3:19 pm - Saturday February 23, 4988

കൃഷ്‌ണ കൃപാസാഗരം

നാരായണനും ശ്രീകൃഷ്ണനും വളര്‍ത്തിയ കവി യൂസഫലി കേച്ചേരിയെ കവിയാക്കിയത് നാരായണനും കൃഷ്ണനുമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ആ കവിതകള്‍ക്ക് കണ്ണായത് നാരായണ പിഷാരോടി എന്ന ഗുരു. കവിതകള്‍ക്ക് കരളായത് സാക്ഷാല്‍ ശ്രീകൃഷ്ണനും. സംസ്‌കൃതവും ഭക്തിയും ചേര്‍ന്നപ്പോള്‍ കവിതകള്‍ മുളച്ചു, അവ എന്നും പൂക്കുന്ന കടമ്പുകള്‍ പോലെയായി. കേച്ചേരിയുടെ രചനകളില്‍ എറ്റവും നിറഞ്ഞ് നിന്നത് കൃഷ്ണ ഭക്തിയായിരുന്നു. ഗുരുവായൂപ്പനെ മനസില്‍ നിറച്ചു കൊണ്ടാണ് അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചത്. കൃഷ്ണഭക്തി ഗാനങ്ങളിലൂടെ കൃഷ്ണനോടുള്ള പ്രണയം യൂസഫലി പകര്‍ന്നു നല്‍കി. ഒരു മുസ്ലിം സമുദായക്കാരനായിട്ടു കൂടി അദ്ദേഹം ആദ്യം പഠിച്ചെടുത്തത് ദേവഭാഷയായ സംസ്‌കൃതമായിരുന്നു. പണ്ഡിത രത്‌നം കെ.പി.നാരായണ പിഷാരോടിയില്‍ നിന്നുതന്നെ അതു നേടാന്‍ ഭാഗ്യമുണ്ടായി. അതു തന്റെ ഭാഷയെ, സങ്കല്പ്പത്തെ, ജീവിതത്തെ മാറ്റിമറിച്ചെന്ന് കേച്ചേരി അഭിമാനത്തോടെ പറയുമായിരുന്നു. തന്റെ ഉമ്മ പാടിക്കേട്ടിരുന്ന മാപ്പിളപ്പാട്ടുകളായിരുന്നു ആദ്യം തന്റെ സംഗീതവും സാഹിത്യവും. അവിടെ കാളിദാസനും വാല്‍മീകിയും മറ്റും മറ്റും കടന്നുവന്നത് സംസ്‌കൃതത്തിലൂടെയാണെന്ന് കേച്ചേരി ഊറ്റംകൊള്ളുമായിരുന്നു. ആയിരം നാവുള്ള മൗനമായിരുന്നു കേച്ചരിയുടെ കൃഷ്ണഭക്തി. ഇടയ്‌ക്കെപ്പോഴൊക്കെയോ മൊഴിരൂപം പൂണ്ടവ മാത്രമാണ് നമുക്കു കിട്ടിയ കവിതാഗാനമുത്തുകള്‍. ഹൈന്ദവ പുരാണങ്ങള്‍ എല്ലാം തന്നെ ഹൃദിസ്ഥമാക്കിയ അദ്ദേഹം തന്റെ ഗാനങ്ങളില്‍ പലതിലും കൃഷ്ണഭാവങ്ങള്‍ കൊണ്ടു വരാനും ശ്രദ്ധിച്ചിരുന്നു.  പൂര്‍ണ്ണമായും സംസ്‌കൃതത്തില്‍ എഴുതിയ  ധ്വനി സിനിമയിലെ ജാനകീ ജാനേ എന്ന ഗാനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. ഭാരതത്തില്‍ ആദ്യമായിട്ടായിരുന്നു സംസ്‌കൃതത്തില്‍ മുഴുനീളെ ഗാനം എഴുതുന്നത്. ഇത്രയുംകൂടി…..

കണ്ണാ… താവക ദര്‍ശനാര്‍ത്ഥമണയാന്‍
പാടില്ലെനിക്കെങ്കിലും
കണ്ണാല്‍ നിന്നെ അരക്ഷണം നുകരുവാ-
നെന്‍ തൃഷ്ണ ജൃംഭിക്കവേ
വിണ്ണാറായൊഴുകുന്ന നിന്‍ കരുണ തന്‍
ദിവ്യാപദാനങ്ങള്‍
ആരെണ്ണാന്‍? ആശ്രിതഹൃദ്ഗതജ്ഞനുടനെന്‍
കണ്‍മുന്നിലെത്തീ ഭവാന്‍

ഒരിക്കല്‍ ഗുരുവായൂരമ്പലത്തില്‍ തൊഴാന്‍ പോയ കവിക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന സൂചനാഫലകത്തിനിപ്പുറം നില്‌ക്കേണ്ടി വന്നു. അപ്പോഴുണ്ടായ മാനസികസംഘര്‍ഷത്തില്‍ നിന്നെഴുതിയ അഹൈന്ദവം എന്ന കവിതയിലെ വരികളാണിത്. ഇതാണ് പ്രതിഷേധത്തിന്റെ സാംസ്‌കാരികതലം… എനിക്കുറപ്പുണ്ട്, കൃഷ്ണന്‍ അന്നു കുറൂരേക്കു പോയിട്ടുണ്ടാവില്ല…. പൂന്താനപ്പാന കേട്ടിട്ടുണ്ടാവില്ല. അമ്പലപ്പുഴ യാത്രയും മുടക്കിയിരിക്കണം. അന്ന് ഗുരുവായൂരില്‍ നിന്നും നേരേ യൂസഫലിയുടെകൂടെ കേച്ചേരിക്കു പോയിട്ടുണ്ടാവണം….

~ കാവാലം ശശികുമാര്‍

News Feed
Filed in

മലയാളത്തിന്റെ പ്രിയ ഗാന രചയിതാവ്‌ യൂസഫലി കേച്ചേരി ഇനി ഓര്‍മ്മ

പ്രഥമവര്‍ഷ സംഘ ശിക്ഷാവര്‍ഗ് കാഞ്ഞങ്ങാട്ട്; സ്വാഗത സംഘം രൂപീകരിച്ചു

Related posts