3:21 pm - Wednesday March 20, 9540

ചുവപ്പ് മായുന്ന ക്യൂബ— അഡ്വ. ബി.ഗോപാലകൃഷ്ണന്‍

“ക്യൂബയുടെ ചരിത്രമുഹൂര്‍ത്തം” എന്നാണ് ഹിന്ദു ദിനപത്രം അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. 1959 ല്‍ ക്യൂബ കമ്മ്യൂണിസ്‌ററ് രാജ്യമായതിനു ശേഷം അമേരിക്കയുമായി നടന്ന ശീതസമരം ഇപ്പോള്‍ പരിസമാപ്തിയിലേക്ക്  കടക്കുമ്പോള്‍ തകര്‍ന്നത് സാമ്രാജ്യത്വവും മുതലാളിത്തവുമല്ല മറിച്ച് കമ്മ്യൂണിസമാണെന്ന തിരിച്ചറിവ് ക്യൂബയിലെ ജനങ്ങള്‍ക്കു ഉണ്ടായി. ഇത് ഒബാമയുടെ സന്ദര്‍ശനവേളയില്‍ ക്യൂബയില്‍ പ്രകടമായി. അമേരിക്കയുമായി ഏതാണ്ട് 150 കിലോമീറ്റര്‍ മാത്രം അകലത്തില്‍ കഴിയുന്ന ക്യൂബ കമ്മ്യൂണിസ്റ്റ് രാജ്യമായി മാറിയത് റഷ്യ-അമേരിക്ക ശീതസമരത്തില്‍ റഷ്യക്ക് സൈനികനേട്ടവും അമേരിക്കക്ക് തിരിച്ചടിയുമായിരുന്നു. 1964 ലെ പ്രസിദ്ധമായ ക്യൂബന്‍ മിസൈല്‍സ് പദ്ധതിപ്രകാരം റഷ്യ അമേരിക്കക്കെതിരെ ക്യൂബയില്‍ മിസൈല്‍ സ്ഥാപിച്ചതും തുടര്‍ന്ന് ക്യൂബയ്‌ക്കെതിരെ അമേരിക്ക വ്യാപാര നിരോധനം കൊണ്ടുവന്നതും ക്യൂബ-അമേരിക്ക ശീതസമരവും ഇത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ ആവേശം കൊള്ളിച്ചതുമടക്കം എല്ലാം അമേരിക്കന്‍ പ്രസിഡണ്ടിന്റെ ക്യൂബന്‍ സന്ദര്‍ശനത്തോടെ പഴങ്കഥയായി. കമ്മ്യൂണിസം തന്നെ പഴങ്കഥയായി മാറിയ സാഹചര്യത്തില്‍ ഇതൊരു വാര്‍ത്തയല്ലെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ ക്യൂബമുകുന്ദന്‍മാരുടെ മനവും മാനവും തകര്‍ത്ത് തരിപ്പണമാക്കുന്ന കാഴ്ചയാണ് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം കാണിക്കുന്നത്.  കേരളത്തില്‍ സുപരിചിതമായിരുന്ന പെറ്റിബൂര്‍ഷ്വാസിയുടെ കൈപിടിച്ച് മുതലാളിത്തത്തിന്റെ വഴിയിലൂടെ ചൈനയുടെ കാലടിപാത പിന്‍തുടര്‍ന്ന് ക്യൂബ നടക്കുന്നത് കണ്ടപ്പോള്‍ കമ്മ്യൂണിസം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച കമ്മ്യൂണിസ്റ്റുകാരുടെ അവസാനത്തെ അത്താണി ഇല്ലാതാകുന്നു എന്നതാണ് സത്യം.

Cuba flagമധുരമനോഹരമനോജ്ഞ ചൈനയിലേക്കും, വിപ്ലവത്തിന്റെ രണഭേരി മുഴങ്ങിയ റഷ്യയിലേക്കും കേരളത്തിലെ കണ്ടനേയും കോരനെയും കൊണ്ടുപോകാന്‍ ആണയിട്ട് ശപഥം ചെയ്ത മാര്‍ക്‌സിസ്റ്റുകള്‍ റഷ്യ തകര്‍ന്നതും ചൈന മുതലാളിത്തവഴിയില്‍ സഞ്ചരിച്ചതും മനസ്സിലാക്കിയത് വളരെ വൈകിയിട്ടായിരുന്നല്ലോ. ഉടുതുണി ഊരി ചെങ്കൊടിയാക്കി കമ്മ്യൂണിസത്തിന് ജയ് ജയ് വിളിച്ച് ഊറ്റംകൊണ്ട ധീരസഖാക്കന്മാരുടെ വികാരവും വിചാരവുമായിരുന്നു ക്യൂബയും ഫിഡല്‍കാസ്‌ട്രോയും. ഭാരതത്തിലെ കോണ്‍ഗ്രസ്സിന്റെ കുടുംബവാഴ്ച്ചപോലെ ഫിഡല്‍കാസ്‌ട്രോ അനുജനായ റൗള്‍ കാസ്‌ട്രോയെ അധികാരത്തില്‍ കൊണ്ടുവരുമ്പോള്‍ കമ്മ്യൂണിസത്തിന്റെ ചുവപ്പ് ഇത്രപെട്ടെന്ന് മാഞ്ഞുപോകുമെന്ന് ആരും കരുതിയിരുന്നില്ല. ബാര്‍ബര്‍ ഷോപ്പു പോലും സ്വകാര്യമേഖലയ്ക്ക് അനുവദിക്കാതിരുന്ന ക്യൂബയില്‍ അമേരിക്കയില്‍ നിന്ന് ആദ്യത്തെ സാമ്രാജ്യത്ത്വ ക്വട്ടേഷന്‍ സംഘം എംബസിയുമായി എത്തിയത് റൗള്‍ കാസ്‌ട്രോയുടെ പരിപൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു. റഷ്യ തകര്‍ന്നതോടെ ആശ്രയിക്കാന്‍ ആരുമില്ലാതെ തളര്‍ന്ന ക്യൂബയ്ക്ക് തുരുമ്പിപഴകിയ റഷ്യന്‍ മിസൈല്‍ വച്ച് ഇനിയും അമേരിക്കയെ വിരട്ടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി ചൈന നടന്ന വഴിയിലൂടെ മുതലാളിത്തത്തിലേക്ക് നടന്നുകയറാന്‍ റൗള്‍ കാസ്‌ട്രോ ചിന്തിച്ചതില്‍ അത്ഭുതമില്ല.

സാമ്രാജ്യത്വ – കോര്‍പ്പറേറ്റിന്റെ കറുത്ത മുഖമെന്ന് കമ്മ്യൂണിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന ഒബാമയും കുടുംബവും ക്യൂബയിലെ വിപ്ലവരാജധാനിയില്‍ വീഞ്ഞും വൈനും കഴിച്ച് ഉല്ലസിക്കുമ്പോള്‍ അവശേഷിക്കുന്ന ചുവപ്പുംകൂടി മായ്ക്കാന്‍ അമേരിക്കന്‍ പതാകയുമായി ക്യൂബക്കാര്‍ വഴിയോരങ്ങളില്‍ നൃത്തമാടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ പ്രതിഷേധങ്ങളും പ്രതിഷേധക്കാരേയും കണ്ടില്ല. ഒരു കാര്യത്തില്‍ കേരളത്തിന് ആശ്വസിക്കാം. ക്യൂബയുടെ മുതലാളിത്ത-സാമ്രാജ്യത്വശക്തികളുമായുള്ള ഒത്തുതീര്‍പ്പിനെ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ എന്തു വ്യാഖ്യാനം നല്‍കി ന്യായീകരിക്കും എന്ന് കണ്ടറിയണം. സാമ്രാജ്യത്വ ശക്തികളുടെ ഇടനിലക്കാരെന്നു ഇടതന്മാര്‍ വിശേഷിപ്പിച്ച കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പുധാരണയുണ്ടാക്കിയ മാര്‍ക്‌സിസ്റ്റുകാര്‍ക്കു ഇതിലും ന്യായം കാണും.
നരേന്ദ്രമോദി ഒബാമയെ ക്ഷണിച്ചതിന് പുലഭ്യം പറഞ്ഞ ഇടതുപക്ഷത്തിന്, ഒബാമയുടെ സന്ദര്‍ശനത്തെതുടര്‍ന്ന് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ടാക്‌സ് 50% വെട്ടിക്കുറച്ചതിനെപറ്റി എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ കേരളീയര്‍ക്ക് താത്പര്യമുണ്ട്. പെറ്റിബൂര്‍ഷ്വാസിക്കു പകരം കേരളത്തിലെ ഇടതുബുദ്ധിജീവികളുടെ പുതിയ കണ്ടെത്തലായിരുന്നു കോര്‍പ്പറേറ്റ് വാദം. ചിന്തകള്‍ക്കിടയില്‍ ചിരി പടര്‍ത്തി ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഒരു മാര്‍ക്‌സിസ്റ്റ് നേതാവ് പ്രതികരിച്ചത് രസകരമായിരുന്നു. ”ലോകം മാറുകയാണ്, അമേരിക്കയും മാറി”. ക്യൂബയുടെ മുന്നില്‍ സൗഹൃദത്തിന് കാത്തുനില്‍ക്കുന്ന അമേരിക്കയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിനെ എന്തുകൊണ്ട് ഉപേക്ഷിക്കണം. മാത്രമല്ല, അമേരിക്കയ്ക്ക് ചൈനയുമായി കൂട്ടുകൂടാമെങ്കില്‍ എന്തുകൊണ്ട് ക്യൂബയ്ക്ക് അമേരിക്കയുമായി സഖ്യമുണ്ടാക്കിക്കൂടാ”. ഇടതുപക്ഷ ചിന്തകന്റെ ക്യൂബന്‍ പ്രത്യയശാസ്ത്രവിശദീകരണം ഡി.വൈ.എഫ്.ഐ. സഖാക്കന്മാര്‍ക്കുപോലും മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളുടെ വിരോധം  നരേന്ദ്രമോദിയോടും സംഘപരിവാറിനോടുമാണല്ലോ. റെഡ് ജിഹാദിന്റെ മറവില്‍ ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്ന രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും പ്രചരണത്തിനും ആശയ ആവിഷ്‌കാരം നല്‍കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലാണ് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനം.
അരിവാളും ചുറ്റികയും ഉപേക്ഷിച്ച് ഒബാമയുടെ കൂടെ കൈവീശി മുതലാളിത്തവഴിയില്‍ നടന്നുനീങ്ങുന്ന ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ കോണ്‍ഗ്രസ്സിന്റെ കൈപ്പത്തിക്കൊപ്പം അണിചേരാന്‍ പുതിയ പ്രത്യയശാസ്ത്രമാനം കണ്ടെത്തുന്നതിന്റെ ആദ്യപാദവിശദീകരണമായിരുന്നു ക്യൂബയെ ഉദാഹരണമാക്കി പറഞ്ഞത്. നവ ലിബറല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ സമ്മാനപ്പെട്ടി പെട്ടന്നു തുറക്കാതെ ക്യൂബയെ മോഹിപ്പിച്ചുകൊണ്ടാണ് ഒബാമ തിരികെ പോയത്. ഞങ്ങളും അമേരിക്കയുടെ പാതയില്‍ എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഒബാമയുടെ കൈപിടിച്ച് സല്യൂട്ട് ചെയ്ത കമ്മ്യൂണിസ്റ്റ് അധിപന്‍ വിമാനത്താവളം വരെ ഒബാമയെ കൊണ്ടുചെന്നാക്കിയെന്നതും ഏറെ ശ്രദ്ധേയമാണ്.  ഒബാമ ക്യൂബയില്‍ എത്തിയ മാര്‍ച്ച് 21-ാം തീയതി വൈകുന്നേരം ഹവാന നഗരത്തില്‍ കനത്ത മഴയായിരുന്നു. കുട ചൂടി മഴയില്‍ കുതിര്‍ന്ന് ഒബാമയും കുടുംബവും ഹവാനയില്‍ ഉലാത്തുമ്പോള്‍ മഴ വെള്ളത്തില്‍ ക്യൂബയുടെ ചുമപ്പ് ഒലിച്ചുപോകുന്നത് മറ്റാരേക്കാളും കൂടുതല്‍ മനസ്സിലാക്കിയത് അദ്ദേഹം തന്നെയായിരുന്നു.  കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ പലതും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്. കമ്മ്യൂണിസം മുതലാളിത്തത്തിനു വഴിമാറി എന്നു പറയാന്‍ കഴിയാതെ മുതലാളിത്തപാതയില്‍ സഞ്ചരിക്കാന്‍  ഭാരതത്തിലെ ഇടതുപക്ഷവും തയ്യാറായി എന്നുള്ളതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പിണറായി വിജയന്റെ കേരളയാത്രയില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മുതലാളിമാരുടെ സംഗമം നടത്താന്‍ പാര്‍ട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് കൗതുകകരമാണ്.

കടപ്പാട് : കേസരി വാരിക

News Feed
Filed in

സാമൂഹ്യപരിവര്‍ത്തനം വര്‍ഷപ്രതിപദയുടെ സന്ദേശം – കെ.പി. രാധാകൃഷ്ണന്‍

RSS സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രഭാഷണം

Related posts