6:51 pm - Monday October 23, 2017

ജാമ്യം ലഭിച്ചത് ഒത്തുകളി മൂലം :കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മാറാട് കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് കേരള സര്‍ക്കാരിന്റെ ഒത്തുകളി മൂലമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.

പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ ശക്തമായ നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിക്കേണ്ടതായിരുന്നു. ജാമ്യം അനുവദിച്ചാല്‍ കര്‍ശന വ്യവസ്ഥകള്‍ പാലിക്കണമെന്ന് മാത്രമേ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടുള്ളൂ. പ്രതികള്‍ക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് വാദിച്ച കേരള സര്‍ക്കാര്‍ ജാമ്യം കൊടുക്കാതിരിക്കുന്നതിലല്ല, ജാമ്യത്തിനുള്ള ഉപാധികള്‍ക്കായിരുന്നു മുന്‍തൂക്കം നല്‍കിയത്. ഫലത്തില്‍ ജാമ്യം അനുവദിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച സമാനതകളില്ലാത്ത മാറാട് കൂട്ടക്കൊല സംബന്ധിച്ച കേസില്‍ കൊലയ്ക്കിരയായവരുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും സാമൂഹ്യനീതി നല്‍കുന്നതില്‍ നാളിതുവരെ സര്‍ക്കാര്‍ ഒട്ടും ശ്രദ്ധ ചെലുത്തിയിട്ടില്ല.


കൊലയ്ക്കു പിന്നില്‍ വന്‍ഗൂഢാലോചനയും പണമിടപാടും ഭീകരവാദിബന്ധവും ഉണ്ടെന്ന് ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷനും കേരള ഹൈക്കോടതിയും നിസ്സംശയം വ്യക്തമാക്കിയതാണ്. പക്ഷേ അതെക്കുറിച്ച് സിബിഐയോ പ്രത്യേക സംഘമോ അന്വേഷണം നടത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

കേസന്വേഷണത്തിലും കേസിന്റെ നടത്തിപ്പിലും ഇരകള്‍ക്ക് നീതി നേടി കൊടുക്കുന്നതില്‍ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടൂവെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. മാറാട് കേസിന്റെ തുടക്കം മുതല്‍ തന്നെ ഇരകളുടെ ആവശ്യങ്ങളോ ആവാലാതികളോ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേസ് നടത്തിപ്പിന്റെ അന്തിമഘട്ടത്തിലെത്തിയ ഈ സന്ദര്‍ഭത്തില്‍ വേട്ടക്കാരോടൊപ്പം നില ഉറപ്പിച്ച് സര്‍ക്കാര്‍ തനിനിറം കാട്ടി. പ്രതികള്‍ക്ക് രാഷ്ട്രീയ സ്വാധീനവും ഗൂഢാലോചനയില്‍ വന്‍കിട നേതാക്കള്‍ക്ക് പങ്കും ഉള്ളതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതികള്‍ക്ക് ഗുണകരമായ നിലപാട് സ്വീകരിച്ചത്. സര്‍ക്കാരിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ ബഹുജനാഭിപ്രായം സ്വരൂപിക്കുന്നതിന് ഹിന്ദുഐക്യവേദി രംഗത്തുവരുമെന്ന് രാജശേഖരന്‍ അറിയിച്ചു.

 

News Feed
Filed in

രണ്ടാം മാറാട്‌ കലാപ കേസിലെ 22 പ്രതികള്‍ക്ക്‌ ജാമ്യം

Senior leaders paid tributes to Acharya Giriraj Kishore

Related posts