3:03 pm - Wednesday August 24, 0603

ആറന്‍മുളയില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു : കുമ്മനം രാജശേഖരന്‍

പത്തനംതിട്ട : ആറന്‍മുളയിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ് സ്ഥലത്തെ തോടും കുളവും റോഡും കെ.ജി.എസ്. കമ്പിനിക്ക് വില്‍ക്കുവാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നതെന്ന് ആറന്‍മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.

മിച്ചഭൂമിയായി പ്രഖ്യാപിച്ച ആറന്‍മുളയിലെ 232 ഏക്കര്‍ ഭൂമി പാവപ്പെട്ട ഭൂരഹിതര്‍ക്ക് കൊടുക്കുന്നതിന് ഒരു താല്‍പര്യവും കാണിക്കാത്ത സര്‍ക്കാര്‍ സ്വന്തം ഭൂമി വന്‍കിട കോര്‍പ്പറേറ്റ് കമ്പിനിക്ക് പതിച്ചു നല്‍കുന്നു. ജനങ്ങളുടെ നിത്യോപയോഗത്തിനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന റോഡും തോടും കുളവും സ്വകാര്യ കമ്പിനിക്ക് വിട്ടുകൊടുത്താല്‍ വഴി നടക്കുന്നതിനും കുടിവെള്ളത്തിനും പാര്‍പ്പിടത്തിനുമുള്ള മൗലികാവകാശവും പൗരസ്വാതന്ത്ര്യവും നഷ്ടപ്പെടും. വിമാനത്താവളത്തിന്റെ പേരില്‍ ഭൂമി കച്ചവടം നടത്തി കൊള്ളലാഭവും സ്വാര്‍ത്ഥ താല്‍പര്യവും നേടുകയാണ് കമ്പിനിയുടെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമായി.
സര്‍ക്കാര്‍വക തോടും കുളവും റോഡും വില്‍പ്പന നടത്തുന്നതില്‍ കോടികളുടെ വന്‍ അഴിമതിയും തട്ടിപ്പും വെട്ടിപ്പുമുണ്ട്. അനധികൃതമായി സര്‍ക്കാര്‍ വക തോട്ടിലും ചാലിലും കമ്പിനി ഇട്ട മണ്ണ് നീക്കം ചെയ്യുവാന്‍ ഹൈക്കോടതി സ്വീകരിച്ച നടപടിയെ അട്ടിമറിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. മിച്ചഭൂമി ഭൂരഹിതര്‍ക്ക് കൊടുക്കുവാനും തോട്ടിലിട്ട മണ്ണ് നീക്കം ചെയ്യുവാനും യാതൊരു താല്‍പര്യവും കാണിക്കാത്ത സര്‍ക്കാര്‍ വിമാനത്താവള കമ്പിനിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി കൊടുക്കുന്നതില്‍ ഒട്ടേറെ ദുരൂഹതയുണ്ട്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിന് വിരുദ്ധമായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ നടപടിയെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാറിനോട് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Filed in

OPEN LETTER TO PRIME MINISTER OF INDIA

Anti-airport Panel to Intensify Stir

Related posts