3:50 am - Tuesday January 23, 2018

സാധാരണക്കാരനായിരുന്ന അസാധാരണന്‍

അടല്‍ബിഹാരി വാജ്‌പേയി എഴുതിയ പ്രശസ്തമായ ഒരു ഹിന്ദി കവിത ആര്‍എസ്എസ് ശാഖകളില്‍ ഗണഗീതമായി പാടാറുണ്ട്. ഹിന്ദു തന് മന് ഹിന്ദു ജീവന്‍ രഗ് രഗ് ഹിന്ദു മേരാ പരിചയ്… എന്നു തുടങ്ങുന്ന ആ കവിത ആശയ ഗാംഭീര്യം ചോരാതെ ‘ഹിന്ദുദേഹം ഹിന്ദു മനസ് അണു അണുതോറും… ഹിന്ദു ഞാന്‍’ എന്നിങ്ങനെ മലയാളത്തിലുമാക്കിയിട്ടുണ്ട്. ഈ മലയാള ഗദ്യ കവിതയ്ക്ക് ഒരനുബന്ധം കൂടിയുണ്ടായി. കര്‍സേവകരായി ബലിദാനം ചെയ്യപ്പെട്ട കോത്താരി സഹോദരന്മാരും രാമജന്മഭൂമി പ്രക്ഷോഭത്തിനെതിരായി രംഗത്തു വന്ന മുലായംസിംഗും സുകുമാര്‍ അഴീക്കോടും കെ.കെ.എന്‍. കുറുപ്പുമെല്ലാം ആ ഗദ്യ കവിതയുടെ അനുബന്ധത്തില്‍ സ്ഥാനം പിടിച്ചു. ഈയിടെ അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ കെ. പെരച്ചന്റേതാണ് ആ അനുബന്ധം. കവിതാരചനയുടെ ചട്ടക്കൂടുകളെക്കുറിച്ച് വേവലാതിപ്പെടാതെ, ചരിത്ര പഠനത്തിന്റെ അക്കാദമിക പിന്‍ബലമില്ലാതെ പെരച്ചന്‍ ആത്മരോഷത്തില്‍ നിന്ന് സ്വന്തം ഹൃദയ വികാരം ചാലിച്ചെഴുതിയതാണ് ആ വരികള്‍.

 

ചരിത്രം സൃഷ്ടിച്ചവര്‍ ചരിത്രമെഴുതിവെക്കാറില്ല എന്നു പറയാറുണ്ട്. ചരിത്രരചന നടത്തുന്നവര്‍ക്ക് ചരിത്രം സൃഷ്ടിക്കാനുമാവില്ല എന്നു ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കാം. കെ. പെരച്ചന്‍ എന്ന സാധാരണക്കാരന്‍ സ്വജീവിതം കൊണ്ട് തിളക്കമാര്‍ന്ന ഒരു ചരിത്രസൃഷ്ടി നടത്തുകയായിരുന്നു. എഴുതപ്പെട്ട കേരളത്തിന്റെ സാമൂഹ്യ ചരിത്രരചനകളിലൊന്നും കെ. പെരച്ചനെന്ന പേരുണ്ടാവില്ല. അതുകൊണ്ടായിരിക്കാം ആ വിയോഗം മുഖ്യധാരാമാധ്യമങ്ങളിലെ ചരമ പേജിലൊതുങ്ങിപ്പോയതും.

അതിസാധാരണക്കാരില്‍ നിന്ന് അസാധാരണ കൃത്യങ്ങള്‍ ചെയ്യിക്കാന്‍ തക്ക കരുത്ത് സൃഷ്ടിക്കാമെന്ന സംഘകാര്യ പദ്ധതിയുടെ സാഫല്യമാണ് കെ. പെരച്ചന്‍. കോഴിക്കോട് നഗരപ്രാന്തത്തിലെ മാങ്കാവ് കല്ലുവെട്ടുകുഴിയില്‍ എന്ന വീട്ടില്‍ സാധാരണക്കാരനായി ജനിച്ച പെരച്ചന്‍ കല്ലായി കേരള ടെക്സ്റ്റയില്‍സിലെ ജീവനക്കാരനായിരുന്നു. ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും സോഷ്യലിസ്റ്റ് വഴികളില്‍ അണിചേരാന്‍ ആ തൊഴിലാളിക്ക് ഏറെ താമസമുണ്ടായില്ല. എന്നാല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അകംപൊള്ളയായ സംഘടനാ ബലത്തെക്കുറിച്ചും ആശയദാര്‍ഢ്യത്തെക്കുറിച്ചും തിരിച്ചറിഞ്ഞവരില്‍ പെരച്ചനുമുണ്ടായിരുന്നു. അവിടെ നിന്നാണ് യാദൃച്ഛികമായാണെങ്കിലും സംഘവഴികളില്‍ അദ്ദേഹം ഇടം തേടുന്നത്. മലബാറിലെ സംഘപ്രവര്‍ത്തനത്തിനുള്ള നിയോഗമാണ് പിന്നീട് പെരച്ചന്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

 

പെരച്ചന്റെ വിയോഗവാര്‍ത്ത പത്രങ്ങളിലെ ചരമ പേജിലൊതുങ്ങിയെങ്കിലും ഫേസ്ബുക്കുള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ ചരമവാര്‍ത്തയ്ക്ക് ഒട്ടേറെ പോസ്റ്റുകളുണ്ടായി. നവമാധ്യമങ്ങളിലെ യുവാക്കളുടെ ഫേസ്ബുക്ക് പേജുകളില്‍ പെരച്ചന്റെ ചിത്രവും ചരിത്രവും ഒട്ടേറെ ഷെയര്‍ ചെയ്യപ്പെട്ടു. അന്നവര്‍ക്ക് കറുത്ത ദിനമായി. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ പെരച്ചന്‍ ‘വൈറലായി’. സംഘാദര്‍ശത്തെ തലമുറകളുടെ വിടവില്ലാതെ പകര്‍ന്നു നല്‍കാന്‍ പെരച്ചന് കഴിഞ്ഞു. ഏതു പ്രായക്കാരെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞ പെരച്ചന്‍ എന്നും തന്റെ ഉള്ളില്‍ ഒരു യുവഹൃദയത്തിന്റെ തീപ്പൊരി കാത്തു സൂക്ഷിച്ചുപോന്നിരുന്നു. പ്രായഭേദമില്ലാതെ അദ്ദേഹം സ്‌നേഹപുരസ്സരം ഇടപഴകി, സൗഹൃദം കാത്തുപോന്നു.

 

മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയെത്തുടര്‍ന്ന് പ്രക്ഷുബ്ധമായ അന്തരീക്ഷം. ഇന്ന് ദൃശ്യമാധ്യമത്തിലെ പ്രമുഖയായ ഒരു മാധ്യമപ്രവര്‍ത്തക കോഴിക്കോട് ചാലപ്പുറത്തെ ആര്‍എസ്എസ് കാര്യാലയത്തില്‍ കുമ്മനം രാജശേഖരനെ കാണാനെത്തുന്നു. അന്ന് മാധ്യമപ്രവര്‍ത്തന രംഗത്ത് തുടക്കക്കാരിയായിരുന്ന അവര്‍ ഒരപരിചിതയുടെ എല്ലാ ഭാവങ്ങളുമായി കാര്യാലയത്തിലേക്ക് കടന്നുവന്നപ്പോള്‍ സ്വീകരണഹാളില്‍ ഇരിക്കുകയായിരുന്ന പെരച്ചന്‍ ‘വന്നല്ലോ ഝാന്‍സി റാണി’ എന്ന് ഉറക്കെപ്പറഞ്ഞാണ് അവരെ സ്വീകരിച്ചത്. അല്‍പം അമ്പരന്നെങ്കിലും തുടര്‍ന്നുണ്ടായ പൊട്ടിച്ചിരികള്‍ക്കിടയില്‍ അവരും അപരിചിതത്വം വെടിഞ്ഞ് ആ ചിരിയില്‍ പങ്ക് ചേര്‍ന്നു. പേരറിയാത്ത യുവതികളെല്ലാം ഝാന്‍സി റാണിമാരും യുവാക്കള്‍ ശിവാജിമാരുമായിരുന്നു പെരച്ചന്. ശക്തിയുടെ ആരാധകനായിരുന്നു പെരച്ചന്‍. തന്റെ നീണ്ട സംഘജീവിതത്തിന്റെ ചരിത്രത്തിലുടനീളം ശക്തിയുടെയും സംഘബലത്തിന്റെ കരുത്ത് എന്തെന്നറിഞ്ഞ അനുഭവത്തിന്റെയും അഗ്നിയില്‍ നിന്ന് ഉരുവം ചെയ്തതായിരുന്നു ഈ ശക്ത്യാരാധന.

 

കേരള ടെക്സ്റ്റയില്‍സിലെ ജോലി ഉപേക്ഷിച്ച് ആര്‍എസ്എസ് പ്രചാരകനായ കെ. പെരച്ചന്‍ സംഘപ്രചാരകനായി ജീവിതാന്ത്യം വരെ തുടര്‍ന്നു. ഒരാദര്‍ശം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു. വയനാട്, പയ്യന്നൂര്‍, പട്ടാമ്പി, ചേര്‍ത്തല, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെല്ലാം സംഘപ്രവര്‍ത്തനത്തിനായി സഞ്ചരിച്ച അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിലുമായി. വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം ചുമതലയില്ലാത്തപ്പോഴും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന മാതൃക കാണിച്ചുതന്നു. കല്ലും മുള്ളും നിറഞ്ഞ കഠിനപാതകളില്‍ കൂടിയായിരുന്നു കല്ലുവെട്ടുകുഴിയില്‍ പെരച്ചന്‍ അക്കാലത്ത് സംഘപ്രവര്‍ത്തനം നടത്തിയിരുന്നത്. എതിരാളികളുടെയും ഗുണ്ടകളുടെയും ആക്രമണങ്ങള്‍ക്ക് വിധേയനായി മരണം മുന്നില്‍ കണ്ട നിമിഷങ്ങളില്‍ നിന്ന് സംഘപ്രവര്‍ത്തനം നടത്താന്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്നു ആ ദൃഢവ്രതന്‍.

 

മാതാ അമൃതാനന്ദമയി ദേവിയുടെ ആദ്യകാല സന്ദര്‍ശനങ്ങളില്‍ കോഴിക്കോട്ട് വേദിയൊരുക്കാനും സത്സംഗങ്ങള്‍ നടത്താനും പെരച്ചനുമുണ്ടായിരുന്നു. തന്റെ കുടുംബക്ഷേത്രത്തില്‍ അമ്മയെ ക്ഷണിച്ചു വരുത്തി അവിടെ ഭജനയും സത്സംഗവും നടത്തിയത് അഭിമാനത്തോടെ പെരച്ചന്‍ ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. ഇന്നുള്ളത് പോലെ വിപുലമായ സംഘടനാബലവും ആശ്രമങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് അമ്മയിലെ ആത്മീയ ചൈതന്യത്തില്‍ ആകൃഷ്ടനായ അദ്ദേഹം സംഘപ്രവര്‍ത്തനത്തിലുറച്ച് നിന്നുകൊണ്ടുതന്നെ കോഴിക്കോട്ടെ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി.

 

പൗരാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പാവനത്വത്തെക്കുറിച്ചുള്ള വായ്ക്കുരവകള്‍ നിറയുന്ന ഇക്കാലത്ത് പെരച്ചന്റെ ജീവിതചിത്രം പുതുതലമുറ ഒരാവര്‍ത്തി ഓര്‍ത്തുനോക്കുന്നത് നന്നായിരിക്കും. ആരാധനയ്ക്കും പെരുവഴിയില്‍ കൂടി ഘോഷയാത്ര നടത്താനും സ്വാതന്ത്ര്യം നിഷേധിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു മലബാറിന്. മണത്തല, നടുവട്ടംസമരവും വെടിവെപ്പുമെല്ലാം ഈ ചരിത്രത്തിലുള്‍പ്പെടുന്നു. പ്രമാണിമാരുടെ ഇരുള്‍മുറികളില്‍ യൗവനം ഹോമിക്കപ്പെടുന്ന അബലകളായ യുവതികളെ സംരക്ഷിക്കാന്‍ അബലാസംരക്ഷണ സമിതി നടത്തിയ പോരാട്ടവും ചരിത്രത്തിലുണ്ട്. മതേതര ചരിത്രത്തിന്റെ ചട്ടക്കൂടുകളില്‍പ്പെടാത്ത ഈ ചരിത്രവഴികളില്‍ നമുക്ക് അരോഗദൃഢഗാത്രനായ പെരച്ചന്‍ ഉയര്‍ന്നുനില്‍ക്കുന്നത് കാണാം. ആത്മവിശ്വാസത്തിന്റെ ആകാരം പൂണ്ട്; ആത്മവിശ്വാസത്തിന്റെ പ്രതീകമായ ഒരു അസാധാരണന്‍. അവിടെ ഒരുകൂട്ടം ചെറുപ്പക്കാരുടെ പിഴയ്ക്കാത്ത ചുവടുകളും നിലപാടുകളും സൃഷ്ടിച്ച ചരിത്രമാറ്റത്തിന്റെ ചോരപുരണ്ട അദ്ധ്യായങ്ങളുമുണ്ടാകും. മുസ്ലിംപ്രമാണിമാര്‍ കശക്കിയെറിഞ്ഞ അബലകളെ സമുദായഭ്രഷ്ട് കല്പിച്ച് പുറത്താക്കുകയായിരുന്നില്ല. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും കുടുംബജീവിതം സാധ്യമാക്കുകയും ചെയ്യുന്നതില്‍ അബലാസംരക്ഷണസമിതി മുന്‍കയ്യെടുത്തു.

 

ആത്മാഭിമാനവും ആത്മവിശ്വാസവും നിറഞ്ഞ
ഒരു ജീവിതം. അതായിരുന്നു കെ. പെരച്ചന്‍.
ആണത്തംകെട്ട നാടിന്‍ ജഡസിരയില്‍
മരിക്കാതെയല്‍പം വെളിച്ചം,
നാണത്താലെ കുനിഞ്ഞുള്ളൊരു തലയിലൊ-
ളിഞ്ഞല്‍പമാത്മാഭിമാനം
താണാകെപ്പൂഴിപറ്റും ചുവട്ടിലൊരു കുതി-
പ്പിന്നെഴും പ്രാണവീര്യം.
കവി പറഞ്ഞത് പെരച്ചന്
നന്നായി ചേരുന്നു.

എം. ബാലകൃഷ്ണന്‍

 

 

News Feed
Filed in

Vivekananda Medical Mission De-Addiction Center started functioning

Breaking all barriers Nation celebrates Raksha bandhan today

Related posts