി പരമേശ്വരന്‍റെ നവതിയാഘോഷങ്ങളുടെ ഭാഗമായി നടന്ന ദേശീയത; മാറുന്ന വീക്ഷണവും പുതിയ വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ആവശ്യമുയര്‍ന്നത്.
മുന്‍കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാന്‍, പൂന ഫെര്‍ഗൂസണ്‍ കോളേജ് അസി പ്രൊഫസര്‍ പ്രസന്ന ദേശ്പാണ്ഡേ, ഓര്‍ഗനൈസര്‍ വാരിക എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ എന്നിവരാണ് സെമിനാറില്‍ സംസാരിച്ചത്. ഭാരതീയ വിചാര കേന്ദ്രം ഉപാദ്ധ്യക്ഷന്‍ ഡോ സി.ഐ ഐസക് മോഡറേറ്ററായിരുന്നു.

സാംസ്കാരിക പഠനമെന്ന മുഖംമൂടിയണിഞ്ഞാണ് നവ ലിബറല്‍ സംഘം രാജ്യത്തെ അക്കാദമിക വിഷയങ്ങളില്‍ നുഴഞ്ഞു കയറിയതെന്ന് പ്രസന്ന ദേശ്പാണ്ഡേ പറഞ്ഞു. 1925 ല്‍ ഫ്രാങ്ക്ഫര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ആരംഭിച്ച നവ ഇടതുപക്ഷ ചിന്തയുടെ ഭാഗമായാണ് ഇതു തുടങ്ങിയത്. പിന്നീട് കൊളംബിയ സര്‍വകലാശാലയുടെ മറവില്‍ ലോകത്തെ എല്ലാ സര്‍വകലാശാലകളിലും ഇത് പ്രചരിപ്പിച്ചു. ഇതിന്‍റെ ഭാഗമായാണ് സാംസ്കാരിക ദേശീയത തകര്‍ക്കുന്ന രീതിയില്‍ ഇന്ത്യയിലെയും സര്‍വകലാശാലകളില്‍ ഇക്കൂട്ടര്‍ പിടി മുറുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇരവാദം, സ്വത്വവാദം എന്നിവ ഉയര്‍ത്തി മനസില്‍ ഭീതി സൃഷ്ടിച്ചാണ് നവലിബറലുകള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു കമ്യൂണിസത്തിന്‍റെ ആത്യന്തിക ലക്ഷ്യമെങ്കിലും അവര്‍ ദേശീയതയിലൂന്നിയാണ് പില്‍ക്കാലത്ത് പ്രവര്‍ത്തിച്ചത്. താരതമ്യേന സംവേദന ശീലമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയാണ് ഇപ്പോള്‍ നവ ലിബറലുകള്‍ ലക്ഷ്യം വയ്ക്കുന്നത്. അതു കൊണ്ടാണ് ജെഎന്‍യുവില്‍ ഭാരത വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയതെന്നും പ്രസന്ന സമര്‍ത്ഥിച്ചു.
ഭാരതീയ ബിംബങ്ങളെ തച്ചുടയ്ക്കാന്‍ അടിച്ചമര്‍ത്തപ്പെട്ടവനെയും അടിച്ചമര്‍ത്തുന്നവനെയും ഇവര്‍ തന്നെ സൃഷ്ടിക്കുന്നു. അങ്ങിനെ സഹാനുഭൂതി ഉണര്‍ത്തി വ്യവസ്ഥിതിയ്ക്ക് എതിരാക്കി വിദ്യാര്‍ത്ഥികളെ മാറ്റാനാണ് സര്‍വകലാശാലകളിലെ ഇത്തരം പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയമല്ലാത്ത പഠനങ്ങള്‍ കൊണ്ട് ഭാരതീയതയെ നിര്‍വചിക്കുന്ന ഭയാനകമായ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അകാരണമായ ഭയം ദളിതരില്‍ നിറയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമം രാജ്യത്ത് നടക്കുന്നുണ്ടെന്ന് പ്രശസ്ത ദളിത് ചിന്തകനും മുന്‍ കേന്ദ്രമന്ത്രിയുമായ സഞ്ജയ് പാസ്വാന്‍ പറഞ്ഞു. മൂന്നു തലമുറയ്ക്ക് ഗുണം ലഭിച്ചില്ലെങ്കില്‍ പിന്നെ സംവരണം കൊണ്ടെന്താണ് പ്രയോജനം. അതിനാല്‍ തന്നെ കുഴപ്പം ജാതിയിലല്ല മറിച്ച് ജാതീയമായി ഉപയോഗിക്കുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ദളിത് സമൂഹം ഇന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ളതാണ്. ഇവരിലേയ്ക്കാണ് രാജ്യത്തെ തകര്‍ക്കാന്‍ ഉന്നം വച്ചുള്ള ശക്തികള്‍ ഇറങ്ങിയിട്ടുള്ളത്. ഈ കുടുക്കില്‍നിന്നും ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളെ രക്ഷിക്കേണ്ടതുണ്ട്. അതിന് ഈ വിഭാഗങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണം. അത് സംവരണം പോലെ കേവലം ഭൗതികമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടാകരുത്. മറിച്ച് ബൗദ്ധിക തലത്തില്‍ ആത്മവിശ്വാസം നല്‍കുന്ന പ്രബോധനങ്ങള്‍ ഇവര്‍ക്ക് നല്‍കണം. അതിനോടൊപ്പം ദളിത്-ന്യൂനപക്ഷ സമൂഹങ്ങളെ തുല്യമായി അംഗീകരിക്കുകയാണ് ഏറെ പ്രധാനം. അപകര്‍ഷതാ ബോധം ഇല്ലാതായാല്‍ തന്നെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാകും. അതിനുള്ള സാഹചര്യമാണ് ബൗദ്ധിക തലത്തില്‍ ചെയ്യേണ്ടതെന്നും ഡോ പസ്വാന്‍ പറഞ്ഞു.
ദേശീയതയിലൂന്നി രാജ്യത്തെ പുനര്‍നിര്‍മ്മിക്കേണ്ടത് കാലത്തിന്‍റെ ആവശ്യമായി മാറിയെന്ന് ഓര്‍ഗനൈസര്‍ വാരിക എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ ചൂണ്ടിക്കാട്ടി. ദേശീയതയാണ് രാജ്യത്തിന്‍റെ ജീവന്‍. അത് തകര്‍ക്കപ്പെടുന്നിടത്തെല്ലാം പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകും. ഇന്ത്യ ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രമാണെന്നായിരുന്നു ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃവിന്‍റെ കാഴ്ചപ്പാട്. ഇന്ത്യ എന്നൊരു രാജ്യമേ പാടില്ലെന്നായിരുന്ന കമ്യൂണിസ്റ്റുകളുടെ നിലപാട്. ഈ രണ്ട് നിലപാടുകള്‍ കാരണം വിലപ്പെട്ട അരനൂറ്റാണ്ട് രാജ്യത്തിന് നഷ്ടപ്പെട്ടു. ദേശീയതയിലൂന്നിയ രാഷ്ട്ര സങ്കല്‍പം കാലഘട്ടത്തിന്‍റെ ആവശ്യമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാവിയുടുക്കാത്ത ഋഷിമാരെന്നാണ് ആര്‍എസ്എസ് പ്രചാരകരെ ഒരിക്കല്‍ ലാല്‍ കൃഷ്ണ അദ്വാനി വിശേഷിപ്പിച്ചത്. പി.പരമേശ്വരന്‍ അവരില്‍ അഗ്രഗണ്യനാണ്. പ്രതിഫലേച്ഛ കൂടാതെ ദേശീയതയ്ക്കു വേണ്ടി മാത്രം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍റെ ജീവിതം മാതൃകയാക്കി രാഷ്ട്രത്തിന്‍റെ പുനര്‍നിര്‍മ്മതി നടത്താന്‍ ബൗദ്ധിക ലോകം മുന്നോട്ടു വരണം. രാഷ്ട്രീയമായി മേല്‍ക്കൈ നേടിക്കഴിഞ്ഞു. ബൗദ്ധിക രംഗത്ത് നവ ലിബറല്‍ ഇടതുപക്ഷക്കാര്‍ നിറച്ചിരിക്കുന്ന പുക മറ നീക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറിനു ശേഷം വിശദമായ ചോദ്യോത്തരവേളയും സംഘടിപ്പിച്ചിരുന്നു. വികസനം, പരിസ്ഥിതി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാര്‍ ഞായറാഴ്ച രാവിലെ നടക്കും. വൈകീട്ട് നാലുമണിക്ക് എളമക്കര ഭാസ്കരീയം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പി പരമേശ്വരന്‍ ആദരണ സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് മുഖ്യാതിഥി.

 

മുൻ കേന്ദ്രസഹമന്ത്രി ഡോ.സഞ്ജയ്‌ പാസ്വാൻ പ്രബന്ധമവതരിപ്പിക്കുന്നു.

ഓർഗനൈസർ വാരികയുടെ മുഖ്യപത്രാധിപർ പ്രഫുല്ല കേത്കർ പ്രബന്ധമവതരിപ്പിക്കുന്നു.

പൂനെ ഫെർഗ്ഗൂസൻ കോളജ്‌ അസിസ്റ്റന്റ്‌ പ്രൊഫസർ പ്രസന്ന ദേശ്പാണ്ഡെ പ്രബന്ധമവതരിപ്പിക്കുന്നു.

ഭാരതീയ സാംസ്‌കാരിക സങ്കല്‍പങ്ങളെ തകര്‍ക്കാന്‍ ഇടതുപക്ഷശ്രമം: എസ് ഗുരുമൂര്‍ത്തി

Need to re-think population control measures in Kerala: Dr S Sanyal

Related posts