3:52 am - Tuesday January 23, 2018

ഇന്ന് സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ ജന്മദിനം: ഏകതയുടെ അഖണ്ഡ പ്രതീകം

ഭാരതമെന്ന ഇന്നും നാം കാണുന്ന രാഷ്ട്രത്തെ ഭരണപരമായി ഏകീകരിച്ച സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മദിനമാണ് ഇന്ന്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള സന്ദേശമാണ് അദ്ദേഹം ജീവിതാവസാനംവരെ നല്‍കിയത്.

സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ ഗാന്ധിജിയോടും നെഹ്‌റുവിനോടുമൊപ്പം പോരാടിയ പാരമ്പര്യമാണ് പട്ടേലിനുള്ളത്. ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നു അദ്ദേഹം. എല്ലാ അര്‍ത്ഥത്തിലും ഒരു രാഷ്ട്രത്തിന്റെ വിജയിയായ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു സര്‍ദാര്‍ പട്ടേല്‍.

സ്വതന്ത്ര ഭാരതത്തിന്റെ പോരാട്ടവീഥികളിലെ ചരിത്രനായകന്‍മാരില്‍ പലര്‍ക്കും കോണ്‍ഗ്രസ് നല്‍കിയ പ്രാധാന്യം സര്‍ദാര്‍ പട്ടേലിന് നല്‍കിയില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ന് രാഷ്ട്രീയ ഏകതാ ദിനമായി പട്ടേല്‍ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോഴും മറ്റു പല വിഷയങ്ങൡലുമെന്നപോലെ ചിലര്‍ വിവാദമുയര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

ഗാന്ധിജിയെപ്പോലെ പട്ടേലിന്റെയും ജനനം ഗുജറാത്തിലായിരുന്നെങ്കിലും അദ്ദേഹത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ കോണ്‍ഗ്രസുകാര്‍ ഒരിക്കലും തയ്യാറായിട്ടില്ല. അഖണ്ഡഭാരതമെന്നതായിരുന്നു പട്ടേലിന്റെ കാഴ്ചപ്പാട്. നെഹ്‌റുവിന്റെ ജനപ്രിയത പട്ടേലിനുണ്ടായിരുന്നില്ലെങ്കിലും ഭാരതീയത എന്ന കാഴ്ചപ്പാട് സ്വീകരിക്കുന്നതില്‍ പട്ടേലായിരുന്നു മുന്നില്‍.

ഗാന്ധിവധത്തെ തുടര്‍ന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേല്‍ ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങളാണ്് ശരിയെന്ന് ചരിത്രം പിന്നീട് തെളിയിച്ചു. ഭരണപരമായി നോക്കുമ്പോള്‍ ഛിന്നഭിന്നമായി കിടന്നിരുന്ന ഭാരതത്തെ ഇന്നു കാണുന്ന സംവിധാന അവസ്ഥയില്‍ എത്തിച്ചത് ആരെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളു- സര്‍ദാര്‍ പട്ടേല്‍.

സ്വതന്ത്ര്യത്തിനുശേഷം പ്രധാനമന്ത്രിയാകാന്‍ നെഹ്‌റുവിനേക്കാള്‍ യോഗ്യന്‍ പട്ടേലായിരുന്നുവെന്ന് ചരിത്ര-രാഷ്ട്രീയ വിശകലനക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പല കാരണങ്ങളാലും അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ ഗാന്ധിജി വഹിച്ച പങ്കും ഒട്ടും മോശമല്ലെന്നു പറയാം. അദ്ദേഹത്തിന് പട്ടേലിനേക്കാള്‍ പ്രിയം നെഹ്‌റുവിനോടായിരുന്നുയെന്നത് ചരിത്രം. പിന്നീട് പാശ്ചത്തപിക്കേണ്ടി വന്നുയെന്നത് വെറേ കാര്യം.

1946 ല്‍ ഇടക്കാല സര്‍ക്കാരുണ്ടായപ്പോള്‍ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി സര്‍ദാര്‍ പട്ടേല്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് ആചാര്യ കൃപലാനിയടക്കമുള്ള നേതാക്കള്‍ കരുതിയിരുന്നെങ്കിലും 15 ഓളം കോണ്‍ഗ്രസ് കമ്മറ്റി അംഗങ്ങളില്‍ 13 പേര്‍ പിന്താങ്ങിയിട്ടും നെഹ്‌റു തെരഞ്ഞെടുക്കപ്പെട്ടത് പട്ടേലിന്റെ ത്യാഗബുദ്ധിയാലാണ്. അതായത് നെഹ്‌റുവായിരിക്കണം പ്രധാനമന്ത്രിയെന്ന് ഗാന്ധിജി മുന്‍കൂട്ടി സൂചിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ നിര്‍ദ്ദേശം നെഹ്‌റുവിന് വേണ്ടിയായിരുന്നുവെങ്കിലും നെഹ്‌റുവിന് വേണ്ടി ഒരാളും നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നില്ല. പത്രിക സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതും പട്ടേലായിരുന്നു. തെരഞ്ഞെടുപ്പ് ഏകകണ്ഠമാക്കാനായിരുന്നു ഇത്.

സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഒരു പ്രധാന കണ്ണിയായിരുന്ന പട്ടേല്‍ ചരിത്രപാഠ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമായപ്പോള്‍ നെഹ്‌റു അതിനേക്കാളുപരിയായി. കോണ്‍ഗ്രസ് അതിന്റെ വിധാതാക്കളെ മറന്നുകൊണ്ട് ചരിത്രത്തിലേക്ക് നീങ്ങിയതിനാലാണ് പരാജയത്തിലേക്ക് കൂപ്പുകുത്തിയതെന്ന് നിസംശയം പറയാം.

ചെറുതും വലുതുമായ നൂറുകണക്കിന് നാട്ടുരാജ്യങ്ങള്‍. ഒരു മാന്ത്രികന്‍ മാന്ത്രികവടി ചുഴറ്റിയാലെന്നപോലെ, ഒരുമിപ്പിച്ചുകൊണ്ടുവന്നത് പട്ടേലായിരുന്നു. അതിന് മയപ്പെടുത്തേണ്ടവരെ മയപ്പെടുത്തി. ഭയപ്പെടുത്തേണ്ടവരെ ഭയപ്പെടുത്തി. എന്തായാലും തീരുമാനം ഉരുക്കുപോലെ ദൃഢമായിരുന്നു. അത്യന്തം കഠിനവും ദുര്‍ഘടപൂര്‍ണ്ണവുമായിരുന്ന ഒരു ചുറ്റുപാടില്‍ നിന്ന് ഭാരതത്തെ കരകയറ്റിയതിന്റെ പരിപൂര്‍ണ്ണ ബഹുമതി പട്ടേലിനാണ്. പാക്കിസ്ഥാന്‍ വേര്‍പെട്ടപ്പോള്‍ അവശേഷിച്ച ഭാരതത്തെ വിശാലമായി കെട്ടിപ്പടുക്കുന്നതില്‍ പട്ടേല്‍ വഹിച്ച പങ്ക് ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

രാഷ്ട്രപിതാവായ ഗാന്ധിജിക്ക് ജന്മം നല്‍കിയ ഗുജറാത്ത് തന്നെയാണ് ഈ രാഷ്ട്രനായകനും ജന്മഭൂമി. അക്രമരാഹിത്യം ഒരു സങ്കല്‍പ്പമല്ലെന്നും ജനങ്ങള്‍ക്ക് അനുവര്‍ത്തിക്കുന്നതിനുള്ള ഒരു പ്രായോഗിക കാഴ്ചപ്പാടാണെന്നുമുള്ള നിലപാടായിരുന്നു പട്ടേലിനുണ്ടായിരുന്നത്. അക്രമരാഹിത്യം, നിസ്സഹകരണം, വിദേശവസ്ത്ര ബഹിഷ്‌കരണം, അയിത്തോച്ചാടനം, സമുദായ സൗഹാര്‍ദം, മദ്യനിരോധനം തുടങ്ങിയവ അദ്ദേഹത്തിന്റെ ജീവിതവ്രതമായിരുന്നു.

ഗാന്ധിജിയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായി രാജ്യസേവനത്തിനിറങ്ങിയ പട്ടേല്‍ എന്നും ഗാന്ധിജിയുടെ പിന്നിലേ നടന്നിട്ടുള്ളൂ; എല്ലാ അര്‍ത്ഥത്തിലും. ഗാന്ധിജിയും പട്ടേലും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ വലുതാണ്. എന്നാല്‍ പട്ടേലിന് അര്‍ഹിക്കുന്ന പരിഗണനയും ആദരവും നല്‍കാന്‍ അഞ്ചരപ്പതിറ്റാണ്ടോളം ഭാരതം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ലെന്നത് ഖേദകരമാണ്.

ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നുമാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാട്. കോണ്‍ഗ്രസിന്റെ നേതാക്കളെ തട്ടിയെടുക്കാനുള്ള ഒരു ശ്രമമല്ലിത്. മറിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടിയവര്‍ക്ക് അവര്‍ വേണ്ടത്ര ആദരവോ ബഹുമാനമോ നല്‍കിയിട്ടില്ലെങ്കില്‍ അതിനുള്ള രാഷ്ട്രത്തിന്റെ ക്ഷമാപണം കൂടിയാണ്.

പട്ടേല്‍ ഒരിക്കലും ഗാന്ധിജിക്കെതിരായിരുന്നില്ല. എന്നാല്‍ സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് വിജയമുണ്ടായപ്പോള്‍ അതില്‍ ഗാന്ധിജി അസംതൃപ്തി പ്രകടിപ്പിച്ചുവെന്നത് വേറൊരു കാര്യം. ഗാന്ധിജിയുടെ നേതൃത്വത്തെ തള്ളിക്കളയാന്‍ ആരും തയ്യാറായില്ല. പട്ടേലിന്റെ പ്രേരണയാലാണ് അന്നത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയിലെ പലരും രാജി സമര്‍പ്പിച്ചത്. ഗാന്ധിജിയുടെയും പട്ടേലിന്റെയും ആശയങ്ങളില്‍ വൈരുദ്ധ്യം പലപ്പോഴുമുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ അകല്‍ച്ച ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ.് ഭാരതം ഏകരാജ്യമാണെന്നും അത് വിഭജിക്കപ്പെടാന്‍ അനുവദിക്കുകയുമില്ലെന്നുമുള്ള കാഴ്ചപ്പാടാണ് പട്ടേലിനുണ്ടായിരുന്നത്. പക്ഷേ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കോണ്‍ഗ്രസ് സ്വീകരിച്ച കാഴ്ച്ചപ്പാട് അന്ന് കടകവിരുദ്ധമായിരുന്നു.

ഗാന്ധി വധത്തിനുശേഷം ആ കാരണം പറഞ്ഞ് ആര്‍എസ്എസിനെ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നപ്പോഴും പട്ടേല്‍ അതിനോടു പുലര്‍ത്തിയ സമീപനം ശ്രദ്ധേയമാണ്. നെഹ്‌റു ആര്‍എസ്എസിനെ ഇതിന്റെ പേരില്‍ നിരോധിച്ചപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തതിന്റെ പേരില്‍ പട്ടേല്‍ ആര്‍എസ്എസുകാരാനാണെന്നതുപോലുള്ള അഭിപ്രായം ഉയര്‍ന്നു. അതിനെ നിഷേധിക്കുവാനോ പിന്‍താങ്ങുവാനോ പട്ടേല്‍ തയ്യാറായില്ല. മറിച്ച് ആര്‍എസ്എസിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം തിരിച്ചുകൊണ്ടുവരാന്‍ മുന്‍കൈയെടുത്തത് പട്ടേലാണെന്നത് മറ്റൊരു നിയോഗമാകാം.

ഏതൊരു പ്രസ്ഥാനത്തിനുവേണ്ടിയാണോ തന്റെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത് അവര്‍ അര്‍ഹിക്കുന്ന പരിഗണന പട്ടേലിന് നല്‍കിയില്ല. പക്ഷേ പട്ടേല്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ പ്രാപ്തനായ നേതാവാണ് പട്ടേലെന്ന് ജനങ്ങള്‍ ഏകകണ്ഠമായി പറഞ്ഞപ്പോഴും അതിനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയ്യാറായില്ല. നെഹ്‌റുവിനെ പ്രധാനമന്ത്രിയായും പട്ടേലിനെ ഉപപ്രധാനമന്ത്രിയായും നിര്‍ദ്ദേശിച്ചപ്പോള്‍ അതിനു പിന്നിലെ ഇടപെടലുകള്‍ മറ്റു പലതുമായിരുന്നു. നെഹ്‌റുവും പട്ടേലും തമ്മിലുള്ള അധികാര-അവകാശ തര്‍ക്കത്തെ താരതമ്യം ചെയ്യുകയല്ല ഇവിടെ. മറിച്ച് നെഹ്‌റുവിന് കോണ്‍ഗ്രസ് നല്‍കിയ പ്രാധാന്യം പട്ടേലിന് നല്‍കിയില്ലെന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു.

നെഹ്‌റുവിനോടൊപ്പം തന്നെ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ പട്ടേലിന് അര്‍ഹമായ പരിഗണന നല്‍കുവാനാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതും വെറും പ്രശസ്തിക്കും രാഷ്ട്രീയനേട്ടത്തിനും വേണ്ടിയല്ല; മറിച്ച് പട്ടേലിനെക്കുറിച്ച് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും പുതുതലമുറയ്ക്കും വേണ്ടത്ര അറിവുനല്‍കാനാണ് ഈ അവസരം പ്രയോജനപ്പെടുത്തുന്നത്.

അതിനാലാണ് പട്ടേലിന്റെ ഒരു പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുകയെന്നതിനോടൊപ്പം അതില്‍ ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനുവേണ്ട പിന്തുണ ലഭിക്കുന്നുണ്ടെന്നത് തന്നെ പട്ടേലിനോടുള്ള രാജ്യത്തിന്റെ ആദരവായി കണക്കാക്കണം.

ആ ഉരുക്കുപ്രതിമ ഉരുക്കുമനുഷ്യന്റെ പ്രതിബിംബ നിര്‍മ്മാണം മാത്രമല്ല, മറിച്ച് രാഷ്ട്രത്തിന്റെ ആത്മാവിനെ, അന്തസ്സത്തയെ എക്കാലത്തേക്കും ഒരു രാഷ്ട്രത്തിന്റെ ആനുകാലിക ജീവിതത്തില്‍ പ്രതിഷ്ഠിക്കലാണ്; അത് കേവലം നിര്‍മ്മാണമല്ല, നവസൃഷ്ടിയാണ്. നമുക്ക് അതില്‍ പങ്കാളികളാകാം.

കെ.കെ. പത്മഗിരീഷ്‌
Courtesy : Janmabhumi Daily

Filed in

ഗാന്ധിജി എന്തുകൊണ്ട്‌ വീണ്ടും വീണ്ടും കൊല്ലപ്പെടുന്നു? എം.പി അജിത്‌ കുമാര്‍ കേസരിയില്‍ എഴുതിയ ലേഖനം.

ഭാസ്ക്കര്‍ റാവു കളംബി: സമര്‍പ്പിത ജീവിതം

Related posts