3:21 pm - Saturday March 19, 1555

മതംമാറ്റ പ്രശ്‌നത്തിലെ വൈരുധ്യങ്ങള്‍

ഹിന്ദുമതത്തിലേക്ക് മടങ്ങിവന്നവരെ സ്വാഗതം ചെയ്തുകൊണ്ട് വിശ്വഹിന്ദുപരിഷത് നടത്തിയ ഘര്‍വാപസി ചടങ്ങുകള്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത് ഒരു യാദൃശ്ചികസംഭവമായി കാണാനാവില്ല. പ്രതിഷേധങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമാണ്. ഉറവിടവും ഒന്നുതന്നെ. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കോണ്‍ഗ്രസ്സും സര്‍ക്കാരും കൈകോര്‍ത്തു പിടിച്ച് ഘര്‍വാപസിക്കെതിരെ രംഗത്തുവന്നത് വളരെ പെട്ടെന്നായിരുന്നു. സുസംഘടിതവും ആസൂത്രിതവുമായിരുന്നു എതിര്‍പ്പുകളെന്ന് പ്രതിഷേധത്തിന്റെ സ്വഭാവം കാണുമ്പോള്‍ വ്യക്തമാകും.

 

ഒരു മതേതരരാഷ്ട്രത്തില്‍ സ്വന്തം ഇഷ്ടമനുസരിച്ച് മതവിശ്വാസം വെച്ചുപുലര്‍ത്തുവാനുള്ള സ്വാതന്ത്ര്യം ഏതൊരു പൗരനും ഉണ്ടായിരിക്കെ, ഹിന്ദുധര്‍മ്മം സ്വീകരിക്കുന്നവര്‍ക്ക് മാത്രം അത് നിഷേധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം തറവാട് വിട്ടുപോയവര്‍ തിരിച്ചുവരുന്നതിനെ ഒരു വര്‍ഗ്ഗീയ പ്രശ്‌നമായും കുറ്റകൃത്യമായും വ്യാഖ്യാനിക്കുന്നത് അറിവില്ലായ്മകൊണ്ടാണെന്ന് പറയാനാവില്ല.അറിഞ്ഞുകൊണ്ട് ഹിന്ദുക്കളെ കുറ്റക്കാരാക്കി മനോവീര്യം കെടുത്തുക എന്ന ദുരുദ്ദേശ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍.

 

1979 ല്‍ ജനതാ സര്‍ക്കാരിന്റെ കാലത്ത് നിര്‍ബന്ധിത മതംമാറ്റത്തിനെതിരെ ഒരു ബില്‍ ലോക്‌സഭയില്‍ ഒ.പി.ത്യാഗി അവതരിപ്പിക്കുകയുണ്ടായി. നിര്‍ബന്ധിച്ചും തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചുമുള്ള മതംമാറ്റം തടയുന്നതിന് പ്രത്യേക കേന്ദ്രനിയമം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഈബില്‍ വരുന്നുവെന്ന വാര്‍ത്ത പരന്നതോടെ രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ക്രൈസ്തവസഭകളും കമ്മ്യൂണിസ്റ്റ് -കോണ്‍ഗ്രസ് പാര്‍ട്ടികളും തെരുവിലിറങ്ങി.

 

സിഐടിയുവിന്റെ സംസ്ഥാന സമ്മേളനം അന്ന്‌കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുകയായിരുന്നു. കെ.ആര്‍.ഗൗരി സമ്മേളനത്തിന്റെ കാര്യപരിപാടികളില്‍ പ്രധാന ഇനമായി മതംമാറ്റപ്രമേയം അവതരിപ്പിച്ചു. ഇമ്പിച്ചിബാവയും എം.വി.രാഘവനും ശക്തിയായി പിന്തുണച്ച് സംസാരിച്ചു. ഒ.പി.ത്യാഗി അവതരിപ്പിച്ച ബില്ല് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നും മതംമാറ്റം തടയാനാവില്ലെന്നും ബില്ല് പിന്‍വലിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

 

പത്രങ്ങള്‍ക്ക് നല്‍കിയ പ്രമേയത്തിന്റെ കോപ്പിയില്‍ ഒ.പി.ത്യാഗിയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ മതംമാറ്റത്തെക്കുറിച്ചുള്ള സിപിഎം നേതാക്കളുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. 35 വര്‍ഷം കഴിഞ്ഞപ്പോള്‍ സിപിഎം ഇപ്പോള്‍ പറയുന്നത് ഹിന്ദുധര്‍മ്മം സ്വീകരിക്കുന്നതിന് സംഘടിപ്പിക്കുന്ന മതംമാറ്റ ചടങ്ങുകള്‍ അനാവശ്യവും വര്‍ഗ്ഗീയവുമാണെന്നാണ്. നിര്‍ബന്ധിത മതംമാറ്റം പാടില്ലെന്ന് വ്യവസ്ഥചെയ്യുന്ന ഒ.പി.ത്യാഗിയുടെ ബില്ലിനെക്കുറിച്ച് അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം സിപിഎം മറന്നുപോയതല്ല കാരണം.

 

1979 ല്‍ ക്രൈസ്തവ സഭകള്‍ക്ക് ഇഷ്ടമായിരുന്നതെന്തോ അത് അന്ന് പറഞ്ഞു. ക്രിസ്തുമതത്തിലേക്കുള്ള മതംമാറ്റം നിര്‍ബാധം നടക്കണമെന്നുള്ള ക്രൈസ്തവസഭകളുടെ ആഗ്രഹം നിറവേറ്റാനാണ് സിപിഎം നേതാക്കള്‍ മതംമാറ്റത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചത്. ഇപ്പോള്‍ ക്രൈസ്തവ മതത്തില്‍ നിന്നും ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചുപോക്ക് ഉണ്ടായപ്പോള്‍, ക്രൈസ്തവ സഭകള്‍ എന്ത് നിലപാട് എടുക്കുന്നവെന്നത് മാത്രമേ സിപിഎം ചിന്തിച്ചിട്ടുള്ളൂ. ഹിന്ദുധര്‍മ്മത്തിലേക്കുള്ള മടങ്ങിപ്പോക്കിനെ ക്രൈസ്തവ സഭകള്‍ എതിര്‍ക്കുന്നു. അതുകൊണ്ട് സിപിഎമ്മും എതിര്‍ക്കുന്നു. 1979 ലും 2014ലും വ്യത്യസ്ത നിലപാടുകളിലൂടെ മതംമാറ്റവിഷയത്തില്‍ രണ്ട് മുഖങ്ങള്‍ കാട്ടേണ്ടിവന്ന സിപിഎം സ്വന്തം ആശയദാരിദ്ര്യത്തെയാണ് തുറന്നുകാണിക്കുന്നത്.

 

മധ്യപ്രദേശില്‍ വ്യാപകമായ നിര്‍ബന്ധിത മതംമാറ്റം ഉണ്ടായപ്പോള്‍, പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിയോഗി കമ്മീഷനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയോഗിച്ചു. നിരവധി ആളുകളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ച ശേഷം സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് നിര്‍ബന്ധിത മതംമാറ്റം നിരോധിക്കണമെന്ന് ആദ്യമായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഇതിനെതിരെ കോണ്‍ഗ്രസ്സും സിപിഎമ്മും വ്യാപകമായ പ്രചാരണം നടത്തി. മതംമാറ്റാനുള്ള അവകാശം ഭരണഘടനാദത്തമാണെന്നും അത് നിരോധിക്കുന്നത് മതസ്വാതന്ത്ര്യ ധ്വംസനമാണെന്നുമായിരുന്നു അവരുടെ വിശദീകരണം. മതംമാറ്റം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ അവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല.

 

ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. തങ്ങള്‍ ആരുടെ മതംമാറ്റത്തെയാണോ ന്യായീകരിച്ചത് അവരെല്ലാം സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്ന സ്ഥിതി സംജാതമായപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലപാട് തിരുത്തേണ്ടിവന്നു. ഇപ്പോള്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമതവും ഇസ്ലാംമതവും സ്വീകരിച്ചതില്‍ തെറ്റില്ലെന്നും മടങ്ങിവന്ന് ഹിന്ദുമതം സ്വീകരിക്കുന്നതാണ് തെറ്റെന്നും ഈ രാഷ്ട്രീയകക്ഷികള്‍ പറയുന്നതിലെ പരസ്പരവൈരുദ്ധ്യം രാഷ്ട്രീയ അവസരവാദത്തിന്റെയും ആശയപാപ്പരത്തത്തിന്റെയും മലീമസമുഖമാണ് അനാവരണം ചെയ്യുന്നത്.

 

ഘര്‍വാപസി എന്ന പേരില്‍ നടക്കുന്ന ചടങ്ങുകള്‍ ഒരു പുതിയ സംഭവമല്ല. ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും ആഗമാനന്ദസ്വാമികളും തുടങ്ങി നിരവധി ധര്‍മ്മാചാര്യന്മാരും ആദ്ധ്യാത്മിക ഗുരുശ്രേഷ്ഠന്മാരും മതംമാറ്റ ചടങ്ങുകള്‍ക്ക് നേതൃത്വംകൊടുത്തിട്ടുണ്ട്. ബാലരാമപുരം, കൊല്ലം, പൂഞ്ഞാര്‍ തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളില്‍ നേരിട്ട് ചെന്ന് ഗുരുദേവന്‍ മതംമാറിപ്പോയവരെ തിരിച്ചുകൊണ്ടുവന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി ഏനാദി കൃഷ്ണനാശാനെ ചുമതലപ്പെടുത്തിയിരുന്നു. മതപരിവര്‍ത്തന സരസവാദം എന്ന കൃതിയിലൂടെ മഹാകവി കുമാരനാശാന്‍ മതംമാറ്റത്തെ എതിര്‍ക്കുകയും മാറിപ്പോയവര്‍ മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

 

ഈ മടങ്ങിവരവിന് വേണ്ട അനുകൂലാന്തരീക്ഷം ഹിന്ദുസമൂഹത്തില്‍ ഉണ്ടാക്കുന്നതിനാണ് ആഗമാനന്ദസ്വാമികളും മന്നത്തു പത്മനാഭനും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പരാവര്‍ത്തന ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ദേവസ്വംബോര്‍ഡുവക ക്ഷേത്രങ്ങളില്‍ പരാവര്‍ത്തന ചടങ്ങുകള്‍ നടത്തുന്നതിന് പ്രത്യേക വ്യവസ്ഥയുണ്ട്. നിശ്ചയിച്ച തുക അടയ്ക്കുന്ന ആര്‍ക്കും ഈ ക്ഷേത്രങ്ങളില്‍ പരാവര്‍ത്തന ചടങ്ങുകള്‍ നടത്താം. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ ദേവസ്വംബോര്‍ഡ് ഭരിച്ചിരുന്നപ്പോഴെല്ലാം നൂറുകണക്കിനുപേര്‍ ബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ വച്ച് പരാവര്‍ത്തന ചടങ്ങു നടത്തി ഹിന്ദുധര്‍മ്മം സ്വീകരിച്ചിട്ടുണ്ട്. അതിലൊന്നും കുഴപ്പം കാണാത്ത സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വഹിന്ദുപരിഷത്ത് ഇപ്പോള്‍ നടത്തുന്ന പരാവര്‍ത്തന ചടങ്ങില്‍ മാത്രം വലിയ അപകടം കാണുന്നു. അത്ഭുതം തന്നെ.

 

അധഃസ്ഥിത ജനതയുടെ വിമോചനത്തിന് വേണ്ടി സുധീരം പോരാടിയ ചെറുകോല്‍ ശുഭാനന്ദ ഗുരുദേവന്‍ പരസ്യമായി നിരവധിപേരെ ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. അതിനുവേണ്ടി ശുഭാനന്ദാശ്രമത്തില്‍ നിന്നും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം നല്‍കി. 1921 ലെ മലബാര്‍ ലഹള കാലത്ത് നിര്‍ബന്ധിതമതംമാറ്റം നടത്തി നൂറുകണക്കിന് ഹിന്ദുക്കളെ മുസ്ലിങ്ങളാക്കിയപ്പോള്‍ ആര്യസമാജ നേതാക്കള്‍ ദല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടെത്തി അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നു.

 

ഹിന്ദുധര്‍മ്മം വിട്ടുപോയ നിരവധി പേരെ ശുദ്ധികര്‍മ്മം നടത്തി തിരിച്ചുകൊണ്ടുവന്നു. ഇതോടെ കേരളത്തില്‍ ആര്യസമാജത്തിന്റെ പ്രവര്‍ത്തനം വ്യാപകമാവുകയും ശുദ്ധികര്‍മ്മത്തിലൂടെ പരാവര്‍ത്തന ചടങ്ങുകള്‍ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇപ്പോഴും അത് തുടരുന്നു. 1966ല്‍ കേരള സര്‍ക്കാര്‍ ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങി വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുവാനുള്ള അധികാരം മൂന്ന് ഹിന്ദുസംഘടനകള്‍ക്കാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഖിലഭാരത അയ്യപ്പ സേവാസംഘം, ആര്യസമാജം, ഹിന്ദുമിഷന്‍ എന്നീ സംഘടനകള്‍ അന്നുമുതല്‍ ആയിരക്കണക്കിനുപേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി ഹിന്ദുധര്‍മ്മത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട്. മതംമാറ്റത്തിന് ഔദ്യോഗികമായ അംഗീകാരം നല്‍കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഗസറ്റ് വിജ്ഞാപനവും സര്‍ക്കാര്‍ നടത്തിവരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതിയും നിയമപരമായ പിന്തുണയും പരാവര്‍ത്തന ചടങ്ങുകള്‍ക്ക് ഉണ്ടെന്നതിന് വേറെ തെളിവ് ആവശ്യമുണ്ടോ?

 

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നത് ഘര്‍വാപസി അഥവാ പരാവര്‍ത്തന ചടങ്ങുകള്‍ നാട്ടില്‍ വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നാണ്. പോലീസ് അന്വേഷിക്കുമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഹിന്ദുധര്‍മ്മത്തിലേക്ക് നിരവധിപേരെ മതംമാറ്റുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിട്ടുള്ള അയ്യപ്പസേവാസംഘത്തിന്റെ പ്രസിഡന്റ് തന്റെ കൂടി രാഷ്ട്രീയ നേതാവായ തെന്നല ബാലകൃഷ്ണപിള്ളയാണെന്ന വസ്തുത ഒരു പക്ഷെ രമേശ് ചെന്നിത്തല ഓര്‍ത്തുകാണില്ല. പട്ടികജാതി വിഭാഗത്തില്‍ നിന്നും പരിവര്‍ത്തിതരായ ക്രിസ്ത്യാനികള്‍ 25 ലക്ഷമുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇവര്‍ക്കുവേണ്ടി പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ 20 വര്‍ഷം മുമ്പ് രൂപീകരിച്ച് കോടിക്കണക്കിന് രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അവശക്രൈസ്തവ കോര്‍പ്പറേഷന്‍ എന്നായിരുന്നു മുമ്പുണ്ടായിരുന്ന പേര്. 25 ലക്ഷം പേരെയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും വാദിക്കുന്നു. ഒരിക്കലും പാടില്ലെന്നതാണ് ഹിന്ദുസംഘടനകളുടെ ശക്തമായ നിലപാട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ പരിവര്‍ത്തിതരായി ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ മതംമാറ്റത്തെ എതിര്‍ത്ത് സിപിഎമ്മോ കോണ്‍ഗ്രസ്സോ രംഗത്ത് വന്നില്ലെന്ന് മാത്രമല്ല അവര്‍ക്ക് വേണ്ടി പ്രത്യേക കോര്‍പ്പറേഷന്‍ ഉണ്ടാക്കിയും കോടികളുടെ പ്രോജക്ടുകള്‍ നടപ്പിലാക്കിയും പരിരക്ഷിച്ചു. ഇപ്പോള്‍ അവരില്‍ ചിലര്‍ ഹിന്ദുമതത്തിലേക്ക് മടങ്ങിവരുമ്പോള്‍ മാത്രം ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.

 

പരിവര്‍ത്തിതരായവര്‍ക്ക് വേണ്ടി പ്രത്യേക കോര്‍പ്പറേഷനാകാം; ഖജനാവിലെ പണം ചെലവഴിക്കാം പക്ഷെ ഹിന്ദുമതത്തിലേക്ക് മാത്രം പരിവര്‍ത്തനം ചെയ്താല്‍ വലിയ കുഴപ്പങ്ങള്‍ക്ക് ഇടയാക്കും- ഈ മതവിവേചന നിലപാട് നമ്മുടെ നാട് പ്രതീക്ഷയോടെ കാത്തുസൂക്ഷിക്കുന്ന മതേതര മൂല്യങ്ങളെ കൊലചെയ്യലാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെ മതംമാറ്റിയപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രമേ ഹിന്ദു സഹോദരങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. അവശേഷിക്കുന്നവരും ഇരകളായിത്തീരുന്നതില്‍ ഒട്ടേറെ ഭയാശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് ആത്മവിശ്വാസവും ആത്മാഭിമാനവും ആത്മധൈര്യവും പകര്‍ന്നുകൊണ്ട് ഘര്‍വാപസി ചടങ്ങുകള്‍ നാടെമ്പാടും വ്യാപകമായിത്തീര്‍ന്നത്. ഘര്‍വാപസി ഒരു വര്‍ഗ്ഗീയ പ്രശ്‌നമല്ല. മതവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയും വിദ്വേഷവും വര്‍ദ്ധിപ്പിക്കുമെന്ന വാദവും അടിസ്ഥാനരഹിതമാണ്. മതങ്ങള്‍ തമ്മിലുള്ള ബന്ധം ആരോഗ്യകരവും സുദൃഢവുമാക്കാനേ ഈ ചടങ്ങുകള്‍ ഉപകരിക്കൂ. ഈ യാഥാര്‍ത്ഥ്യം ക്രൈസ്തവ- മുസ്ലീം സംഘടനകള്‍ മനസ്സിലാക്കണം. സിപിഎമ്മും കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ കാണിക്കുന്ന പ്രതിഷേധവും എതിര്‍പ്പും ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങളില്‍ അങ്കലാപ്പും അരക്ഷിതബോധവും ഉണ്ടാക്കുന്നതിനുവേണ്ടി മാത്രമാണ്. ന്യൂനപക്ഷങ്ങള്‍ എക്കാലവും അസ്വസ്ഥരും പ്രകോപിതരും ആയെങ്കിലെ അവരുടെ രക്ഷകര്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് കഴിയൂ. അക്കാര്യത്തില്‍ ഇവര്‍ തമ്മില്‍ മത്സരിക്കുകയാണ്. ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിലെ വേണുഗോപാലും രാജ്യസഭയില്‍ സീതാറാം യച്ചൂരിയും അതിവീറോടെ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വാദിക്കുന്നു. മതംമാറ്റ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് എന്നും ബഹളമാണ്. ഹിന്ദുക്കള്‍ക്കെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടുകയാണ്.

 

ഇന്തോനേഷ്യ ഒരു മുസ്ലിം രാഷ്ട്രമാണെങ്കിലും ആചാരവും അനുഷ്ഠാനവും വിശ്വാസ സങ്കല്‍പങ്ങളും ഹൈന്ദവമാണ്. സ്വന്തം സംസ്‌കാരത്തെ ആ ജനത ഉപേക്ഷിച്ചില്ല. സ്വന്തം സംസ്‌കാരവും പൈതൃകവും ധര്‍മ്മവും പാരമ്പര്യവും ഉപേക്ഷിക്കില്ലെന്ന ഒരു പൗരന്റെ തിരിച്ചറിവിന്റെ വിളംബരം മാത്രമാണ് ഘര്‍വാപസി. ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള നീതിബോധം കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് ഉണ്ടാവണം. നാടിന്റെ അടിയന്തരാവശ്യവും ഇതുതന്നെ.

 

(ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 

News Feed
Filed in

No need for government intervention on conversion: Chief Minister Oommen Chandy

ഉഡുപ്പി പേജാവര്‍ മഠാധിപതി ശ്രീ. ശ്രീ. വിശ്വേശ തീര്‍ത്ഥ ആര്‍.എസ്.എസ് ശിബിരം സന്ദര്‍ശിച്ചു.

Related posts