5:32 pm - Monday August 21, 2017

ദേശവിരുദ്ധക്കുറ്റം ചുമത്തി; മനോജ് വധക്കേസ് എന്‍.ഐ.എ.യിലേക്ക്

കണ്ണൂര്‍: സപ്തംബര്‍ ഒന്നിന് ആര്‍.എസ്.എസ്. നേതാവ് എളന്താട്ടില്‍ മനോജ് കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷിച്ചേക്കും. 

കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യു.എ.പി.എ. (നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന നിയമം) അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റംചുമത്തിയുള്ള വകുപ്പും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. ഈ കുറ്റം ചുമത്തിയാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് നേരിട്ട് കേസ് ഏറ്റെടുക്കാം. രാഷ്ട്രീയകൊലപാതകക്കേസില്‍ ദേശവിരുദ്ധക്കുറ്റം ചുമത്തുന്നത് ഇതാദ്യമാണ്. 

യു.എ.പി.എ.യിലെ 15(1) വകുപ്പനുസരിച്ചാണ് കേസെടുത്തത്. ഒരുപ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ഭീതിജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള അക്രമത്തെ ഭീകരപ്രവര്‍ത്തനമായാണ് 15 എന്ന വകുപ്പ് കണക്കാക്കുന്നത്. ബോംബ്, ഡയനാെമറ്റ്, സ്‌ഫോടകവസ്തുക്കള്‍, തീപ്പിടിക്കാവുന്ന സാധനങ്ങള്‍, മാരകായുധങ്ങള്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് ഒരു വ്യക്തിക്കോ വ്യക്തികള്‍ക്കോ മരണമോ പരിക്കോ ഉണ്ടായാല്‍ ഭീകരപ്രവര്‍ത്തനത്തില്‍പ്പെടുത്തി ശിക്ഷനല്കാമെന്നാണ് 15(1) വകുപ്പില്‍ പറയുന്നത്. 

ദേശവിരുദ്ധനിയമപ്രകാരം കേസെടുത്താല്‍ അക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിക്കണമെന്നാണ് എന്‍.ഐ.എ. ആക്ടില്‍ പറയുന്നത്. രാജ്യത്തിനുള്ളില്‍നിന്നോ പുറത്തുനിന്നോ ഉള്ള ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കേസുകള്‍ എന്‍.എ.ഐ.ക്ക് നേരിട്ടേറ്റെടുക്കാം. മനോജ് വധത്തിന്റെ മുഴുവന്‍ വിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണം. ഇതുകിട്ടി 15 ദിവസത്തിനകം കേസ് ഏറ്റെടുക്കുന്നുണ്ടെങ്കില്‍ എന്‍.ഐ.എ. വിവരംകൈമാറും. 

എന്‍.ഐ.എ. അന്വേഷണത്തെ ബി.ജെ.പി. തള്ളിപ്പറയാനിടയില്ല. ഇതുകൂടി മുന്‍കൂട്ടിക്കണ്ടാണ് യു.എ.പി.എ. പ്രകാരം കേരള പോലീസ് കേസെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസേറ്റെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. 

യു.എ.പി.എ. നിയമപ്രകാരമുള്ള കേസില്‍ അറസ്റ്റിലായാല്‍ ആറുമാസംവരെ കോടതി ജാമ്യമനുവദിക്കില്ല. തൊടുപുഴയില്‍ കോളേജധ്യാപകന്റെ കൈവെട്ടിയ കേസിലും കണ്ണൂര്‍ നാറാത്തെ ആയുധപരിശീലനക്കേസിലും ദേശവിരുദ്ധക്കുറ്റം ചുമത്തിയിട്ടുണ്ട്. നാറാത്തെ ആയുധപരിശീലനം ദേശവിരുദ്ധപ്രവര്‍ത്തനമാണെന്ന് സ്ഥാപിക്കാന്‍ ലഘുലേഖകളും ആയുധപരിശീലനം നടന്നപ്പോഴുള്ള അറസ്റ്റും പോലീസിനെ സഹായിച്ചിട്ടുണ്ട്.

 

കടപാട് : മാതൃഭൂമി

News Feed
Filed in

സി.പി.എം വിരുദ്ധരെന്ന് മുദ്രകുത്തുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ആശങ്ക

ഓണം വന്നേ….

Related posts