3:19 pm - Monday February 23, 4618

ഭീകരവാദം: കേരളസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം-ഹിന്ദുഐക്യവേദി

കൊല്ലം: സാമുദായിക കലാപം, ഭീകരവാദം എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സത്യസന്ധമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സമ്പൂര്‍ണസംസ്ഥാനസമിതിയോഗം. കേരളത്തില്‍ ഇതുവരെയുള്ള കലാപശ്രമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി വയ്ക്കാനും കലാപത്തിന് നേതൃത്വം കൊടുത്തവരെ സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കള്ളറിപ്പോര്‍ട്ടുകളുടെ ബ്രാന്‍ഡ് അംബാസഡറായി മാറിയ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്നും യോഗം കുറ്റപ്പെടുത്തി.

മൂന്നുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് തീവ്രവാദക്കേസുകള്‍ ഒന്നുമുണ്ടായിട്ടില്ല എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന കേരളസര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ മുഖവിലയ്‌ക്കെടുത്തുള്ളതാണ്. ആഭ്യന്തര സുരക്ഷാവിഷയത്തില്‍പോലും വ്യാജറിപ്പോര്‍ട്ടുകള്‍ നല്‍കി രാഷ്ട്രദ്രോഹപ്രവര്‍ത്തനം നടത്തുകയാണ് കേരളസര്‍ക്കാര്‍.
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 276/13 ആയും കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 533/13 ആയും രേഖപ്പെടുത്തിയിരിക്കുന്ന കേസുകള്‍ തീവ്രവാദകേസുകളാണ്. അത് മറച്ചുവച്ച് കള്ളറിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിനു നല്‍കിയ കേരളസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കാര്യാധ്യക്ഷന്‍ കെ.ടി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ്, ഉപാധ്യക്ഷന്മാരായ രവീശ തന്ത്രി കുണ്ടാര്‍, തഴവ സഹദേവന്‍, അഡ്വ.വി. പത്മനാഭന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹിന്ദു ജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജക് അശോക് പ്രഭാകര്‍, ജനറല്‍സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്‍, ഇ.എസ്. ബിജു, ആര്‍.വി. ബാബു, ബ്രഹ്മചാരി ഭാര്‍ഗവറാം, കെ.പി. ഹരിദാസ്, വി.സുശികുമാര്‍ സംഘടനാസെക്രട്ടറി സി. ബാബു, സഹസംഘടനാസെക്രട്ടറി എം. രാധാകൃഷ്ണന്‍ എന്നിവര്‍ മാര്‍ഗദര്‍ശനം നല്‍കി. സെക്രട്ടറിമാരായ എം.എന്‍. ജയചന്ദ്രന്‍, എം.പി. അപ്പു എന്നിവര്‍ സംസാരിച്ചു.

കേരള സര്‍ക്കാരിന്റെ തീവ്രവാദിബന്ധം, ശ്രീപത്മനാഭസ്വാമിക്ഷേത്രം, ഗുരുവായൂര്‍, ശബരിമല, ആറന്മുള വിമാനത്താവളപദ്ധതി, ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍, മൂര്‍ക്കനാട് ക്ഷേത്രഭൂമി കയ്യേറ്റവിഷയവും പോലീസ് നടപടിയും, ആഭ്യന്തര സുരക്ഷ, മനുഷ്യക്കടത്ത്, ഹിന്ദുഅവകാശപത്രികയോട് നിഷേധാത്മകനയം തുടരുന്ന സര്‍ക്കാര്‍ നിലപാട്, മുഖ്യമന്ത്രിയുടെ വര്‍ഗീയ നിലപാടുകള്‍, ഹിന്ദു വനിതാസംഘം, ഭൂമിവിഷയം, അനധികൃത ഭൂമിയിടപാടുകള്‍, മദ്യനിരോധനം, വിവിധ പരിസ്ഥിതിപ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. ഇവ ജനങ്ങളില്‍ എത്തിക്കുവാന്‍ സപ്തംബര്‍ 30നകം 10 ലക്ഷം വീടുകള്‍ സമ്പര്‍ക്കം ചെയ്യും. മതമൗലികവാദികളുടെയും മാഫിയകളുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങരുതെന്നും ഗാഡ്ഗില്‍റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും പ്രമേയത്തില്‍ യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യസുരക്ഷയെ സംബന്ധിച്ച 25ല്‍പരം കേസുകളുടെ അന്വേഷണം നിലച്ചിരിക്കുകയാണ്. ഈ കേസുകളില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തരസുരക്ഷ സംബന്ധിച്ച പ്രമേയത്തില്‍ യോഗം കേരളാസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാറാട് കൂട്ടക്കൊല, ബേപ്പൂര്‍ സ്‌ഫോടനം, കോഴിക്കോട് നരിക്കാട്ടേരി സ്‌ഫോടനം, മിഠായിത്തെരുവുസ്‌ഫോടനം, എറണാകുളം കളക്‌ട്രേറ്റ് സ്‌ഫോടനം തുടങ്ങിയ കേസുകള്‍ പോലും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്.

കാസര്‍ഗോഡ്-കാഞ്ഞങ്ങാട്-നാദാപുരം കലാപക്കേസുകളുടെ അവസ്ഥയും മറ്റൊന്നല്ല. മാറാട് കലാപത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന് നേരിട്ട് പങ്കുണ്ടെന്നു വ്യക്തമായതും പ്രത്യേക അന്വേഷണസംഘം പിരിച്ചുവിട്ടതും സര്‍ക്കാരിന് തീവ്രവാദബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ്. കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കി മാറ്റിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.

ഇന്ത്യന്‍ മുജാഹിദീന്‍, സിമി, ലഷ്‌കറി തോയ്ബ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ കേരളത്തില്‍ സുഖവാസത്തിനെത്തുന്നതും ഇസ്ലാമിക സംഘടനാനേതാക്കന്മാരുമായും മന്ത്രിതല നേതാക്കന്മാരുമായും ചര്‍ച്ച നടക്കുന്നതും വാര്‍ത്ത മാത്രമായി അവശേഷിക്കുന്നതും ഇതിന്റെ തെളിവാണ്. തീവ്രവാദിയായ മദനിയെ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത്, ആയുധക്കടത്ത്, ഹവാലപണം, കള്ളനോട്ട് ഇവ പ്രചരിക്കുന്നത് ഇവിടെയാണ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മാവോയിസ്റ്റ് സാന്നിധ്യവും സമഗ്രമായ അന്വേഷണം നടത്തേണ്ട വിഷയമാണെന്നും പ്രമേയം വിലയിരുത്തി.

 

News Feed
Filed in

സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ല: എംജിഎസ്

VHP turns 50: RSS Sararanghachalak Bhagwat, VHP Chief Togadia, Pejawar Seer attended Inaugural Ceremony

Related posts