2:49 am - Sunday February 18, 2018

ഘര്‍വാപസിയെ കുറ്റംപറയാന്‍ കഴിയില്ല : ടി.പത്മനാഭന്‍

ആധുനിക മലയാള കഥാസാഹിത്യത്തിലെ സൂര്യതേജസ്സാണ് ടി.പത്മനാഭന്‍. വെറും നൂറ്റിതൊണ്ണൂറോളം കഥകള്‍ മാത്രമെഴുതി മലയാളത്തിലെ നിത്യവിസ്മയമായി മാറിയ എഴുത്തുകാരന്‍. കഥയ്ക്കുമാത്രമായി തന്റെ സര്‍ഗ്ഗാത്മക ജീവിതം ഉഴിഞ്ഞുവെച്ച പത്മനാഭന്‍ എണ്‍പത്തിയഞ്ചു വയസ്സിലേക്ക് പ്രവേശിക്കുകയാണ്. എഴുത്തിന്റെ 66-ാം വര്‍ഷത്തിലേക്കും. കഥയെ കവിതയോടടുപ്പിച്ച പത്മനാഭന്‍ മലയാളകഥയില്‍ സ്ഥാപിച്ച റിക്കാര്‍ഡുകള്‍ പലതാണ്. ഒട്ടെല്ലാ പ്രമുഖ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. വിദേശഭാഷകളിലുള്‍പ്പെടെ വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി മലയാള ചെറുകഥാശാഖയെ നിരന്തരം അവഗണിച്ചതിനെതിരെ പത്മനാഭന്‍ നടത്തിയ കാരൂര്‍ സ്മാരക പ്രഭാഷണത്തിന്റെ അലയൊലി ഇപ്പോഴും അടങ്ങിയിട്ടില്ല. മതേതരത്വത്തിന്റെ പേരില്‍ കേരള സാഹിത്യ അക്കാദമി നാമമാത്ര തുകയുളള ശ്രീപത്മനാഭസ്വാമി എന്റോവ്‌മെന്റ് അവാര്‍ഡ് നിര്‍ത്തലാക്കിയതിനെതിരെ ബാലഗോകുലത്തിന്റെ വേദിയില്‍ അദ്ദേഹം അതിരൂക്ഷമായി കേരള സാംസ്‌കാരിക വകുപ്പിനെയും അക്കാദമിയെയും വിമര്‍ശിച്ചു. പിറ്റേന്നുതന്നെ പ്രസ്തുത അവാര്‍ഡ് പുനഃസ്ഥാപിക്കാന്‍ മന്ത്രി ഉത്തരവിട്ടതും തുക 25,000 രൂപയാക്കി ഉയര്‍ത്തിയതും ശ്രദ്ധേയം. ഏതുവിഷയത്തിലും തന്റെ വ്യക്തമായ നിലപാട് തുറന്നടിച്ചുപറയുന്നതാണ് പത്മനാഭന്റെ പ്രകൃതം. അദ്ദേഹം സമകാലികവിഷയങ്ങളെക്കുറിച്ചും തന്റെ സാഹിത്യത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്നു, ‘കേസരി’ക്ക് അനുവദിച്ച അഭിമുഖത്തിലൂടെ.

 

മതപരിവര്‍ത്തന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ? ഘര്‍വാപസിയെക്കുറിച്ച് അഭിപ്രായമെന്താണ്?

 

$ ഒരു മതത്തിലേക്ക് പോകാനുളള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ടെങ്കില്‍ ആ മതത്തില്‍ നിന്ന് പിരിഞ്ഞു പോകാനുളള സ്വാതന്ത്ര്യവും ആ വ്യക്തിക്കുണ്ട്. ഉണ്ടാകണം. അങ്ങനെ നോക്കുമ്പോള്‍ ഘര്‍വാപസിയെ കുറ്റം പറയാന്‍ കഴിയില്ല. ഒന്നുമാത്രം. മതത്തില്‍ ചേരലും മതത്തില്‍ നിന്നു വിട്ടുപിരിയലുമൊന്നും ബലത്തിന്റെയോ പ്രലോഭനത്തിന്റെയോ അടിസ്ഥാനത്തിലാവരുത്. അത് പ്രതേ്യകിച്ച് ശ്രദ്ധിക്കേണ്ടതാണ്. മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം; ഞാനതിനെ തെറ്റായിക്കണ്ടിട്ടില്ല. അതിനു ശേഷവും മാധവിക്കുട്ടി എന്റെ സുഹൃത്തായിരുന്നു. മാധവിക്കുട്ടിയുടെ വീട്ടില്‍ പോയിട്ടുണ്ട്. അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുമുണ്ട്.

 

മാധവിക്കുട്ടിയുമായി അടുത്ത പരിചയം ഉണ്ടായിരുന്നല്ലോ? അവര്‍ മതം മാറിയത് ഇസ്ലാം മതത്തോടുള്ള ആത്മാര്‍ത്ഥമായ താല്പര്യം കൊണ്ടാണോ? അതോ പ്രലോഭനങ്ങള്‍ കൊണ്ടോ?

$ മാധവിക്കുട്ടിയുമായി വളരെ നല്ല പരിചയമുണ്ടായിരുന്നു. അവര്‍ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് ഇസ്ലാം മതം
പഠിച്ചിട്ടോ ഒന്നുമായിരുന്നില്ല. അവരെ പുച്ഛിച്ചും പരിഹസിച്ചും നടന്നിരുന്ന പുന്നയൂര്‍ക്കുളത്തെ ആഭിജാത നായര്‍ കുടുംബങ്ങളിലെ സ്ത്രീകളോടുളള ഒരുതരം വെല്ലുവിളിയായിട്ടാണ് അവര്‍ മതംമാറിയത്. പിന്നെ ഒരുമതം സ്വീകരിക്കുന്നതും അതില്‍ നിന്ന് വിട്ടുപോകുന്നതുമൊക്കെ ഒരു വ്യക്തിയുടെ സ്വന്തം അവകാശമാണെന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. മാധവിക്കുട്ടി മതംമാറിയതിനെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. എതിര്‍ത്തിട്ടല്ല എഴുതിയത്. അതവരുടെ അവകാശമാണ്.

 

ഹിന്ദുമതത്തിലെ ആദിവാസി-ദളിത് മതവിഭാഗങ്ങള്‍ മറ്റു മതത്തിലേക്ക് മാറിയാല്‍ അവര്‍ക്ക് സംവരണാവകാശങ്ങള്‍ തുടര്‍ന്നും നല്‍കേണ്ടതുണ്ടോ?

$ പുലയനും മറ്റും സംവരണം ലഭിച്ചത് ഹിന്ദുമതത്തിലെ ജാതിയുടെ അടിസ്ഥാനത്തിലല്ലേ. ഹിന്ദുമതത്തില്‍ ജാതിയുണ്ട്. എന്നാല്‍ ക്രിസ്തുമതത്തില്‍ ജാതിയില്ലല്ലോ. ഹിന്ദുമതം നല്ലതല്ല എന്ന് പറഞ്ഞ് മതംമാറി ക്രിസ്തുമതത്തിലേക്ക് പോയാല്‍ അവിടെയും പിന്നാക്കാവസ്ഥയുടെ പേരില്‍ അവര്‍ ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങുന്നതിലും കൊടുക്കുന്നതിലും ഒരു വൈരുദ്ധ്യമില്ലേ?

 

പി. കൃഷ്ണപിള്ള ഒരു റോള്‍മോഡലാണ് എന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മാരകം തകര്‍ക്കപ്പെട്ടതില്‍ ദുഃഖമുണ്ടോ? സി.പി.എമ്മിലെ വിഭാഗീയത തന്നെയാണോ അതിന് കാരണം. അച്യുതാനന്ദന്റെ നിലപാടാണോ ഔദ്യോഗിക പക്ഷത്തിന്റെ നിലപാടാണോ ശരി?

$ ഞാന്‍ കടുത്ത കോണ്‍ഗ്രസ്സുകാരനായ കാലത്തും എന്റെ ഹൃദയത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് കൃഷ്ണപിളളയെ പ്രതിഷ്ഠിച്ചിരുന്നത്. ഒന്നാമനായിട്ട.് മൊയ്തു മൗലവിയും കെ. കേളപ്പനുമൊക്കെ പിന്നയേ വരുന്നുളളൂ. ഇവരൊക്കെ ഞാന്‍ വ്യക്തിപരമായി ആദരിച്ചവരാണ്. ബഷീറിന്റെ ‘കാല്പാടുകള്‍’ വായിച്ചതുകൊണ്ടുമാത്രമല്ല. അല്ലാതെയും കൃഷ്ണപ്പിളളയുടെ ജീവിതം എന്നെ ഏറെ വശീകരിച്ചിരുന്നു. കൃഷ്ണപിളളയെക്കുറിച്ച് ദശകങ്ങള്‍ക്ക് മുമ്പ് ദേശാഭിമാനിയില്‍ ഞാനൊരു ലേഖനമെഴുതിയിട്ടുണ്ട്. 1948-ല്‍ കണ്ണൂര്‍ പഴയ ബസ്റ്റാന്റില്‍വെച്ച് കൃഷ്ണപ്പിളളയെ അത്യന്തം ഖേദകരമായ സാഹചര്യത്തില്‍ കാണാനിടയായതിനെ പറ്റി. കൃഷ്ണപ്പിളളയുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലത്തെ ഒരു സ്മാരകം. അര്‍ദ്ധകായ പ്രതിമ. ഇതൊക്കെനശിപ്പിക്കപ്പെടുക എന്നു പറഞ്ഞാല്‍, കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല, ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. എന്റെ വിശ്വാസം പാര്‍ട്ടിയിലെ ഉള്‍പ്പോരുകളാണ് ഇതിനിടവരുത്തിയത് എന്നു തന്നെയാണ്. ഈ വിഷയത്തില്‍ അച്യുതാനന്ദന്റെ നിലപാടല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിന്റെ നിലപാടാണ് ശരി എന്നു വിശ്വസിക്കുന്നവനുമാണ് ഞാന്‍.

 

ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും മുസ്ലീം ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയുമൊക്കെ വേദിപങ്കിടുന്നതിലും, അവരുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നതിലും യാതൊരു മടിയും കാണിക്കാത്ത, അതില്‍ അഭിമാനിക്കുന്ന എഴുത്തുകാര്‍ ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും അനുബന്ധസംഘടനകളുടെയും വേദികളോടും പ്രസിദ്ധീകരണങ്ങളോടും മുഖം തിരിക്കുന്ന പ്രവണതയുണ്ട്. ഇത് ഇരട്ടത്താപ്പല്ലേ?

$ഞാന്‍ ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിലും പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. അവരുടെ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാറുണ്ട്. വേദി പങ്കിടാറുണ്ട്. അതേസമയം ഞാന്‍ തപസ്യയുടെയും ബാലഗോകുലത്തിന്റെയും പരിപാടികളിലും പങ്കെടുക്കാറുണ്ട്. കൊല്ലങ്ങള്‍ക്കുമുമ്പ് തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരിച്ചതും ഞാനോര്‍ക്കുന്നു. ഒന്നാവാം. മറ്റേത് പാടില്ല, എന്നു പറയുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. പക്ഷെ ജമാഅത്തെ ഇസ്ലാമിയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുമ്പോഴും ഡി.വൈ.എഫ്.ഐയുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴും കോണ്‍ഗ്രസ്സിന്റെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴും അവരുടെ പത്രത്തിലെഴുതുമ്പോഴും ഞാനെന്റെ ആത്മാഭിമാനം പണയം വെച്ചിട്ടില്ല. ഞാനെന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

 

ആദിവാസികളുടെ രക്ഷയ്ക്ക് ആദിവാസികള്‍ തന്നെ രംഗത്തിറങ്ങണം എന്നല്ലേ നില്പുസമരത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. അവരുടെ കാര്യത്തില്‍ മറ്റാര്‍ക്കും ഒരു പാര്‍ട്ടിക്കും ആത്മാര്‍ത്ഥതയില്ല എന്നും?

$ ആദിവാസികള്‍ പതുക്കെ പതുക്കെ ഭൂമുഖത്തുനിന്ന് തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല. അമേരിക്കയിലും ആസ്‌ത്രേലിയയിലും മറ്റുമൊക്കെ ഇതാണ് സ്ഥിതി. അമേരിക്ക ഇന്ന് അവിടത്തെ ആദിവാസിയുടേതല്ല. തോക്കും ബൈബിളും കൊണ്ട് കുടിയേറിയ വെളളക്കാരന്റെ രാജ്യമാണ് അത് ഇപ്പോള്‍. അവിടുത്തെ ആദിവാസി സമൂഹം പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. മദ്ധേഷ്യന്‍ ഭൂഖണ്ഡങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദു;ഖകരമായ സംഗതി; മരിച്ചതിനു ശേഷവും ആദിവാസികള്‍ക്കവിടെ രക്ഷയില്ല എന്നതാണ്. ആദിവാസിയുടെ കുഴിമാടത്തില്‍, അടക്കം ചെയ്യുന്ന അവസരത്തില്‍, ജീവിച്ചിരിക്കുമ്പോഴവരുപയോഗിച്ച സാധനങ്ങളൊക്കെ ആചാരമുറകളുടെ അടിസ്ഥാനത്തില്‍ വെയ്ക്കുക പതിവാണ്. ഇപ്പോള്‍, സമര്‍ത്ഥനായ സായിപ്പ് ആദിവാസിയുടെ കുഴിമാടങ്ങള്‍ തോണ്ടി അവ പുറത്തെടുത്ത് ടൂറിസ്റ്റുകള്‍ക്ക് വില്ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും ആദിവാസികളുടെ സ്ഥിതി അത്യന്തം ദയനീയമാണ്. വയനാട്ടിലായാലും എവിടെയായാലും ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ അവരാണ്. പക്ഷെ അവര്‍ക്ക് അംഗസംഖ്യയില്ല. സംഘടിത വോട്ടില്ല. ആരു ഭരിച്ചാലും അവര്‍ നശിക്കുകയേയുളളൂ. അത് ഇടതു പക്ഷമായാലും വലതുപക്ഷമായാലും.

 

സദാചാരപോലീസിനെതിരെയും ഫാസിസത്തിനെതിരെയും കേരളത്തില്‍ സമീപകാലത്തായി കൊണ്ടാടപ്പെടുന്ന ചുംബനസമരത്തെക്കുറിച്ച് എന്താണ് പറയാനുളളത്?

$ സദാചാര പോലീസ് വെറും ഗുണ്ടായിസമാണ്. ചുംബനസമരത്തിന്റെ തുടക്കം കോഴിക്കോട്ടെ ഒരു ഹോട്ടല്‍ അക്രമിച്ചതാണല്ലോ. പക്ഷെ സദാചാരപോലീസിനെ എതിര്‍ക്കുന്ന എനിക്ക് ചുംബനസമരത്തെയും ശ്ലാഘിക്കാനാവില്ല. ഭാരതീയ സംസ്‌കാരത്തിനെതിരായതു കൊണ്ടൊന്നുമല്ല. ചിലകാര്യങ്ങള്‍ പരസ്യമായി ചെയ്യാനുളളതല്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. പ്രശസ്ത നടി ശോഭന ചോദിച്ചു; ഈ സമരത്തിലേര്‍പ്പെട്ടവര്‍, അവരുടെ പെങ്ങന്മാരെയോ മക്കളെയോ അമ്മമാരെയോ ഈ ചുംബനസമരത്തില്‍ അണിനിരത്തുമോ എന്ന്. ആരും അതിന് മറുപടി പറഞ്ഞതായി കണ്ടിട്ടില്ല. അത് നല്ലൊരു ചോദ്യമാണ് എന്നാണെനിക്ക് തോന്നിയത്. ഒരു തരം ജുഗുപ്‌സയാണ് ഈ സമരക്കാരുടെ പ്രവൃത്തി കാണുമ്പോള്‍ തോന്നുന്നത്. ഇത്തരം ആഭാസ സമരങ്ങള്‍കൊണ്ടും കോമാളിത്തരങ്ങള്‍ കൊണ്ടുമല്ല സദാചാര പോലീസിനെ നേരിടേണ്ടത്.
പരിസ്ഥിതി എന്ന വാക്കുപോലും പ്രചാരം നേടാത്തകാലത്ത്, പാരിസ്ഥിതിക ബോധവല്‍ക്കരണത്തെക്കുറിച്ച് ആരും ചിന്തിക്കാത്ത ഒരുകാലത്ത് താങ്കള്‍ കഥയിലൂടെ പാരിസ്ഥിതിക വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.

 

ആധുനിക മലയാള കഥയില്‍ പരിസ്ഥിതി ദര്‍ശനത്തിന്റെ പ്രഭാവം കൊണ്ടുവന്നത് ടി.പത്മനാഭനാണെന്നു പറഞ്ഞാല്‍….

$ അതിലൊരു സത്യമുണ്ട്. ഇത് വേറെ പലരും പറഞ്ഞിട്ടുണ്ട്. ജി. മധുസൂദനന്‍ ഐ.എ.എസ്, സാക്ഷിയെന്ന കഥയെക്കുറിച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റു പലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇങ്ങനെ ആദ്യപഥികനാവാന്‍ വേണ്ടിയിട്ടൊന്നും എഴുതിയതല്ല അത്. അനുഭവത്തില്‍ നിന്നും ഉണ്ടായ ശക്തമായ പ്രതികരണം എന്നനിലക്കാണ് അതെഴുതിയിട്ടുളളത്. സാക്ഷിമാത്രമല്ല എന്റെ വേറെയും കഥകളുണ്ട്. എന്നാല്‍ സാക്ഷി തന്നെയാണ് മലയാളത്തിലെ ശക്തമായ ആദ്യ പാരിസ്ഥിതിക കഥ.

 

യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയത്തെക്കുറിച്ച് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ എന്തു പറയുന്നു?

$ ഞാന്‍ മദ്യപിക്കാറില്ല. മദ്യം നല്ലതാണെന്ന വിശ്വാസവും ഇല്ല. എന്നുവെച്ച് മദ്യത്തെ നിയമം മൂലം നിരോധിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. ലോകത്തൊരിടത്തും മദ്യം നിയമം മൂലം നിരോധിച്ച് വിജയിച്ച ചരിത്രമില്ല. നിരോധിച്ച ഗവണ്‍മെന്റുകള്‍ക്കുതന്നെ അത് പിന്‍വലിക്കേണ്ടിവരികയും ചെയ്ത ചരിത്രമുണ്ട്. നിരോധിച്ചാല്‍ കളളവാറ്റും കളളക്കച്ചവടവും മദ്യക്കച്ചവടവും അങ്ങേയറ്റം പുഷ്ടിപ്പെടും. അമേരിക്കപോലുളള ശക്തമായ രാജ്യങ്ങളില്‍ പോലും അതാണുണ്ടായിട്ടുളളത്. ഗവണ്‍മെന്റ് ചെയ്യേണ്ടത് നിരോധിക്കുകയല്ല, മദ്യത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ്. കേരളത്തില്‍ പട്ടിക്കൂടും വിദ്യാലയമായി മാറുന്നു. അട്ടപ്പാടിയിലെ ആദിവാസിക്കുട്ടികള്‍ ഒരുമണിവറ്റ് കിട്ടാതെ വിശന്നു മരിക്കുന്നു. ഇതിലൊന്നും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല.ബാറുകളുടെ ഗുണനിലവാരം- ഭരിക്കുന്നവര്‍ക്കും എതിര്‍കക്ഷികള്‍ക്കും എല്ലാവര്‍ക്കും പ്രശ്‌നം ബാറുകളുടെ ഗുണനിലവാരമാണ്. മദ്യവര്‍ജ്ജനമാണ് കുറേക്കൂടി പ്രായോഗികം.

 

ശ്രേഷ്ഠ ഭാഷയായി മലയാളം മാറിയല്ലോ?

$ എന്ത് ശ്രേഷ്ഠ മലയാളമാണ്. ഇപ്പൊഴും ഫസ്റ്റ് ലാംഗേ്വജ് എന്താണ്? ഇംഗ്ലീഷിന് പണ്ടത്തേ പ്രാധാന്യം ആവശ്യമുണ്ടോ? നമ്മുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മലയാളം പറഞ്ഞാല്‍ ഇപ്പോഴും ഫൈനിടില്ലേ? മലയാളം പഠിക്കാതെ ഒരു ബിരുദധാരിയാകാന്‍ കഴിയുന്ന സംസ്ഥാനമല്ലേ ഇപ്പോഴും കേരളം. ഇപ്പോഴും കോടതിയിലെ ഭാഷയെന്താണ്? ഭരണഭാഷ എന്താണ്? ഒക്കെ പറയും. ഓരോ ദിവസവും ഇറങ്ങുന്ന മലയാള സിനിമകളുടെ പേരെന്താണ്? പരസ്യങ്ങളാവട്ടെ, കല്യാണക്കുറിയാവട്ടെ, ഗൃഹപ്രവേശ ക്ഷണപത്രികയാവട്ടെ, ചരമക്കുറിപ്പാകട്ടെ എല്ലാം ഇംഗ്ലീഷില്‍ വേണമെന്നല്ലേ പലരുടേയും വിചാരം. അതു പലതും വ്യാകരണപ്പിശകോടെയും സ്‌പെല്ലിംഗ് മിസ്റ്റേക്കോടെയുമാണ് വരിക. സായിപ്പൊന്നും ഇതുകാണുന്നില്ല. മലയാളത്തില്‍ മതി. എന്നിട്ടും… ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചാലേ മലയാളം ശ്രേഷ്ഠ ഭാഷയാകൂ എന്നെ വിശ്വാസക്കാരനല്ല ഞാന്‍. ഇതിന്റെ പിറകില്‍ കോടികളുടെ മറ്റൊരു കളിയുണ്ട്. ശ്രേഷ്ഠ ഭാഷയായാല്‍, ഒന്നുകൂടി ശ്രേഷ്ഠിക്കാന്‍ എത്രയോകോടി രൂപ കിട്ടും. അതിലൊരു കണ്ണും കൂടിവെച്ചിട്ടാണ് ഇതൊക്കെ.

 

എഴുത്തച്ഛനെപോലെ തന്നെ പ്രാധാന്യം മലയാളനാട്ടില്‍ ചെറുശ്ശേരിക്കുമുണ്ട്. ചെറുശ്ശേരിക്കും ഉചിതമായ സ്മാരകം ആവശ്യമാണെന്ന് മുമ്പ് അങ്ങ് പറഞ്ഞത് ഓര്‍ക്കുന്നു. കഴിഞ്ഞ ഭരണകാലത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന എം.എ. ബേബിയുമായും ഈ മന്ത്രിസഭയിലെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായ കെ.സി. ജോസഫുമായും അങ്ങയ്ക്ക് അടുത്ത ബന്ധമുണ്ട്. നാട്ടുകാരന്‍ എന്ന നിലയില്‍ അത്തരമൊരാവശ്യം ഉന്നയിച്ചുകൂടെ?

$ എഴുത്തച്ഛനു മുമ്പ് മലയാളത്തിലുണ്ടായ കവിയാണ് ചെറുശ്ശേരി. നല്ല ഒന്നാന്തരം കൃതി.
‘കൃഷ്ണഗാഥ’യൊക്കെ എഴുതിയിട്ടുമുണ്ട്. ഒരിക്കലും മറക്കാന്‍ കഴിയില്ല. പിന്നെ സ്മാരകം നല്ലതുതന്നെ. ആര്‍ക്കും സ്മാരകം വേണ്ട എന്ന് നമ്മുടെ സര്‍ക്കാര്‍ പറയില്ല. ആവശ്യപ്പെട്ടാല്‍ ഓ ഇപ്പോള്‍ ചെയ്യാമെന്ന് പറയും. ചെറുശ്ശേരിയും എഴുത്തച്ഛനുമൊക്കെ നൂറ്റാണ്ടുകള്‍ക്കു മുമ്പുളളവരാണ്. ഇന്നലെവരെ നമുക്കൊപ്പമുണ്ടായിരുന്ന മഹാന്മാരായ സാഹിത്യനായകന്മാരുടെ വീടുകള്‍ അവരുടെ കുടുംബക്കാര്‍ ഗവണ്‍മെന്റിനു സ്മാരകമാക്കാന്‍ വിട്ടുനല്‍കിയിട്ടുണ്ട്. അത്തരം വീടുകളുടെ സ്ഥിതിയെന്താണ്? ചിതലരിച്ചുപോകുന്നു. കളളന്മാര്‍ ഉപകരണങ്ങള്‍ കൊണ്ടുപോകുന്നു. എല്ലാം അനാഥമായ നിലയിലല്ലേ കിടക്കുന്നത്. സ്മാരകമുണ്ടായാല്‍ ആ കൂട്ടത്തില്‍ ചെറുശ്ശേരിയും വരും. തുഞ്ചന്‍പറമ്പിലെ സ്ഥിതിഗതികളെ സംബന്ധിച്ച് ആദ്യമേ അതിശക്തമായി പ്രതികരിച്ച ഒരാളാണ് ഞാന്‍. തുഞ്ചന്‍പറമ്പില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് ആണ് എഴുത്തച്ഛന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ നാം ചെയ്യുന്ന സല്‍പ്രവൃത്തി. സിനിമാ ഡയറക്ടര്‍മാരെ വിളിച്ച് ആദരിക്കാനുളള ഒരു സ്ഥലം. അതിനെക്കുറിച്ചൊക്കെ കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലത്.

 

പപ്പേട്ടന് എണ്‍പത്തിനാല് വയസ്സ് പൂര്‍ത്തിയായി. സാമാന്യമായി പറഞ്ഞാല്‍ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണേണ്ട പ്രായം തികഞ്ഞു എന്നര്‍ത്ഥം. എന്നിട്ടും എന്തേ നാട്ടുനടപ്പനുസരിച്ച് അതിന്റെ പേരില്‍ വലിയ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ താല്പര്യമില്ലാത്തത്?

$ ഞാന്‍ ഷഷ്ടിപൂര്‍ത്തി കൊണ്ടാടിയിട്ടില്ല. സപ്തതി കൊണ്ടാടിയിട്ടില്ല. അശീതി കൊണ്ടാടിയിട്ടില്ല. ശതാഭിഷേകവും കൊണ്ടാടിയിട്ടില്ല. ഇതില്‍ വലിയ കാര്യമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ സ്ഥിരം പറയാറുണ്ട് അമ്പൊത്തമ്പതു കഴിഞ്ഞാല്‍ ഏതുതീറ്റ റപ്പായിക്കും 60 വയസ്സാകും എന്ന്. അറുപതു കഴിഞ്ഞാല്‍ അറുപത്തിയൊന്നാകും. അപ്പോള്‍ പിന്നെ ഷഷ്ടിപൂര്‍ത്തിയും ശതാഭിഷേകവുമൊക്കെ കൊണ്ടാടുന്നതില്‍ എന്താണ് ഇത്രയൊക്കെ പ്രാധാന്യമുളളത്. ഞാനിതൊന്നും കൊണ്ടാടിയിട്ടില്ല. വീട്ടിലുമില്ല പുറത്തുമില്ല.

 

അങ്ങയുടെ ഒട്ടേറെ കഥകളിലെ നിറസാന്നിദ്ധ്യമാണ് ഭാര്യ. പ്രിയ പത്‌നി ഈയിടെ കാലയവനികപൂകി. താങ്കളിപ്പോള്‍ ഏകനാണ്. ഭാര്യയുടെ അസാന്നിദ്ധ്യം എങ്ങനെ മറികടക്കുന്നു?

$ വിഷമമാണ്. പക്ഷെ എന്നാലും നമ്മള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചല്ലെ പറ്റൂ. ഇവിടെ ഞാനിപ്പോള്‍ ഒറ്റയ്ക്കാണ്.

 

മലയാള ചെറുകഥയില്‍ കുട്ടികളുടെ ലോകം ചിത്രീകരിച്ച ഒരു എഴുത്തുകാരന്‍ പത്മനാഭനെപ്പോലെ വേറൊരാളില്ല. പപ്പേട്ടന് മക്കളില്ല. എന്നിട്ടും ബാലമനസ്സുകളുടെ ആകുലതകളും ആശങ്കകളും സന്തോഷവുമൊക്കെ ഇത്ര സൂക്ഷ്മമായി ആവിഷ്‌ക്കരിക്കാന്‍ എങ്ങനെ കഴിഞ്ഞു?

$ വളരെയേറെ കഥകള്‍ ഞാന്‍ കുട്ടികളെക്കുറിച്ച് എഴുതിയിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയത് കണ്ണൂരിലെ അല്‍ഫവണ്‍ പബ്ലിഷേഴ്‌സ് കുട്ടികളെക്കുറിച്ച് മാത്രം ഞാനെഴുതിയ മുപ്പത്തഞ്ചോളം കഥകളുടെ ഒരാന്തോളജി തയ്യാറാക്കിയപ്പോള്‍ മാത്രമാണ്. ചോദിച്ചത് ശരിയാണ്. കുട്ടികളെക്കുറിച്ച് മലയാളത്തിലെന്നല്ല മറ്റുഭാഷയിലും എന്റെയത്ര ചെറുകഥകളെഴുതിയ ആള്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. എന്റെയുളളില്‍ എന്നും ഒരുകുട്ടിയുണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് അങ്ങനെ എഴുതാന്‍ കഴിഞ്ഞതെന്ന് തോന്നുന്നു. ഒരു കാര്യംകൂടി, ഒരിക്കലും ബോധപൂര്‍വ്വം ചെയ്ത ഒരു പ്രവൃത്തിയല്ല അത്.

 

മൃഗങ്ങളെയും പൂക്കളെയും പക്ഷികളെയും ആധുനിക മലയാള ചെറുകഥയില്‍ ഇത്ര മനോഹരമായി ആവിഷ്‌ക്കരിക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. ഇത്തരം കഥകളോട് വായനാസമൂഹവും നിരൂപകരും എങ്ങനെയാണ് പ്രതികരിക്കുന്നത്?

$ നിരൂപകര്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്നതിനെക്കുറിച്ചൊന്നും ഞാനാലോചിച്ചിട്ടില്ല. വായനക്കാര്‍ക്ക് വെറുപ്പൊന്നും ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ എന്റെ കഥാപുസ്തകങ്ങള്‍ അവര്‍ വാങ്ങുകയില്ലായിരുന്നല്ലോ.

 

രാമചന്ദ്രനെന്ന കഥാപാത്രത്തിന്റെ സാന്നിദ്ധ്യം സമീപകാലത്തെ മിക്ക കഥകളിലും ഉണ്ട്. എന്താണ് രാമചന്ദ്രനുമായി ഇത്ര വലിയ ബന്ധം?

$ ഞാന്‍ ഫാക്ടിലെ ജോലിയൊക്കെ മതിയാക്കി കണ്ണൂരില്‍ വന്നശേഷം പരിചയപ്പെടാനിടയായ ഒരു വ്യക്തിയാണ് രാമചന്ദ്രന്‍. വളരെ സത്യസന്ധനും സേവനതല്പരനുമായ ഒരു ഓട്ടോ ഡ്രൈവര്‍. ഓട്ടോറിക്ഷ ഓടിച്ച് തന്റെ കുടുംബം പുലര്‍ത്തുന്ന സാധാരണക്കാരന്‍. കാശ് നല്‍കുന്നവരോട് മാത്രമല്ല അല്ലാത്തവരോടും അങ്ങേയറ്റത്തെ സേവനതൃഷ്ണയോ
ടെ പെരുമാറുന്ന ഒരു വ്യക്തിയാണ് രാമചന്ദ്രന്‍. അനുഭവങ്ങളില്‍ നിന്നാണ് ഞാനത് മനസ്സിലാക്കിയിട്ടുളളത്. കഴിഞ്ഞ എത്രയോ കൊല്ലങ്ങളായിട്ടുതന്നെ എനിക്ക് അവന്‍ പലപല കാര്യങ്ങളിലും ഉപകാരപ്രദമായി വന്നിട്ടുണ്ട്. രാമചന്ദ്രന്‍ കഥാപാത്രമായി വന്ന കഥകള്‍ സത്യത്തില്‍ നടന്നിട്ടുളളവ തന്നെയാണ്. ഒന്നും ഭാവനാധിഷ്ഠിതമല്ല.

 

84-ാം വയസ്സില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ കൃതിയാണ് ‘നിങ്ങളെ എനിക്കറിയാം’ എന്ന കഥാസമാഹാരം. ജീവിതത്തിന്റെ സായാഹ്നത്തില്‍ പല എഴുത്തുകാരും എഴുത്ത് നിര്‍ത്തി സ്വസ്ഥ ജീവിതം നയിക്കാന്‍ ഉത്സാഹം കാട്ടുന്ന നാട്ടില്‍ ഇനിയും പ്രൗഢമായ ചെറുകഥകള്‍ എഴുതണമെന്ന് ആഗ്രഹമുണ്ടോ?

$ അങ്ങനെ പ്രതേ്യകിച്ചാഗ്രഹം ഒരു കാലത്തുമില്ല. ഇപ്പോഴുമില്ല. 84-ാമത്തെ വയസ്സിലും കഥകള്‍ എഴുതി എന്നത് സത്യമാണ്. ഇപ്പോള്‍ അതേക്കുറിച്ച് അലോചിക്കുമ്പോള്‍ അല്പം അത്ഭുതവും തോന്നുന്നുണ്ട്. കാരണം എന്റെ ആരോഗ്യം വളരെ മോശമാണ്. എന്നിട്ടും എഴുതാന്‍ കഴിഞ്ഞല്ലോ. കഥകള്‍ മനസ്സില്‍ ധാരാളം വരാറുണ്ട്. അതിനൊരു കുറവുമില്ല. പക്ഷെ എഴുതാന്‍ വിഷമമാണ്. ശരീരം അനുവദിച്ചാല്‍ ഇനിയും എഴുതിയെന്നു വരും.

 

ഓണപ്പതിപ്പില്‍ ഒന്നാം സ്ഥാനം എന്നും പത്മനാഭന് ലഭിക്കുന്നതിനെപ്പറ്റി മാധവിക്കുട്ടി എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ സ്ഥിതിക്ക് മാറ്റമില്ല. അവരുടെ നടക്കാതെ പോയ ആഗ്രഹം പോലെ മറ്റുപല പ്രമുഖ കഥാകൃത്തുക്കളും ഇപ്പോഴും മനസ്സുകൊണ്ട് ആഗ്രഹിക്കുന്നുണ്ടാവില്ലേ?

$ അതെനിക്കറിയില്ല. പക്ഷെ, മാധവിക്കുട്ടി അത് തുറന്നുപറഞ്ഞു. അതില്‍ വളരെയേറെ സന്തോഷം അനുഭവിച്ചവനുമാണ് ഞാന്‍. മാധവിക്കുട്ടി പറഞ്ഞത്, ”ഗജരാജന്‍ പത്മനാഭന്‍ കേശവന്‍ തിടമ്പേറ്റി മുമ്പേ നടക്കുന്നു. ബാക്കി എല്ലാ കഥാകൃത്തുക്കളും പിറകില്‍ മാത്രം. ഈ ജന്മത്തില്‍ എനിക്കൊരിക്കലും പത്മനാഭന്റെ ഔന്നത്യം ലഭിച്ചിട്ടില്ല. എന്റെ ആഗ്രഹം അടുത്ത ജന്മത്തിലെങ്കിലും ഈ ഔന്നത്യം എനിക്ക് ലഭിക്കേണമേ എന്നാണ്.” മാധവിക്കുട്ടിയെപ്പോലൊരു വലിയ എഴുത്തുകാരിയില്‍ നിന്ന് എനിക്ക് കിട്ടിയ പ്രശംസാവചനമാണത്.

 

കഥയെഴുത്തിന്റെ അറുപത്തിയാറ് വര്‍ഷം. ആകെ 190 ല്‍ താഴെ കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളു. പലതും ദൈര്‍ഘ്യം കൊണ്ട് വളരെ ചെറുതും. കഥയ്ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കഥാകാരനുമാണ്. ഇന്നും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വില്ക്കപ്പെടുന്നത് പപ്പേട്ടന്റെ കഥാസമാഹാരങ്ങളുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് കഥയെഴുത്തില്‍ പിശുക്കുകാട്ടുന്നത്?

$ നിങ്ങള്‍ ചോദിച്ചതൊക്കെ സത്യമാണ്. ഈ 66 കൊല്ലത്തിനിടയില്‍, കൃത്യമായി ഞാന്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ കഥാസമാഹാരമായ ‘നിങ്ങളെ എനിക്കറിയാം’ എന്നതിലേതുള്‍പ്പെടെ 190-ല്‍ താഴെ കഥകള്‍ മാത്രമേ ഞാനെഴുതിയിട്ടുളളൂ. ഒരു പക്ഷെ, ഞാനടിവരയിട്ടു പറയുന്നു, ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന കഥാകൃത്തും മലയാളത്തില്‍ ഞാനായിരിക്കും. ഏറ്റവും കൂടുതല്‍ സമാഹാരങ്ങള്‍ വിറ്റഴിയുന്ന കഥാകൃത്തും ഞാന്‍ തന്നെയാണെന്നാണ് എന്റെ വിശ്വാസം. ഡി.സി. ബുക്‌സിന്റെ അടുത്ത കാലത്തെ ചിലപരസ്യങ്ങള്‍ തന്നെ ഇതിനു തെളിവായുണ്ട്. ഞാന്‍ കഥയെഴുതി തുടങ്ങിയകാലത്തുമുതല്‍ കാശുകിട്ടും എന്നുകരുതി കണ്ടമാനം കഥകള്‍ എഴുതിയിട്ടില്ല. പ്രശസ്തികിട്ടും എന്ന നിലക്കും എഴുതിയിട്ടില്ല. ഏതെങ്കിലും പത്രാധിപരുടെ നിര്‍ബന്ധത്തിനു വഴങ്ങിയിട്ടും എഴുതിയിട്ടില്ല. എഴുതിയേ കഴിയൂ എന്ന ഘട്ടത്തില്‍ മാത്രമേ എഴുതിയിട്ടുളളൂ. ഒരു കഥാ ബീജം മനസ്സില്‍ മുളപൊട്ടിയാല്‍, നാളുകളോളം മനസ്സില്‍ കൊണ്ടുനടക്കും. എന്നിട്ട് ചിലപ്പോള്‍ അത് കടലാസില്‍ കഥയായി പകര്‍ത്തും. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ അത് കഥയായി പുറത്തുവരാതെ പോയിട്ടുമുണ്ട്. കൂടുതല്‍ കൂടുതല്‍ എഴുതണം എന്ന് ഒരുകാലത്തും ആഗ്രഹിച്ചിരുന്നില്ല.

 

ആറുകൊല്ലം ഒരൊറ്റ കഥയും എഴുതാതിരുന്നത് എന്തുകൊണ്ടായിരുന്നു? പ്രതിഷേധമോ മടുപ്പോ നിരാശയോ കാരണമാണോ?

$ ശരിയാണ്. ഏറെ പ്രശസ്തിയുളള ഘട്ടത്തില്‍ തന്നെയാണ് ഞാന്‍ കഥയെഴുത്ത് നിര്‍ത്തിയത്. പത്രാധിപന്മാര്‍ ആവശ്യപ്പെടാത്തതുകൊണ്ടോ എന്റെ കഥാസമാഹാരങ്ങള്‍ക്ക് ചെലവില്ലാത്തതു കൊണ്ടോ ഒന്നുമായിരുന്നില്ല. എനിക്ക് നമ്മുടെ സാഹിത്യലോകത്തുളള പലപല കൂടുവിട്ട് കൂടുമാറലുകളും കണ്ടിട്ടുണ്ടായ മടുപ്പ് നിമിത്തമാണ് എഴുത്തിനോട് വൈമുഖ്യം വന്നത്. പിന്നെ ഞാനെന്നോടുതന്നെ പറഞ്ഞു നീ എഴുതിയിട്ടുണ്ട്. അതുമതി. മരിച്ചു കഴിഞ്ഞാല്‍ പിന്നീട് നീ എഴുതുകയില്ലല്ലോ. വേണ്ട, ഇത്രമതി. ഈ ചിന്താഗതി ആറു കൊല്ലം നിലനിന്നു. ആ ആറുകൊല്ലത്തിനൊരറുതി വന്നത് ‘സാക്ഷി’ എന്ന കഥയിലൂടെയാണ്. ‘സാക്ഷി’ എഴുതിയത് ഫാക്ടിലെ എന്റെ കഠിനമായ ചില അനുഭവങ്ങളുടെ സമ്മര്‍ദ്ദത്താലാണ്. മനുഷ്യന്‍ എങ്ങനെ ക്രൂരമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു. അതുകണ്ടിട്ട് എഴുതാതിരിക്കാന്‍ വയ്യ എന്ന നിലവന്നപ്പോഴാണ് ആ കഥയെഴുതിയത്.

 

ഒ.വി. വിജയന്‍ എന്ന എഴുത്തുകാരന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചുവോ? വിജയനുമായി അങ്ങയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നല്ലോ?

$ മലയാളത്തെ സംബന്ധിച്ചിടത്തോളം വിജയന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്. പക്ഷെ മലയാളത്തില്‍ മാത്രമായി ഒതുക്കിയിടേണ്ട ഒരു എഴുത്തുകാരനല്ല ഒ.വി. വിജയന്‍. ഒ.വി. വിജയന്റെ പ്രതിഭ നമ്മുടെ അതിര്‍ത്തികള്‍ക്കപ്പുറത്തും സഹൃദയര്‍ മനസ്സിലാക്കേണ്ടതായിരുന്നു. അതിന് ഒരുപ ക്ഷെ ഏറ്റവും അധികം സഹായകമാകുമായിരുന്നത് ജ്ഞാനപീഠപുരസ്‌കാരമാണ്. ഒ.വി. വിജയന്‍ മലയാളത്തില്‍ മാത്രമെഴുതിയ ഒരെഴുത്തുകാരനല്ല. ഇംഗ്ലീഷിലും അതിമനോഹരമായി എഴുതാനുളള കെല്‍പ് ഒ.വി. വിജയനുണ്ടായിരുന്നു. എഴുതുകയും ചെയ്തിരുന്നു. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. കഥയെഴുതി, നോവലെഴുതി, ലേഖനങ്ങളെഴുതി, ഹാസ്യലേഖനങ്ങളെഴുതി, ചിത്രങ്ങള്‍ വരച്ചു. ഇങ്ങനെ പലതും ചെയ്തു. പക്ഷെ, ഒ.വി. വിജയന് മലയാളത്തിനുവെളിയിലുളള ഒരു മികച്ച പുരസ്‌കാരവും ലഭിക്കുകയുണ്ടായില്ല. അതിനുളള എല്ലാ അര്‍ഹതയും ഉണ്ടായിട്ടും. ‘ജ്ഞാനപീഠം’ പോലും.

 

മലയാള ചെറുകഥാസാഹിത്യത്തില്‍ ‘നളിനകാന്തി’ യെന്ന കഥാസമാഹാരം ഒരു നാഴികക്കല്ലായി മാറുകയാണ്. പക്ഷെ വേണ്ട രീതിയില്‍ മലയാളി സഹൃദയലോകം അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നുമില്ല. ‘നളിനകാന്തി’ എന്ന കൃതിയുടെ പ്രതേ്യകതകളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

$ നളിനകാന്തി എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥയാണ്. എന്റെ ആത്മാംശം ഏറെയുളള കഥയുമാണ്. ഏതാണ്ടെല്ലാ കഥകളിലും ആത്മാംശമുണ്ട്. നല്ലതുപോലെതന്നെ. പക്ഷെ, നളിനകാന്തിയില്‍ ആദ്യം തൊട്ടവസാനംവരെ അതുണ്ടെന്നു പറഞ്ഞാല്‍ തെറ്റാവില്ല. മലയാളഭാഷയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കഥാസമാഹാരം നളിനകാന്തിയാണ്. സഹൃദയലോകം അതെങ്ങനെ മനസ്സിലാക്കി എന്നൊന്നും എനിക്ക് പറയാന്‍ കഴിയില്ല.

 

പക്ഷെ ഞാനൊരു മറുചോദ്യം ചോദിക്കാം. കുറച്ചെങ്കിലും മനസ്സിലാക്കിയില്ലായിരുന്നെങ്കില്‍ അതിന്റെ ഇത്രയേറെ കോപ്പികള്‍ ചെലവാകുമായിരുന്നോ? ഇതുവരെ എത്ര കോപ്പി വിറ്റഴിഞ്ഞിട്ടുണ്ടാവും?

$ എഴുപതിനായിരം കവിഞ്ഞിട്ടുണ്ടാവും. 32 പതിപ്പുകള്‍ ഡി.സി. ബുക്‌സ് തന്നെ ഇതിനകം പുറത്തിറക്കി. ആദ്യം അത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചത്.

 

കടയനല്ലൂരിലെ ഒരു സ്ത്രീ, മഖന്‍ സിങ്ങിന്റെ മരണം, ഗൗരി, കാലഭൈരവന്‍ തുടങ്ങിയ എത്രയോ കഥകളുടെ പശ്ചാത്തലം കേരളത്തിനു പുറത്താണ്. ആ കഥകളൊക്കെ എഴുതുന്ന കാലത്ത് അത്തരം പശ്ചാത്തലങ്ങള്‍ മലയാളത്തിന് പുതുമയായിരുന്നില്ലേ?

$ മഖന്‍ സിംഗിന്റെ മരണം വന്നപ്പോള്‍ എം.ഗോവി ന്ദന്‍ പറയുകയുണ്ടായി, ഒരു ഇന്ത്യന്‍ പെര്‍സ്പക്ടീവില്‍ മലയാളത്തില്‍ എഴുതപ്പെടുന്ന ആദ്യത്തെ കഥയാണ് ഇത് എന്ന്. പിന്നെ ഞാനിവിടങ്ങളിലൊക്കെ പോയിട്ടുണ്ട്. ഇതൊക്കെ എന്റെ അനുഭവമാണ്. അതിലെ സ്ഥലനാമങ്ങള്‍, വ്യക്തികള്‍, പേരുകള്‍, വ്യക്തികളുടെ അനുഭവങ്ങള്‍ ഇതൊക്കെ സത്യമാണ്. കടയനല്ലൂരിലെ ഒരു സ്ത്രീയെക്കുറിച്ച് മാത്രം ഒരു ചെറിയ വ്യത്യാസം പറയാനുണ്ട്. സത്യത്തില്‍ കടയനല്ലൂരിലെ ഒരു സ്ത്രീ എന്റെ അനുഭവമല്ല. ഞാന്‍ മദ്രാസില്‍ നിയമം പഠിക്കാന്‍ പോയപ്പോള്‍ താമസിച്ചത് ട്രിപ്ലിക്കേന്‍ ഹൈറോഡിലുളള ശാദിമഹല്‍ എന്ന ഹോസ്റ്റലിലായിരുന്നു. അവിടെ ബാലഗോപാലന്‍ എന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു. മദിരാശി ഗവണ്‍മെന്റില്‍ കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് ജോലിക്കാരനാണ്. കണ്ണൂരിലെ ചെറുകുന്നുകാരന്‍. ഒരു സന്ധ്യയ്ക്ക് ഞങ്ങള്‍ രണ്ടുപേരും ശാദിമഹലിന്റെ ടെറസ്സില്‍ ഇരുന്ന് പലതും പറയുന്ന കൂട്ടത്തില്‍ ബാലഗോപാലന്‍ തന്റെ ജീവിതത്തിലെ ഈ അധ്യായം എന്റെ മുമ്പില്‍ തുറക്കുകയായിരുന്നു. അദ്ദേഹം ഇതുപറയുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ അതൊരു കഥയായി ഇതള്‍ വിരിയുകയും ചെയ്തു. ഞാന്‍ കടയനല്ലൂരിന്റെ കഷ്ടിച്ച് ആറുനാഴിക അടുത്തുവരെ പോയിട്ടുണ്ട്. കടയനല്ലൂരില്‍ പോയിട്ടില്ല. കടയനല്ലൂരിലെ ഒരു സ്ത്രീയെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു രസകരമായ വസ്തുതയുണ്ട്. ഒരിക്കല്‍ എസ്.ഗുപ്തന്‍നായര്‍ ഒരു ലേഖനത്തില്‍ വിദേശഭാഷകളിലേക്ക് തര്‍ജ്ജമചെയ്യപ്പെടുവാന്‍ അര്‍ഹതയുളള പത്തു കൃതികള്‍-പത്തു കഥകളല്ല-തെരെഞ്ഞെടുത്തതില്‍ ഒന്ന് കടയനല്ലൂരിലെ ഒരു സ്ത്രീ ആണ്. ആ പത്തു കൃതികളിലൊന്നേ കഥയുളളൂ. ഇതും എനിക്ക് അല്പം സന്തോഷം നല്കിയ അനുഭവമാണ്. കാരണം ഗുപ്തന്‍നായര്‍ ഒരിക്കലും എന്റെ സുഹൃത്തായിരുന്നില്ല. വ്യക്തി എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടാതിരുന്ന ഒരാളായിരുന്നു ഗുപ്തന്‍നായര്‍. ഇനി ഗൗരി. ധാരാളം ചര്‍ച്ചചെയ്യപ്പെട്ടിട്ടുളള കഥയാണത്. പ്രശസ്ത നിരൂപകനായ കെ.പി. അപ്പന്‍ ‘പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ’യെന്ന് വിശേഷിപ്പിച്ച രചനയാണ് ഗൗരി. അതിപ്പോഴും വളരെയേറെ ആളുകള്‍ വായിക്കുന്നുണ്ട്. കാലം ആ കൃതിയുടെ ശോഭയ്‌ക്കൊരു മങ്ങലും ഏല്‍പ്പിച്ചിട്ടില്ല. ഞാന്‍ കാശിയില്‍ ദിവസങ്ങള്‍ ചിലവിട്ടിട്ടുണ്ട്. സഞ്ചാരം എനിക്കേറെ ഇഷ്ടമാണ്. അന്നത്തെ അനുഭവമാണ് കാലഭൈരവനായി രൂപാന്തരപ്പെട്ടത്. 1988-ല്‍ സാഹിത്യ പരിഷത്തിന്റെ ആദ്യത്തെ സുവര്‍ണ്ണ ജുബിലി പുരസ്‌കാരം ലഭിച്ച കൃതിയാണത്.

 

വിമോചനസമരത്തില്‍ പങ്കെടുത്തത് തെറ്റായിപ്പോയി എന്ന് പിന്നീട് തോന്നിയിട്ടുണ്ടോ?

$ ഒരു കാലത്തും തോന്നിയിട്ടില്ല. വിമോചന സമരത്തിനെതിരായി ധാരാളം ആരോപണങ്ങളുണ്ട്. അത് പളളിയും മതനേതാക്കളും നടത്തിയതാണ്, വിദ്യാഭ്യാസ കച്ചവടം ചെയ്യുന്ന സ്ഥാപിത താല്‍പ്പര്യക്കാര്‍ നടത്തിയതാണ് എന്നൊക്കെ. അതിനു പുറമെ ഈ സമരത്തെ സാമ്പത്തികമായി സഹായിച്ചത് അമേരിക്കയാണ്, സി.ഐ.എ. ആണ്. ഇതിലൊക്കെ സത്യത്തിന്റെ കഴമ്പുണ്ട് എന്നെനിക്കറിയാം. പക്ഷെ, എനിക്ക് യാതൊരു സ്ഥാപിത താല്പര്യവും ഉണ്ടായിരുന്നില്ല. ഞാന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പിണിയാളായിട്ടല്ല, ഒരു വ്യക്തി എന്ന നിലക്കാണ് കണ്ണൂര്‍ കലക്‌ട്രേറ്റ് പിക്കറ്റിങ്ങിന് പോയത്. അന്ന് നാട്ടില്‍ നടമാടിയിരുന്ന ധാരാളം ദുഷിച്ച അനുഭവങ്ങള്‍ കണ്ടിട്ടുണ്ടായ മടുപ്പില്‍ നിന്നാണ് ഞാന്‍ സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

 

ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നല്ലോ അത്?

$ അതിലും ഒരു തെറ്റുണ്ട്. അതിനുമുമ്പും ബാലറ്റിലൂടെ വന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉണ്ട് എന്ന് ആളുകള്‍ പറയുന്നുണ്ട്. അതുപോട്ടെ. അങ്ങനെ വന്നപ്പോള്‍ ആണ് അണികളില്‍ ഇനി നമുക്ക് എന്തും ചെയ്യാം എന്ന തോന്നലുണ്ടായത്. അത്തരത്തിലുളള അനുഭവങ്ങള്‍, കണ്ണൂരിലെ ഒരു വക്കീല്‍ എന്ന നിലക്ക് എനിക്കുണ്ടായിട്ടുണ്ട്. അതൊക്കെ കൊണ്ടാണ് ഞാനതില്‍ പങ്കെടുത്തത്.

 

അന്ന് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടോ?

$ പതിനഞ്ച് ദിവസം തടവില്‍ കിടന്നു. ജയിലിലൊന്നും സ്ഥലമുണ്ടായിരുന്നില്ല. അതുകൊണ്ട് തലശ്ശേരി കോട്ടയിലാണ് ഞങ്ങളെയൊക്കെ അടച്ചിരുന്നത്. അന്ന് സ്ഥിതിവിവരക്കണക്കിന് വേണ്ടി ഗവണ്‍മെന്റിന്റെ ഒരുദേ്യാഗസ്ഥന്‍ കോട്ടയില്‍ തെളിവെടുപ്പിനു വന്നു. ഏതേതു പാര്‍ട്ടികളുടെ അനുയായികളായിട്ടാണ് സമരത്തില്‍ പങ്കെടുത്ത് തടവുകാരായി എത്തിയിട്ടുളളത് എന്നറിയാന്‍ വേണ്ടി. കോണ്‍ഗ്രസ്സിലെത്ര, ആര്‍.എസ്.പി എത്ര, ലീഗില്‍ എത്ര, എന്നൊക്കെ. സാമാന്യം പ്രായമുളള ഒരാളായിരുന്നു ആ ഉദേ്യാഗസ്ഥന്‍. വളരെ പ്രശസ്തനായ അഡ്വക്കറ്റ് ടി. നാരായണന്‍ നമ്പ്യാരുണ്ടായിരുന്നു ഞങ്ങള്‍ക്കൊപ്പം. മലബാറിലെ പ്രശസ്തനായ വക്കീലാണ് അദ്ദേഹം. തലശ്ശേരിയിലെ കോണ്‍ഗ്രസ്സ് നേതാവ് ശ്രീനിവാസപ്രഭുവുണ്ടായിരുന്നു. തെളിവെടുപ്പിനായി ഉദേ്യാഗസ്ഥന്‍ എന്റെടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് പാര്‍ട്ടിയില്ല എന്ന്. ആ ഉദേ്യാഗസ്ഥന്‍ കരുതി അദ്ദേഹത്തെ കളിയാക്കാനാണ് ഞാനത് പറഞ്ഞത് എന്ന്. പിന്നെയും പിന്നെയും ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ഇല്ല സാറെ എനിക്ക് പാര്‍ട്ടിയില്ല. ഞാന്‍ സ്വന്തം നിലക്കാണ് പങ്കെടുത്തത് എന്ന്. ഇതു കേട്ടിട്ട് കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവും വയോധികനുമായ അഡ്വ.ടി. നാരായണന്‍ നമ്പ്യാര്‍ പറഞ്ഞു അവന്‍ പറഞ്ഞത് ശരിയാണ് എന്ന്. അതുകേട്ടപ്പോള്‍ മാത്രമാണ് ഉദേ്യാഗസ്ഥന് കാര്യം ബോധ്യപ്പെട്ടത്. അതുകൊണ്ട് വിമോചന സമരത്തില്‍ പങ്കെടുത്തതില്‍ എനിക്കല്‍പ്പംപോലും കുണ്ഠിതമില്ലെന്നുമാത്രമല്ല അതൊരു സല്‍പ്രവൃത്തിയായിട്ടാണ് എനിക്ക് തോന്നുന്നതും. അതില്‍ പങ്കെടുത്തതുകൊണ്ട് ഇടതുപക്ഷ പാര്‍ട്ടികളില്‍നിന്നും യാതൊരു പ്രശ്‌നവും പിന്നീട് ഉണ്ടായിട്ടുമില്ല. ധാരാളം നല്ല സുഹൃത്തുക്കള്‍ അവരുടെ ഇടയില്‍ എനിക്കുണ്ട്. എന്നെ അറിയുന്നവര്‍ എന്നെ വിട്ടുപോയിട്ടില്ല.

 

അടിയന്തിരാവസ്ഥക്കാലത്ത് നമ്മുടെ ഒട്ടുമിക്ക എഴുത്തുകാരും സാംസ്‌കാരികനായകരും വിനീതവിധേയരായി മൗനം പാലിക്കുകയായിരുന്നു.

$ ശരിയാണ്. ഞാനന്ന് ഫാക്ടില്‍ ഉദേ്യാഗസ്ഥനായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക് എതിരായിട്ട് ഞാന്‍ രംഗത്തു വന്നിട്ടില്ല. മറ്റൊരു കാര്യം പറയാം. ഞാന്‍ ആക്ടിവിസ്റ്റായ ഒരെഴുത്തുകാരനല്ല. എനിക്ക് എപ്പോഴെങ്കിലും അത്തരം സംഭവങ്ങളെപ്പറ്റി എഴുതണമെന്ന് തോന്നിയാല്‍ ഞാനൊരു കഥയെഴുതും. ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊന്നപ്പോള്‍ നമ്മുടെ മലയാളത്തില്‍ കഥകളുടെയും കവിതകളുടെയും ഒരു മഹാപ്രവാഹമുണ്ടായിരുന്നു. എല്ലാം മുദ്രാവാക്യം വിളിയായിരുന്നു. ഞാനും ഒരു കഥയെഴുതി -‘ഒരു പഴങ്കഥ’. പക്ഷെ അതില്‍ ചന്ദ്രശേഖരനും വെട്ടും ഒന്നുമില്ല. പക്ഷെ, എന്നെക്കൊണ്ട് ആ കഥയെഴുതിപ്പിച്ചത് ചന്ദ്രശേഖരന്റെ കൊലപാതകംതന്നെയായിരുന്നു.

അടിയന്തിരാവസ്ഥയെക്കുറിച്ച് തന്നെ പറയാം. ഒമ്പതിനായിരത്തോളം ജീവനക്കാരുളള ഫാക്ടറിയാണ് അന്ന് ഫാക്ട്. ഇന്ത്യയിലെ തന്നെ ഏറ്റവു മധികം തൊഴിലാളികളുളള സ്ഥാപനം. പക്ഷെ, സ്ഥാപനത്തില്‍ യാതൊരച്ചടക്കവും ഉണ്ടായിരുന്നില്ല. ധാരാളം തൊഴിലാളി യൂണിയനുകളുണ്ടായിരുന്നു. യൂണിയന്‍ നേതാക്കളെ ഭയപ്പെടുന്ന മാനേജര്‍മാരും ഉദേ്യാഗസ്ഥന്മാരുമായിരുന്നു പലരും. അവരെ കാണുമ്പോള്‍ നട്ടെല്ല് വളഞ്ഞുപോകുന്നവരാണ് പലരും. ഭയപ്പാടിനു കാരണം മാനേജര്‍മാരില്‍ ഭൂരിഭാഗവും അഴിമതിക്കാരായിരുന്നു എന്നതാണ്. യൂണിയന്‍ നേതാക്കളും കറപ്റ്റാണ് എന്ന് എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയാന്‍ കഴിയും. ഇതിന്റെയൊക്കെ ഫലമായിട്ട് ഡിസിപ്ലിന്‍ എന്ന ഒന്ന് ഫാക്ടറിയില്‍ അന്നുണ്ടായിരുന്നില്ല. ഇഷ്ടമുളളപ്പോള്‍ വരും; ഇഷ്ടമുളളപ്പോള്‍ പോകാം. ഒരു തീപ്പൊരിയുടെ അംശമുണ്ടായാല്‍പ്പോലും ഭീകരമായ സ്‌ഫോടനമുണ്ടാകാന്‍ ഇടയുളള സ്ഥലത്തുനിന്നുപോലും പുകവലിക്കുന്ന തൊഴിലാളികള്‍. ഉയര്‍ന്ന ഉദേ്യാഗസ്ഥന്മാരുടെ മുമ്പില്‍ നിന്ന് തീപ്പട്ടിയുരച്ച് പുകവലിക്കുന്ന തൊഴിലാളികളോട് ഒരക്ഷരം ഉരിയാടാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. പക്ഷെ അടിയന്തരാവസ്ഥ വന്നതോടെ എല്ലാം അങ്ങേയറ്റം നന്നായി. അടുക്കും ചിട്ടയും അച്ചടക്കവുമുണ്ടായി.

 

അടിയന്തരാവസ്ഥ നല്ലതായിരുന്നു എന്നാണോ?

$ അല്ലേ അല്ല. അവിടെ അന്നത്തെ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാക്കാന്‍ അടിയന്തരാവസ്ഥ കാരണമായി എന്നുമാത്രമാണ് ഞാന്‍ പറഞ്ഞത്. ഇതൊരു ഗുണമാണ്. പക്ഷെ ഇതിനെയൊക്കെ നിരാകരിക്കുന്ന തരത്തിലുളള അത്യന്തം ഭീകരമായ തിക്തഫലങ്ങള്‍ രാജ്യമെമ്പാടും അടിയന്തിരാവസ്ഥ കൊണ്ടുണ്ടായിട്ടുണ്ട്. അത് ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിക്കുകയാണ് ചെയ്തത്.

 

രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തില്‍, പ്രതേ്യകിച്ച് കണ്ണൂര്‍ ഉള്‍പ്പെടെയുളള വടക്കേ മലബാറില്‍ നിരന്തരം നടക്കുമ്പോള്‍ എഴുത്തുകാരും സാംസ്‌കാരിക നായകരും യാതൊന്നും പ്രതികരിക്കുന്നില്ല. എന്തുകൊണ്ടാണത്?

$ കണ്ണൂരിലെ അല്ലെങ്കില്‍ വടക്കേ മലബാറിലെ രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച് ‘ഇരുട്ടിന്റെ നഗരം’ എന്ന ഒരു കഥ ഞാനെഴുതിയിട്ടുണ്ട്. അവിടെയും നിങ്ങള്‍ക്ക് മുദ്രാവാക്യങ്ങളും സിന്ദാബാദുകളും മൂര്‍ദാബാദുകളുമൊന്നും കാണാന്‍ കഴിയില്ല. ഞാനൊരു കലാകാരനാണ്. ആക്ടിവിസ്റ്റല്ല. ഈ സംഭവങ്ങള്‍ എന്നിലുളവാക്കുന്ന അനുരണനങ്ങള്‍ ഒരു കഥയായി രൂപാന്തരപ്പെട്ടേക്കാം. പലസന്ദര്‍ഭങ്ങളിലും യാതൊരു മടിയും കൂടാതെ ഞാനെഴുതിയിട്ടുണ്ട്. അല്ലാതെ വെട്ടു കഥകളൊന്നും ടി. പത്മനാഭന് എഴുതാനാവില്ല. അത് വേറെയാണ്.

 

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസ്സുകാരനായി പൊതുജീവിതം തുടങ്ങുകയും ചെയ്ത പപ്പേട്ടന്‍ കോണ്‍ഗ്രസ്സുമായി അകന്നത് എപ്പോഴാണ്?

$ നാല്പതിലെ ഉപ്പുസത്യഗ്രഹസമരകാലത്ത് എനി ക്ക് 9 വയസ്സായിരുന്നു. മാധവമേനോനും കുട്ടിമാളുഅമ്മയും നാരായണക്കുറുപ്പുമൊക്കെയാണ് വട ക്കേ മലബാറില്‍ ഉപ്പുസത്യഗ്രഹത്തിന്റെ സന്ദേശവുമായെത്തിയത്. പയ്യാമ്പലത്തും പുതിയതെരുവി ലും നടന്ന പരിപാടിയില്‍ ഞാനും പങ്കെടുത്തു. പി റ്റേന്ന് കിലോമീറ്ററുകള്‍ അകലെയുളള ചെറുകുന്നിലെ കതിരുവെക്കുംതറയില്‍ പ്രതിഷേധപരിപാടിയിലും ഒമ്പതു വയസ്സുകാരനായ ഞാന്‍ പങ്കെടുത്തു. പുതിയതെരു ദേശസേവാസംഘം മൈതാനത്തായിരുന്നു പരിപാടി. 1942-ല്‍ ക്വിറ്റിന്ത്യസമരകാലത്ത് ഞാന്‍ പഠിച്ചിരുന്ന സ്‌കൂളിന്റെ ചുവരുകളിലൊക്കെ മുദ്രാവാക്യങ്ങള്‍ എഴുതിവെയ്ക്കുകയും അതിനുളള ശിക്ഷ വാങ്ങുകയും ഒക്കെ ചെയ്തു. 43-മുതല്‍ ഖാദി ധരിക്കാന്‍ തുടങ്ങി ഇപ്പോഴും ഖാദിമാത്രം ധരിക്കുന്നു. അതോടൊപ്പംതന്നെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തനം. ചിറക്കല്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിന്റെ സിക്രട്ടറി. 45-ല്‍ മദ്രാ സ് അസംബ്ലി തിരഞ്ഞെടുപ്പില്‍ പാലക്കാടു മുതല്‍ പ്രസംഗം. ചിറക്കല്‍ താലൂക്ക് സിക്രട്ടറി എന്ന നിലയില്‍. 45-ല്‍ തന്നെ കൊച്ചിയില്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദ്യമായി പോകാനും സാധിച്ചു. 47-ല്‍ സ്വാതന്ത്ര്യം കിട്ടി. കോണ്‍ഗ്രസ്സിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന കെ. കേളപ്പനോടൊക്കെ വളരെ ആദരവായിരുന്നു. അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. കേളപ്പനെയൊക്കെ അങ്ങേയറ്റം ശാരീരികമായി ദ്രോഹിച്ച ആള്‍ക്കാരെ അറിയാം. ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് ചുണ്ണാമ്പുകലക്കിയ വെളളം അദ്ദേഹത്തിന്റെ തലയിലൊഴിച്ചു. അദ്ദേഹത്തെ അങ്ങനെയൊക്കെ ദ്രോഹിച്ചവര്‍ പിന്നീട് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഖദര്‍ വസ്ത്രധാരികളായ നേതാക്കളായി രംഗത്തുവന്നു. ഇതു കണ്ട് മടുത്തിട്ടാണ് പിന്നീട് സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറിനിന്നത്. അത് തെറ്റായിപ്പോയെന്നു തോന്നിയിട്ടുമില്ല. പക്ഷെ അന്നു മുതല്‍ ഇന്നുവരെ രാഷ്ട്രീയ പ്രശ്‌നങ്ങളെ വളരെ ശ്രദ്ധാപൂര്‍വ്വം നോക്കിക്കാണുന്ന ഒരു വ്യക്തിയാണ് ഞാന്‍. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ തൃപ്തനല്ല. കോണ്‍ഗ്രസ്സ് നശിച്ചു കാണണം എന്ന ആഗ്രഹവും എനിക്കില്ല.

 

കായിക താരങ്ങള്‍ക്ക് പ്രതേ്യകിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്കൊക്കെ ലഭിക്കുന്ന പ്രാധാന്യവും അംഗീകാരവുമൊന്നും ദേശീയതലത്തില്‍ നമ്മുടെ എഴുത്തുകാര്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണ്?

$ അതങ്ങനെ തുലനം ചെയ്യേണ്ട ആവശ്യമുണ്ടോ? ക്രിക്കറ്റിനെക്കുറിച്ച് മാത്രം പറഞ്ഞാല്‍, അത് ബ്രിട്ടീഷുകാരന്റെ മാത്രം കളിയാണ്. അതിനൊരു കാരണം തണുപ്പു രാജ്യമാണ് ഇംഗ്ലണ്ട്. രാവിലെ തൊട്ടു വൈകുന്നേരംവരെ വെയിലത്ത് നിന്നുകളിക്കുന്ന കളിയാണത്. കുറച്ച് ചൂടുകിട്ടും അപ്പോള്‍. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഒരു കളിയുമാണ്. വെളളക്കാരന്‍ കുടിയേറിയ കൊളോണിയല്‍ അധിനിവേശ പ്രദേശങ്ങളിലെല്ലാം ക്രിക്കറ്റും എത്തി. നമ്മള്‍ 47-ല്‍ വെളളക്കാരില്‍ നിന്ന് മോചനം നേടിയെങ്കിലും ഇപ്പോഴും ക്രിക്കറ്റില്‍ നിന്ന് മോചനം നേടിയിട്ടില്ല. ഒരു കളിയെന്നനിലയില്‍ അതിനെ അംഗീകരിക്കാം. പക്ഷെ അതിന്നൊരു കച്ചവടമായി. എല്ലാ കച്ചവടങ്ങളിലുമുളള കളവുകളും കൃത്രിമങ്ങളും കുതികാല്‍വെട്ടുകളും ക്രിക്കറ്റിലും കാണാന്‍ കഴിയും. അമേരിക്ക, ജര്‍മ്മനി, ചൈന, തുടങ്ങിയ രാജ്യങ്ങളിലൊന്നും ക്രിക്കറ്റിന് യാതൊരു പ്രാധാന്യവുമില്ല. ക്രിക്കറ്റുകളിയില്‍ ജയിച്ചുവന്ന ഒരു വ്യക്തിയോട് എനിക്ക് യാതൊരു ആരാധനയും തോന്നിയിട്ടില്ല. എതിര്‍പ്പുമില്ല. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്‌നം കൊടുത്തപ്പോള്‍ ദുഃഖിതനായിരുന്നു ഞാന്‍. അങ്ങനെയാണെങ്കില്‍ ആര്‍ക്കാണിനികൊടുക്കാന്‍ പാടില്ലാത്തത്.

 

എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?

$ മികച്ച കാറുകളോടും ബൈക്കുകളോടും കമ്പമുളള ഒരു വ്യക്തിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. സമ്മാനമായിട്ടുതന്നെ വിദേശരാജ്യങ്ങില്‍ നിന്നും വിലകൂടിയ, വളരെ മികച്ച വാഹനങ്ങള്‍ ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. കോടികള്‍ വിലയുളളവ. കസ്റ്റംസുകാര്‍ ഇതിനു ഡ്യൂട്ടിചുമത്തും. ഇദ്ദേഹം, ഞാന്‍ ക്രിക്കറ്റുകളിക്കാരനാണ് എന്നെ ഇതില്‍നിന്നൊഴിവാക്കണം എന്ന് അവരോടാവശ്യപ്പെടും. ഏതാണ്ടെപ്പോഴും വിജയിക്കുന്നതും തെണ്ടുല്‍ക്കര്‍ തന്നെയാവും. ഭാരതരത്‌നം കിട്ടിയതിനു ശേഷമോ തൊട്ടുമുമ്പോ ഉണ്ടായ ഒരു സംഭവം ഞാന്‍ പറയാം. ഇദ്ദേഹത്തിന്റെ വീട്ടിലെ വിശാലമായ പുല്‍ത്തകിടി നനച്ച വകയില്‍ ചെലവാക്കിയ ലക്ഷക്കണക്കിന് ഉറുപ്പികയുടെ വെള്ളക്കരം ബോംബെ കോര്‍പ്പറേഷനില്‍ ഇദ്ദേഹം അടച്ചിരുന്നില്ല. ഞാനും നിങ്ങളും ഒരു മാസം കരം അടച്ചിട്ടില്ലെങ്കില്‍ നമുക്ക് അടുത്തമാസം വെളളം കിട്ടില്ല; നിര്‍ത്തിക്കളയും. പക്ഷെ സച്ചിന്‍ തെണ്ടുല്‍ ക്കര്‍ക്ക് എതിരെ നടപടിയില്ല. കാരണം അദ്ദേഹം വലിയ ക്രിക്കറ്റ് താരമാണ്. അവസാനം ഏതോ ഒരു മന്ദബുദ്ധിയായ കോര്‍പ്പറേഷന്‍ ഉദേ്യാഗസ്ഥന്‍ ഇദ്ദേഹത്തിനെതിരെ കേസുകൊടുക്കാന്‍ നോട്ടീസ് അയച്ചു. അപ്പോഴും ഇദ്ദേഹം വാദിച്ചത് ഞാന്‍ ക്രിക്കറ്റ് കളിക്കാരനാണ് എന്നാണ്. അതിന്റെ അവസാനം എന്തായെന്നറിയില്ല. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ സച്ചിന്‍ തന്നെയാവും ജയിച്ചിട്ടുണ്ടാവുക. ഭാരതരത്‌നമല്ലേ? അദ്ദേഹം ക്രിക്കറ്റില്‍ കള്ളക്കളി കളിക്കുകയും അങ്ങനെ പണമുണ്ടാക്കുകയും ചെയ്യുന്ന ഒരു മലിനനാണ് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ, കാശുകിട്ടിയാല്‍ ഏതു പീറക്കമ്പനിയുടേയും ബ്രാന്റ്അംബാസിഡറായി നില്ക്കാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് അദ്ദേഹം. ബൂസ്റ്റിന്റെ പ്രസിദ്ധമായ പരസ്യം കേട്ടിട്ടില്ലേ? ‘

 

മഹാരഥന്മാര്‍ ജീവിച്ച പള്ളിക്കുന്ന് ഒരു പൈതൃക ഗ്രാമമായി പ്രഖ്യാപിക്കാന്‍ അധികൃതര്‍ തയ്യാറാകേണ്ടതല്ലേ?

$ അങ്ങനെയൊരാവശ്യമൊന്നും എനിക്കില്ല. അങ്ങനെയായാലുളള ഗുണം എന്താണെന്നും എനിക്കറിയില്ല. ആറന്മുള പൈതൃകഗ്രാമമല്ലേ? അവിടെയിപ്പോഴെന്താണ് നടക്കുന്നത്! (ചിരിക്കുന്നു) ഇവിടെ നിങ്ങള്‍ പറഞ്ഞതുപോലെ ചെറുശ്ശേരിയും ശങ്കരകവിയും ഏറ്റവും ഒടുവില്‍ വി. ഉണ്ണികൃഷ്ണനുമൊക്കെ ജീവിച്ചിട്ടുണ്ട് എന്നത് ശരിയാണ്.
എന്റെ ഇഷ്ടകൃതി ‘പള്ളിക്കുന്നാ’ണ് എന്ന് പറഞ്ഞത് ഓര്‍ക്കുന്നു.

 

എന്താണ് ആ ലേഖനസമാഹാരത്തോടിത്ര ഇഷ്ടം?

$ ഏറ്റവും ഇഷ്ടപ്പെട്ട കൃതി എനിക്ക് പളളിക്കുന്ന് തന്നെയാണ്. ഒരുപക്ഷെ അതിലാദ്യത്തെ ലേഖനം പളളിക്കുന്ന് എന്റെ ആത്മകഥയുടെ ആദ്യത്തെ അധ്യായമായിട്ടും കരുതാം. ഒരിക്കലും എഴുതിയിട്ടില്ലാത്ത, എഴുതപ്പെടാന്‍ ഇടയില്ലാത്ത ആത്മകഥയുടെ അധ്യായമായിട്ടു കരുതാം. അതിലെ ഓരോ ലേഖനവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിലെ ഭാഷ, കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുളള രീതി, അതൊക്കെ എനിക്ക് ഏറെ ഇഷ്ടമാണ്.

 

അങ്ങയുടെ ഏറ്റവും അവസാനമായി എഴുതിയ കഥ തന്‍മ മാസികയില്‍ പ്രസിദ്ധീകരിച്ച ‘സ്‌തോത്രം’ ആണെന്ന് തോന്നുന്നു. അതിലെ നായിക സി.പി.ലീല വായനക്കാര്‍ക്ക് മറക്കാനാവാത്ത കഥാപാത്രമാണ്. ആ കഥയിലെ കാര്യങ്ങള്‍ സത്യത്തില്‍ നടന്നതാണോ?

$ അതെ. ഏറെക്കുറെ അതാണ് എന്റെ അവസാനമെഴുതിയ കഥ എന്നുപറയാം. ആ കഥാപാത്രം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സി.പി. ലില്ലി എന്നാണ് അവരുടെ യഥാര്‍ത്ഥ പേര്. കഥയില്‍ ഞാന്‍ ലീല എന്നാക്കിയെന്നു മാത്രം.

News Feed
Filed in

Parampoojaniya Sarsanghchalak Invokes Tagore, Appeals For ‘Hindu Rashtra’

RSS celebrated 66th Republic Day across the nation

Related posts