3:54 am - Tuesday January 23, 2018

‘കണ്ണൂര്‍ മാതൃക’ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: രാംമാധവ്

തലശ്ശേരി: സിപിഎം മുന്നോട്ട് വെക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ കണ്ണൂര്‍ മാതൃക ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. സമാധാനം സംരക്ഷിക്കുന്നതോടൊപ്പം ഇനിയൊരു മനോജോ, സുരേഷ്‌കുമാറോ ഉണ്ടാകാന്‍ പാടില്ല. സംഘപ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സിപിഎം ഭീകരതക്കെതിരെ തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ജനശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സോവിയറ്റ് മാതൃകയെ കുറിച്ചും ചൈനീസ് മാതൃകയെ കുറിച്ചും പറഞ്ഞ് നടന്നിരുന്നവര്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത് കണ്ണൂര്‍ മാതൃകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി രാംമാധവ് പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ മൃഗീയമായ രീതിയില്‍ ഇല്ലാതാക്കുന്നതാണ് ഈ മാതൃക. ലെനിന്റെയും മാവോയുടെയും ചെഗുവേരയുടെയും ചോരയുടെ രാഷ്ട്രീയമാണ് കണ്ണൂര്‍ മാതൃക. മറ്റെല്ലാ മാതൃകകളും ചരിത്രം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് പോലെ കണ്ണൂര്‍ മാതൃകയും ഇല്ലാതാകും. പകരം രാജ്യമെമ്പാടും സ്വീകരിക്കുന്ന ദേശീയതയിലൂന്നിയ വികസനത്തിന്റെ മാതൃകയെയായിരിക്കും കേരളവും സ്വീകരിക്കാന്‍ പോകുന്നത്. അത് സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയാണ്.
സിപിഎം നേതാക്കള്‍ ആദര്‍ശവത്കരിക്കുന്ന കണ്ണൂര്‍ മാതൃക അവരുടെ പ്രവര്‍ത്തകര്‍ക്ക് പോലും സ്വീകാര്യമില്ലാത്തതാണ്. രാഷ്ട്രീയമായി ഏതര്‍ത്ഥത്തിലും സിപിഎമ്മിനെ നേരിടാന്‍ ആര്‍എസ്എസും ബിജെപിയും തയ്യാറാണ്. കേന്ദ്രത്തിലെ ഭരണമാറ്റം സിപിഎം മനസ്സിലാക്കണം. കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം കേന്ദ്രം ചെയ്യും.

Listen to the full speech

 


കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ ഒത്തുകളി മനോജ് വധക്കേസിലും തുടരുകയാണെന്ന് രാംമാധവ് കുറ്റപ്പെടുത്തി. കേസ് സിബിഐക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മറുവശത്ത് പ്രതികള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കുന്നത് നാടകമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊന്നവരെ മാത്രമല്ല, ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്ന് നിലപാടില്‍ വിട്ടുവീഴ്ചയില്ല. നിയമ സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സിപിഎം ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. അക്രമത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാത്തത് ഭയന്നിട്ടില്ല. കണ്ണിന് കണ്ണെന്ന മാതൃക ലോകത്തെ ഇരുട്ടിലാക്കുമെന്ന് തിരിച്ചറിയുന്നത് കൊണ്ടാണ്. സമൂഹത്തെ അണിനിരത്തി സിപിഎമ്മിന് മറുപടി നല്‍കാന്‍ സാധിക്കുമെന്ന വിശ്വാസമുള്ളതിനാലാണ്. ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി ജീവന്‍ പോലും ബലിയര്‍പ്പിക്കുന്നവരെ അവഗണിക്കാന്‍ കേന്ദ്രത്തിനും സാധിക്കില്ല. കണ്ണൂരിലെ സംഘപ്രവര്‍ത്തകര്‍ ഒറ്റക്കല്ലെന്നതും ചെറുത്ത് നില്‍പ്പിന് എല്ലാവിധ പിന്തുണയുമുണ്ടാവുമെന്നും ഉറപ്പ് നല്‍കിയാണ് രാംമാധവ് പ്രസംഗം അവസാനിപ്പിച്ചത്.

 

News Feed

മാര്‍ക്‌സിസ്റ്റ് ഭീകരതക്ക് താക്കീതായി ജനശക്തി സംഗമം

വേദന പങ്കുവെച്ച് രാംമാധവ് ബലിദാനികളുടെ വീട്ടില്‍

Related posts