10:49 pm - Thursday March 22, 2018

ഘര്‍വാപസി വിവാദമാക്കുന്നവരോട്

ധര്‍മ്മജാഗരണ പ്രവര്‍ത്തനത്തിന്റെ ചുമതലക്കാരനായ പ്രചാരകനെ ആ ചുമതലയില്‍ നിന്നു മാറ്റി എന്നും പ്രധാനമന്ത്രിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടപടിയെന്നും ചില മാധ്യമങ്ങള്‍ കഥകള്‍ ചമയ്ക്കുകയുണ്ടായി. മതപരിവര്‍ത്തന വാര്‍ത്തകളിലൂടെ കേന്ദ്രസര്‍ക്കാരിനെയും ഹിന്ദുത്വസംഘടനകളെയും വിവാദത്തിന്റെ ചുഴിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന ചില വിധ്വംസക ശക്തികളുടെ പുതിയ സൃഷ്ടിയാണ് ഈ വാര്‍ത്ത. ഈ സാഹചര്യത്തില്‍ ഹിന്ദുധര്‍മ്മത്തിലേക്കുള്ള തിരിച്ചുവരവിനെ സംബന്ധിച്ച് രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ നിലപാട് എന്താണെന്ന് സംഘടനയുടെ അഖിലഭാരതീയ പ്രചാര്‍പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ ‘ഓര്‍ഗനൈസര്‍’ വാരികയ്ക്കനുവദിച്ച അഭിമുഖത്തില്‍ വിശദമാക്കുകയുണ്ടായി. ‘ഓര്‍ഗനൈസര്‍’ സീനിയര്‍ ലേഖകന്‍ പ്രമോദ് കുമാറിന് അദ്ദേഹം അനുവദിച്ച അഭിമുഖത്തില്‍ നിന്ന്‌

 

? മതംമാറ്റം സംബന്ധിച്ച് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വലിയ ബഹളമായിരുന്നല്ലോ. അതിനെ താങ്കള്‍ എങ്ങനെ കാണുന്നു

കേന്ദ്രസര്‍ക്കാരിന്റെ ജനഹിത നയങ്ങള്‍മൂലം അവര്‍ക്കു കിട്ടുന്ന സ്വീകാര്യത പ്രതിപക്ഷത്തെ വിഷയദാരിദ്ര്യത്തിലാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ അവര്‍ക്കു വിഷയമില്ല. സഭയില്‍ തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാന്‍ ബഹളമുണ്ടാക്കിയേ പറ്റൂ. അതിനവര്‍ കണ്ടെത്തിയ വിഷയമാണ് മതംമാറ്റം.

ഇവിടെ നടന്നത് മതംമാറ്റമല്ല, മറിച്ച് പലകാരണങ്ങളാല്‍ മുമ്പ് സ്വന്തം വേരുകളില്‍ നിന്ന് അടര്‍ന്നുപോയവര്‍ വീട്ടിലേക്ക് തിരിച്ചുവരുന്ന പ്രക്രിയയാണത്. ആരെങ്കിലും നിര്‍ബ്ബന്ധിച്ചിട്ടോ പ്രലോഭിപ്പിച്ചിട്ടോ വന്നവരല്ല അവര്‍. ഒരാള്‍ക്ക് ആരാധനാ പദ്ധതി മാറാന്‍ ഭരണഘടന അനുവദിക്കുന്നതിനാല്‍ നിയമപരമായി അതില്‍ തെറ്റില്ല. 1967-ല്‍ ഒഡീഷയിലേയും മധ്യപ്രദേശിലേയും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് മതംമാറ്റം നിരോധിച്ച് നിയമം പാസ്സാക്കിയത്.

 

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയോഗിച്ച നിയോഗി കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. മറ്റൊരു കാര്യം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ മതംമാറ്റം നടക്കുന്നുണ്ട്. ഇപ്പോള്‍ ബഹളംവെക്കുന്നവരാരും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഇനി നാം മനസ്സിലാക്കേണ്ട വിഷയം, തങ്ങള്‍ക്കു നഷ്ടപ്പെട്ടുപോയ സഹോദരങ്ങളെ സ്വാഗതം ചെയ്യാന്‍ ഹിന്ദുക്കള്‍ തയ്യാറാവുകയും തിരിച്ചുവരാന്‍ അവര്‍ സന്നദ്ധരാവുകയും ചെയ്താല്‍ അതു സ്വാഗതാര്‍ഹമായ നീക്കം തന്നെയാണ്. അതു സമൂഹത്തിന്റെ ഐക്യദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. ഇപ്പോള്‍ ഉയരുന്ന ബഹളങ്ങള്‍ ജനഹിത നടപടികളിലൂടെ മുന്നേറുന്ന സര്‍ക്കാരിനോടുള്ള എതിര്‍പ്പാണ്. മറ്റൊരു കാര്യം സംഘശാഖയില്‍ വരുന്ന മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നവരെ ആരും മതം മാറ്റാന്‍ ശ്രമിക്കുന്നില്ല എന്നതാണ്. അവര്‍ക്ക് അവരുടെ മതത്തില്‍ വിശ്വസിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.

 

കുത്സിതമാര്‍ഗ്ഗത്തിലുടെ നിരവധി ഹിന്ദുക്കളെ ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും കൂട്ടമതംമാറ്റം നടത്തിയ സംഭവങ്ങള്‍ ഏറെയാണ്. ഇത് തടയാനാണ് 1967ല്‍ ഒഡീഷയിലേയും മധ്യപ്രദേശിലേയും സര്‍ക്കാരുകള്‍ ആദ്യ മതംമാറ്റ നിരോധനിയമം കൊണ്ടുവന്നത്. കുത്സിതമാര്‍ഗ്ഗത്തിലൂടെ മതംമാറ്റം നടക്കുന്നതായി നിയോഗി കമ്മറ്റി തെളിയിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷ സംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇത്തരം മതംമാറ്റങ്ങളെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്ന് ഈ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേന്ദ്രത്തിലും കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. എന്തിന്, അഞ്ചുവര്‍ഷം മുമ്പ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് മതംമാറ്റനിരോധന നിയമം കൊണ്ടുവന്നത്. ഇത്തരമൊരു നിയമം അത്യാവശ്യമാണെന്നു കോണ്‍ഗ്രസ് സര്‍ക്കാരിനു ബോധ്യമായതിന് എന്താണ് കാരണം? കുത്സിതമാര്‍ഗ്ഗത്തിലൂടെ നടക്കുന്ന മതംമാറ്റത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിനുപകരം അവരെന്തിനാണിപ്പോള്‍ ബഹളം വെക്കുന്നത്? കള്ളത്തരത്തിലൂടെയും വഞ്ചിച്ചും നിര്‍ബ്ബന്ധിച്ചും മതംമാറ്റുന്നതിനെതിരെ നിയമംകൊണ്ടുവരുന്നതിന് നീക്കമുണ്ടാകുമ്പോഴെല്ലാം എതിര്‍ക്കാറുള്ളത് ക്രിസ്ത്യന്‍മിഷണറിമാരാണ്. ഗൗരവമായി കാണുന്നതിനുപകരം അവര്‍ എന്തിന് ഈ ആവശ്യത്തെ എതിര്‍ക്കുന്നു? ഇപ്പോള്‍ മതംമാറ്റമെന്ന ബഹളംവെയ്ക്കല്‍ അനാവശ്യമാണ്. രാജ്യത്ത് നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപടി സ്വീകരിക്കാമല്ലോ. മതംമാറ്റവിരുദ്ധനിയമം കൊണ്ടുവരാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ പ്രതിപക്ഷ കക്ഷികള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു?

 

? മാതൃമതത്തിലേക്കുള്ള തിരിച്ചുവരവ് മതംമാറ്റമല്ല എന്നാണോ അങ്ങ് പറയുന്നത്

അതെ. മാതൃമതത്തിലേക്കുള്ള തിരിച്ചുവരവ് മതംമാറ്റല്ല. ഭാരതത്തിലെ 99 ശതമാനം മുസ്ലിങ്ങളും ക്രൈസ്തവരും ഹിന്ദുപൂര്‍വ്വികരുടെ പിന്മുറക്കാരും മതംമാറ്റപ്പെട്ടവരുമാണെന്ന് എല്ലാവര്‍ക്കുമറിയം. തങ്ങളുടെ സാംസ്‌കാരിക അടിവേരില്‍നിന്ന് അവരെ മുറിച്ചുമാറ്റിയിരിക്കുകയാണ്. അതിനാല്‍ ഞങ്ങള്‍ മതംമാറ്റത്തിനോട് യോജിക്കുന്നില്ല. നിരവധി മുസ്ലിങ്ങളും ക്രൈസ്തവരും ആര്‍എസ്എസിന്റെ ശാഖയിലും സംഘത്തിന്റെ പരിശീലനശിബിരങ്ങളിലും വരുന്നുണ്ട്. അവരെ മതംമാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല. ഭാരതത്തിലെ ജനങ്ങള്‍ വിശ്വാസംകൊണ്ടു പല മതക്കാരാണെങ്കിലും സാംസ്‌കാരികമായി ഹിന്ദുക്കളാണ് എന്നാണ് ഞങ്ങള്‍ കരുതുന്നത്. അതിനാല്‍ വ്യത്യസ്തമതത്തിലുള്ളവര്‍ക്കു ഞങ്ങളുടെ ശാഖയില്‍ പങ്കെടുക്കാം. ‘മതവിശ്വാസം കൊണ്ട് ഞാന്‍ മുസ്ലീമാണെങ്കിലും സാംസ്‌കാരികമായി ഹിന്ദുവാണ്’ എന്നാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മുഹമ്മദ് കരിം ഛഗ്ല ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ ഒരു വിഭാഗത്തിന് തങ്ങളുടെ മാതൃധര്‍മ്മത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കതിനു അവസരമുണ്ട്. ഇതു തറവാട്ടിലേക്കുള്ള തിരിച്ചുവരവാണ്; മതം മാറ്റമല്ല.

 

? മതംമാറ്റത്തിനെതിരെ ഒരു കേന്ദ്രനിയമം വന്നാല്‍ പ്രശ്‌നം തീരുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ

വെറുമൊരു നിയമനിര്‍മ്മാണംകൊണ്ട് ഈ പ്രശ്‌നം തീരില്ല. വഞ്ചിച്ചും ബലം പ്രയോഗിച്ചും പ്രലോഭിപ്പിച്ചുമുള്ള മതംമാറ്റത്തിനു തടസ്സമുണ്ടാക്കാനാകും. സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുക എന്നതാണ് ശാശ്വതമായ പരിഹാരമാര്‍ഗ്ഗം. സര്‍ക്കാര്‍ മതംമാറ്റ നിരോധന നിയമം കൊണ്ടുവന്നാല്‍ ഞങ്ങള്‍ പിന്തുണയ്ക്കും.

 

? പലരും മാതൃധര്‍മ്മത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെങ്കിലും പൂര്‍ണ്ണമനസ്സോടെ അവരെ ആലിംഗനം ചെയ്യാന്‍ മാതൃസമുദായം തയ്യാറാകുന്നില്ല. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും

ഇതിന് ഹിന്ദുസമൂഹത്തില്‍ വര്‍ദ്ധിച്ചതോതില്‍ ബോധവല്‍ക്കരണമുണ്ടാകണം. നിരവധിപേര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മാതൃധര്‍മ്മത്തിലേക്കുള്ള തിരിച്ചുവരവിനെ ധര്‍മ്മാചാര്യന്മാര്‍ അംഗീകരിച്ചിരുന്നില്ല. വിശ്വഹിന്ദുപരിഷത്ത് 1966-ല്‍ സംഘടിപ്പിച്ച ആദ്യധര്‍മ്മാചാര്യ സമ്മേളനം മാതൃധര്‍മ്മത്തിലേക്കുള്ള തിരിച്ചുവരവിന് അനുകൂലമായി പ്രമേയം പാസ്സാക്കി. ഇതിനുശേഷം തിരിച്ചുവരുന്നവരെ സ്വീകരിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാകുകയും നിരവധിപേര്‍ മാതൃധര്‍മ്മത്തിലേക്ക് തിരിച്ചുവരുകയും ചെയ്തു. ഇത് ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കിയിട്ടില്ല. തങ്ങളുടെ അടിവേരുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള സ്വാഭാവികത്വരയാണ് ഇത്.

 

? മുസ്ലീം-ക്രിസ്ത്യന്‍ മതത്തിലേക്കുള്ള മതംമാറ്റത്തെ എതിര്‍ക്കുമ്പോള്‍ തന്നെ ബൗദ്ധ-ജൈനമതത്തിലേക്കുള്ള മതംമാറ്റത്തെ എതിര്‍ക്കാത്തതെന്താണ്

സ്വപ്രേരണയാലുള്ള മതംമാറ്റത്തെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. വഞ്ചിച്ചും പ്രലോഭിപ്പിച്ചും ബലംപ്രയോഗിച്ചുമുള്ള മതംമാറ്റത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. വ്യക്തിപരമായി ആര്‍ക്കും ഇഷ്ടമുള്ള ആരാധനാ സമ്പ്രദായം സ്വീകരിക്കാം. അതുകൊണ്ടാണ് ശാഖയില്‍ വരുന്ന മുസ്ലിങ്ങളെയും ക്രൈസ്തവരെയും ഞങ്ങള്‍ മതംമാറ്റാറില്ല എന്ന് തുടക്കത്തിലേ പറഞ്ഞത്. അവര്‍ക്ക് അവരുടെ മതവിശ്വാസം തുടരാം എന്നുള്ളതുകൊണ്ടാണ് ഇത്.

 

? ഇതുകൊണ്ടാവാം മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി ആര്‍എസ്എസ് നേതൃത്വം ചര്‍ച്ചയിലേര്‍പ്പെട്ടത്. അതിന്റെ ഫലമെന്താണ്

ഫലം നല്ലതുതന്നെ. മുന്‍ സര്‍സംഘചാലക് സുദര്‍ശന്‍ജിയാണ് അതിനു തുടക്കമിട്ടത്. ഇസ്ലാമിനെ ഭാരതവല്‍ക്കരിക്കേണ്ടതിന്റെയും ക്രിസ്ത്യന്‍ പള്ളികളെ സ്വദേശിവല്‍ക്കരിക്കേണ്ടതിന്റെയും ആവശ്യം അദ്ദേഹം വിജയദശമി പ്രസംഗത്തില്‍ ഉന്നയിച്ചു. ഇതിനെ സ്വാഗതം ചെയ്ത ഇരുസമുദായക്കാരും അദ്ദേഹവുമായി ബന്ധപ്പെട്ടു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അത് സാവകാശം മുന്നേറുകയാണ്.

News Feed

ഭാരതീയ യുവത്വത്തിന്റെ ഭാഗ്യതാരകം

RSS condemns the comments made by Shri Dayanidhi Maran on RSS

Related posts