2:55 am - Sunday February 18, 2018

കേരളത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതോടെ യതാർത്ഥ ഹിന്ദു ഐക്യം സുസാധ്യമായിരിക്കുകയാണ്:കുമ്മനം രാജേശേഖരന്‍

കുമ്മനം രാജേശേഖരന്‍ അമേരിക്കയിലെ ഫ്ലോറൽ പാർക്ക്‌ ക്വീൻസിൽ നടത്തിയ ഹിന്ദു സംഗമത്തിൽ വിവിധ ഹിന്ദു സംഘടനകളെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു.
പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ..
 
1903 ൽ എസ് എൻ ഡി പി യോഗം തുടങ്ങിയതു തന്നെ ഹിന്ദു സമുദായത്തിന്റെ ഐക്യവും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഹിന്ദുക്കളുടെ ഉന്നമനവും ലക്ഷ്യമാക്കിയായിരുന്നു. തുടർന്ന് 1914 ൽ എൻ എസ് എസ് രൂപീകരിക്കപ്പെട്ടു. അന്നുമുതൽ ഈ രണ്ടു സംഘടനകളും കൈകോർത്തുപിടിച്ചു സ്വന്തം സമുദായത്തിലെ അവശരുടെ ഉയർച്ചയ്ക്കും ഒപ്പം ഹൈന്ദവ ഐക്യത്തിനും ദൃഢപ്രതിജ്ഞിതരായിരുന്നു. എൻ എസ് എസ് ആചാര്യൻ ശ്രീ മന്നത്തു പദ്മനാഭന്റെ വാക്കുകളിൽ ‘ഞാനും ടി കെ മാധവനും രാമലക്ഷമണൻമാരെ പോലെയാണ്’ എന്നാണ്. അതെ അവരുടെ എല്ലാ പ്രക്ഷോഭങ്ങളും വിജയം കണ്ടത് ആ സാഹോദര്യത്തിന്റെ ദൃഷ്ടാന്തമാണ്. തുടർന്ന് വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം ഇതിനൊക്കെ പിന്നിൽ ശ്രീ മന്നത്തു പദ്മനാഭനും ശ്രീ ടി കെ മാധവനും ശ്രീ അയ്യങ്കാളിയും ഒക്കെയടങ്ങുന്ന മഹത് വ്യക്തികളുടെ സജീവ സാന്നിധ്യവും അശ്രാന്ത പരിശ്രമവും ആയിരുന്നു. അതുപോലെ തന്നെ കേളപ്പജിയുടെ നേതൃത്വത്തിലുണ്ടായ ക്ഷേത്ര സംരക്ഷണ സമിതി. 1950 കളിൽ ഹിന്ദു മഹാമണ്ഡലത്തിന്റെ സ്ഥാനാർഥികളെ ഉപതെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ നിർത്തുകയും അവർ ബഹുഭൂരിപക്ഷതോടെ ജയിക്കുകയും ചെയ്തതോടെ പലരിലും അരക്ഷിതാവസ്ഥ പ്രകടമായി. അതിന്റെ ഫലമോ മന്നത്തു പദ്മനാഭനെയും അന്നത്തെ യോഗം പ്രസിഡന്റ്‌ ആർ ശങ്കറിനെയും തമ്മിൽ തെറ്റിക്കുകയായിരുന്നു. അതോടുകൂടി ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസം നഷ്ടമായി . 1950 ൽ ശബരിമല ക്ഷേത്രം തീവച്ചു നശിപ്പിച്ചു അയ്യപ്പ വിഗ്രഹം ഛിന്നഭിന്നമാക്കിയിട്ടും കേരളത്തിലെ ഹിന്ദുവിന് നാവനങ്ങിയില്ല !!!. 
 
എന്നാൽ 1983 ആയപ്പോഴേക്കും നിലക്കൽ മഹാദേവ ക്ഷേത്രത്തിൽ പതിനെട്ടു പൂങ്കാവനങ്ങളിൽ എറ്റവും പ്രധാനമായതിൽ കുരിശു പ്രത്യക്ഷപ്പെട്ടപ്പോൾ ഹിന്ദുവിന് പ്രതികരിക്കാനായി. അന്നത്തെ മുഖ്യമന്തിയും മറ്റും ഹിന്ദുവിനു നേതാവുണ്ടോ എന്ന് ചോദിച്ചു പരിഹസിച്ചപ്പോൾ ഉണ്ട് എന്ന് പറഞ്ഞു ചേങ്കോട്ടുകോണം ശ്രീ സത്യാനന്ദ സരസ്വതി സ്വയം സാരഥ്യം ഏറ്റെടുക്കുകയായിരുന്നു. അപ്പോഴും ഹിന്ദുവിനു വേണ്ടി ഒരു വാക്കു പറയാൻ ഒരു എം എൽ എ പോലും ഉണ്ടായില്ല. പക്ഷെ ഹിന്ദു അണിനിരക്കുകയായിരുന്നു സന്യാസിശ്രേഷ്ഠന്മാരുടെ പിന്നിൽ. അങ്ങനെ ആ ജനകീയ പ്രക്ഷോഭം വിജയം കാണുക തന്നെ ചെയ്തു. 
 
പിന്നീട് പൂന്തുറയിലും മാറാടും ഹിന്ദു ഒന്നായി തന്നെ നിന്നു. ഏറ്റവും ഒടുവിൽ ആറന്മുള വിമാനത്താവളതിനെതിരായി. ഹിന്ദു വിമാനത്താവള ത്തിനെതിരല്ല. പകരം ആറന്മുള എന്ന പൈതൃക ഗ്രാമത്തിൽ വിമാനത്താവളം വരുന്നതിനു മാത്രമാണ് എതിർപ്പ്. കാരണം ഭാരതത്തിലെ തന്നെ ഏക പൈതൃക ഗ്രാമമാണ് ആറന്മുള. അത് നഷ്ടപ്പെടുത്താൻ ഹിന്ദുക്കൾക്ക് മനസ്സില്ല. പക്ഷെ പത്തനംതിട്ട ഉപയോഗ ശൂന്യമായ ധാരാളം റബ്ബർ തോട്ടങ്ങളുണ്ട്, അവിടെ ആവാമല്ലോ വിമാനത്താവളം. എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ചു ആറന്മുള തന്നെ വേണമെന്നുള്ള കടുംപിടുത്തം മനസ്സിലാവുന്നില്ല. ഇനിയിപ്പോൾ പദ്മനാഭ സ്വാമി ക്ഷേത്രം സർക്കാർ ഏറ്റെടുക്കാനുള്ള ശ്രമങ്ങളാണ്. ഗുരുവായൂരും ശബരിമലയും എടുത്തപ്പോൾ ഹിന്ദുവിനു ശക്തി പോരായിരുന്നു. ഇനിയൊരു ക്ഷേത്രം ഏറ്റെടുക്കാൻ ഹിന്ദുക്കൾ സമ്മതിക്കില്ല. കേരളത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതോടെ യതാർത്ഥ ഹിന്ദു ഐക്യം സുസാധ്യമായിരിക്കുകയാണ്. ഹിന്ദുക്കളുടെ ആത്മവീര്യം വീണ്ടെടുക്കാനായി. എന്ത് വില കൊടുത്തും ഹിന്ദുക്കൾക്കെതിരെയുള്ള കൈയേറ്റം തടഞ്ഞിരിക്കും…… 
 
സമ്മേളനത്തിൽ ജനം ടി വി ഡയറക്ടർ ശ്രീ വിശ്വരൂപൻ, ഭാഗവതാചാര്യൻ ശ്രീ മണ്ണടി ഹരി, ശ്രീകുമാർ (ജന്മഭൂമി) എന്നിവർ സന്നിഹിതരായിരുന്നു. ന്യൂ യോർക്ക്‌, ന്യൂ ജെര്സി എന്നിവിടങ്ങളിൽ നിന്നു എച് എസ് എസ്, എസ് എൻ എ, എൻ ബി എ, എച് കെ എസ്, മഹിമ, സംസ്കൃത ഭാരതി, നാമം, അയ്യപ്പ സേവ സംഘം എന്നീ ഹിന്ദു സംഘടനകൾ ഭാഗഭാക്കായി. എച് എസ് എസ് ന്യൂ യോർക്ക്‌ വിഭാഗ് സമ്പർക്ക് പ്രമുഖും ഓവർസീസ്‌ ഫ്രെണ്ട്സ് ഓഫ് ബി ജെ പി ന്യൂ യോർക്ക്‌ യൂത്ത് കണ്വീനറുമായ ശ്രീ ശിവദാസൻ നായർ, ശ്രീ രാജു നാനൂ, ശ്രീ മോഹൻ പിള്ള എന്നിവർ മുൻകൈ എടുത്താണ് വിവിധ ഹിന്ദു സംഘടനകളെ ഏകോപിപ്പിച്ചു ഇങ്ങനെയൊരു ഹിന്ദു സംഗമം വിജയകരമായി നടത്താൻ കഴിഞ്ഞത്.

News Feed
Filed in

Shri Kummanan Rajashekharan met with Shri. Dnyaneshwar M. Mulay, Consul General of India, New York

Puri Rath Yatra begins, RSS assists seva

Related posts