10:20 pm - Wednesday March 21, 2018

ഒരു കര്‍മ്മയോഗിയുടെ സഞ്ചാരപഥങ്ങള്‍

പദ്മശ്രീ പി. പരമേശ്വരനു നവതി പ്രണാമം –  കെ. രാമന്‍ പിള്ള എഴുതുന്നു

കേരളത്തില്‍ ഭാരതീയ ജനസംഘം  തുടങ്ങിയത് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ നേരിട്ടുവന്നാണ്. 1953 ഡിസംബറിലായിരുന്നു അത്. അദ്ദേഹത്തിന് സഹായിയായി ടി.എന്‍. ഭരതനുമുണ്ടായിരുന്നു. പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രമുഖ വ്യക്തികളെ സമ്പര്‍ക്കം ചെയ്യുന്നതിനും ചിലയിടങ്ങളില്‍ താല്‍ക്കാലിക സമിതികള്‍ രൂപീകരിക്കാനും  ആ യാത്രയില്‍ കഴിഞ്ഞു. അതിന്റെ ഭാഗമായി 1954-ല്‍ തിരുവനന്തപുരത്ത് ജനസംഘം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനും കഴിഞ്ഞിരുന്നു. മലബാര്‍ മേഖലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പ്രതീകാത്മകമായ മത്സരം നടത്തിയിരുന്നു. എന്നാല്‍ സംഘടനാപ്രവര്‍ത്തനം പരിതാപകരമായ അവസ്ഥയില്‍ തുടര്‍ന്നു. ഇത് അപര്യാപ്തമെന്നു ബോദ്ധ്യപ്പെട്ട ദീനദയാല്‍ജി രാഷ്ട്രീയസ്വയംസേവകസംഘത്തെ സമീപിച്ച് കാര്യം ധരിപ്പിച്ചു. അന്ന് രാഷ്ട്രീയ കാര്യങ്ങളില്‍ അറിവും താല്‍പര്യവുമുള്ള പ്രചാരകന്മാര്‍ ഉണ്ടായിരുന്നിട്ടും രാഷ്ട്രീയകാര്യങ്ങളില്‍ താല്‍പര്യമില്ലാത്ത പ്രചാരകന്റെ പേരാണ് സംഘം നിര്‍ദ്ദേശിച്ചത്.

മുഹമ്മ താമരശ്ശേരില്‍ ഇല്ലത്തെ പി. പരമേശ്വരന്‍ എന്ന പ്രചാരകന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. കൗമാരദശയില്‍ത്തന്നെ ശ്രീരാമകൃഷ്ണ-വിവേകാനന്ദയതീശ്വരന്മാരുടെ ആരാധകനായി. ആഗമാനന്ദസ്വാമികളോടൊപ്പം ഭാരതപര്യടനം നടത്തിയിട്ടുള്ള  ഈ യുവാവ്, കവി, പണ്ഡിതന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശേഷമാണ് പ്രചാരകനായത്. ആലപ്പുഴ എസ്.ഡി. കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിതാമത്സരത്തില്‍ പങ്കെടുത്ത് വയലാര്‍ രാമവര്‍മ്മയെപ്പോലും പിന്നിലാക്കി വിജയം നേടിയ ചരിത്രവുമുണ്ട്. പ്രചാരകനായശേഷവും ആദ്ധ്യാത്മിക വിഷയങ്ങളിലും ദേശീയപ്രശ്‌നങ്ങളിലും ചിന്ത വ്യാപരിപ്പിക്കുകയും  പ്രൗഢമായ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു.

p-paramesharji-jpg222

പരമേശ്വര്‍ജിയുടെ സപ്തതിവേളയില്‍ ബിഎംഎസ് സ്ഥാപകന്‍ ഠേംഗ്ഡിജി, പരമേശ്വര്‍ജി എന്നിവര്‍ക്കൊപ്പം പി. ഗോവിന്ദപ്പിള്ള

രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനു തീരെ താല്‍പര്യമുണ്ടായിരുന്നില്ല എന്നാണറിവ്. പരംപൂജനീയ ഗുരുജി  തന്നെ നേരിട്ട് നിര്‍ദ്ദേശിച്ചതിനുശേഷംമാത്രമാണ് ചുമതല ഏറ്റെടുത്തത്.
1957-ല്‍ ബാംഗ്ലൂരില്‍ ചേര്‍ന്ന ജനസംഘം ദേശീയ സമ്മേളനത്തിലാണ് കേരളത്തിന്റെ സംഘടനാകാര്യദര്‍ശിയായി പി. പരമേശ്വരനെ നിയമിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്.
അതിനടുത്തദിവസം അദ്ദേഹം തിരുവനന്തപുരത്തുവന്നു. പുത്തന്‍ചന്ത ആര്‍എസ്എസ് ശാഖയില്‍ അദ്ദേഹത്തിന്റെ ബൗദ്ധിക് ഉണ്ടായിരുന്നു. അതുകഴിഞ്ഞ് വഞ്ചിയൂര്‍ കോടതിയുടെ കിഴക്കെ നടയിലുണ്ടായിരുന്ന കാര്യാലയത്തിലെത്തി. ഈ ലേഖകനും അവിടുത്തെ അന്തേവാസിയായിരുന്നു. ഒരു മുറിമാത്രമുള്ള ആ കാര്യാലയത്തില്‍ അഞ്ച് പേര്‍ ഉറങ്ങാന്‍ കിടന്നു. അതിലൊരാള്‍ പരമേശ്വര്‍ജിയായിരുന്നു. രാത്രി കുറെ വൈകി ഉണര്‍ന്നപ്പോള്‍ പരമേശ്വര്‍ജി ലൈറ്റിട്ട് എഴുതുന്നതാണ് കണ്ടത്. ഞാന്‍ ഗീതയിലെ ഒരു ശ്ലോകഭാഗം ഓര്‍ത്തുപോയി.

യാ നിശാ സര്‍വ്വ ഭൂതാനാം
തസ്യാം ജാഗര്‍ത്തിസംയമീ
(സര്‍വ്വജീവജാലങ്ങളും ഉറങ്ങുമ്പോള്‍ സംയമിയായ മുനി ഉണര്‍ന്നിരിക്കുന്നു)
രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ഏതാനും കടലാസുകള്‍ എന്നെ ഏല്‍പിച്ചിട്ടു പറഞ്ഞു: ”ഇതിന്റെ കോപ്പികള്‍ എടുത്ത് എല്ലാ പത്രങ്ങള്‍ക്കും കൊടുക്കണം.” ഞാനതു വായിച്ചു നോക്കി. ‘കൈരളി സമക്ഷം’ എന്ന ശീര്‍ഷകത്തില്‍  എഴുതിയ ഒരു പ്രസ്താവന! പ്രൗഢമായ ഭാഷ. കേരളരാഷ്ട്രീയ സ്ഥിതിഗതികള്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്തശേഷം, ഭാരതീയ ജനസംഘത്തിന്റെ പ്രസക്തിയാണ് അതില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഞാനത് കോപ്പിയെടുത്ത് എല്ലാ പത്രമാഫീസുകളിലും എത്തിച്ചുകൊടുത്തു. ഒരു വാക്കുപോലും മാറ്റാനില്ലാത്ത ആ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഒരു ദിനപ്പത്രവും പ്രസിദ്ധപ്പെടുത്തിയില്ല. പിന്നീട് കേസരി വാരികയില്‍മാത്രം പ്രസിദ്ധീകരിച്ചു. നടുവട്ടത്തു നടത്താന്‍ തീരുമാനിച്ച പരിശീലന ശിബിരത്തില്‍ പങ്കെടുക്കാന്‍ എന്നോടുപറഞ്ഞിട്ടാണ് അദ്ദേഹം കോഴിക്കോട്ടേക്കു പോയത്.

നടുവട്ടം ശിബിരവും തുടര്‍ന്നുള്ള അനുസ്യൂതമായ സംഘടനാപ്രവര്‍ത്തനവും ജനസംഘത്തെ ശക്തമായൊരടിത്തറയില്‍ ഉറപ്പിച്ചു. 1967ലെ ജനസംഘം ദേശീയ സമ്മേളനം അപ്രതീക്ഷിത വിജയത്തില്‍ എത്തിച്ചതില്‍ പരമേശ്വര്‍ജിയുടെ കഠിനാദ്ധ്വാനത്തിന് പ്രധാനപങ്കുണ്ട്. കോഴിക്കോട്ടു നഗരത്തെ സംബന്ധിച്ചിടത്തോളം രാംഭാവു ഗോഡ്‌ബോളേയുടെ  അനന്യവും അസൂയാവഹവുമായ സംഘടനാപാടവവും സഹായകമായിരുന്നു. പ്രസ്തുത സമ്മേളനത്തില്‍വച്ചാണ് പരമേശ്വര്‍ജിയെ ദേശീയ കാര്യദര്‍ശിയായി പുതിയ അദ്ധ്യക്ഷന്‍ ദീനദയാല്‍ജി പ്രഖ്യാപിച്ചത്.

അതിനുശേഷവും പരമേശ്വര്‍ജി കൂടുതല്‍ സമയവും കേരളത്തില്‍തന്നെ ചെലവഴിച്ചു. മലപ്പുറം ജില്ല രൂപീകരിക്കാനുള്ള സപ്തകക്ഷി മുന്നണി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് മാസങ്ങളോളം നീണ്ടുനിന്ന സമരം ജനസംഘം സംഘടിപ്പിച്ചു. ഒരു ജില്ല രൂപീകരിക്കുന്നതിനെതിരെ എന്തിനു സമരം എന്നായിരുന്നു സാമാന്യജനതയുടെ സംശയം. എന്നാല്‍ സമരത്തിനടിസ്ഥാനമായ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് പരമേശ്വര്‍ജി എഴുതി പ്രസിദ്ധപ്പെടുത്തിയ ലഘുലേഖകള്‍ എല്ലാ സംശയങ്ങളും ദൂരീകരിച്ചു. മാത്രമല്ല, അതിന്റെ ഗൗരവവും അപകടസാദ്ധ്യതകളും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. കെ. കേളപ്പജിയെപ്പോലുള്ള ഗാന്ധിയന്മാരെ സമരത്തിനനുകൂലമാക്കാന്‍ സഹായിച്ചു. മാര്‍ക്‌സിസ്റ്റു നേതാക്കളായ കെ.പി. ആര്‍. ഗോപാലനടക്കമുള്ള  നിരവധിപേര്‍ രാജിവച്ചു. സിപിഎമ്മിന്റെ പോഷകസംഘടനയാ കേരളകര്‍ഷക സംഘത്തിന്റെ അദ്ധ്യക്ഷനും സ്വാതന്ത്ര്യസമരസേനാനിയുമായ വി.എം. വിഷ്ണുഭാരതീയന്‍ തല്‍സ്ഥാനം രാജിവച്ച് ജനസംഘത്തില്‍ചേര്‍ന്നു പ്രവര്‍ത്തിച്ചു.

ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയാകര്‍ഷിച്ച സമരമായിരുന്നു അത്. ജില്ല രൂപീകരിക്കപ്പെട്ടെങ്കിലും അതിനെ കുട്ടിപ്പാക്കിസ്ഥാനാക്കാനുള്ള ശ്രമം പരാജയപ്പെടുത്താന്‍ ജനസംഘസമരം സഹായിച്ചു.
കൃത്യമായി പഠനശിബിരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ദീനദയാല്‍ജിയെപ്പോലെ പരമേശ്വര്‍ജിയും ഉത്സുകനായിരുന്നു. അത് പ്രവര്‍ത്തകരില്‍ ആദര്‍ശനിഷ്ഠ വളര്‍ത്താനും വ്യക്തിത്വവികാസത്തിനും സഹായിച്ചു. 1975  വരെ അദ്ദേഹം കേരളത്തിലെ ജനസംഘപ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അടിയന്തരാവസ്ഥാപ്രഖ്യാപനത്തോടെ ആരോഗ്യപരമായ കാരണങ്ങളാല്‍ തമിഴ്‌നാട്ടില്‍ വിശ്രമജീവിതം നയിച്ചു. അപ്പോഴും തൂലികാനാമത്തില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ ലേഖനങ്ങള്‍ എഴുതി ഭൂഗര്‍ഭപത്രികകളിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. ജനതാപാര്‍ട്ടി രൂപീകരണത്തോടെ ഏതാനും പരിപാടികളില്‍ പങ്കെടുത്തശേഷം സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങി. ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതല വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം തുടങ്ങിയശേഷമാണ് അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയത്.
ജനസംഘത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്ന കാലത്താണ് രണ്ടു വിലപ്പെട്ട ഗ്രന്ഥങ്ങളുടെ  രചന നിര്‍വ്വഹിച്ചത്. ശ്രീനാരായണ ഗുരുദേവന്റെയും അരവിന്ദോയുടേയും ജീവചരിത്രങ്ങളാണവ. നാരായണഗുരുദേവന്റെ ജീവചരിത്രം ഒരു ഗവേഷണഗ്രന്ഥവുമാണ്. അതിനുവേണ്ടിയുള്ള യാത്രകളില്‍ പലപ്പോഴും ഞാനുമുണ്ടായിരുന്നു. സത്യസന്ധവും നിഷ്പക്ഷവുമായ ഈ കൃതിയുടെ അവതാരിക എഴുതിയത് ഡോ.സുകുമാര്‍ അഴീക്കോടാണ്.

പരമേശ്വര്‍ജിയുടെ അത്ഭുതകരമായ വിവര്‍ത്തന വൈദഗ്ദ്ധ്യം പലതവണ അനുഭവിച്ചിട്ടുള്ളവരാണ് കേരളീയര്‍. സ്വാമി ചിന്മയാനന്ദന്‍ 1957-ല്‍ തലശ്ശേരിയില്‍ നടത്തിയ ആദ്യത്തെ ഗീതാജ്ഞാനയജ്ഞത്തിലെ പ്രഭാഷണം വിവര്‍ത്തനം ചെയ്തത് പരമേശ്വര്‍ജിയാണ്. അടല്‍ജി, അദ്വാനിജി, ദീനദയാല്‍ജി, ജഗന്നാഥറാവു ജോഷിജി എന്നിവരുടെ പ്രസംഗശൈലി വ്യത്യസ്തമാണെങ്കിലും പരമേശ്വര്‍ജി അവ ഒരുപോലെ വിവര്‍ത്തനം ചെയ്തിരുന്നു. അക്കാലത്തെ പേരുകേട്ട വിവര്‍ത്തകന്‍ ആര്‍.എം. മനയ്ക്കലത്ത് ആയിരുന്നുവെങ്കിലും അദ്ദേഹത്തിനുപോലും വൈവിദ്ധ്യമുള്ള പ്രസംഗശൈലിയുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ജഗന്നാഥറാവു ജോഷിയുടെ ഒരു മണിക്കൂര്‍ നീണ്ട ‘കിടിലന്‍’ പ്രസംഗം ഒരു വാക്കുപോലും എഴുതി എടുക്കാതെ കേട്ടിരുന്നശേഷം എഴുന്നേറ്റുനിന്ന് ഒരുവാക്കുപോലും വിട്ടുപോകാതെ വിവര്‍ത്തനം ചെയ്തത് ഞാനിപ്പോഴുമോര്‍ക്കുന്നു.

പരമേശ്വര്‍ജി ഒരു കര്‍മ്മയോഗിയാണ്. ദീനദയാല്‍ജിയെപോലെ കാവിയുടുക്കാത്ത സന്യാസി. അതേസമയം കര്‍മ്മനിരതനായ യോഗി. രാഷ്ട്രീയമണ്ഡലത്തിലേക്കു നിയുക്തനായപ്പോള്‍ സമര്‍ത്ഥനായ രാഷ്ട്രീയനേതാവായും വിജയപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. കേരളത്തിന്റെ അഭിമാനഭാജനമായ പരമേശ്വര്‍ജിയുടെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.

ജന്മഭൂമി: http://www.janmabhumidaily.com/news489996#ixzz4cVCY9rdW

 

 

 

നവതിയാഘോഷം: ഉദ്ഘാടകന്‍ നളന്ദ വിസി, രാജ്‌നാഥ് സിങ് മുഖ്യാതിഥി

എന്റെ വഴികാട്ടി – ഒ. രാജഗോപാല്‍ MLA

Related posts