9:51 pm - Wednesday March 21, 2018

ദയനീയ ഭൂരിപക്ഷം

Click to Download Dayaneeya-Bhooripalsham.pdfin PDF format

കേരളത്തിലെ ഹിന്ദു നവോത്ഥാനത്തെ സമര്‍ത്ഥമായി തട്ടിയെടുത്ത് സാമൂഹ്യവും രാഷ്ട്രീയവുമായ ഹിന്ദുവിന്റെ വളര്‍ച്ചയെ ഭ്രൂണാവസ്ഥയില്‍ തന്നെ തടയുകയും അതോടൊപ്പം സ്വയം തുലയുകയും ചെയ്ത ഹിന്ദുസഖാക്കളോട് ക്രിസ്ത്യാനികളും മുസ്ലിങ്ങളും എക്കാലവും നന്ദിയുള്ളവരായിരിക്കും.ഭൗതികമായ ചോദ്യങ്ങള്‍ക്ക് ആദ്ധ്യാത്മികഗ്രന്ഥങ്ങളില്‍ ഉത്തരം തേടുന്ന ഹിന്ദുവിന്റെ നിലപാട് പുനഃപരിശോധിക്കേണ്ട സമയമായി. അതില്‍ പരാജയത്തിന്റെയോ പലായനത്തിന്റെയോ ധ്വനി ഒളിഞ്ഞുകിടപ്പുണ്ട്. യാഗം, ഹോമം, സത്രം തുടങ്ങിയ ‘ദക്ഷിണായന’ ക്രിയകളെക്കൊണ്ട് അകറ്റാന്‍ കഴിയുന്ന ബാധകളല്ല ഹിന്ദുധര്‍മത്തെ ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്നത്.

 

ദയനീയന്യൂനപക്ഷം എന്ന പ്രയോഗം, കേള്‍ക്കുന്ന മാത്രയില്‍ തന്നെ അതിന്റെ അര്‍ത്ഥം ഉറപ്പുവരുത്തും. എണ്ണവും വണ്ണവും ഗുണവും ചേര്‍ന്ന് അന്യാധീനപ്പെട്ട ഒരു വിഭാഗത്തെയാണ് അത് ഓര്‍മപ്പെടുത്തുക. ഏതാണ്ട് എഴുപത്തഞ്ചുവര്‍ഷം മുമ്പ്, ഇന്ന് പാക്കിസ്ഥാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്ത് നടന്ന ജനസംഖ്യാ കണക്കെടുപ്പില്‍ ഹിന്ദുക്കള്‍ (ഹിന്ദു, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങള്‍) ഇരുപതുശതമാനമുണ്ടായിരുന്നു. ഇപ്പോള്‍ അത് ഒന്നോ രണ്ടോ ശതമാനത്തിന്റെ അടുത്തുനില്‍ക്കുന്നുവെന്നാണ് ആധികാരിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നാല്‍പ്പത്തിയേഴിലെ വിഭജനത്തെ തുടര്‍ന്നുണ്ടായ ഹിന്ദുക്കളുടെ പലായനമാണ് ഇതിന് കാരണമെന്ന് ചിലര്‍ ന്യായീകരണം കൊണ്ടുവരാറുണ്ട്. 2014 ലും വിഭജന ഭൂകമ്പത്തിന്റെ തുടര്‍ചലനം അവസാനിക്കില്ലെ? തീര്‍ത്ഥാടനത്തിനായി ഭാരതത്തിലേക്ക് വരുന്ന പാക്കിസ്ഥാനിലെ ഹിന്ദു അവശിഷ്ടങ്ങള്‍ തിരിച്ചുപോകാതെ ഭാരതീയ പൗരത്വത്തിനുവേണ്ടി യാചിക്കുന്നത് സ്ഥിരം പത്രവാര്‍ത്തയാണല്ലൊ. വെറുമൊരു മനുഷ്യായുസ്സിനിടയില്‍ സംഭവിച്ച ഈ ഉന്മൂലന ദുരന്തം അലസമായ വായനയില്‍ ഒടുങ്ങുകയോ ഒതുങ്ങുകയോ ചെയ്യുന്നു.

 

വിഭജനത്തിനു മുമ്പുള്ള പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ ഹിന്ദുക്കള്‍ പ്രായേണ സമ്പന്നരായ ഒരു ജനവിഭാഗമായിരുന്നു. സിന്ധികളും പഞ്ചാബികളുമായ വണിക്കുകള്‍, ഉദ്യോഗസ്ഥന്മാര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, മതപണ്ഡിതന്മാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍ തുടങ്ങിയ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരുടെ സംഖ്യ ചെറുതായിരുന്നില്ല. അവര്‍ വര്‍ഗീയകലാപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഭാരതത്തില്‍ അഭയം തേടിയെത്തി. സമ്പത്തും സംഘടനയും നേതൃത്വവും നഷ്ടപ്പെട്ട ഒരു ചുറ്റുപാടില്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് രണ്ടും കല്‍പ്പിച്ച് പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഉത്തരേന്ത്യയില്‍ ആര്യസമാജക്കാരുടെ അക്കാലത്തെ നേതൃകേന്ദ്രം ലാഹോറായിരുന്നു. അവിടത്തെ പ്രസിദ്ധമായ ഡിഎവി കോളേജ് വിഭജനത്തെത്തുടര്‍ന്ന് എന്നെന്നേക്കുമായി അടച്ചുപൂട്ടി. എന്നാല്‍ പാക്കിസ്ഥാന്‍ വാദത്തിന്റെ ആദ്യാക്ഷരം കുറിച്ച അലിഗഢിലെ മുസ്ലിം സര്‍വകലാശാലക്ക് ഇപ്രകാരമൊരു ദുര്യോഗമുണ്ടായില്ല. മര്‍ദ്ദനത്തിന്റെയും മാര്‍ഗ്ഗം കൂട്ടലിന്റെയും നടുവില്‍ ‘നാടുനീങ്ങി’പ്പോയ പാക്കിസ്ഥാനിലെ ഹിന്ദുവംശവൃക്ഷത്തിന്റെ വേരുകള്‍ അങ്ങിങ്ങായി ഇപ്പോഴും മരുന്നിന് കിട്ടാനുണ്ട്. പാക്കിസ്ഥാനില്‍ അവശേഷിക്കുന്ന പ്രകടമായ ഹിന്ദുവിഭാഗം പുണ്യഭൂമിയിലെ അടിച്ചുതളിക്കാരാണ്. ഇസ്ലാമിക രാഷ്ട്രത്തിലെ നഗരവീഥികള്‍ നിര്‍മലമായിരിക്കാന്‍ ചില്ലറ സൗജന്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് അപരാധമല്ല. ഹിന്ദുക്കളെപ്പോലെ ക്രിസ്ത്യാനികളും ക്വാദിയാനികളും പാക്കിസ്ഥാനില്‍ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. വേട്ടയാടാന്‍ എപ്പോഴും ഒരു മൃഗമുണ്ടായിരിക്കണം. ഷിയാ വിഭാഗക്കാരാണ് ഇപ്പോഴത്തെ ഇര. ഭാരതത്തെ വെട്ടിമുറിച്ച് പാക്കിസ്ഥാന്‍ എന്ന ഇസ്ലാമിക രാജ്യം സൃഷ്ടിച്ച ക്വായിദെ അസം ജിന്ന ഈ വിഭാഗത്തില്‍പ്പെടുന്നു എന്നത് ചരിത്രത്തിന്റെ വിചിത്രമായ നിയോഗമാവാം. ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ലോകത്തിലെ ആദ്യത്തെ മുസ്ലിമും പാക്കിസ്ഥാന്‍കാരനും ഇതേ മാര്‍ഗ്ഗക്കാരനാണ്.

 

ഉത്തരേന്ത്യയിലെ ‘ക്രീമിലെയര്‍’ മുസ്ലിങ്ങള്‍ പാക്കിസ്ഥാനിലേക്ക് കുടിയേറിയിട്ടും ഭാരതത്തിലെ മുസ്ലിങ്ങള്‍ക്ക് പാക് ഹിന്ദുക്കളുടെ അനുഭവം ഉണ്ടായില്ല. വോട്ട്ബാങ്ക് രാഷ്ട്രീയവും പില്‍ക്കാലത്തെ പെട്രോഡോളര്‍ സമ്പത്തുമാണ് ഇതിനു കാരണമെന്ന് പറയുന്നുവരുണ്ട്. അതിലുപരി വ്യാപാരവിജയത്തെ മതവിശ്വാസവുമായി ബന്ധിപ്പിക്കുന്ന ഒരു സമീപനരീതി മുസ്ലിങ്ങളെ തീവ്രമായി സ്വാധീനിച്ചു എന്ന യാഥാര്‍ത്ഥ്യം ചര്‍ച്ചചെയ്യപ്പെടണം. ഇസ്ലാമില്‍ പുണ്യകര്‍മം ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം പോലും വ്യാപാരമൂല്യങ്ങളെയാണ് ഓര്‍മിപ്പിക്കുക. ലാഭം എന്ന ലക്ഷ്യത്തിലെത്താന്‍ കച്ചവടത്തിന്റെ നല്ലതും ചീത്തയുമായ മാര്‍ഗ്ഗങ്ങള്‍ എങ്ങനെ സ്വീകരിക്കണമെന്ന് അറബികള്‍ ലോകത്തെ പഠിപ്പിച്ചിട്ടുണ്ടല്ലൊ. ഭാരതത്തിലെ സാധാരണ മുസ്ലിങ്ങളുടെ മതബോധം വ്യാപാരലാഭത്തിന്റെ വ്യാകരണം നല്ലതുപോലെ അഭ്യസിച്ചിട്ടുണ്ട്. അതുകൊണ്ട് ഭൗതിക മേഖലയില്‍, പ്രതികൂല സാഹചര്യങ്ങളില്‍ പോലും അവര്‍ക്ക് പിടിച്ചുനില്‍ക്കാനായി. വ്യാപാരികള്‍ ഹിന്ദുക്കളും തൊഴിലാളികള്‍ മുസ്ലിങ്ങളുമായ ഇടങ്ങളില്‍ (കാശിയിലെ നെയ്ത്തുകാര്‍ മുസ്ലിങ്ങളും വ്യാപാരികള്‍ പൊതുവെ ഹിന്ദുക്കളുമാണ്.) മാത്രമാണ് അവര്‍ പിറകോട്ട് പോയത്.

 

ദയനീയ ന്യൂനപക്ഷത്തില്‍നിന്ന് നമുക്ക് ദയനീയ ഭൂരിപക്ഷത്തിലേക്ക് കടക്കാം. സാങ്കേതികാര്‍ത്ഥത്തില്‍ ഒരു പണത്തൂക്കത്തിന്റെ ഭൂരിപക്ഷമാണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ഇപ്പോള്‍ അവകാശപ്പെടാന്‍ കഴിയുക. അതും എണ്ണത്തില്‍ മാത്രം. കേരളപ്പിറവിയുടെ സന്ദര്‍ഭത്തില്‍ വ്യക്തമായ ഹിന്ദു ഭൂരിപക്ഷമുണ്ടായിരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഹിന്ദുസ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ ജയിപ്പിക്കാനാവില്ല എന്ന തിരിച്ചറിവ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായിരുന്നു. കൈവശഭൂമി അതിവേഗം ഇതരമതക്കാരുടെ പിടിയിലമരുകയും പുതുവിശ്വാസങ്ങള്‍ ആവാസഘടനയില്‍ സമരസങ്കേതങ്ങള്‍ സൃഷ്ടിക്കുകയും ഭക്ഷണത്തിന്റെയും ഭാഷണത്തിന്റെയും രൂക്ഷമായ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും വിശ്വാസം ഒരു യുദ്ധമുറയാണെന്ന പുതിയ അറിവിന്റെ പെരുമ്പറ മുഴങ്ങുകയും ചെയ്യുന്ന വര്‍ത്തമാന കാലഘട്ടത്തില്‍, കേരളത്തിലെ ഹിന്ദുവിന്റെ പ്രശ്‌നങ്ങളെ വൈകാരിക സമീപനങ്ങള്‍ക്കുപരിയായി വീക്ഷിക്കാന്‍ നമുക്ക് കഴിയണം.

 

അടുത്തകാലംവരെ കൃഷിയും കൈത്തൊഴിലുമായിരുന്നു കേരളത്തിലെ ഹിന്ദുവിന്റെ ഉപജീവനമാര്‍ഗ്ഗം. യഹൂദനും സുറിയാനിയും പറങ്കിയും വ്യാപാരത്തിനായി കേരളത്തിലെത്തിയപ്പോള്‍ അവരുടെ വര്‍ത്തക കേന്ദ്രങ്ങളില്‍ കൂലിവേല ചെയ്ത പരിചയമല്ലാതെ വ്യാപാരത്തിന്റെ മര്‍മ്മമോ ധര്‍മ്മമോ മനസ്സിലാക്കാന്‍ ഹിന്ദുവിന് കഴിഞ്ഞിരുന്നില്ല. ഉത്തരേന്ത്യയിലേതുപോലെ ഒരു ഹിന്ദു വൈശ്യവിഭാഗം കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ രൂപപ്പെടാതെ പോയി. മലബാറിലെ മാപ്പിളമാരും തിരുവിതാംകൂറിലെ നസ്രാണികളും പാരമ്പര്യത്തിന്റെ വിലക്കുകളോ നിഷേധങ്ങളോ ഇല്ലാത്തതുമൂലം കച്ചവടത്തിന്റെ ഉയരങ്ങളില്‍ സ്ഥാനമുറപ്പിച്ചു. ഒരു പിടി ഉപ്പിനും ഒരു തുണ്ട് പുകയിലയ്ക്കും പകരമായി ഒരു കുടം നിറയെ തേന്‍, അല്ലെങ്കില്‍ ഒരു വലിയ ആട്- മുസ്ലിം കച്ചവടക്കാരന് നല്‍കിയിരുന്ന വയനാട്ടിലെ ആദിവാസിയെക്കുറിച്ച് നമുക്കറിയാം. താന്‍ നല്‍കുന്ന വസ്തുവിന് സമീപത്തെ അങ്ങാടിയില്‍ എന്തു വില കിട്ടും എന്ന് അന്വേഷിക്കാനുള്ള കൗശലം അവനുണ്ടായിരുന്നില്ല. ആദിവാസിയുടെ കാര്യം അവിടെ നില്‍ക്കട്ടെ. കൊച്ചിയിലെയും കോഴിക്കോട്ടെയും രാജാക്കന്മാര്‍ക്ക് അവരുടെ രാജ്യത്തില്‍നിന്ന് കടത്തിക്കൊണ്ടുപോകുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് യൂറോപ്പിലെ വിപണികളില്‍ ലഭിച്ചിരുന്ന വിലയെക്കുറിച്ച് ഒരു ഗന്ധവുമുണ്ടായിരുന്നില്ല എന്ന് ചരിത്രം പറയുന്നു. മൂല്യബോധത്തെക്കുറിച്ച് ഏറെ പ്രസംഗിക്കുന്നവര്‍, അത് നല്‍കുന്ന രണ്ടാമത്തെ അര്‍ത്ഥത്തെ ശ്രദ്ധിച്ചതേയില്ല. ഹിന്ദുവിന്റെ വ്യക്തിജീവിതത്തിലും സംസ്‌കാരത്തിലും രാഷ്ട്രീയ നിരീക്ഷണത്തില്‍പ്പോലും അപരിഹാര്യമായ കെടുതികള്‍ ഇതുമൂലമുണ്ടായി.

 

ശ്രീപത്മനാഭസ്വാമിക്ഷേത്രം നിലവറയിലെ കനകക്കുന്നിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണല്ലൊ. അമ്പലത്തെ, തേവരോടൊപ്പം വിഴുങ്ങുന്നവരുടെ നാട്ടില്‍, ഉള്ളതെല്ലാം അനന്തശായിയെ ഏല്‍പ്പിച്ച തിരുവിതാംകൂറിലെ രാജാക്കന്മാര്‍ സര്‍വരാലും സ്തുതിക്കപ്പെട്ടു. സമ്പത്തിലും കണക്കു പുസ്തകത്തിലും കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണവും കുറവായിരുന്നില്ല. ഒരു സംഗതി എല്ലാവരും സമ്മതിക്കും. നിധിസാഗരത്തിന്റെ നടുവില്‍ അനാര്‍ഭാടമായി ജീവിച്ച തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് കിടനില്‍ക്കുന്ന മറ്റൊരു രാജവംശം ഭാരതത്തിലില്ല എന്ന വസ്തുത. എന്നാല്‍ അതുകൊണ്ട് വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് എന്തുനേട്ടമുണ്ടായി എന്ന യാഥാര്‍ത്ഥ്യത്തിലേക്കും നാം ശ്രദ്ധ പായിക്കണം. കന്യാകുമാരി മുതല്‍ കൊച്ചിവരെയുള്ള കടലോരങ്ങളും കായലോരങ്ങളും മലയോരങ്ങളും മാമോദീസ മുങ്ങി കുരിശുഭൂമിയായി മാറിക്കൊണ്ടിരുന്ന കാലത്താണ്, ഹിന്ദുധര്‍മം ക്ഷയിച്ച് നെല്ലിപ്പടികണ്ട സന്ദര്‍ഭത്തിലാണ് ദേവധനം കല്ലറയില്‍ സുഖമായി കിടന്നുറങ്ങിയത്. ചരിത്രം ചിലപ്പോള്‍ പ്രതിനായകന്റെ വേഷംകെട്ടി തിരിച്ചുവരും; ചിലപ്പോള്‍ വിദൂഷകവേഷം കെട്ടാറുണ്ട്. ഇന്ന് സമ്പത്ത് എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് നാസ്തികരോ നസ്രാണികളോ മുസ്ലിങ്ങളോ നയിക്കുന്ന കേരളത്തിലെ ഭരണവര്‍ഗമാണ്. ശ്രീപത്മനാഭന്റെ രത്‌നസമൃദ്ധിയെ കാഴ്ചബംഗ്ലാവാക്കിമാറ്റി പണപ്പിരിവ് നടത്താം; ആശുപത്രി, വിദ്യാലയം, ഷോപ്പിംഗ് കോംപ്ലക്‌സ്, മള്‍ട്ടിപ്ലക്‌സ്, എംഎല്‍എ ഹോസ്റ്റല്‍ എന്തുവേണമെങ്കിലും പണിയാം-ഹിന്ദുധര്‍മപ്രചാരമൊഴിച്ചുള്ള എന്തും. ഇതിനെതിരെ കൈപൊക്കാന്‍ തിരുവിതാംകൂറിലെ ഒരു ഹിന്ദു എംഎല്‍എ പോലും മുതിരില്ല. നാസ്തികരും അവിശ്വാസികളും ക്ഷേത്ര ഖജനാവ് എണ്ണിത്തിട്ടപ്പെടുത്തുന്ന കാലവിപര്യയം, നോക്കുകൂലിക്കാരെക്കാള്‍ പാര്‍ട്ടി വിധേയത്വമുള്ള അമ്പലത്തൊഴിലാളികള്‍-ഇത്തരമൊരു ചുറ്റുപാട് ഹിന്ദു ആരാധനാലയങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും കാണുമോ? ‘പാണന്റെ പോത്ത് പൂട്ടാതെ ചത്തു’ എന്ന ഒരു ചൊല്ല് മലബാറിലുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാര്യസ്ഥന്മാര്‍ക്കിടയില്‍ ഏതെങ്കിലുമൊരു ഗുജറാത്തി വാണിയന്‍ ഉണ്ടായിരുന്നുവെങ്കില്‍ വേണാട്ടിലെ ഹിന്ദുക്കള്‍ക്ക്, ഇന്നത്തെ അവസ്ഥവരുമായിരുന്നില്ല. മാര്‍ഗംകൂട്ടലിന്റെ കൊയ്ത്തുപാട്ടും ഉയരുമായിരുന്നില്ല.

 

രാജാക്കന്മാരില്‍ നിന്ന് പ്രജകളിലേക്ക് മടങ്ങിവരാം. കേരളത്തിലെ മതന്യൂനപക്ഷ-ക്രിസ്ത്യാനികളും മുസ്ലിങ്ങളും വളരെ സമര്‍ത്ഥമായി വാണിജ്യസംരംഭത്തിലെന്നവണ്ണം രാഷ്ട്രീയത്തില്‍ മുതലിറക്കിയതിന്റെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗമാകാതെ സ്വന്തം മതതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് അവര്‍ രൂപംനല്‍കി. മതവും രാഷ്ട്രീയും തമ്മിലുള്ള വ്യത്യാസം ഭൂമദ്ധ്യരേഖപോലെ ഏവര്‍ക്കും അനുഭവപ്പെട്ടു. മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചെടുക്കുന്നതിന്റെ കൂടെ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് സംഘടനകളിലെ ന്യൂനപക്ഷ സംവരണത്തെയും സ്വന്തം വരുതിക്കുള്ളിലാക്കി. അബ്ദുല്‍ നാസര്‍ മദനിയോ, റബര്‍ വിലയിടിവോ കസ്തൂരിരംഗന്‍ കമ്മീഷനോ മുക്കത്തെ കുട്ടികളുടെ കള്ളക്കടത്തോ-എന്തുമായിക്കൊള്ളട്ടെ, സമുദായ താല്‍പ്പര്യത്തിനായിരുന്നു എന്നും ഒന്നാം സ്ഥാനം. രാഷ്ട്രീയത്തിലെ വ്യാപാരിവ്യവസായികളെ കടലിലെ മത്സ്യത്തെയെന്നപോലെ ആരും നീന്തല്‍ പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും രാഷ്ട്രീയ പ്രതിബദ്ധത മുഖ്യധാരാ രാഷ്ട്രീത്തിലേക്ക് ഒരംഗുലം പോലും വഴിമാറിപ്പോയിട്ടില്ല. സ്ഥാപനങ്ങളുടെ മഹാസാമ്രാജ്യം രാഷ്ട്രീയ വികാരത്തിലൂടെ അവര്‍ സമ്പാദിച്ചു കൂട്ടി.

 

ഹിന്ദുക്കള്‍ എന്താണ് ചെയ്തത്? ബഹുഭൂരിപക്ഷവും മുതല്‍ മുടക്കിയത് കമ്മ്യൂണിസത്തിലായിരുന്നു. മാഞ്ചിയം നട്ട് പിടിപ്പിച്ച് കോടീശ്വരന്മാരാവാന്‍ ശ്രമിച്ചവരെപ്പോലെ മലയാളികള്‍ മാര്‍ക്‌സിസം നട്ടുവളര്‍ത്തി സാര്‍വലൗകിക സമൃദ്ധിയുടെയും സമത്വത്തിന്റെയും പുഞ്ചപ്പാടം സ്വപ്‌നം കണ്ടു. വയലും കൊയ്ത്തും മൃതസ്മൃതികളായപ്പോഴും മനുഷ്യക്കൊയ്ത്തിലൂടെ അവര്‍ അരിവാളിനെ പൂജിച്ചു. പകയും വിദ്വേഷവുമല്ലാതെ ആ പ്രത്യയശാസ്ത്രത്തില്‍ ഇനി എന്താണ് ബാക്കിയുള്ളത്? മാര്‍ക്‌സിസത്തിന് മരണമില്ലെന്ന് പറയുന്നത് എത്ര ശരിയാണ്. പകയും വിദ്വേഷവും മരിക്കില്ല. ചിരഞ്ജീവിയായ അശ്വത്ഥാമാവിനെപ്പോലെ ചോരയും ചലവും ഒലിപ്പിച്ച് ഗതികിട്ടാ പ്രേതത്തെപ്പോലെ മഞ്ചേശ്വരത്തുനിന്ന് പാറശ്ശാലയിലേക്ക് അത് ഇനിയും കാല്‍നടയായി സഞ്ചരിക്കും. കവിവാക്യം ഒട്ടും പിഴച്ചില്ല.

വണ്ടേ നീ തുലയുന്നു;
വീണിഹ വിളക്കും കെടുത്തുന്നു.

കേരളത്തിലെ ഹിന്ദു നവോത്ഥാനത്തെ സമര്‍ത്ഥമായി തട്ടിയെടുത്ത് സാമൂഹ്യവും രാഷ്ട്രീയവുമായ ഹിന്ദുവിന്റെ വളര്‍ച്ചയെ ഭ്രൂണാവസ്ഥയില്‍ തന്നെ തടയുകയും അതോടൊപ്പം സ്വയം തുലയുകയും ചെയ്ത ഹിന്ദുസഖാക്കളോട് ക്രിസ്ത്യാനികളും മുസ്ലിങ്ങളും എക്കാലവും നന്ദിയുള്ളവരായിരിക്കും.

ഭൗതികമായ ചോദ്യങ്ങള്‍ക്ക് ആദ്ധ്യാത്മികഗ്രന്ഥങ്ങളില്‍ ഉത്തരം തേടുന്ന ഹിന്ദുവിന്റെ നിലപാട് പുനഃപരിശോധിക്കേണ്ട സമയമായി. അതില്‍ പരാജയത്തിന്റെയോ പലായനത്തിന്റെയോ ധ്വനി ഒളിഞ്ഞുകിടപ്പുണ്ട്. യാഗം, ഹോമം, സത്രം തുടങ്ങിയ ‘ദക്ഷിണായന’ ക്രിയകളെക്കൊണ്ട് അകറ്റാന്‍ കഴിയുന്ന ബാധകളല്ല ഹിന്ദുധര്‍മത്തെ ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്നത്. ധര്‍മം അര്‍ത്ഥത്തെ ആശ്രയിച്ച് നിലകൊള്ളുമ്പോള്‍, ധര്‍മചിന്ത കൈവെടിയാതെ അര്‍ത്ഥത്തെ പരമാവധി പ്രയോജനപ്പെടുത്തി ശക്തിശാലികളാവണം. മറിച്ചാകുമ്പോള്‍ സംഭവിക്കുന്നതിനെ അനര്‍ത്ഥം എന്ന പദം കൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ വിശേഷിപ്പിക്കുന്നത്.

 

കേവലം ചില വ്യക്തികളോടൊ പ്രത്യയശാസ്ത്രങ്ങളോടൊ അല്ല കേരളത്തിലെ ഹിന്ദുവിന് പൊരുതേണ്ടിവരുന്നത് എന്ന് ആദ്യമേ മനസ്സിലാക്കണം. വിഭവസമാഹരണത്തിന്റെയും വിനിയോഗത്തിന്റെയും ആധുനിക രീതിശാസ്ത്രം അവര്‍ക്ക് ഇപ്പോഴും അപ്രാപ്യമായി നിലകൊള്ളുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ നമ്മുടെ നാട്ടിലെ ഹിന്ദുത്വപ്രസ്ഥാനങ്ങള്‍ കൈവരിച്ച നേട്ടങ്ങളെ തമസ്‌ക്കരിച്ചുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും നവ മതേതര ഉദാരവാദികളും ചേര്‍ന്ന് കയ്യടക്കിവെച്ചിരിക്കുന്ന ആശയവിനിമയ ലോകത്തിന്റെ അയല്‍വക്കത്തുപോലും ഹിന്ദു എത്തിച്ചേര്‍ന്നിട്ടില്ല. ഇതെഴുതുന്ന ആള്‍ അമൃതാനന്ദ മയീ ദേവിയുടെയും അവരുടെ മഠത്തിന്റെയും ഒരുവിധ ബന്ധവും ഇല്ലാത്ത വ്യക്തിയാണ്. സ്വന്തം താല്‍പ്പര്യത്തിനുവേണ്ടിയോ പൊതുതാല്‍പ്പര്യത്തിനു വേണ്ടിയോ അവരുടെ മഠത്തില്‍ പോയിട്ടുമില്ല. ഏതാനും വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളി നാഷണല്‍ കോളേജ് അങ്കണത്തില്‍ ഭക്തജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് അവര്‍ സംസാരിക്കുന്നത് കേള്‍ക്കാനിടയായി. വാമൊഴി മലയാളത്തില്‍ വ്യക്തിപരമായ നാട്യവും വളച്ചുകെട്ടുമില്ലാത്ത വര്‍ത്തമാനം പറച്ചില്‍. സമ്മേളനപ്പന്തലിന്റെ പുറത്ത് ധാരാളം വിദേശ വനിതകള്‍ അത്താഴത്തിനുവേണ്ടി പച്ചക്കറി നുറുക്കുന്നത് കണ്ട് കൗതുകത്തോടെ അവിടെനിന്നും തിരിച്ചുപോന്നു. ഇപ്പോഴും എന്റെ മനോഭാവം പഴയതുപോലെ.

 

ഇവര്‍ എങ്ങനെ സാമൂഹ്യജീവിതത്തിന് ഭീഷണിയായി മാറി? അരയകുടുംബത്തില്‍ പിറന്ന, സാമാന്യവിദ്യാഭ്യാസം പോലുമില്ലാത്ത ഒരു വ്യക്തി, ഒരു സ്ത്രീ വര്‍ണ, വര്‍ഗ്ഗ, ഉച്ച, നീച, ദേശ, ഭാഷാ ലിംഗവ്യത്യാസമില്ലാതെ ലോകത്താകമാനമുള്ള മനുഷ്യരെ സ്‌നേഹത്തിന്റെ ഭാഷയില്‍ ഒന്നിപ്പിക്കുന്നതും ഭാരതീയ മൂല്യങ്ങളെ പ്രചരിപ്പിക്കുന്നതും മഹാപരാധമാണോ? ഗുജറാത്തിലെ ഭൂകമ്പവും ഹിമാലയത്തിലെ പ്രകൃതിദുരന്തവും സുനാമിയുടെ വിലാപവും സാന്ത്വനം കൊണ്ട് ഒപ്പിയെടുത്ത്, ദുരിതബാധിതര്‍ക്ക് ഉള്ളതെല്ലാം കൊടുത്ത് സഹായിച്ച ഒരു മനുഷ്യസ്‌നേഹിയെ കോളേജ് മാഗസിന്‍ മുതല്‍ ചാനലുകളിലെ രാത്രിഞ്ചരന്മാര്‍ വരെ വേട്ടയാടി. ഈ പദ്ധതിയുടെ ആസൂത്രകന്മാര്‍ മറ്റെവിടെയോ ഒളിച്ചിരിപ്പുണ്ട്. പശ്ചിമഘട്ടത്തിലെ ആസുരികമായ പ്രകൃതിധ്വംസനത്തെ ളോഹയിലൊളിപ്പിച്ച് ശബരിമലയിലെ മാലിന്യത്തെക്കുറിച്ച് വിലപിക്കുന്നവരും തന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ആസ്വദിക്കുന്നവരും ലക്ഷ്യമിടുന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്കും മനസ്സിലാവും. വൈകാരികമായ യാതൊരുവിധ ഹിന്ദുകേന്ദ്രീകരണവും ഇവിടെ സാധ്യമാക്കരുത്. അവരുടെ ഉദ്ദേശ്യപൂര്‍ത്തിക്ക് ശിഥിലവും രോഗാതുരവുമായ ഒരു ആള്‍ക്കൂട്ടത്തെ വേണം. ആളും അര്‍ത്ഥവും ആരാധനാലയവും രാജ്യവും സ്വാഭിമാനവും നഷ്ടപ്പെട്ട്, ഒടുവില്‍ പണയംവയ്ക്കാന്‍ ധര്‍മപത്‌നിമാത്രം അവശേഷിക്കുമ്പോള്‍ കേരളത്തിലെയും പാക്കിസ്ഥാനിലെയും ഹിന്ദുക്കള്‍ സമശീര്‍ഷരാവും.

(വായനക്കാര്‍ക്ക് ഈ ലേഖനത്തോട്  ജന്മഭൂമി,  കൊച്ചി-26 എന്ന വിലാസത്തിലോ vicharam6@gmail.com എന്ന ഇ -മെയില്‍ വിലാസത്തിലൊ പ്രതികരിക്കാം)

News Feed

Malayala Manorama 27 September 2014

‘Identity politics impedes Uniform Civil Code : Arunkumar ,RSS Akhila Bharata Saha Samparka Pramukh

Related posts