11:10 pm - Thursday March 22, 2018

കണ്ണൂരില്‍ സംഭവിക്കുന്നത്

 

ജന്മഭുമിയില്‍ ശ്രീ സി.സദാനന്ദന്‍ മാസ്റ്റര്‍  എഴുതിയ ലേഖനത്തിന്റെ പുര്‍ണ രൂപം ചുവടെ 

 

jainraj

ചോരയില്‍ കുതിര്‍ന്ന കുട്ടിക്കാലമോര്‍ത്ത് ആര്‍എസ്എസ് നേതാവിന്റെ ക്രൂരമായ കൊലപാതകത്തിലൂടെ കൈവന്ന സന്തോഷം സമൂഹവുമായി അഭിമാനത്തോടെ പങ്കുവെക്കുന്ന ഒരു ചെറുപ്പക്കാരന്‍! അത് സ്വാഭാവികമാണെന്നും തെറ്റില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന പാര്‍ട്ടി സൈദ്ധാന്തികരും മാധ്യമ പടയാളികളും… ഏറെക്കാലമായി കേരളം കണ്ടും കേട്ടും പരിചയിച്ച അക്രമരാഷ്ട്രീയ സിദ്ധാന്തത്തിന്റെ പുതിയതലമാണിത്. കേരളത്തിലെ (കേരളത്തിലെ മാത്രം) ബഹുജനാടിത്തറയുള്ള മേജര്‍ പാര്‍ട്ടി ആസൂത്രിതമായി നടത്തിവരുന്ന പ്രാകൃതമായ നരമേധ പരമ്പരകളുടെ ബാക്കിപത്രമാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ് ബുക്ക് സാഹിത്യത്തിലൂടെ വെളിപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തിരുവോണ നാളില്‍ തന്റെ പിതാവിന്റെ ദേഹത്തുനിന്ന് ചീറ്റിത്തെറിച്ച ചോരയിലാണോ ജയിന്‍ രാജിന്റെ കുട്ടിക്കാലം കുതിര്‍ന്നത്, അതോ അതിനുമുമ്പ് കിഴക്കേ കതിരൂരില്‍ കൊല്ലപ്പെട്ട മനോജ് ഉള്‍പ്പെടെ അനേകം നിരപരാധികളെ വെട്ടിത്തുണ്ടമാക്കാനും കാലപുരിക്കയക്കാനും പാര്‍ട്ടി  കേഡര്‍മാരെ തയ്യാറാക്കി ദൗത്യം നിര്‍വഹിച്ച് ചോരക്കറയോടെ വീട്ടിലെത്തുന്ന പിതാവിന്റെ വാത്സല്യ പൂര്‍ണമായ ആശ്ലേഷത്തിലൂടെയാണോ? അതുമല്ലെങ്കില്‍ മുമ്പൊരിക്കല്‍ കലുങ്കിനടിയില്‍ വെച്ച് ബോംബുണ്ടാക്കുമ്പോള്‍ അബദ്ധത്തിലുണ്ടായ സ്‌ഫോടനത്തില്‍ മാരകമായി പരിക്കേറ്റ സ്വന്തം സഹോദരന്റെ ചോരയാണോ? കേരളത്തിന്റെ മനഃസാക്ഷി അമ്പരപ്പോടെ ചോദിച്ചു പോവുകയാണ്.

ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വധം അവസാനത്തേതായിരിക്കും എന്ന് സമൂഹം ഊഹിച്ചു. ആകണമെന്ന് ആഗ്രഹിച്ചു. എല്ലാ ഭാഗത്തുനിന്നും സിപിഎമ്മിന് നേരെയുണ്ടായ പ്രതികരണം അവരില്‍ മനംമാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ എല്ലാം  വെറുതെ. പുള്ളിപ്പുലിയെ എത്ര കുളിപ്പിച്ചാലും അതിന്റെ പുള്ളിമായില്ലെന്നു പറഞ്ഞ പോലെയാണ് കാര്യങ്ങള്‍. ഇനിയും പ്രതീക്ഷിക്കുന്നതിലര്‍ത്ഥമില്ല.  കരുതലോടെ ഇരിക്കുകയേ നിര്‍വാഹമുള്ളൂ. നിയമത്തിന്റെ കരുത്തും ജനവികാരത്തിന്റെ പ്രതിരോധവും ഒരുപക്ഷെ ഫലം കണ്ടേക്കും. അതിനായുള്ള സാഹചര്യം ഒരുങ്ങുമെന്നു തന്നെ കരുതാം.
ജയിന്‍ രാജിന്റെ ‘സന്തോഷ’ത്തിലേക്കു തന്നെ വരാം. കിഴക്കേ കതിരൂരില്‍ പി.ജയരാജന്റെ അയല്‍വാസിയാണ് കൊല്ലപ്പെട്ട ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്. ജയരാജന്റെ നേതൃത്വത്തില്‍ അവിടെ പണിതുയര്‍ത്തിയ രാവണന്‍ കോട്ടയില്‍നിന്ന് ചങ്കൂറ്റത്തോടെ പുറത്തുകടന്ന് സംഘപഥത്തില്‍ അണിചേര്‍ന്ന ആദ്യ ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. സിപിഎം വ്യാഖ്യാനമനുസരിച്ച് പൊറുക്കാനാവാത്ത അപരാധമാണ് മനോജ് ചെയ്തത്. മനോജ് ആര്‍എസ്എസിന്റെ പ്രാദേശിക ഘടകമായ ശാഖയുടെ മുഖ്യശിക്ഷകനായി. സംഘാടക സാമര്‍ത്ഥ്യം കൊണ്ടും പക്വമായ സമീപനം കൊണ്ടും ഹൃദ്യമായ പെരുമാറ്റത്തിലൂടെയും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായി. ചെറുപ്പക്കാര്‍ വേറെയും മനോജിനോടൊപ്പം ചേര്‍ന്നു. അവര്‍ വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങി. സിപിഎം കേന്ദ്രങ്ങളില്‍ അമര്‍ഷം പുകഞ്ഞു.
തലശ്ശേരിക്കടുത്ത കിഴക്കേ കതിരൂരെന്ന പ്രദേശത്തെ ഒന്നടുത്തറിയേണ്ടതുണ്ട്. ചെങ്കൊടി മാത്രം പാറിയിരുന്ന ഗ്രാമം. ഇങ്ക്വിലാബിന്റെ ശബ്ദം മാത്രമേ അവിടുത്തുകാര്‍ക്ക് പരിചയമുള്ളൂ. അവിടെയാണ് കിരീടം വെക്കാത്ത രാജാവായി ഒരു നേതാവ് വാഴുന്നത്. ന്യായാന്യായങ്ങളും നീതിയും ധര്‍മവും നിര്‍ണയിക്കാനവകാശമുള്ള ഒരേയൊരു ജനനേതാവ്. അവിടെയാണ് ഏതാനും ചെറുപ്പക്കാര്‍ കാവിക്കൊടി ഉയര്‍ത്തിയത്. അവര്‍ ‘ഭാരതമാതാവ് വിജയിക്കട്ടെ’ എന്ന ആശയം ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഇതോടെ നാടുവാഴികളായ ചുവന്ന തമ്പുരാക്കന്മാരുടെ നെറ്റിചുളിഞ്ഞു. മീശവിറച്ചു. ‘വര്‍ഗീയ ഫാസിസ’ത്തിന്റെ വക്താക്കളെ തുരത്താന്‍ കല്‍പ്പന വന്നു. ശാഖക്ക് നേരെ അക്രമം അരങ്ങേറി. സംഘപ്രവര്‍ത്തകരുടെ പന്ത്രണ്ടോളം വീടുകള്‍ തവിടുപൊടിയാക്കി. പലരും വീടുവിട്ട് ജീവനും കൊണ്ടോടി. വീടു നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ സമീപ്രദേശങ്ങളിലെ സംഘപ്രവര്‍ത്തകര്‍ മുന്നോട്ടു വന്നു. വീടു തകര്‍ന്നതിനാലും ജീവനു ഭീഷണിയുള്ളതിനാലും മാറിത്താമസിച്ചവര്‍ തിരിച്ചുവരാന്‍ തയ്യാറായി. വയോധികനായ ഒരു സിപിഐ പ്രവര്‍ത്തകനുമുണ്ടായിരുന്നു ആ കൂട്ടത്തില്‍. ആ മനുഷ്യന്റെ മകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. എന്നാലും ധൈര്യം സംഭരിച്ച് ഒരിക്കല്‍ തകര്‍ക്കപ്പെടുകയും പിന്നീട് പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്ത തന്റെ സ്വന്തം വീട്ടില്‍ താമസിച്ചോട്ടെയെന്ന് പ്രാദേശിക നേതാക്കളോട് ചോദിച്ചു. പാടില്ലെന്ന് ഉത്തരം. പ്രതികരണം ഭയാനകമായിരുന്നു. എന്നാലും വരുന്നതു വരട്ടെയെന്ന് കരുതി താമസം തുടങ്ങി. പക്ഷേ പുരയിടത്തിലെ കൃഷി ഒന്നടങ്കം നശിപ്പിച്ചു. വീടിനു നേരെ വീണ്ടും ആക്രമണം. തിരുവോണ നാളിലെങ്കിലും സ്വന്തം വീട്ടില്‍ വന്ന് വീട്ടുകാരോടൊപ്പം ഉണ്ണാനുള്ള അവകാശം നിഷേധിക്കപ്പെട്ട കുറേപ്പേര്‍ ഉണ്ടായിരുന്നു കിഴക്കേ കതിരൂരില്‍. ഇത് പഴയ ചരിത്രമാണ്. 1995 ല്‍ അരങ്ങേറിയ ചരിത്രം. അതായത് ജയരാജന്‍ ആക്രമിക്കപ്പെടുന്നതിനും നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലുണ്ടായത്. ഇതൊന്നും വകവെക്കാഞ്ഞാല്‍ എന്താണുണ്ടാവുകയെന്ന് 1997 ഒക്‌ടോബര്‍ 6 നുണ്ടായ സംഭവം പറഞ്ഞുതരും. അന്ന് മുഖ്യശിക്ഷക് ആയിരുന്ന ഇപ്പോള്‍ കൊലചെയ്യപ്പെട്ട മനോജും സഹപ്രവര്‍ത്തകരും ശാഖ കഴിഞ്ഞ് മടങ്ങുമ്പോള്‍ സായുധരായ സിപിഎമ്മുകാര്‍ ആക്രമിച്ചു. തലക്ക് മാരകമായി വെട്ടേറ്റ മനോജ് അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഷാജി എന്ന പ്രവര്‍ത്തകന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. വീണ്ടും മനോജിന് നേരെ ആക്രമണമുണ്ടായി, പലവട്ടം. ജയിന്‍ രാജ് എഴുതിയത് ശരിയാണ്. മനോജ് എന്ന ഉശിരനായ സംഘപ്രവര്‍ത്തകന്റെ അന്ത്യം ദശാബ്ദങ്ങളായി അവര്‍ കാത്തിരിക്കുകയായിരുന്നു. ഇത് ഒരു കിഴക്കേ കതിരൂരിന്റെ മാത്രം കഥയല്ല. ഇങ്ങനെ അനേകം പ്രദേശങ്ങള്‍ കണ്ണൂരിലുണ്ട്.
പറഞ്ഞാല്‍ തീരാത്ത ദുരന്തകഥകള്‍ കണ്ണൂരിന് പറയാനുണ്ട്. ദശാബ്ദങ്ങളായി അനുഭവിക്കുന്ന പീഡനങ്ങളുടെ കഥ. മാനവസാഹോദര്യവും പുരോഗമനവും വിളിച്ചുകൂവുന്നവരുടെ യഥാര്‍ത്ഥമുഖം വെളിവാകുന്ന എണ്ണമറ്റ സംഭവങ്ങള്‍. നൂറുകണക്കിന് വിധവകളെയും നിരാലംബരായ അമ്മ പെങ്ങന്‍മാരെയും അനാഥരായ പിഞ്ചുമക്കളെയും സൃഷ്ടിച്ച് ജൈത്രയാത്ര നടത്തുന്ന വിപ്ലവപ്രസ്ഥാനം, പക്ഷേ മനസ്സാക്ഷിക്കുത്തില്ലാതെ ലോകത്തോട് പറയുന്നത് ”ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണ”മെന്നാണ്. സാംസ്‌ക്കാരിക നായക വേഷം സ്വയം എടുത്തണിഞ്ഞവരെയും സ്വന്തം മാധ്യമപ്പടയെയും അണിനിരത്തും, നുണകള്‍ പ്രചരിപ്പിക്കാന്‍. അവസരം വരുമ്പോള്‍ അല്ലെങ്കില്‍ അവസരം ഒരുക്കിയെടുത്ത് രംഗത്തുവരും. കൊലവിളിയും കൊലയുമായി മുന്നേറും. ആരു ചോദ്യം ചെയ്യാന്‍ എന്ന ഭാവം. ആരു തടസ്സം നില്‍ക്കാന്‍ എന്ന ധാര്‍ഷ്ട്യം. പ്രതിഷേധിക്കാന്‍ പോയിട്ട് നേരെ നോക്കി ഒന്ന് ശ്വാസംവിടാന്‍ പോലും ഒരാളും മുന്നോട്ടു വരില്ല. വന്നവരെയൊക്കെ കുത്തിമലര്‍ത്തിയിട്ടുണ്ട് അങ്ങനെയൊക്കെയാണ് കണ്ണൂരെന്ന ‘കോട്ട’യുടെ ചുവപ്പുനിറം മങ്ങാതെ കാത്തുസൂക്ഷിക്കുന്നത്. എവിടെയെങ്കിലും ചുവപ്പിന് കാന്തി കുറയുകയാണെങ്കില്‍ മനുഷ്യക്കുരുതി നടത്തി അത് പൂര്‍വാധികം തിളക്കമുള്ളതാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് അവര്‍ കാത്തിരിപ്പാണ്. കൊല്ലപ്പെടുന്നവരും പരിക്കേല്‍പ്പിക്കപ്പെടുന്നവരും എല്ലാംകൊണ്ടും അതിനര്‍ഹതപ്പെട്ടവര്‍. കൊന്നവരും കൊല്ലിച്ചവരും വീരനായകര്‍-അതാണ് പാര്‍ട്ടി വ്യാഖ്യാനം.
ജനാധിപത്യമൂല്യങ്ങള്‍ ഇവിടെ കഴുത്തുഞെരിക്കപ്പെടുന്നു. സഹിഷ്ണുതയും സഹവര്‍ത്തിത്വവും എങ്ങോ പോയ്മറയുന്നു. പ്രതിപക്ഷ ബഹുമാനം പോയിട്ട് പ്രതിപക്ഷ പരിഗണനപോലും പ്രതിയോഗികളോട് കാട്ടുന്നില്ല, ഈ പുരോഗമന പ്രസ്ഥാനം. ധിക്കാരവും അഹന്തയും അവരെ അന്ധരാക്കുന്നു. അവര്‍ കൊല്ലുന്നു, മറ്റുള്ളവരെ കൊലപാതകികളാക്കുന്നു. അക്രമം നടത്തുന്നു എന്നുമാത്രമല്ല, അതിനെ ന്യായീകരിക്കുകയും മേലിലും അതുചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ് സിപിഎം നേതാക്കള്‍. ഇതിന് ഒന്നാന്തരം ദൃഷ്ടാന്തം കണ്ണൂരിലുണ്ടായിട്ടുണ്ട്. യുവമോര്‍ച്ച നേതാവായ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ക്രൂരമായ കൊലപാതകം കേരളം മറക്കില്ല. കേസ് പരിഗണിച്ച കീഴ്‌ക്കോടതികളെല്ലാം ജയകൃഷ്ണന്‍ മാസ്റ്ററുടെ ഘാതകര്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് വിധിച്ചു. എന്നാല്‍ പരമോന്നത നീതിപീഠം ചിന്തിച്ചത് മറിച്ചാണ്. എല്ലാ പ്രതികളെയും വെറുതെ വിട്ടു! തൂക്കുമരം കാത്തിരുന്നവര്‍ക്ക് മുന്നില്‍ ഇരുമ്പഴികള്‍ മലര്‍ക്കെ തുറക്കപ്പെട്ടു. സിപിഎമ്മിന് നുരഞ്ഞു പൊന്തുന്ന ആവേശം.
പിന്നീട് കേരളം കണ്ടതെന്തായിരുന്നു? വിട്ടയക്കപ്പെട്ട കൊലയാളികള്‍ വീരോചിതമായി ആനയിക്കപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുതല്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധിക്കപ്പെട്ട സ്‌കൂള്‍ പരിസരം വരെ സ്വീകരണ ഘോഷയാത്ര. സ്‌കൂള്‍ മുറ്റത്ത് ചുവന്ന കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ച വേദിയില്‍ രക്തഹാരമണിഞ്ഞ്, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട (വിട്ടയക്കപ്പെട്ട) അഞ്ചു പ്രതികള്‍, നേതാക്കള്‍. സദസ്സില്‍ പാര്‍ട്ടി അണികളായ ആയിരങ്ങള്‍. അവിടെ ഒരു പ്രഖ്യാപനമുണ്ടായി. ‘പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും ആയിരം കൊലപാതകങ്ങള്‍ നടത്താന്‍ തയ്യാര്‍.’ പ്രഖ്യാപിച്ചത് ‘മൊകേരി സഖാക്കള്‍’, കേട്ടുനിന്നവര്‍ ആഹ്ലാദ നൃത്തം ചവിട്ടി. വേദിയിലിരുന്ന നേതാക്കള്‍ അഭിമാനത്തോടെ നെഞ്ചുവിരിച്ചു. ശരിയാണ്, പാര്‍ട്ടി പറയുന്നു, സഖാക്കള്‍ ചെയ്യുന്നു. അതാണ് കണ്ണൂര്‍…..!
സി.സദാനന്ദന്‍ മാസ്റ്റര്‍
( നാളെ: എന്തുകൊണ്ട് കണ്ണൂര്‍)  
Source : janmabhumidaily
http://www.janmabhumidaily.com/news222539

 

News Feed

The Killing Fields of Kannur Call for a Response

കെ. മനോജ്‌ വധം : സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിക്കു പങ്കുള്ളതായി സൂചന.

Related posts