9:00 am - Monday February 26, 2018

Poojaneeya Sarsanghachalakji’s speech full text (Malayalam)

രാഷ്ട്രീയ സ്വയംസേവക സംഘം
പരംപൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശം

Click to download Vijayadashami Speech in PDF format

ഒരു വര്‍ഷത്തിനുശേഷം വിജയദശമിയുടെ പുണ്യാവസരത്തില്‍ നാമെല്ലാം വീണ്ടും ഇവിടെ ഒരുമിച്ചുകൂടിയിരിക്കുകയാണ്. അതേസമയം, ഈ വര്‍ഷം സാമൂഹ്യ സാഹചര്യത്തില്‍ മാറ്റം വന്നതായും നമുക്കനുഭവപ്പെടുന്നുണ്ട്. ഭാരതീയ ശാസ്ത്രജ്ഞന്മാര്‍ പ്രഥമ ഉദ്യമത്തില്‍തന്നെ ചൊവ്വാഗ്രഹപഥത്തില്‍ നിരീക്ഷണപേടകത്തെ അയച്ചുകൊണ്ട് ലോകത്തിന് നമ്മോടുള്ള ആദരവും നമ്മുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ചൊവ്വാദൗത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ക്കും മറ്റെല്ലാ പ്രവര്‍ത്തകര്‍ക്കും നാം ഹൃദയപൂര്‍വ്വം ആയിരമായിരം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. അതുപോലെ തന്നെ ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യാഡില്‍ വിജയം വരിച്ച് ഭരതത്തിന്റെ യശസുയര്‍ത്തിയ കായികതാരങ്ങളെയും ഈയവസരത്തില്‍ അഭിനന്ദിക്കുന്നു. രാജരാജേന്ദ്ര ചോളന്റെ ദ്വിഗ്വിജയിയായ ജീവിതഗാഥയുടെ സഹസ്രാബ്ദിയാണ് ഈ വര്‍ഷം. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഏകാത്മമാനവദര്‍ശനം അവതരിപ്പിച്ചതിന്റെ അമ്പതാം വര്‍ഷം കൂടിയാണിത്. ഭാരതവര്‍ഷത്തിലെ സാമാന്യജനങ്ങള്‍, ലോകത്തെ വികസിതമെന്നു പറയപ്പെടുന്ന രാജ്യങ്ങളിലെ, സമസ്തസുഖഭോഗങ്ങളോടും കൂടിയ വിദ്യാസമ്പന്നരായ ജനങ്ങളേക്കാള്‍ ഉപരിയായല്ലെങ്കിലും അവര്‍ക്കു സമാനമായി നിലകൊണ്ട് അത്യന്തം പരിപക്വമായ ബുദ്ധിയോടെ ദേശത്തിന്റെ ഭാവിയെ നിര്‍മ്മിക്കുന്നതിനുവേണ്ടി ജനാധിപത്യപരമായ തങ്ങളുടെ കര്‍ത്തവ്യങ്ങളെ നിര്‍വ്വഹിക്കുന്നുണ്ട്. ഇത്് മനസ്സിലാക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്ക് ഭാരതത്തിലെ ജനങ്ങളെക്കുറിച്ചുള്ള മതിപ്പ് പ്രകടമായോ പ്രകടമായല്ലാതെയോ വര്‍ദ്ധിച്ചതോടൊപ്പം നമ്മുടെയെല്ലാം മനസ്സുകളിലും ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിച്ചതായി കാണപ്പെടുന്നു. കൂടാതെ ഭാരതത്തിന്റെ പുറംരാജ്യങ്ങളില്‍ ജീവിക്കുന്ന ഭാരതീയരും അത്യന്തം ഉത്സാഹവും പ്രതീക്ഷയും പ്രകടിപ്പിക്കുന്നതു ഭാരതത്തിന്റെ ഭാവി ഗൗരവപൂര്‍ണ്ണവും വൈഭവപൂര്‍ണ്ണവുമായിരിക്കുമെന്നതിന്റെ ശുഭ സൂചനയാണ്.
ലോകത്ത് സുഖത്തിന്റെയും ശാന്തിയുടെയും സമന്വയത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നൂതന വ്യവസ്ഥയുടെ ഉദാഹരണമായി സ്വയം മാറിക്കൊണ്ട് ഭാരതവര്‍ഷത്തെ വിശ്വഗുരുസ്ഥാനത്ത് അവരോധിക്കാനുള്ള മുന്നേറ്റത്തിന്റെ ചെറിയൊരു കാല്‍വെപ്പാണിതെന്ന് മനസ്സിലാക്കി ആ ബോധത്തോടെ നാമെല്ലാം മുന്നോട്ടു നീങ്ങുകയും വേണം. ഇനിയും നമുക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ലക്ഷ്യത്തിലെത്തിച്ചേരാന്‍ ഇനിയും വളരെദൂരം സഞ്ചരിക്കേണ്ടതായിട്ടുണ്ടെന്നും ലോകത്തേയും നമ്മുടെ ദേശത്തേയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാനാകും.
സൃഷ്ടിയില്‍ വ്യാപ്തമായിരിക്കുന്ന സ്വാഭാവികമായ വൈവിധ്യം സ്‌നേഹത്തോടെയും ആദരവോടെയും സ്വീകരിക്കപ്പെടണം. പ്രകൃതിയോടും നമ്മുടെ പരസ്പര വ്യവഹാരത്തിലും സമന്വയം, സഹകരണം, സംവേദനത്വം, സംവാദശീലം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കുക. ആചാരവിചാരങ്ങളിലും ആരാധനാക്രമങ്ങളിലും തങ്ങളുടേതു മാത്രം ശരിയെന്ന തീവ്രവും ഹിംസാത്മകവുമായ നിലപാട് ഉപേക്ഷിക്കപ്പെടണം. ഇതുവഴി അഹിംസയിലും നിയമവ്യവസ്ഥയിലും അധിഷ്ഠിതമായ മധ്യമാര്‍ഗ്ഗം അവലംബിക്കുന്നതിലൂടെ ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സുഖശാന്തിപൂര്‍ണ്ണമായ സുന്ദരജീവിതം നയിക്കാനാകും. അറിയപ്പെടുന്ന ചരിത്രകാലം മുതല്‍ ലോകത്തെല്ലായിടത്തും ഈ സത്യത്തെക്കുറിച്ചുള്ള ബൗദ്ധികാവബോധം നല്‍കി വരുന്നുണ്ട്. എങ്കിലും നിത്യവും പ്രഭാഷണങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും കേട്ടുകൊണ്ടിരിക്കുന്ന ഉന്നതവും ഉദാത്തവും സുഖകരവും ഹിതകരവുമായ ഈ തത്ത്വങ്ങള്‍ നിത്യജീവിതത്തില്‍ ആചരിക്കപ്പെടുന്നില്ല. വ്യക്തികള്‍ മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര വ്യവഹാരത്തില്‍വരെ തത്ത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം, അഹങ്കാരം, സ്വാര്‍ത്ഥം, തീവ്രമായ സങ്കുചിതത്വം മുതലായവയുടെ സ്വാധീനമാണ് കാണുന്നത്. ആധുനിക ജനസമൂഹം, ശാസ്ത്രജ്ഞാനം, സാങ്കേതികവിജ്ഞാനം, സുഖസൗകര്യങ്ങള്‍ എന്നീ കാര്യങ്ങളില്‍ പണ്ടത്തെയപേക്ഷിച്ച് വളരെയധികം മുന്നോട്ടുപോയി. ലോകജനതയുടെ ദുഃഖങ്ങളും കഷ്ടപ്പാടുകളും യാതനകളുമെല്ലാം അകറ്റാനായി കഴിഞ്ഞ രണ്ടു സഹസ്രാബ്ദകാലമായി പല തരത്തിലുള്ള സംരംഭങ്ങള്‍ നടന്നുവെങ്കിലും ആ സമസ്യകളെല്ലാം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതോടൊപ്പം മനുഷ്യന്‍ നേടിയതായി പറയുന്ന പുരോഗതിയുടെ ഫലമായി അപരിഹാര്യമായ പുതിയ സമസ്യകള്‍ വേറെയും ഉടലെടുത്തിട്ടുമുണ്ട്.
ഓരോ ദിവസം കഴിയുമ്പോഴും പരിസ്ഥിതി കൂടുതല്‍ വിനാശത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതിന്റെ കാരണമിതാണ്. ലോകത്തെമ്പാടും കഴിഞ്ഞ കുറെ ദശകങ്ങളായി പരിസ്ഥിതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുവെങ്കിലും പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനം കാരണം ദിനംതോറും നൂതനവും വിചിത്രവുമായ വിപത്തുകളെ നമുക്ക് നേരിടേണ്ടിവരുന്നു. ലോകരാഷ്ട്രങ്ങള്‍ ഇപ്പോഴത്തെ വികസനമാതൃക പുനര്‍വിചിന്തനം നടത്തുന്നു. വമ്പന്‍ ബഹുരാഷ്ട്രകമ്പനികളുടെ നയപരമായ സമീപനങ്ങളില്‍ പോലും മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ തികച്ചും ഉപരിപ്ലവമായ ചില പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചതൊഴികെ അവരുടെ ചിന്തയില്‍ അടിസ്ഥാനപരമായ ഒരു മാറ്റവുമുണ്ടായിട്ടില്ല. അവരുടെ എല്ലാ നടപടികള്‍ക്കും പിന്നില്‍ സ്വാര്‍ത്ഥപരവും പഴഞ്ചനും കേവലം ജഡികവുമായ, ഉപഭോഗ ചിന്താധാര പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിക്കുന്നതായി കാണുന്നു.
സാമൂഹികവും ഏകപക്ഷീയവുമായ ഇത്തരം സ്വാര്‍ത്ഥങ്ങളാണ് ചൂഷണത്തിനും കീഴടക്കലിനും ഹിംസക്കും ഭീകരവാദത്തിനും ജന്മം നല്‍കുന്നത്. ഈ സ്വാര്‍ത്ഥങ്ങള്‍ കാരണം പാശ്ചാത്യനാടുകള്‍ മധ്യപൂര്‍വ്വ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ(കടകട)യുടെ രൂപത്തില്‍ ലോകത്തെയാകമാനം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഭീകരവാദത്തിന്റെ പുതിയ അവതാരം അത് രൂപം കൊണ്ടിരിക്കുന്നത്. എല്ലാ ലോകരാഷ്ട്രങ്ങളും മത സമൂഹങ്ങളും ഈ വിപത്തിനെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള മാനസികാവസ്ഥയിലാണുള്ളത്. ഇത് പ്രായോഗികമാവുകയും ചെയ്യും. പക്ഷെ, ഏകപക്ഷീയമായ നടപടികളുടേയും ഭോഗലാലസതയിലധിഷ്ഠിതമായ സ്വാര്‍ത്ഥങ്ങളുടെയും പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തന ചക്രത്തില്‍ നിന്നുമാണ് ഭീകരവാദം ജന്മമെടുക്കുന്നതത്. വിവിധ വേഷങ്ങളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നതും, കാലങ്ങളായി ലോകത്ത് നിലനില്‍ക്കുന്നതുമായ ഭീകരവാദ പരമ്പരയെ വേരോടെ പിഴുതെറിയുവാന്‍ അതിന് ജന്മം നല്‍കുന്ന ആ ചക്രത്തെ അടിയോടെ ഇല്ലാതാക്കേണ്ടിയിരിക്കുന്നു.
ഇപ്രകാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം അവര്‍ക്കുള്ളിലുള്ള സ്വാര്‍ത്ഥം, ഭയം, ശുദ്ധഭൗതിക ജഡവാദം എന്നിവയെ പൂര്‍ണ്ണമായും അകറ്റിനിര്‍ത്തണം. കൂടാതെ ഒറ്റക്കെട്ടായി എല്ലാവരുടെയും സുഖത്തെക്കുറിച്ചു ചിന്തിക്കുന്ന ഏകാത്മകവും സമഗ്രവുമായ കാഴ്ചപ്പാട് സ്വീകരിക്കേണ്ടിവരും. ആഗോളീകരണത്തിന്റെ പേരില്‍ സാമ്പത്തികമായ സ്വാര്‍ത്ഥങ്ങളെ മുമ്പോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരും പരസ്പര ശാന്തി പ്രസ്താവനയുടെ മറവില്‍ തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും നിരായുധീകരണത്തിന്റെ പേരില്‍ മറ്റു രാജ്യങ്ങളെ തങ്ങളെയപേക്ഷിച്ച് എപ്പോഴും ബലഹീനരാക്കി നിലനിര്‍ത്താന്‍വേണ്ടി ശ്രമിക്കുന്നവരും ഒന്നും തന്നെ സുഖസുന്ദരലോകം എന്ന സങ്കല്‍പത്തെ ഒരിക്കലും യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുകയോ യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കുകയോ ചെയ്യില്ല.
കഴിഞ്ഞ ഒരു സഹസ്രാബ്ദ കാലത്തെ ലോകചരിത്രത്തില്‍ സത്യത്തിന്റെയും അഹിംസയുടെയും അടിസ്ഥാനത്തില്‍ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഏക ഉദാഹരണം ഭാരതത്തിന്റേതു മാത്രമാണ്. അതിപ്രാചീനകാലംതൊട്ട് ഈ നിമിഷംവരെ ഹിമാലയ ഗിരിനിരകള്‍ മുതല്‍ ഹിന്ദുസമുദ്രംവരെ പരന്നു കിടക്കുന്ന ഭൂപ്രദേശത്ത് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന സനാതനവും അന്യൂനവുമായ, ഹിന്ദുത്വമെന്ന പേരില്‍ അറിയപ്പെടുന്ന ചിന്താപ്രവാഹത്തിനൊരു സവിശേഷതയുണ്ട്. ഭാഷ, ഭൂപ്രദേശം, ആരാധനാസമ്പ്രദായം, ജാതി-ഉപജാതി,ഭക്ഷണരീതി, നാട്ടുനടപ്പ് തുടങ്ങിയ സ്വാഭാവികമായ എല്ലാ വൈവിധ്യങ്ങളേയും അത് ആദരപൂര്‍വ്വം സ്വീകരിക്കുകയും ഒരുമിച്ചു ചേര്‍ക്കുകയും ചെയ്തുകൊണ്ട് ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതാണത്. ഇവിടെ ആര്‍ക്കും തന്റെ ജീവിതസത്യത്തെക്കുറിച്ച് അന്വേഷിക്കാനും അനുഭവിക്കാനും നിഗമനത്തിലെത്താനും പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്. ഇവിടെയാരും വിശ്വാസപരമായ ഭിന്നതയെച്ചൊല്ലി വിവാദമുയര്‍ത്തിവിടുകയോ വിഗ്രഹഭഞ്ജനശ്രമങ്ങള്‍ നടത്തുകയോ ചെയ്യാറില്ല. മാത്രമല്ല, ഏതെങ്കിലും മതഗ്രന്ഥതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസത്തിന്റേയോ വിശ്വാസാസ്പദമായ കാര്യങ്ങളുടെയോ സാധുത തീരുമാനിക്കുന്ന സമ്പ്രദായവും ഈ പാരമ്പര്യത്തിലില്ല. ബൗദ്ധികതലത്തില്‍ മതതത്വങ്ങളെക്കുറിച്ച് സ്വതന്ത്രവും പണ്ഡിതോചിതവുമായ ചര്‍ച്ചകള്‍ നടത്തുമ്പോഴും വ്യാവഹാരികതലത്തില്‍ വിശ്വാസസ്വാതന്ത്ര്യത്തെ ആദരിച്ചുകൊണ്ട് സമന്വയത്തോടും സാമഞ്ജസ്യത്തോടും കൂടി ജീവിക്കുന്നു എന്നത് ഹിന്ദു സംസ്‌കാരത്തിന്റെ ലക്ഷണമാണ്. പ്രാചീനകാലം തൊട്ട് ”വസുധൈവ കുടുംബകം” എന്ന ആത്മീയമായ കാഴ്ചപ്പാട് സ്വീകരിച്ച് ഇവിടെ നിന്നും ഋഷി മുനിമാരും ഭിക്ഷുക്കളും ശ്രവണന്മാരും, ആത്മീയാചാര്യന്മാരും പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും മെക്‌സികോ മുതല്‍ സൈബീരിയവരെ പരന്നുകിടക്കുന്ന ഭൂപ്രദേശങ്ങളിലെത്തി. ഒരു സാമ്രാജ്യവും വെട്ടിപ്പിടിക്കാതെ, ഒരിടത്തേയും വ്യത്യസ്തമായ ജീവിതരീതിയേയോ ആരാധനക്രമത്തേയോ രാഷ്ട്രീയ സാംസ്‌കാരിക പ്രവാഹത്തേയോ നശിപ്പിക്കാതെ, സ്‌നേഹപൂര്‍വ്വം അവരവിടെ ക്ഷേമകരവും സൃഷ്ടിന്മുഖവുമായ ആത്മീയ ഭാവനയെ പ്രതിഷ്ഠിച്ചു. അവിടത്തെ ജീവിതത്തെ കൂടുതല്‍ ഉന്നതവും ജ്ഞാനപൂര്‍ണവും സമ്പന്നവുമാക്കിത്തീര്‍ത്തു. ആധുനിക കാലത്തും നമ്മുടെ ജഗദ്‌വന്ദ്യരായ വിഭൂതികള്‍ തൊട്ട് സാധാരണക്കാരായ പ്രവാസി ഭാരതീയര്‍വരെയുള്ളവരുടെ പെരുമാറ്റവും ഇതേ തരത്തിലുള്ളതാണെന്ന് പ്രകീര്‍ത്തിക്കപ്പെടുന്നു. ലോകത്തെമ്പാടുമുള്ള ചിന്തകര്‍ക്കും ജനസമൂഹങ്ങള്‍ക്കും ഭാരതത്തിന്റെ ഭാവിയില്‍ തങ്ങളുടെയും ലോകത്തിന്റെ തന്നെയും സുഖകരമായ ആഗ്രഹങ്ങള്‍ ദര്‍ശിക്കാനാകുന്നു.
മാറിടത്തിലെ നിണമൂറ്റിയായിരം
ഹൃത്തടങ്ങളെ ജയിക്കാന്‍ നിശ്ചയം
ദാഹിക്കുന്ന കുഞ്ഞിനെയല്ലേ പോറ്റി, ഞാന്‍
ഭൂവിഭാഗത്തെയല്ല….
ഇതാണ് ലോകത്തിന് നമ്മില്‍നിന്നുമുണ്ടായ അനുഭവം. അതുകൊണ്ട് തന്നെ ലോകത്തിന് നമ്മില്‍നിന്ന് പ്രതീക്ഷകളേറയുണ്ട്. ഒരു രാഷ്ട്രമെന്ന നിലക്ക് ഭാരതത്തിന്റെ സനാതനമായ അസ്തിത്വം കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് പ്രാചീന ഋഷിമുനിമാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
ഏതദ്ദേശപ്രസൂതസ്യ സകാശാദഗ്രജന്മനഃ
സ്വം സ്വം ചരിത്രം ശിക്ഷേരന്‍ പൃഥിവ്യാം സര്‍വമാനവാഃ
അതുകൊണ്ട് വിജയദശമിയുടെ ഈ പുണ്യസുദിനത്തില്‍ നമ്മുടെ മുമ്പില്‍ വിജയത്തിന്റെ പുതിയ ചക്രവാളം സ്പഷ്ടമായി കാണാനാകുന്നു. സമ്പൂര്‍ണലോകത്തിനും വഴികാട്ടിയാകാന്‍ പോന്ന തരത്തില്‍ ഭാരതത്തിന്റെ ജീവിതം കരുപ്പിടിപ്പിക്കണം. ദേശ-കാല-പരിസ്ഥിതികള്‍ക്ക് അനുഗുണമായ, സമസ്ത ലോകത്തെയും ഏകാത്മകവും ഭേദരഹിതവും സ്വാര്‍ത്ഥരഹിതവുമായ ദൃഷ്ടിയോടെ നോക്കുന്ന സര്‍വ്വസിദ്ധികളോടുകൂടിയതും സര്‍വ്വാംഗസുന്ദരവുമായ പുതിയ ഭാരതത്തെ സൃഷ്ടിക്കണം. സൃഷ്ടിയിലെ എല്ലാ വിവിധതകളെയും സ്വീകരിച്ച് സമന്വയത്തോടെ മുന്നോട്ടു നീങ്ങുന്നതില്‍ നാം ഒരു മാതൃകയായിത്തീരണം. സമ്പന്നവും നീതിപൂര്‍ണ്ണവുമായി കരുണ, സേവ, പരോപകാരം, നിര്‍ഭയത എന്നിവയിലൂന്നി അജയ്യ സാമര്‍ത്ഥ്യത്തോടെ വികാസമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ – എല്ലായിടത്തും നന്മയെയും ക്ഷേമത്തേയും സൃഷ്ടിക്കുന്ന ഭാരതത്തെയാണ് നമുക്ക് നിര്‍മ്മിക്കാനുള്ളത്. എന്റെ ഭാരതത്തിന്റെ സല്‍പുത്രന്മാരെന്ന നിലക്കാണ് ലോകത്തെമ്പാടുമുള്ള രാജ്യങ്ങളില്‍ ചെന്നു വസിക്കുന്ന ഭാരതീയര്‍ അതതു രാജ്യങ്ങളില്‍ മാന്യതയുടെയും സ്വഭാവശുദ്ധിയുടെയും ഉദാഹരണം കാഴ്ചവെക്കുന്നത്.
അടുത്തയിടെ ചില ആകാംക്ഷകളും പ്രതീക്ഷകളും മനസ്സില്‍വെച്ചുകൊണ്ട് സമാജം നമ്മുടെ ഭരണസംവിധാനത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നു. ഈ പരിവര്‍ത്തനം നടന്നിട്ട് ആറു മാസംപോലും തികഞ്ഞിട്ടില്ല. എന്നിട്ടും സമയാസമയം കിട്ടുന്ന സൂചനകളില്‍നിന്നും ഭാരതത്തിന്റെ ഉത്ഥാനത്തിന്റെയും ഭാരതജനതയുടെ സുരക്ഷിതത്വത്തിന്റെയും സര്‍വാംഗീണമായ ജീവിതാരോഹണത്തിന്റെയും പ്രതിഫലനം സര്‍ക്കാരിന്റെയും ഭരണസംവിധാനത്തിന്റെയും നയങ്ങളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികവും സുരക്ഷാസംബന്ധിയുമായ കാര്യങ്ങളില്‍ വിഷയങ്ങളിലും ദേശഹിതത്തിനനുഗുണമായി നയപരമായ മാറ്റങ്ങള്‍ വരുത്തിയത് പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടുണ്ട്. വരുംദിനങ്ങളില്‍ ഇതേ ദിശയില്‍ ശരിയായ വഴിക്ക് ദേശത്തിന്റെ നയങ്ങള്‍ സുനിശ്ചിതവും സുവ്യവസ്ഥിതവുമായ രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകണം. നാം വിശ്വാസത്തോടെയും പ്രതീക്ഷയോടെയും കുറച്ചുകാലം കാത്തിരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ദേശത്തിന്റെ വിഭിന്ന ഭാഗങ്ങളില്‍ വിശേഷിച്ചും ജമ്മു-കാശ്മീരില്‍ ഉണ്ടായ വെള്ളപ്പൊക്കം കാരണം വലിയതോതില്‍ ജീവനും സ്വത്തിനും നാശം സംഭവിച്ചിട്ടുണ്ട് . ഈ അത്യാഹിതങ്ങളില്‍ ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കും സദ്ഗതിക്കുംവേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അവരുടെ കുടുബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. തികച്ചും അപ്രതീക്ഷിതമായുണ്ടായ ഈ വിപല്‍സ്ഥിതിയെ നേരിടാന്‍ ഉദാരമനസ്ഥിതിയോടെ എല്ലാ തരത്തിലുമുള്ള സഹായസഹകരണങ്ങള്‍ നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രശംസനീയമാണ്. എപ്പോഴുമുള്ളപോലെ മറ്റനേകം സാമൂഹിക സംഘടനകള്‍ക്കൊപ്പം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും സേവാഭാരതിയുടേയും പ്രവര്‍ത്തകരും വളരെ പെട്ടെന്ന് ദുരിതാശ്വാസ പദ്ധതികള്‍ ആരംഭിക്കുകയുണ്ടായി. വരുംദിവസങ്ങളിലും ചെയ്യേണ്ടതായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തരം വിഷമാവസരങ്ങളില്‍ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഉയര്‍ന്ന് സഹായമെത്തിക്കുന്നതില്‍ കാണിക്കുന്ന താല്‍പര്യം ഭാരതീയ സമൂഹത്തിന്റെ സഹജമായ സഹാനുഭൂതിയെയും ദേശീയൈക്യത്തെയും പ്രകടമാക്കുന്നു.
എന്നാല്‍ ഇപ്പോഴത്തെ പരിതസ്ഥിതിയും പ്രതലയാഥാര്‍ത്ഥ്യവും അത്യന്തം ഗുരുതരവും സങ്കീര്‍ണ്ണവുമാണ്. രാഷ്ട്രത്തിന്റെ ഭാവി കേവലം ഭരണകൂടത്തിന്റെയോ രാജനീതിയുടേയോ കൈകളില്‍ ഏല്‍പ്പിക്കുന്നതുകൊണ്ടായില്ല. ലോകത്തുള്ള എല്ലാ നിയമസംവിധാനങ്ങളും ഖണ്ഡിതവും അപൂര്‍ണവുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഉള്ളവയാണ്. നമ്മുടെ ഭരണസംവിധാനത്തിലും നയങ്ങളിലും സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നോളം ഈ സ്വാധീനം കാണാം. ഒരു രാഷ്ട്രമായി നിലനില്‍ക്കാന്‍ സമാജത്തില്‍ അനിവാര്യമായി ഉണ്ടാകേണ്ട വിശ്വാസ്യത, സമന്വയാത്മക ആത്മീയത, ഉദ്യമശീലം, ആദര്‍ശവാദം, സാംസ്‌കാരിക പ്രതിബദ്ധത എന്നീ സത്ഗുണങ്ങള്‍ ക്ഷീണിച്ചുകൊണ്ടിരിക്കുന്നു. സങ്കുചിത സ്വാര്‍ത്ഥതാല്‍പര്യത്തിനുവേണ്ടി ഈ പോരായ്മകളെ ഊതിവീര്‍പ്പിച്ച്, ഭിന്നിപ്പിച്ച് ലഹളകളുണ്ടാക്കി ആ തീയില്‍ നിന്നും ഭക്ഷണം വേവിക്കുന്ന ദേശീയവും വൈദേശീയവുമായ ശക്തികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവര്‍ അവരുടെ ശ്രമം തുടരുകയാണ്. അതുകൊണ്ട് ദേശത്തിന്റെ ഭരണസംവിധാനം കയ്യാളുന്ന എല്ലാവരും ജാഗ്രതയോടെ സുസജ്ജരായി നിലകൊള്ളേണ്ടതുണ്ട്. ഇപ്പോള്‍ നിലവിലുള്ള വികസനപാതയുടെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് കാലാനുസൃതമായ പുതിയപാത വെട്ടിത്തെളിക്കേണ്ടതുണ്ട്. ഏകാത്മകവും സമഗ്രവുമായ കാഴ്ചപ്പാടിന്റെ അഭാവത്തില്‍ വന്നു ചേര്‍ന്ന ന്യൂനതകളെ മറികടന്ന് സ്വന്തം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പുതിയൊരു മാര്‍ഗ്ഗം അവലംബിക്കേണ്ടതുണ്ട്. വിവേകാനന്ദസ്വാമികള്‍, അരവിന്ദമഹര്‍ഷി, രവീന്ദ്രനാഥ ടാഗോര്‍, ലോകമാന്യ തിലകന്‍ തുടങ്ങി മഹാത്മാഗാന്ധി, സുഭാഷ്ചന്ദ്ര ബോസ്, സ്വാതന്ത്ര്യവീരസാവര്‍ക്കര്‍, ഡോ. ബാബാസാഹിബ് അംബേദ്ക്കര്‍, പൂജനീയ വിനോഭാഭാവേ, സംഘത്തിന്റെ ദ്വിതീയ സര്‍സംഘചാലക് ശ്രീ ഗുരുജി (മാധവ് സദാശിവ ഗോള്‍വല്‍ക്കര്‍), ശ്രീ റാം മനോഹര്‍ ലോഹ്യ, ശ്രീ ജയപ്രകാശ് നാരായണ്‍, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ വരെ മഹാപുരുഷന്മാര്‍ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ വിദ്യാഭ്യാസം, സംസ്‌കാരം, സാമ്പത്തികനീതി, രാജനീതി, സുരക്ഷാനീതി മുതലായ വിഷയങ്ങളെകുറിച്ച് ഗഹനവും സമഗ്രവും അടിസ്ഥാനപരവുമായ ചിന്തകളെ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തു. അനുഭവത്തിന്റെ വെളിച്ചത്തില്‍ കാലാനുസൃതമായ പുതിയ വികാസപാത ദേശത്തിന്റെ സംവിധാനത്തില്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്ന വ്യക്തിയുടെ ജീവിത സാഹചര്യം തന്നെയായിരിക്കും ദേശത്തിന്റെ വികാസം നിര്‍ണ്ണയിക്കുന്ന ഉരക്കല്ല്. കൂടാതെ സ്വയം പര്യാപ്തത ദേശത്തിന്റെ സുരക്ഷയ്ക്കും, സമൃദ്ധിയ്ക്കും അനിവാര്യമായ ഘടകമാണെന്നത് ഓര്‍ത്തുകൊണ്ടുവേണം നാം മുന്നോട്ടു നീങ്ങുവാന്‍. വ്യത്യസ്തമായ വീക്ഷണത്തോടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും, ആ ചിന്തയുടെ അടിസ്ഥാനത്തില്‍ ലോകത്തിന്റെ മുന്‍പന്തിയില്‍നിന്ന് നൂറ്റാണ്ടുകളോളം ലോകത്തിന് നേതൃത്വം നല്‍കിപോരുകയും ചെയ്ത ദേശമാണ് നമ്മുടേത് എന്ന വസ്തുത നിരന്തരം ഓര്‍ത്തുകൊണ്ടുവേണം നാം പ്രവര്‍ത്തിക്കാന്‍. സമ്പൂര്‍ണ ലോകത്തിനും ക്ഷേമം ഉറപ്പുവരുത്താനുള്ള ക്ഷമത ഭാരതത്തിന് മാത്രമേയുള്ളൂ. അതിന്റെ കാലാനുസൃതമായ ആവിഷ്‌ക്കാരം നമ്മുടെ നയങ്ങളില്‍ പ്രകടമാകേണ്ടിവരും.
ഇത്തരം നയങ്ങള്‍ നടപ്പാക്കിക്കൊണ്ട്, ദേശത്തെ ഏതുരൂപത്തില്‍ നിന്നും മാറ്റിയെടുക്കാമെന്ന ആഗ്രഹമാണോ പ്രതീക്ഷയാണോ നമ്മുടെ ഭരണഘടനയിലൂടെ പ്രകടമാകുന്നത്, ആ ദിശയില്‍ തന്നെ ദേശത്തെ നയിക്കാനാവും എന്ന ചിന്തയോടെ ആത്മവിശ്വാസത്തോടെ ഭരണകൂടം അതിന്റെ പ്രവര്‍ത്തനം തുടരണം. അതിനാവശ്യമായ സമയം നാം അവര്‍ക്ക് അനുവദിക്കുകയും വേണം.

അതേസമയം സമൂഹത്തിന്റെ സഹകരണം കൂടാതെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനംകൊണ്ട് മാത്രം ജീവിതപരിവര്‍ത്തനം സാധ്യമല്ല. ഇതാണ് ലോകത്തെ എല്ലാ വികസിത രാജ്യങ്ങളുടേയും വികാസചരിത്രം കാണിക്കുന്നത്. അതുകൊണ്ട് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിലും പ്രശ്‌നനിര്‍ദ്ധാരണത്തിലും വ്യാപൃതരായ വ്യക്തികളും സംഘടനകളും ഒപ്പം സമാജവും അവരുടെ കര്‍ത്തവ്യം മനസ്സിലാക്കി സക്രിയവും സന്നദ്ധവുമായിരിക്കണം. സക്രിയത, സന്നദ്ധത, സമൂഹത്തിന്റെ രാഷ്ട്രഹിത ബോധം എന്നിവയിലൂടെ മാത്രമേ ജനാധിപത്യത്തില്‍ നയങ്ങള്‍ നടപ്പാക്കാനുള്ള സഹകരണം സര്‍ക്കാരിനും ഭരണസംവിധാനത്തിനും ലഭിക്കുകയുള്ളൂ. അധികാര രാഷ്ട്രീയത്തിന്റെ ഫലമായി രാജ്യം വഴിതെറ്റിപ്പോകാനുള്ള സാധ്യതയും ഇതുമൂലം ഇല്ലാതാകുന്നു.
ജനങ്ങളെ പ്രബുദ്ധരാക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സംഘടനാപരമായ സ്വാര്‍ത്ഥങ്ങള്‍ക്ക് അതീതമായും രാഷ്ട്രഹിതം മുന്‍നിര്‍ത്തിയും വേണം നിര്‍വ്വഹിക്കാന്‍. ഭരണകൂടവുമായും ഭരണസംവിധാനവുമായുമുള്ള സംവാദം ശീലമാവുകയും അതു തുടരുകയും, ഭരണം കൊണ്ടുള്ള ഗുണം അവസാനത്തെ വ്യക്തിയില്‍ വരെ എത്തുന്നുണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച വിവരം സര്‍ക്കാരില്‍ എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുക എന്ന അനിവാര്യമായ പ്രക്രിയ ഒരു ജനാധിപത്യ രാജ്യത്തില്‍ എപ്പോഴും നടന്നുകൊണ്ടിരിക്കണം.
ദേശത്തിന്റെ പുരോഗതിയുടെ കാര്യത്തില്‍ മേല്‍പറഞ്ഞ സഹകരണത്തിന്റെ ആവശ്യകതയെ കുറിച്ച് ഇപ്പോഴത്തെ ഗുരുതരവും സങ്കീര്‍ണ്ണവുമായ പരിതസ്ഥിതി കാണുമ്പോള്‍ മനസ്സിലാകും. ദേശത്തിന്റെ ദക്ഷിണ ഭാഗത്തുള്ള കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന ജിഹാദി ഗതിവിഗതികള്‍ ഉല്‍ക്കണ്ഠയുണ്ടാക്കുന്നവിധം വര്‍ദ്ധിച്ചതായി കാണുന്നു. ഇത്തരം ഗതിവിഗതികളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ കൈകൊള്ളുന്നതായി കാണുന്നില്ല. ദക്ഷിണ കടല്‍തീരത്തുള്ള പൂഴിയില്‍ അടങ്ങിയിട്ടുള്ള അസംസ്‌കൃതവസ്തുക്കള്‍ (ധാതുമണല്‍) (ഞമൃല ഋമൃവേ) അനധികൃതമായി കടത്തിക്കൊണ്ടുപോകുന്ന കാര്യത്തില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല. പശ്ചിമബംഗാളിലും അസാമിലും നുഴഞ്ഞു കയറ്റംകൊണ്ടും മറ്റും ജനസംഖ്യയില്‍ ഉണ്ടായിട്ടുള്ള അസന്തുലിതാവസ്ഥയുടേയും മതമൗലികവാദത്തിന്റേയും മുന്നില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുട്ടുമടക്കുന്ന ഭരണകര്‍ത്താക്കളുടെ വികല നയം കാരണം അവിടുത്തെ ഹിന്ദുക്കളുടെ ജീവിതം, നിയമവ്യവസ്ഥ, ദേശസുരക്ഷ എന്നിവ അപകടകരമായ അവസ്ഥയിലാണ്. രാജ്യത്തുടനീളം ദേശത്തിന്റെ ആന്തരിക സുരക്ഷയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്ന ജിഹാദി, നക്‌സല്‍ ഭീകരവാദത്തേയും അവരെ പരിപോഷിപ്പിക്കുന്ന ശക്തികളേയും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും സഹകരിച്ച് ഫലപ്രദമായ എന്തെങ്കിലും ഒരു പദ്ധതി ആവിഷ്‌കരിച്ചതായി കാണുന്നില്ല. അതേ സമയം ഈ വിഷയത്തില്‍ സമാജത്തിനും തനതായ പങ്ക് നിര്‍വ്വഹിക്കാനുണ്ട്. ഈ പ്രശ്‌നങ്ങളെക്കുറിച്ച് സമാജം കൂടുതല്‍ ഉണര്‍ന്ന് ചിന്തിക്കേണ്ടത് ആവശ്യമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരുവശത്തേക്കും നടക്കുന്ന വിവിധതരം കള്ളക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ സമാജത്തില്‍ നിന്നുതന്നെയുള്ളവരാണ്. അനുവാദം കൂടാതെ ഇവിടേക്ക് നുഴഞ്ഞുകയറി രാജ്യത്തുടനീളം വ്യാപിക്കുന്ന വിദേശികള്‍ക്ക് ജീവിതവൃത്തിയും ആശ്രയവും നല്‍കുന്നത് നമ്മുടെ സമാജത്തിലെ സാധാരണ ജനങ്ങള്‍ തന്നെയാണ്. ഒരു വശത്ത് ചൂഷണവും മറുവശത്ത് വികസനത്തിന്റെ അഭാവവും കാരണം നക്‌സല്‍ ഭീകരര്‍ക്ക്, ശത്രുവിന്റെ പീരങ്കിക്കിയിരയാകാന്‍ മാത്രം വിധിക്കപ്പെട്ടിട്ടുള്ള ഭടന്മാരെ (ഇമിിീി എീററലൃ) ലഭിക്കുന്നു. ചൂഷണം അവസാനിപ്പിക്കാനും വികസനനേട്ടമുണ്ടാക്കാനും ഭരണസംവിധാനം, ചുറുചുറുക്ക്, സുതാര്യത, സംവേദനാശീലം, നിയമബദ്ധത എന്നിവ അനിവാര്യമാണ്. ഈ വിഷയങ്ങളിലെല്ലാം തന്നെ സമാജത്തിന്റെ സക്രിയമായ സഹകരണവും വികസനനേട്ടങ്ങള്‍ സമാജത്തിലെ നിര്‍ദ്ധന വ്യക്തികളിലേക്ക് എത്തിക്കാന്‍ വിവിധ തരത്തിലുളള സേവാപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ഭരണകൂടത്തിന്റെ നയങ്ങള്‍ ദേശത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ പോന്നതു തന്നെയായിരിക്കണം. അതോടൊപ്പം സമാജത്തിന്റെ ഉദ്യമശീലം വളരണം. വിലക്കുറവില്‍ കിട്ടുന്നു എന്ന കാരണത്താല്‍ വിദേശത്തുനിന്നുകൊണ്ടുവന്ന നിത്യോപയോഗ സാധനങ്ങള്‍- ഈശ്വരവിഗ്രഹങ്ങള്‍പോലും- വാങ്ങുന്ന ശീലം നമ്മുടെ ജനങ്ങള്‍ ഉപേക്ഷിക്കുകയും വേണം. കൂടാതെ സ്വദേശിശീലം വളര്‍ത്തേണ്ടതും അനിവാര്യമാണ്. ദേശസുരക്ഷ നിര്‍ണയിക്കുന്നതില്‍ ഭരണകൂടത്തിന്റെ സന്നദ്ധത, ശക്തമായ നയങ്ങള്‍, സേനയുടെ പൂര്‍ണമായ തയ്യാറെടുപ്പ്, പരാക്രമം എന്നിവയോടൊപ്പം സമാജത്തിന്റെ ജാഗരൂകത, വ്യക്തിപരമായ സ്വഭാവശുദ്ധി, ദേശഭക്തി എന്നിവക്കും പങ്കുണ്ട്. സമൂഹത്തില്‍ നടക്കുന്ന സംവാദങ്ങള്‍ ഭരണകൂടത്തിന്റേയും സേനയുടേയും ബലം വര്‍ദ്ധിപ്പിക്കാന്‍ പോന്ന തരത്തിലുള്ളതായിരിക്കണം. സേനയില്‍ സൈനികരുടേയും സൈനികഅധികാരികളുടേയും എണ്ണത്തില്‍ വരുന്ന കുറവ് നികത്തുന്ന കാര്യം നിര്‍വ്വഹിക്കാന്‍ യുവാക്കള്‍ സന്നദ്ധരാകണം. സാധാരണക്കാരായ ജനങ്ങളുടെ കണ്ണും കാതും സമാജത്തില്‍ നടക്കുന്ന ഗതിവിഗതികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും ആവശ്യമാണ്. ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാംസക്കയറ്റുമതിയും – പ്രത്യേകിച്ച് ഗോമാംസം – അനധികൃത പശുക്കടത്തും ഉടനെ തന്നെ അവസാനിപ്പിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
ഈ കാഴ്ചപ്പാടില്‍ നോക്കിയാല്‍ സമാജത്തിന്റെ സ്ഥിതിയോര്‍ത്ത് നമുക്ക് ആശ്വസിക്കാന്‍ വകയുണ്ടോ? നമ്മുടെ യുവാക്കള്‍ക്ക് ഈ വിഷയത്തില്‍ വേണ്ടത്ര ശിക്ഷണം വീട്ടില്‍ നിലനില്‍ക്കുന്ന സംസ്‌കാരത്തില്‍ നിന്ന് ലഭിക്കുന്നുണ്ടോ? ഇത്തരം സംസ്‌കാരങ്ങള്‍ വളര്‍ത്താന്‍ ആവശ്യമായ പ്രത്യക്ഷ ഉദാഹരണങ്ങള്‍ നാം അവരുടെ മുമ്പില്‍ വെക്കാറുണ്ടോ? കുടുംബങ്ങളില്‍ നിന്ന് കൈവരേണ്ട ആത്മീയഭാവത്തിന്റേയും സംവാദനാശീലത്തിന്റേയും സംസ്‌കാരത്തിന്റെയും കുറവ് പുതിയ തലമുറയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ തോതില്‍ നിന്നും മനസ്സിലാകാം. ”മാതൃവത് പരദാരേഷു, പരദ്രവ്യേഷു ലോഷ്ഠവത്, ആത്മവത് സര്‍വഭൂതേഷു”- ഇതാണ് നമ്മുടെ പാരമ്പര്യത്തിലെ മുഖ്യ സംസ്‌കാരം. ഈ സംസ്‌കാരം നശിച്ചതു കാരണമാണ് ദുര്‍ഗുണങ്ങള്‍, ധാര്‍ഷ്ട്യം എന്നിവ വര്‍ദ്ധിക്കുന്നത്. ഇവയെ നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. സാമാജിക അന്തരീക്ഷത്തില്‍ സാംസ്‌കാരികബോധം വളര്‍ത്തേണ്ടതും, അത്രതന്നെ അനിവാര്യമാണ്. ആചാരവിചാരങ്ങള്‍ ഉണ്ടാവണം.
സാമൂഹ്യാന്തരീക്ഷം മാറ്റിയെടുക്കുന്നതില്‍ സര്‍ക്കാരിനും പങ്കുണ്ടെന്നകാര്യം എല്ലാവര്‍ക്കുമറിയാം. വിദ്യാഭ്യാസം സാര്‍വ്വത്രികവും സംസ്‌കാരക്ഷമവും ആക്കിത്തീര്‍ക്കാനുള്ള വ്യവസ്ഥയുണ്ടാകണം. ജീവിത സംഘര്‍ഷത്തില്‍ സ്വാഭിമാനത്തോടെ എഴുന്നേറ്റ് നിന്ന് പൊരുതാനുളള കഴിവും ധൈര്യവും നല്‍കത്തക്കതാവണം വിദ്യഭ്യാസം എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ജനങ്ങള്‍ക്ക് വിവരങ്ങള്‍ എത്തിച്ചുകൊടുക്കാനും അവരെ ബോധവല്‍ക്കരിക്കാനും ബാധ്യതയുള്ള ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും (്ശൗെമഹ മിറ ുൃശി ോലറശമ)സംസ്‌കാരത്തെ നശിപ്പിക്കുന്ന കാര്യപരിപാടികളും പരസ്യങ്ങളും സംപ്രേക്ഷണം ചെയ്യുകയോ അച്ചടിക്കുകയോ ചെയ്യാതിരിക്കാനാവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട ചുമതല സര്‍ക്കാരിനുണ്ട്. എന്നാല്‍ സമൂഹം, സര്‍ക്കാര്‍ എന്തുചെയ്യുന്നു എന്ന് നോക്കിനില്‍ക്കേണ്ട കാര്യമില്ല. നമ്മുടെ സ്വന്തം കുടുംബം വിശാലമായ സമാജത്തിന്റെ തന്നെ ചെറിയൊരു രൂപമാണ്. ഇക്കാലത്തും നമ്മുടെ ജീവിത വ്യവസ്ഥ സമൂഹത്തിന്റെ സമ്പൂര്‍ണമായ ഏകകം തന്നെയാണ്. കുടുംബം എന്ന സങ്കല്പത്തിലാണ് നാം മുന്നോട്ടു നീങ്ങുന്നത്. കുടുംബത്തില്‍ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠ്യക്രമം നടപ്പാക്കാന്‍ നമുക്കാവില്ലെങ്കിലും ജീവിതത്തില്‍ മാനവികതയുടെ സംസ്‌കാരം പകര്‍ന്നു നല്‍കാന്‍ കഴിയണം. ജീവിതത്തെ നേരിടാനാവശ്യമായ ശക്തിയും ധൈര്യവും പ്രധാനം ചെയ്യാന്‍ കുടുംബത്തിന് സാധിക്കണം. നമ്മുടെ കുടുംബങ്ങളിലെ മുതിര്‍ന്നവരുടെയും മറ്റുള്ളവരുടേയും പെരുമാറ്റം, കുലപാരമ്പര്യത്തിന്റെ രക്ഷയ്ക്കുതകുന്ന മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പെരുമാറ്റം, സംസാരം എന്നിവ നടപ്പാക്കുന്നതിനുള്ള ചുമതല പൂര്‍ണ്ണമായും നമ്മുടെ കൈകളിലാണ്. ഭരണകൂടത്തിന്റെ പങ്കാളിത്തമില്ലാതെ നമ്മുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ നാം മുന്നിട്ടിറങ്ങാവുന്ന മേഖലകളാണ് ഇല്ലായ്മയും വിവേചനവും ഇല്ലാതാക്കുന്ന പ്രവര്‍ത്തനം. ഭാഗ്യമെന്നു പറയട്ടെ ഈ രണ്ടുമേഖലകളെ സംബന്ധിച്ചുള്ള ചിന്തയും പ്രവര്‍ത്തനവും പണ്ടുമുതലേ നടന്നുപോരുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതിയുടെ കാര്യത്തിലുള്ള ജാഗ്രത, പരിസ്ഥിതി പരിഷ്‌കരണം, സ്വയം പര്യാപ്തതയ്ക്കുവേണ്ടി സ്വയം സഹായസംഘങ്ങള്‍, തൊഴില്‍ പരിശീലനം, ജലസംരക്ഷണം, ജൈവകൃഷി, ഗോസംവൃദ്ധി, ഗ്രാമവികാസം എന്നിങ്ങനെ അനേകം മേഖലകളില്‍ അനേകം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘ സ്വയംസേവകരും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമാജത്തിന്റെ വൈപുല്യം വെച്ച് നോക്കുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ വളരെയധികം വ്യാപിപ്പിക്കേണ്ടതുണ്ട്. അവനവന്റെ രുചി, സ്വഭാവം, സമയം മുതലായവയ്ക്ക് അനുസൃതമായി നമുക്ക് നിലവിലുള്ള ഏതെങ്കിലുമൊരു പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയോ സ്വതന്ത്രമായി ഏതെങ്കിലും കാര്യം ഏറ്റെടുത്ത് നടത്തുകയോ ചെയ്യാം. കുറഞ്ഞപക്ഷം നമ്മുടെ ചുറ്റുവട്ടത്തോ നമ്മുടെ വീട്ടില്‍തന്നെയോ ജീവിതോപായത്തിനുവേണ്ടി പണിയെടുക്കുന്നവരും ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടുന്നവരുമായ ബന്ധുക്കള്‍ക്കോ, സഹോദരിമാര്‍ക്കോ ഉപകാരപ്രദമായ ഏതെങ്കിലും പ്രവര്‍ത്തനത്തിന്റെ പങ്കാളിയാകുവനോ സ്വതന്ത്രമായി ഏതെങ്കിലും കാര്യം ചെയ്യുവാനോ നാം മുന്നിട്ടിറങ്ങണം.
സമാജത്തില്‍ നിന്ന് ഭേദഭാവനയെ അകറ്റാനുള്ള പ്രവര്‍ത്തനം കൂടുതല്‍ വര്‍ദ്ധിച്ച തോതിലും ഗതിവേഗത്തിലും നടക്കേണ്ടത് ആവശ്യമാണ്. സര്‍ക്കാരിനെക്കൊണ്ടോഏതങ്കിലും വ്യവസ്ഥ നടപ്പാക്കിയതുകൊണ്ടോ സാമ്പത്തികവും സാമൂഹ്യവുമായ ഭേദഭാവന ഇല്ലാതാക്കാന്‍ സാധ്യമല്ല. സമാജത്തിന്റെ പരിശ്രമത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. അവനവന്റെ മനസ്സില്‍ നിന്ന്, വീട്ടില്‍ നിന്ന്, സുഹൃത്തുക്കളുടെ വീടുകളിനിന്ന് പ്രത്യക്ഷ നടപടികള്‍ ആരംഭിക്കുന്നതിലൂടെ മാത്രമേ ഈ കാര്യം നടക്കൂ. അതിനാല്‍ ഭേദഭാവന വളര്‍ത്തുന്ന തരത്തില്‍ നമ്മുടെ പെരുമാറ്റത്തിലും ഗൃഹാന്തരീക്ഷത്തിലും നിലനില്‍ക്കുന്ന ശീലത്തെ, രീതികളെ, ദുരാചങ്ങളെ പൂര്‍ണമായും സ്വയം ത്യജിക്കണം. ജാതിയുടെയും പ്രദേശത്തിന്റെയും ഭാഷയുടെയും പേരില്‍ നിലനില്‍ക്കുന്ന അഹങ്കാരങ്ങളെ ആളിക്കത്തിക്കുന്ന പ്രസ്താവനകള്‍ കേള്‍ക്കല്‍, അത് പ്രചരിപ്പിക്കല്‍ വൈകാരികതയുടെ പേരില്‍ സ്വയം മറന്ന് എന്തെങ്കില്‍ നശീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടല്‍ എന്നിവയില്‍ നിന്നും വിട്ടു നില്‍ക്കണം. വിശാലമായ നമ്മുടെ ഹിന്ദു സമൂഹത്തിലെ ഓരോ വ്യക്തിയും, ഭാരതമാതാവിന്റെ ഓരോ സത്പുത്രനും തന്റെ ബന്ധുവാണ് എന്ന സ്‌നേഹഭാവനയുടെ ഉരക്കല്ലില്‍ ഉരച്ചുനോക്കിവേണം ചെറുതും വലുതുമായ ഏതൊരു കാര്യവും ചെയ്യാന്‍. ഹിന്ദുക്കള്‍ക്കിടയിലെ അനേകം ജാതി-വിശ്വാസ-സമ്പ്രദായങ്ങളില്‍പെട്ടവരോ പ്രദേശികപ്രധാന്യമുള്ളവരോ ആയ ആദരണീയരായ മഹാപുരുഷന്മാരുടെ പേരില്‍ നടക്കുന്ന പരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയില്‍ എല്ലാവിഭാഗം ഹിന്ദുക്കളുടെയും പങ്കാളിത്തം ഉണ്ടാകുവാന്‍ പോന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് ആരംഭം കുറിക്കേണ്ടിവരും. ഈ പ്രവര്‍ത്തനം സ്വയം അവനവനില്‍ നിന്ന് തുടങ്ങുന്ന കാര്യം ഇപ്പോള്‍ തന്നെ ആരംഭിക്കാം. കാലക്രമത്തില്‍ സങ്കുചിതമായിത്തീര്‍ന്ന നമ്മുടെ സ്‌നേഹഭാവത്തിന്റെ പരിധിയെ ഉല്ലംഘിക്കുന്ന പ്രവര്‍ത്തനം അനിവാര്യമായും ഇന്നുതന്നെ നാം ചെയ്യണം.
നമ്മുടെ പക്കല്‍ ദര്‍ശനത്തിന് യാതൊരു കുറവുമില്ല. നമ്മുടെ ശാശ്വതമൂല്യങ്ങളിലധിഷ്ഠിതമായി വ്യക്തിഗതവും സാമൂഹ്യവുമായ ജീവിതത്തെ കാലാനുകൂലമാക്കി തീര്‍ക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ അനേകം മഹാപുരുഷന്മാര്‍ മുമ്പോട്ടുവെച്ചിട്ടുണ്ട്. പണ്ഡിറ്റ് ദീനദയാല്‍ജി ഉപാദ്ധ്യായ ഏകാത്മമാനവ ദര്‍ശനം അവതരിപ്പിച്ചതിന്റെ അമ്പതാം വാര്‍ഷികമാണിത.് ഭാഗ്യവശാല്‍, ആധികാരികതയോടെയും നിസ്വാര്‍ത്ഥ ബുദ്ധിയോടേയും രാഷ്ട്രക്ഷേമത്തിനുവേണ്ടി ആപ്തന്മാരായ നമ്മുടെ പൂര്‍വ്വികര്‍ സ്വാനുഭൂതിയുടെ വെളിച്ചത്തില്‍ നല്‍കിയ ഉപദേശങ്ങളെ സാര്‍ത്ഥകമാക്കാനുള്ള മനോഭാവം ദേശത്തിന് നേതൃത്വം നല്‍കുന്ന വ്യക്തികളില്‍ ഉള്ളതായി കാണുന്നു. സമാജത്തില്‍ ജാഗ്രത, ഏകാത്മത, വ്യക്തിഗതവും രാഷ്ട്രീയവുമായ ചാരിത്ര്യം, അച്ചടക്കം മുതലായ സദ്ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ധൈര്യപൂര്‍ണമായ കൂട്ടായ പ്രവര്‍ത്തനം സാധ്യമായാല്‍ നമ്മുടെ മുമ്പിലുള്ള എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും തരണംചെയ്ത് സ്വമാതൃകയിലൂടെ സന്തുലിതവും സുഖകരവും സര്‍വാംഗസുന്ദരവും സാര്‍വലൗകികവുമായ രാഷ്ട്രജീവിതത്തെ നമ്മുടെ ജീവിതത്തിന്റെ വഴികാട്ടിയെന്ന നിലക്ക് ഏറ്റവും വേഗം മാറ്റിയെടുക്കാനാവും.
വിജയദശമി വിജയത്തിന്റെ പര്‍വ്വമാണ്. രാഷ്ട്രത്തിനു മുമ്പില്‍ പ്രകടമായ നൂതനവിജയത്തിന്റെ ചക്രവാളം നമ്മെ വെല്ലുവിളിക്കുകയാണ്. പ്രതിപദ തൊട്ട് നവമിവരെ ഉണര്‍ന്നിരുന്ന് സാമൂഹിക ശക്തിയെ ഉപാസിച്ചതുകൊണ്ടാണ് ദൈവീകമായി ഐശ്വര്യമുള്ളവരായ ദേവഗണങ്ങള്‍ക്ക് വിജയദശമിയുടെ വിജയപ്രാപ്തി കാണാനുള്ള അവസരം ലഭിച്ചത്. രാഷ്ട്രീയ സ്വയംസേവക സംഘം 1925 മുതലിന്നോളം ഇതേ ഈശ്വരീയമായ ശക്തിപൂര്‍ണമായ, സംഘടിത സമാജത്തിന്റെ സൃഷ്ടികര്‍മ്മത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. സാമൂഹിക അന്തരീക്ഷ നിര്‍മ്മിതിയിലൂടെ ആചരണങ്ങളുടെ പരിവര്‍ത്തനത്തിലൂടെയുള്ള ശക്തിയിലാണ് വ്യവസ്ഥാ പരിവര്‍ത്തനക്രമം വിജയിക്കുക. നമ്മുടെ സമാജം എത്രമാത്രം വിശാലമാണോ അത്രയും തന്നെ ഗുരുതരവും സങ്കീര്‍ണ്ണവുമാണ് അതിനെ ഗ്രസിച്ചിരിക്കുന്ന ആന്തരികവും ബാഹ്യവുമായ സമസ്യകള്‍. ഭവ്യമായ ഒരു ദൗത്യം നിറവേറ്റാനാണ് നമ്മുടെ ഈ രാഷ്ട്രം നിലനില്‍ക്കുന്നത് എന്നതിനെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോള്‍ ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് കാണാം. നമ്മുടെ രാഷ്ട്രത്തിന്റെ സ്വത്വമായ ഹിന്ദുത്വത്തിന്റെ ഗൗരവം മനസ്സിലുണര്‍ത്തി അതിനനുസൃതമായ സദ്ഗുണങ്ങള്‍ സ്വായത്തമാക്കി സംഘടിതമായി ദേശത്തിനുവേണ്ടി ജീവിക്കുന്ന, ആവശ്യം വരുമ്പോള്‍ പ്രാണത്യാഗം ചെയ്യാന്‍ വരെ സന്നദ്ധരായ വ്യക്തികളെ നിര്‍മ്മിക്കുന്ന കാര്യം രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ പ്രാരംഭകാലം തൊട്ട് നടത്തിപ്പോരുന്നു. എല്ലാവരേയും തന്നില്‍ ഉള്‍ക്കൊള്ളുന്ന, സര്‍വാശ്ലേഷിയായ, സര്‍വവ്യാപിയായ ഹിന്ദുത്വം തന്നെയാണ് നമ്മുടെ സ്വത്വം. അതുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖ ഗ്രാമാന്തരങ്ങളില്‍, ഇടവഴികള്‍തോറും , തെരുവുകള്‍തോറും എന്നുവേണ്ട വീടുവീടാന്തരം എത്തിക്കേണ്ടതുണ്ട്. നമ്മുടെ ഈ സനാതന രാഷ്ട്രത്തെ തത്‌സ്വരൂപത്തില്‍ കാണാനുള്ള പ്രതീക്ഷ സമ്പൂര്‍ണലോകവും വെച്ചുപുലര്‍ത്തുന്നു എന്നതിനെക്കുറിച്ചൊരു കവി എഴുതിയതിന്റെ സംഗ്രഹം ഇതാണ്:
ലോകദേശങ്ങള്‍ വഴിയറിയാതെ ഉഴലുമ്പോള്‍ സത്യം നേടി ഭൂമിയെത്തിയത് ഹിന്ദുസ്ഥാനത്തിന്റെ മുമ്പിലാണ്. ദളിതനെ പുല്‍കുന്ന, പതിതനെയുയര്‍ത്തുന്ന ധന്യ ഭൂമിയാണ് ഹിന്ദുസ്ഥാന്‍ –
ലോകത്തിലെ ഓരോ ദേശവും വഴിയറിയാതെ ഉഴലുമ്പോള്‍
ധന്യവും മഹത്തുമായ ദേശം, ധന്യമാണ് ഹിന്ദുസ്ഥാന്‍
ഈ മഹത്തായ ദേശത്തിന്റെ നവനിര്‍മ്മിതിയില്‍ പങ്കാളികളാവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.

News Feed

Video of Sar Sanghachalakji’s speech at Nagpur

Poojaneeya Sarsanghachalakji’s speech full text (English)

Related posts