10:59 pm - Tuesday February 20, 2018

കണ്ണൂരിന്റെ ദുഃഖം കേരളത്തിന്റേയും

 ഈ ലേഖനത്തെ കുറിച്ച്
(1999 ഡിസംബര്‍ 1-നു മൊകേരി ഈസ്റ്റ്‌ യു.പി സ്ക്കൂളില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച്‌ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ മൃഗീയമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തെ  വിശകലനം ചെയ്തു  സി സദാനന്ദന്‍ മാസ്റ്റര്‍ ജന്മഭൂമിയില്‍ അക്കാലത്ത്‌ എഴുതിയ തുടർ ലേഖനത്തിന്റെ പുനഃ പ്രസിദ്ധീകരണം )
കണ്ണൂരിന്റെ ഭരണ സിരാകേന്ദ്രത്തില്‍ നിന്നും ശാന്തി മന്ത്രങ്ങള്‍ഉയര്‍ന്നു. സ്‌നേഹ സന്ദേശവുമായി സമാധാന ദൂതന്മാര്‍ ജനങ്ങളിലേക്ക് ഇറങ്ങുകയായി. കഴിഞ്ഞതെല്ലാം മറക്കാനും പൊറുക്കാനും ഭരണത്തലവന്റെ ആഹ്വാനവുമുണ്ട്. സാംസ്‌കാരിക നായകന്മാര്‍ ഹൃദയം തുറന്നുവെച്ചു. ഒരു ദിവസത്തെ തീനും കുടിയും ഉപേക്ഷിച്ച് ചാരിതാര്‍ത്ഥ്യമടങ്ങി അവരും മടങ്ങി. ശാന്തി മന്ത്രമുണ്ടാക്കുന്നവരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടാനുള്ള തയ്യാറെടുപ്പിലത്രെ നീതിപാലകര്‍.ഇത്രനാളും കണ്ടതുപോലെയല്ല, ഇതെല്ലാം ഒരു പുതിയ ചുവടുവെപ്പിന്റെ ഹരിശ്രീ കുറിക്കലാണെന്ന് മാധ്യമങ്ങള്‍. ഇനിയങ്ങോട്ട് സഹകരിക്കാനും സഹവസിക്കാനും സമരസപ്പെടാനും ”ബന്ധപ്പെട്ട കക്ഷികള്‍” തയ്യാറാകണമെന്ന കാര്യപ്പെട്ട അഭ്യര്‍ത്ഥനയും അവര്‍ നടത്തിയിട്ടുണ്ട്. ഇത്രയൊക്കെ മതിയോ കണ്ണൂരിന്റെ കണ്ണീരൊപ്പാന്‍? ഇതുകൊണ്ടെല്ലാം തൃപ്തിയടയാനുള്ള സന്നദ്ധത കണ്ണൂരിനുണ്ടാകുമോ?
 ”ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം അവര്‍ക്കര്‍ഹതപ്പെട്ട സ്ഥലത്തുമാത്രമേ ആകാവൂ. ആ പരിധി അവര്‍ കടന്നാല്‍ മറ്റുള്ളവര്‍ ചോദ്യം ചെയ്‌തെന്നിരിക്കു” മെന്ന പ്രഖ്യാപനം സമാധാനയോഗത്തില്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത് അളന്നുമുറിച്ചുതന്നെയല്ലേ? സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുകയെന്ന പ്രാഥമിക മര്യാദ ആവശ്യപ്പെട്ട സംഘനേതൃത്വത്തിന് ഭാവാത്മകമായ പ്രതികരണമായിരുന്നില്ലേ ലഭിക്കേണ്ടിയിരുന്നത്? പക്ഷെ അതുണ്ടായില്ല. രണ്ടാംതരം പൗരന്മാരായി അടങ്ങിയിരുന്നുകൊള്ളണമെന്ന ധാര്‍ഷ്ട്യം കലര്‍ന്ന ആക്രോശം നാലാംകിട തമാശക്ക് പിന്നിലൊളിപ്പിച്ചത് ആരും കണ്ടില്ലെന്ന് കരുതിക്കാണുമോ?
എല്ലാംകഴിഞ്ഞിട്ടും വേദനിക്കുന്ന മനസ്സുകളില്‍ തീ കൊരിയിട്ടുകൊണ്ട് ‘പാര്‍ട്ടി പത്രം’ വിഷം വമിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ആക്രമിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമായ ആര്‍എസ്എസ്സ് – ബിജെപി പ്രവര്‍ത്തകര്‍ അതിനര്‍ഹതപ്പെട്ടവര്‍തന്നെയെന്ന്! അവരെ കാലപുരിക്കയച്ചതും കബന്ധങ്ങളാക്കി മാറ്റിയതും പുണ്യകര്‍മ്മങ്ങളായിരുന്നുവെന്ന്! കൊല്ലപ്പെട്ട തങ്ങളുടെ സഖാക്കളാകട്ടെ നിഷ്‌കളങ്കതയുടേയും നിരപരാധിത്വത്തിന്റേയും മൂര്‍ത്തികളും!! ഇനിയും നരമേധത്തിന്റെ നാളുകള്‍ പ്രതീക്ഷിക്കണമെന്നല്ലേ കാളകൂടം വിളമ്പുന്ന വാറോലയുടെ വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയുക. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അവരുടെ പ്രിയപ്പെട്ട മാഷിനെ തുണ്ടം തുണ്ടമാക്കിയ മഹാപാപം അദ്ദേഹത്തെക്കുറിച്ച് നീചമായ കുറെ കഥകള്‍ മെനഞ്ഞാല്‍ തീരുന്നതാണോ?
പാനൂരിലെ ഗ്രാമവീഥികളില്‍ ചോരപ്പാടുകള്‍ മാഞ്ഞിട്ടില്ല. പൊട്ടിക്കരച്ചിലുകളും ആര്‍ത്തട്ടഹാസങ്ങളും കേള്‍ക്കാനില്ലെങ്കിലും പലവീടുകളിലും അടക്കിപ്പിടിച്ച തേങ്ങലുകളും ചുടു നിശ്വാസങ്ങളും ഇനിയും നിലച്ചിട്ടില്ല.
”സാക്ഷിപറഞ്ഞാല്‍ വീണ്ടും ജയകൃഷ്ണ”നെന്ന ആപ്തവാക്യം ഇപ്പോഴും മോകേരി ഈസ്റ്റ് യുപി സ്‌കൂളിലെ ആറാംക്ലാസ് ബിയിലെ ബ്ലാക്ക്‌ബോര്‍ഡില്‍ കാണാം. ജയകൃഷ്ണന്‍മാസ്റ്ററുടെ ശരീരത്തില്‍ നിന്ന് ചീറ്റിത്തെറിച്ച രക്തം സ്‌കൂള്‍ ചുവരുകളിലും കൊച്ചുകുട്ടികളുടെ ഉടുപ്പുകളിലും പറ്റിപ്പിടിച്ച് കിടപ്പുണ്ട്. ഇതെല്ലാം ഇന്നല്ലെങ്കില്‍ നാളെ വിസ്മൃതിയിലേക്ക് തള്ളപ്പെടും. അഞ്ചുനാളത്തെ വിറങ്ങലിച്ച ജീവിതം ഒരു ദുസ്വപ്നം പോലെ പാനൂരുകാര്‍ കരുതിയേക്കാം. പക്ഷെ കാപട്യമില്ലാത്ത ഒരു സാധാരണക്കാരന്റെ മനസ്സില്‍ ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങള്‍ക്ക് ആര് ഉത്തരം നല്‍കും?
എന്തിനാണ് ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നത്?  വേട്ടനായ്ക്കളെപ്പോലും പിന്നിലാക്കുന്ന കൊടും ക്രൂരത എന്തിനായിരുന്നു? നാല്പതിലേറെ വരുന്ന പിഞ്ചുപൈതങ്ങളുടെ മുന്നില്‍വെച്ച്ഒരു അദ്ധ്യാപകനെ അരിഞ്ഞുവീഴ്ത്തിയതിലൂടെ ഒരു തലമുറയുടെ മുഴുവന്‍ നാശമല്ലെ അവര്‍ സാധിച്ചെടുത്തത്. തങ്ങളുടെ അധ്യാപകനെ വാളും മഴുവും ഉപയോഗിച്ച് കൊത്തിക്കീറുന്നതും അദ്ദേഹം ചോരയില്‍ കിടന്ന് പിടയുന്നതും ഒടുവില്‍ സാവകാശം നിശ്ചലമാകുന്നതും കണ്ട് നിന്ന കുട്ടിക്ക് എന്നെങ്കിലും മാനസിക സന്തുലനം വീണ്ടെടുക്കാന്‍ കഴിയുമോ? ഒരിക്കലുമില്ല!
 ഈസ്റ്റ് മൊകേരി സ്‌കൂളിലെ കുട്ടികളെ മുഴുവന്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ പോവുകയാണത്രെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍! കൗണ്‍സിലിങ്ങിന് ദേശാഭിമാനിയുടെ ബ്യൂറോ ചീഫിനെക്കൂടി സഹായത്തിന് വിളിക്കാം. കാരണം ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്ന വര്‍ഗ്ഗീയ ഫാസിസ്റ്റിനെക്കുറിച്ചും മറ്റു ഫാസിസ്റ്റുകളെക്കുറിച്ചും ഒരുപാട് ഗവേഷണം ഈ പത്രപ്രവര്‍ത്തകന്‍ നടത്തിയിട്ടുണ്ട്. എല്ലാ അക്രമങ്ങളുടേയും സൂത്രധാരനെന്നും തനി ക്രിമിനലെന്നും തികഞ്ഞ സാമൂഹ്യദ്രോഹിയെന്നും ജയകൃഷ്ണന്‍ മാസ്റ്ററെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ ഇദ്ദേഹത്തിന് അനായാസം കഴിയും. അങ്ങനെയുള്ള മാഷെ കൊന്നത് നിങ്ങളുടെ ഭാവിക്ക് വേണ്ടിയായിരുന്നുവെന്നും അത് ചെയ്തവരും ചെയ്യിച്ചവരും വാഴ്ത്തപ്പെടേണ്ടവരാണെന്നും തന്റെ കയ്യിലുള്ള ‘ആധികാരിക വിവരങ്ങള്‍’ വെച്ച് കുട്ടികളുടെ മുന്നില്‍ സമര്‍ത്ഥിക്കാം. ഇത്രവലിയ ഒരു വലിയ ഭീകരനായിരുന്നല്ലോ തങ്ങളെ ഇത്രകാലം പഠിപ്പിച്ചത് എന്നോര്‍ത്ത് കുട്ടികള്‍ കിടുങ്ങും. ഈ മാഷെ കൊല്ലേണ്ടത് ആവശ്യം തന്നെയായിരുന്നുവെന്ന് പാവം കുട്ടികള്‍ ധരിച്ചുകൊള്ളും. കൊല്ലും കൊലവിളിയുമായി വിപ്ലവപാര്‍ട്ടിക്ക് മുന്നേറാം. ആരു തടസ്സംനില്‍ക്കാന്‍. ആര് ചോദ്യം ചെയ്യാന്‍. സാക്ഷി പറയാന്‍ പോയിട്ട് നേരെ ചൊവ്വെ നിന്ന് ഒരു ശ്വാസം വിടാന്‍പോലും ഒരുത്തനും മുന്നോട്ടുവരില്ല. വന്നവരെയൊക്കെ കുത്തിമലര്‍ത്തിയിട്ടിട്ടുണ്ട്. അങ്ങനെയൊക്കെയാണല്ലോ കണ്ണൂരെന്ന കോട്ടയുടെ ചുവപ്പ് നിറം മങ്ങാതെ കാത്തുസൂക്ഷിക്കുന്നത്. എവിടെയെങ്കിലും ചുവപ്പിന് കാന്തികുറയുകയാണെങ്കില്‍ മനുഷ്യക്കുരുതി നടത്തി അത് പൂര്‍വ്വാധികം തിളക്കമുള്ളതാക്കാന്‍ അവര്‍ ബദ്ധശ്രദ്ധരാണുതാനും. കൊല്ലപ്പെടുന്നവന്‍ എല്ലാംകൊണ്ടും അതിനര്‍ഹതപ്പെട്ടവന്‍. കൊല്ലവന്‍ വീരനായകന്‍ ഇതാണ് പാര്‍ട്ടി വ്യാഖ്യാനം. ഭരണസംവിധാനം മുഴുവന്‍ കൈപ്പിടിയില്‍.കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന കാക്കിധാരികള്‍. നേതാക്കളുടെ ചെല്ലാം താങ്ങികളായ കുറെ ഉദ്യോഗസ്ഥമേധാവികള്‍. പോരാത്തതിന് ഉത്തരവ് കിട്ടേണ്ടതാമസം ഏത് തരം ഓപ്പറേഷനും പൂവറക്കുന്നതുപോലെ, ലാഘവത്തോടെ വിജയകരമായി നിര്‍വ്വഹിക്കാന്‍ അരയും തലയും മുറുക്കി കാത്തിരിക്കുന്ന പാര്‍ട്ടിസൈന്യം. എല്ലാത്തിനും പുറമെ ആടിനെ പട്ടിയാക്കുന്ന പ്രചാരണ വൈദഗ്ദ്ധ്യവും. ഇതാണ് കൂട്ടരെ കണ്ണൂരിന്റെ ദുഃഖം. ഇതുതന്നെയാണ് കുറെ നിര്‍ഭാഗ്യവാന്മാരുള്ള ഈ മണ്ണിന്റെ ശാപം; കേരളത്തിന്റെയും.
കണ്ണൂരിന് ഒടുപാട് പറയാനുണ്ട്. ദശാബ്ദങ്ങളായി അനുഭവിക്കുന്ന പീഡനങ്ങളുടെ കഥകള്‍. മാനവസാഹോദര്യവും പുരോഗമനവും വിളിച്ചുകൂവുന്നവരുടെ യഥാര്‍ത്ഥമുഖം വെളിവാകുന്ന എണ്ണമറ്റ സംഭവങ്ങള്‍. ‘ആര്‍എസ്എസ് ആക്രമം’ തടയാന്‍ ‘ചെറുത്ത് നില്‍പ്പ്’ നടത്തി ധീര രക്തസാക്ഷികളെ ഉണ്ടാക്കി.അവരെ വിറ്റ് കാശാക്കി തടിച്ചുകൊഴുക്കുന്ന മാടമ്പിമാരുടെ വീരശൂരപരാക്രമ കഥകള്‍. നൂറുകണക്കിന് വിധവകളേയും നിരാലംബരായ അമ്മപെങ്ങന്മാരേയും അനാഥരായ പിഞ്ചുമക്കളേയും സൃഷ്ടിച്ച് ജൈത്രയാത്ര നടത്തുന്ന വിപ്ലവപ്രസ്ഥാനത്തിന്റെ കഥ.
സി. സദാനന്ദന്‍മാസ്റ്റര്‍
(തുടരും…)

News Feed

ചുവന്ന കംസന്‍

പാവം ക്രൂരന്‍ വിക്രമന്‍

Related posts