10:00 pm - Wednesday March 21, 2018

സര്‍ദാര്‍ പട്ടേലിനെ മുസ്ലിം വിരുദ്ധനാക്കാന്‍ ഗൂഢാലോചന നടന്നു: എം.ജെ. അക്ബര്‍

കോഴിക്കോട്: സര്‍ദാര്‍ പട്ടേലിനെതിരെ ആസൂത്രിത ഗൂഢാലോചന നടന്നതായി പ്രശസ്ത പത്രപ്രവര്‍ത്തകനും ബിജെപി ദേശീയ വക്താവുമായ എം.ജെ. അക്ബര്‍ പറഞ്ഞു. കേസരി- ഓര്‍ഗനൈസര്‍ വാരികകളുടെ പ്രചാരണമാസ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ രാഷ്ട്ര ഏകതയും സര്‍ദാര്‍ പട്ടേലിന്റെ സംഭാവനയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടേലിനെ മുസ്ലിം വിരുദ്ധനെന്ന് മുദ്രകുത്താനായിരുന്നു ആസൂത്രിത ശ്രമം നടന്നത്. എന്നാല്‍ അദ്ദേഹം മുസ്ലിം വിരുദ്ധനായിരുന്നില്ല. ഭാരതവിഭജനത്തിന് കാരണക്കാരായ മുസ്ലിംലീഗിനെതിരായിരുന്നു പട്ടേല്‍. ഭാരതത്തിലെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ പ്രക്രിയയായിരുന്നു വിഭജനം. പാകിസ്ഥാന്‍ രൂപീകരിക്കുക മാത്രമായിരുന്നില്ല ഇന്ത്യയെ തകര്‍ക്കുക കൂടിയായിരുന്നു വിഭജനത്തിന്റെ ലക്ഷ്യം.

 

നെഹ്‌റുവും പട്ടേലും തമ്മിലുള്ള ഒരു പ്രധാന ഭിന്നത മതേതരത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലായിരുന്നു. നെഹ്‌റുവിന്റേത് യൂറോപ്യന്‍ മതേതര വീക്ഷണമായിരുന്നു. എന്നാല്‍ എല്ലാമതങ്ങളെയും സമഭാവനയോടെ കാണുന്ന മതേതരവീക്ഷണമായിരുന്നു പട്ടേല്‍ വച്ചു പുലര്‍ത്തിയിരുന്നത്.നെഹ്‌റുവിന്റെ ലോക വീക്ഷണം ദേശീയതയുമായി ബന്ധപ്പെട്ടതായിരുന്നില്ല. എന്നാല്‍ അടിയുറച്ച ദേശീയതയില്‍ നിന്നാണ് പട്ടേല്‍ തന്റെ ലോകവീക്ഷണം രൂപപ്പെടുത്തിയത്. നാട്ടുരാജ്യങ്ങളുടെ ഉപാധിയില്ലാത്ത ലയനമല്ലാതെ മറ്റൊന്നും അംഗീകരിക്കാന്‍ പട്ടേല്‍ തയാറായിരുന്നില്ല. ഹൈദരാബാദ് ലയനത്തെ സുസാധ്യമാക്കിയത് പട്ടേലിന്റെ ഉറച്ചനിലപാടായിരുന്നു. അതല്ലെങ്കില്‍ യുഎന്‍ സഭയില്‍ കാശ്മീര്‍ പ്രശ്‌നം ഇന്ന് ഉന്നയിക്കപ്പെടുന്നതു പോലെ ഹൈദരാബാദ് പ്രശ്‌നവും ഉന്നയിക്കപ്പെടുമായിരുന്നു അദ്ദേഹം പറഞ്ഞു.

 

വിഭജനം എന്നത് അതിര്‍ത്തി സംബന്ധിച്ച തര്‍ക്കമോ ഭൂമിശാസ്ത്രപരമായ തര്‍ക്കമോ ആയിരുന്നില്ല. അത് തികച്ചും ആശയപരമായിരുന്നു. ഭൂമിശാസ്ത്രപരമായ ഏകതയല്ല മറിച്ച് ഹൃദയങ്ങളുടെ ഐക്യമാണ് രാഷ്ട്രത്തിന്റെ ഏകതയെ നിലനിര്‍ത്തുന്നത്. വിവിധ മതവിശ്വാസങ്ങളുടെ സൗഹാര്‍ദപരമായ സഹവാസം ഭാരതത്തിലല്ലാതെ മറ്റൊരു രാജ്യത്തും കാണാന്‍ കഴിയില്ല.ഇപ്പോള്‍ ഉയര്‍ന്നുവന്ന പട്ടേല്‍- ഇന്ദിരാഗാന്ധി വിവാദം അര്‍ത്ഥശൂന്യമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനവും പട്ടേലിന്റെ ജന്മദിനവും ഒരേ ദിവസം വന്നത് തികച്ചും ആകസ്മികമാണ.് ഒരാളെ വിസ്മരിച്ചുകൊണ്ടല്ല മറ്റൊരാളെ സ്മരിക്കുന്നതെന്ന് മനസിലാക്കുന്നതിന് പകരം വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.ചരിത്രയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് വിവാദങ്ങളെ തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം അദ്ദേഹം പറഞ്ഞു.

 

മുന്‍ എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. എം.പി.ചന്ദ്രശേഖരന്‍, ഓര്‍ഗനൈസറിന്റെയും സിനിമാസംവിധായകന്‍ അലിക്ബര്‍, കേസരിയുടെയും ആദ്യരശീതി എം.ജെ. അക്ബറില്‍ നിന്നും ഏറ്റുവാങ്ങി. സ്വാതന്ത്ര്യാനന്തരഭാരതം നെഹ്‌റുവിനെ പുനര്‍വായിക്കുന്നതെങ്ങിനെയെന്ന വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. സി.ഐ. ഐസക് സംസാരിച്ചു. കാശ്മീര്‍ പ്രശ്‌നം, ചൈനീസ് ആക്രമണം, തിബറ്റന്‍ പ്രശ്‌നം എന്നിവയെല്ലാം നെഹ്‌റുവിന്റെ ഭരണപരാജയത്തിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മോത്തീലാലില്‍നിന്നാരംഭിച്ച വംശാധിപത്യ പ്രവണതയാണ് കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ ദയനീയ പതനത്തിന് കാരണം. നെഹ്‌റുവിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലായിരുന്നു അദ്ദേഹം പറഞ്ഞു.
കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്‍ മധു അധ്യക്ഷത വഹിച്ചു. കേസരി മാനേജിംഗ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍ സ്വാഗതവും ഭാരതീയവിചാരകേന്ദ്രം ജില്ലാ ജോയന്റ് സെക്രട്ടറി എം.എന്‍. സുന്ദര്‍രാജ് നന്ദിയും പറഞ്ഞു.
ക്യാപ്ഷന്‍: കേസരി -ഓര്‍ഗനൈസര്‍ വാരികകളുടെ പ്രചാരമാസ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടന സദസ്സില്‍ എം.ജെ. അക്ബറില്‍ നിന്നും സംവിധായകന്‍ അലി അക്ബര്‍ , ഡോ. എം.പി.ചന്ദ്രശേഖരന്‍ എന്നിവര്‍ ആദ്യ രശീതി ഏറ്റുവാങ്ങുന്നു. അഡ്വ.പി.കെ. ശ്രീകുമാര്‍, ഡോ.സി.ഐ.ഐസക്, ഡോ.എന്‍.ആര്‍. മധു എന്നിവര്‍ സമീപം

News Feed
Filed in

Anantha Keerthi puraskaram to Justice V.R. Krishna Iyer

ഇന്ന് ഒരു ലക്ഷം യുവാക്കള്‍ രക്തദാനം നല്‍കുന്നു

Related posts