2:43 am - Sunday February 18, 2018

ഒരു രക്തബന്ധത്തിന്റെ ദൃഢതയോടെ

പദ്മശ്രീ പി. പരമേശ്വരനു നവതി പ്രണാമം – എം. സതീഷന്‍ എഴുതുന്നു

എനിക്ക് തന്റെ ചോര തരാമോ?”
”എന്റേത് മതിയെങ്കില്‍ തരും.”

ഒരു ചോദ്യവും ഉത്തരവും. നാലു പതിറ്റാണ്ടോളമാവുന്ന ഒരു രക്തബന്ധത്തിന്റെ തുടക്കം. 82 ല്‍ ആണത്. എറണാകുളത്തെ സുധീന്ദ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ന് പരമേശ്വര്‍ജി. O+ve രക്തം വേണം. അവിടെ പ്രഭാതശാഖാ മുഖ്യശിക്ഷകനായിരുന്ന സുരേന്ദ്രന്‍ എന്ന ഇരുപത്തിമൂന്നുകാരനായിരുന്നു അത് നല്‍കാനുള്ള യോഗം. ആ രക്തബന്ധത്തിന്റെ ഇഴയടുപ്പം സുരേന്ദ്രനേയും ആര്‍എസ്എസ് പ്രചാരകനാക്കി. ആവേശം കയറി ആജീവനാന്തം പ്രചാരകനാകും എന്നൊന്നും പ്രഖ്യാപിക്കരുതെന്ന് പരമേശ്വര്‍ജി സുരേന്ദ്രോട് പറഞ്ഞു. അതൊരു മാനസികാവസ്ഥയാണ്. തുടങ്ങുക, തുടരുക. പോകാവുന്നിടത്തോളം മുന്നോട്ടുപോവുക… അന്ന് തുടങ്ങിയതാണ് സുരേന്ദ്രന്റെ സഞ്ചാരം.

ആ വഴി നടന്നെത്തിയത് പരമേശ്വര്‍ജിയുടെ ജീവിതത്തിലേക്കാണ്. അത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായിരുന്നങ്കിലും രസകരമായ ഒരു നിമിത്തമുണ്ടായി. അന്നത്തെ പ്രാന്തീയ ബൈഠക്കില്‍ പങ്കെടുക്കാനെത്തിയവര്‍ എറണാകുളം കാര്യാലയത്തിലാണ് തങ്ങിയത്. മുറികളിലും ഹാളിലും ഇടമില്ലാത്തതുകാരണം സുരേന്ദ്രന്‍ കിടന്നത് പരമേശ്വര്‍ജിയുടെ മുറിയില്‍ നിലത്ത് പായ വിരിച്ചായിരുന്നു. അതുകണ്ട അന്നത്തെ പ്രാന്തപ്രചാരക് ഹരിയേട്ടന്റെ കമന്റ് ഇതങ്ങ് സ്ഥിരമായിക്കോട്ടെ എന്നായിരുന്നുവത്രെ.

സുരേന്ദ്രനെ മലയാളിയാക്കിയത് പരമേശ്വര്‍ജിയായിരുന്നു. കൊങ്ങിണി മാതൃഭാഷയായിരുന്ന സുരേന്ദ്രന്‍ ആത്മവിശ്വാസത്തോടെ മലയാളത്തില്‍ സംസാരിക്കുന്നത് അങ്ങനെയാണ്. നല്‍കി എന്ന് പറയേണ്ടിടത്തും കൊടുത്തു എന്ന് പറഞ്ഞ് ശീലിച്ചതായിരുന്നു സുരേന്ദ്രന്റെ മലയാളം. ആശയഗരിമ കൊണ്ട് ആകാശത്തോളം ഉയര്‍ന്ന പരമേശ്വര്‍ജി സുരേന്ദ്രനൊപ്പമെത്തുമ്പോള്‍ തമാശ പറയുകയും ദേഷ്യപ്പെടുകയും കൊച്ചുകൊച്ചുവര്‍ത്തമാനങ്ങളിലൂടെ പഴയകാലത്തെ ഇടയ്ക്കിടയ്ക്ക് അവര്‍ക്കിടയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

ദേഷ്യം പരമേശ്വര്‍ജിക്ക് ഹിമാലയക്കൊമ്പത്താണ്. അന്നാല്‍ അതിനടിയില്‍ കടലോളം കരുതലും സ്‌നേഹവും വാത്സല്യവുമുണ്ടാകും. സമയത്തിന്റെ വില സുരേന്ദ്രന്‍ അറിഞ്ഞത് പരമേശ്വര്‍ജിയുടെ രൗദ്രഭാവത്തില്‍ നിന്നുമാണ്. എത്താന്‍ ഒരു മിനിട്ട് വൈകിയാല്‍ അദ്ദേഹം പരിഭ്രമിക്കും. പരിപാടിയുടെ കാര്യം മുതല്‍ ആഹാരത്തിന്റെ കാര്യം വരെ അങ്ങനെയാണ്. ഒരിക്കലേ സുരേന്ദ്രന്‍ വൈകിയുള്ളു. പിന്നീട് ഒരിക്കലും വൈകാതിരിക്കാന്‍ പരമേശ്വര്‍ജിയുടെ ഭാവമാറ്റം സുരേന്ദ്രനെ സഹായിച്ചു. പരമേശ്വര്‍ജിയുടെ ദിനചര്യയുടെ സമയക്രമം അദ്ദേഹത്തിന്റെ കൈപ്പടയില്‍ സുരേന്ദ്രന്‍ എഴുതിവാങ്ങി. മുപ്പത്തഞ്ച് കൊല്ലമായി അത് മഷി മങ്ങാതെ കാത്തുസൂക്ഷിക്കുന്നുണ്ട്.

പുലര്‍ച്ചെ നാലിന് പരമേശ്വര്‍ജി ഉണരുന്നതോടൊപ്പം സുരേന്ദ്രന്റെ പകല്‍ തുടങ്ങും. നാലേമുക്കാലിന് രണ്ട് കപ്പ് ചായ കുടിക്കണം. എല്ലാ ദിവസവും ഷേവ് ചെയ്യും. പ്രാതഃസ്മരണയും പ്രാര്‍ത്ഥനയും കഴിഞ്ഞ് നടക്കാന്‍ പോകും. മടങ്ങിവന്നാല്‍ പത്രവായന. അതിരാവിലെ തന്നെ ജന്മഭൂമി വായിക്കും. മാതൃഭൂമിയും ഹിന്ദുവും പിന്നീട്. 12.30നാണ് ഉച്ചഭക്ഷണം. പിന്നെ ഒരു മണിക്കൂര്‍ വിശ്രമം. രാത്രി 8നാണ് അത്താഴം. രാത്രി 9.45ന് കിടക്കും. പൊതുവേദികളും സംഘടനാ പരിപാടികളും കഴിഞ്ഞ് എത്തുമ്പോള്‍ സമയമനുസരിച്ച് എല്ലാം സജ്ജമാക്കി ഒരു നല്ല വീട്ടുകാരിയെപ്പോലെ സുരേന്ദ്രന്‍ കാത്തുനില്‍ക്കും.

പരമേശ്വര്‍ജിക്കൊപ്പം സുരേന്ദ്രന്‍

പരമേശ്വര്‍ജിക്ക് വേണ്ടുന്ന ഭക്ഷണം സുരേന്ദ്രന്‍തന്നെ തയ്യാറാക്കും. ആഹാരത്തില്‍ പരമേശ്വര്‍ജി പ്രത്യേകം താല്‍പര്യങ്ങള്‍ പറയാറില്ല. എന്നാല്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് അപ്പോള്‍ത്തന്നെ പറയും. എന്നാല്‍ ആ അനിഷ്ടവും ഒരു ഇഷ്ടത്തിന്റെ ലക്ഷണമായാണ് സുരേന്ദ്രന് തോന്നിയിട്ടുള്ളത്. കൊള്ളില്ല എന്ന് പറഞ്ഞാലും വിളമ്പുന്നത് അത്രയും അദ്ദേഹം കഴിക്കും. കൊള്ളില്ലെങ്കില്‍ അത്രയും രുചിയോടെ കഴിക്കാനാകില്ലല്ലോ.

സുരേന്ദ്രന്‍ തയ്യാറാക്കുന്ന ‘മാമ്പഴക്കുമ്മാണെ’ പരമേശ്വര്‍ജിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ടതാണെന്ന് പരമേശ്വര്‍ജി പറഞ്ഞിട്ടൊന്നുമില്ല. പരമേശ്വര്‍ജി കഴിക്കുന്നത് കണ്ടപ്പോള്‍ സുരേന്ദ്രന് തോന്നിയിട്ടുള്ളതാണ് അത്. മാമ്പഴം കഷ്ണങ്ങളാക്കി വേവിച്ച്, തേങ്ങാ അരച്ച്, കടുക് വറുത്ത്, അല്പം കുരുമുളക് പൊടിയും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണ് സുരേന്ദ്രന്റെ മാമ്പഴക്കുമ്മാണെ. പാവയ്ക്ക കിച്ചടിയാണ് പിന്നെ ഒരു ഇഷ്ടവിഭവം. ഇഷ്ടമില്ലാത്തതാണല്ലോ എന്ന് കരുതി വിളമ്പാതിരുന്നാല്‍ അതിനും പരമേശ്വര്‍ജി കുസൃതി കലര്‍ന്ന പരിഭവം പറയും. അതെന്തേ തന്നില്ല എന്നാവും പരാതി.

വസ്ത്രത്തിന്റെ കാര്യത്തില്‍ പരമേശ്വര്‍ജിക്ക് വൃത്തി നിര്‍ബന്ധമാണ്. ആദ്യകാലത്ത് ഖദറായിരുന്നു പ്രിയം. കഴുകാനും പശമുക്കാനും ഉണങ്ങിക്കിട്ടാനുമൊക്കെയുള്ള താമസം ബോധ്യമായപ്പോള്‍ ടെറി കോട്ടണ്‍ ആക്കി. മിക്കവാറും വെളുത്ത വസ്ത്രങ്ങളാണ് ധരിക്കുന്നത്. ചാനലുകളൊക്കെ ഇന്റര്‍വ്യൂവിനും മറ്റും വന്ന് തുടങ്ങിയപ്പോള്‍ അദ്ദേഹത്തോട് ഇഷ്ടക്കൂടുതലുള്ള ചിലര്‍ കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ നല്‍കി. അപൂര്‍വമാണ് അത്തരം ഉടുപ്പുകള്‍ അദ്ദേഹം ധരിക്കുന്നത്. ചിലപ്പോള്‍ സുരേന്ദ്രന്‍ ഉടുപ്പ് എടുത്തുകൊടുത്തിട്ട് ഇന്ന് ഇതിട്ടാല്‍ നന്നാകും എന്ന് പറയാറുണ്ട്. ‘അത് താനല്ല തീരുമാനിക്കേണ്ടത്’ എന്നാകും മറുപടി. ദേഷ്യത്തില്‍ അത് പറഞ്ഞിട്ട് സുരേന്ദ്രന്‍ നല്‍കിയ ഷര്‍ട്ട് തന്നെ ധരിക്കുകയും ചെയ്യും. കണ്ണാടി അല്‍പം താഴ്ത്തി അതിനുമുകളിലൂടെയുള്ള നോട്ടത്തില്‍ പരിഭവത്തിനും ദേഷ്യത്തിനും പിന്നിലെ കുസൃതി തെളിഞ്ഞുകാണാം.

പരമേശ്വരന്‍ പരമേശ്വരനെന്ന പി. പരമേശ്വരന്റെ രൂപപ്പെടലില്‍ വിവേകാനന്ദനും സംസ്‌കൃതത്തിനും വലിയ പങ്കുണ്ട്. ആലപ്പുഴയിലെ ചുവന്നുതുടുത്ത മണ്ണില്‍ നിന്നാണ് ഈ കാവിസൂര്യോദയം എന്ന് അന്തിച്ചുനില്‍ക്കുന്നവര്‍ക്ക് പരമേശ്വര്‍ജിയുടെ വര്‍ത്തമാനം മറുപടിയാണ്. അന്നും ഇന്നും എന്നും ഭൂതമില്ലാത്ത വര്‍ത്തമാനത്തിലാണ് അദ്ദേഹം കാലൂന്നിയത്. അല്ലെങ്കില്‍ ഭൂതകാലവും അദ്ദേഹത്തിന് വര്‍ത്തമാനമായിരുന്നു. വിവേകാനന്ദനെ വായിച്ച ഒരാള്‍ക്ക് ചുവപ്പിന്റെ വഴിയേ നീങ്ങാനാവില്ലെന്നതാണ് ഏറ്റവും ലളിതമായ ആ ഉത്തരം.
വലിയ മരത്തില്‍ കെട്ടുന്ന കൊടിയുടെ പിന്നാലെയായിരുന്നു ഇന്നത്തെപ്പോലെ അന്നും കുട്ടികളുടെ ഓട്ടം. എല്ലാ മരത്തിലും ചുവന്ന കൊടി പാറിയിട്ടും പരമേശ്വരന്‍ ആ വഴിക്ക് പോയില്ല. വയല്‍വരമ്പും തോടും കടന്ന് പള്ളിക്കൂടത്തിലേക്കുള്ള പോക്കുവരവില്‍ ഒപ്പമുണ്ടായിരുന്ന കുമാരനെന്ന കൂട്ടുകാരനോട് വിവേകാനന്ദന്റെയും രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകള്‍ പറഞ്ഞും പറയിച്ചും പരമേശ്വരന്‍ കാലുറപ്പിച്ചുചവിട്ടി. അന്നുകേട്ട കഥകളില്‍ ആവേശം കാട്ടിയിരുന്നെങ്കിലും കുമാരന്‍ ഓടിത്തളര്‍ന്നത് ഉയരത്തില്‍ കെട്ടിയ ചുവന്നകൊടിയുടെയും ഉച്ചത്തില്‍ കേട്ട മുദ്രാവാക്യങ്ങളുടെയും പിന്നാലെയായിരുന്നു.

അച്ഛനോട് ബഹുമാനത്തിന്റെ ആധിക്യം കൊണ്ടുള്ള ഭയമുണ്ടായിരുന്നു പരമേശ്വര്‍ജിക്ക്. വിദ്യാര്‍ത്ഥിയായിരിക്കെ പരമേശ്വര്‍ജിയെ ആഗമാനന്ദസ്വാമികള്‍ ഒപ്പം യാത്ര ചെയ്യാന്‍ വിളിച്ചു. വിവരമറിഞ്ഞപ്പോള്‍ അച്ഛന്‍ ചോദിച്ചു,
”ഒപ്പം ചെല്ലാമെന്ന് നീ പറഞ്ഞോ?”
”വരാമെന്ന് പറഞ്ഞിരുന്നു,” പരമേശ്വരന്‍ തല ചൊറിഞ്ഞു.
അച്ഛന്‍ നൂറ് രൂപ അനുവാദമായി നല്‍കി.

എറണാകുളത്ത് പിന്നീട് ബൈഠക്കിനിടയില്‍ അച്ഛന്‍ കാണാന്‍ വന്നപ്പോഴുള്ള അനുഭവവും പരമേശ്വര്‍ജി പറഞ്ഞ് സുരേന്ദ്രന് ഓര്‍മ്മയുണ്ട്. ബൈഠക്കിനിടയില്‍ ഇറങ്ങിവരാനായില്ല. ദേഷ്യം പരമേശ്വര്‍ജിയേക്കാള്‍ പൊക്കത്തില്‍ ഒപ്പമുള്ള അച്ഛന്‍ എന്തു പറയുമെന്നായിരുന്നു ആശങ്ക. പക്ഷേ അദ്ദേഹം മകന് വേണ്ടി ക്ഷമയോടെ കാത്തിരുന്നു.
അച്ഛന്റെ പേര് തന്നെയാണ് മകനുമെന്നത് പരമേശ്വര്‍ജിയുടെ അമ്മയെയാണ് കുഴക്കിയത്. ‘പരമേശ്വരാ’ എന്ന് വിളിക്കാന്‍ വയ്യാത്തതിനാല്‍ അമ്മ സാവിത്രി മകനെ വിളിച്ചത് ‘നീലകണ്ഠാ’ എന്നാണ്.

മുപ്പത് കൊല്ലം മുമ്പ് ഒപ്പം കൂടിയപ്പോള്‍ പരമേശ്വര്‍ജി സുരേന്ദനെ വിളിച്ചത് ‘കുട്ടി’ എന്നായിരുന്നു. പലകാര്യങ്ങളും ചോദിക്കുമ്പോള്‍ ‘കുട്ടിക്ക് അത് മനസ്സിലാകില്ല’ എന്നായിരുന്നു മറുപടി. പരമേശ്വര്‍ജിയുടെ കാര്യങ്ങള്‍ വീഴ്ചവരാതെ നടത്തുമ്പോഴും സുരേന്ദ്രന്‍ ധൈര്യം സംഭരിച്ച് രാഷ്ട്രീയം പറയും. നാട്ടിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ തന്റെ അഭിപ്രായം പറയാനുള്ള ശരിയായ ഇടം പരമേശ്വര്‍ജിയാണെന്നാണ് സുരേന്ദ്രന്‍ മനസ്സിലാക്കിയത്. എന്നാല്‍ രാഷ്ട്രീയം എല്ലാമാകുന്നില്ല എന്ന പരമേശ്വര്‍ജിയുടെ നിലപാട് സുരേന്ദ്രന് ഒരു തിരുത്തലായിരുന്നു. എന്നിട്ടും പരമേശ്വര്‍ജിയുടെ സാന്നിധ്യത്തില്‍ പിന്നെയും സുരേന്ദ്രന്‍ മുന്നുംപിന്നും നോക്കാതെ രാഷ്ട്രീയം പറഞ്ഞു.

പരമേശ്വര്‍ജി ഒരു കാലത്തെ സൃഷ്ടിക്കുന്ന ബൗദ്ധികയജ്ഞത്തില്‍ ആചാര്യനായപ്പോള്‍ ഇമ ചിമ്മാതെ ഒപ്പം നടന്ന് സുരേന്ദ്രന്‍ ആ കാലത്തിന് സാക്ഷിയായി. അവിടെ വായിച്ചും കേട്ടുമറിഞ്ഞ അറിവിന്റെയും സംവാദത്തിന്റെയും ഹിമമകുടങ്ങള്‍ കൊമ്പുകോര്‍ക്കുന്നതും കെട്ടിപ്പുണരുന്നതും കണ്ടു. വിന്ധ്യനപ്പുറവും ഇപ്പുറവും ഒരേ വസന്തം വിരിയുമെന്ന പ്രത്യാശകള്‍ പൂക്കാലമായി കണ്‍മുന്നില്‍ നിറയുമ്പോള്‍ താന്‍ നിഴലാവാന്‍ കൊതിച്ച സൂര്യന്റെ അരുണകിരണങ്ങള്‍ സൃഷ്ടിച്ച പരിവര്‍ത്തനത്തില്‍ അത്ഭുതം കൂറുകയാണ് ഈ മനുഷ്യന്‍.

ആശയപരമായി ഇരുധ്രുവങ്ങളിലായിരുന്നിട്ടും ഇഎംഎസിനെയും പി. ഗോവിന്ദപ്പിള്ളയെയും പോലുള്ള ബുദ്ധിരാക്ഷസര്‍ സൗമ്യചിന്തയുടെ നിലാവില്‍ അലിഞ്ഞുചേരുന്നത് കണ്ടുനിന്നിട്ടുമുണ്ട് സുരേന്ദ്രന്‍. ചൈനയിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ കൂറ്റന്‍ ടാങ്കറുകള്‍ ഞെരിച്ചമര്‍ത്തിക്കളഞ്ഞ നൂറുനൂറുപൂക്കളുടെ രണസ്മരണകള്‍ നിറഞ്ഞ കാലത്താണ് സഖാവ് പിജിക്ക് പരമേശ്വര്‍ജിയുടെ ഒരു കത്തുമായി സുരേന്ദ്രന്‍ പോയത്. പിന്നിട് പിജിയുടെ സായാഹ്നയാത്രകളില്‍ സുരേന്ദ്രനും ഒപ്പം കൂടി.

ആ യാത്ര സഖാവിനെ സംസ്‌കൃതിഭവനിലേക്കും പരമേശ്വര്‍ജിയുടെ ആശയത്തിലേക്കുമൊക്കെ പലപ്പോഴും കൊണ്ടുചെന്നെത്തിച്ചു. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പിന്നയും പിന്നെയും പരമേശ്വര്‍ജിയെ തേടിയെത്തി. പരമേശ്വര്‍ജി സുരേന്ദ്രന് നല്‍കിയ പ്രസാദം ഈ ജീവിതമാണ്. വിവേകാനന്ദസ്വാമികളുടെ ചിക്കാഗോ പ്രസംഗ ശതാബ്ദിയില്‍ അമേരിക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിന് പോയ അദ്ദേഹം സുരേന്ദ്രന് അവിടെ കണ്ട കാഴ്ചകള്‍ വിവരിച്ച് കത്തെഴുതി. അതിന് മുമ്പ് പ്രചാരകജീവിതത്തിന്റെ വാള്‍ത്തല പോലുള്ള പാതയില്‍ എങ്ങനെ നടക്കണമെന്ന് ചൂണ്ടിക്കാട്ടിയും കത്ത് അയച്ചു. അനുഗ്രഹം പോലെ സുരേന്ദ്രന്‍ അവ കാത്തുവെയ്ക്കുന്നു.

ആരാണ് പരമേശ്വര്‍ജി എന്ന ചോദ്യം അര്‍ത്ഥശൂന്യമാണ്. എങ്കിലും ഒരിക്കല്‍ മഹാകവിയാണ് പരമേശ്വരന്‍ എന്ന വിശേഷണം കേട്ട് പലരും നെറ്റിചുളിച്ചു. പഠിക്കുന്ന കാലത്ത് വയലാറിനെ സര്‍ഗസൃഷ്ടിയില്‍ മറികടന്ന പാരമ്പര്യം ഉണ്ടായിരുന്നിട്ടും എണ്ണം പറഞ്ഞ കവിതകള്‍ എഴുതിയിട്ടും പരമേശ്വര്‍ജി കവിയാണെന്ന് പേരുകേട്ടില്ല. ആ കവിതകള്‍ പലതും പതിനായിരങ്ങള്‍ ആവേശത്തോടെ ഉച്ചത്തില്‍ പാടി നടന്നു. ആ കവിതകള്‍ രാഷ്ട്രദേവതയുടെ കാല്‍ക്കല്‍ അര്‍പ്പിക്കാനുള്ള പൂക്കളാണെന്നും പൂജാരിക്ക് അതില്‍ പ്രസക്തിയില്ലെന്നുമായിരുന്നു നിസ്വാര്‍ത്ഥമായ നിലപാട്. എന്നിട്ടും പരമേശ്വര്‍ജിയുടെ കവിതകള്‍ യജ്ഞപ്രസാദമായി പുറത്തിറങ്ങി.

പരമേശ്വര്‍ജി മഹാകവിയാണെന്ന് മഹാകവി അക്കിത്തം തന്നെ സാക്ഷ്യപ്പെടുത്തിയതും ഇതേ കാലമാണ്. ബാലഗോകുലം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം പരമേശ്വര്‍ജിക്ക് സമര്‍പ്പിച്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലെ പ്രൗഢോജ്ജ്വലമായ വേദിയിലായിരുന്നു ആ പ്രഖ്യാപനം. വടക്കുംനാഥദര്‍ശനത്തിനെത്തിയ മഹാകവി ആ വേദിയിലേക്ക് കടന്നുവന്നത് യാദൃച്ഛികമായിട്ടായിരുന്നു. പരമേശ്വരനെ കാണാനാണ് താന്‍ വന്നത്. അപ്പോള്‍ പരമേശ്വരനെ അനുമോദിക്കാനും ഒരു നിമിത്തം വന്നിരിക്കുന്നു എന്ന് പറഞ്ഞായിരുന്നു മഹാകവിയുടെ തുടക്കം. അതിനുമുമ്പ് പ്രാന്തസംഘചാലക് അഡ്വ.ടി.വി. അനന്തേട്ടന്റേതടക്കമുള്ള പ്രഭാഷണങ്ങള്‍ കഴിഞ്ഞിരുന്നു. അവര്‍ക്കൊന്നും പറയാനാവാത്തത് പറയേണ്ടത് താനാണെന്ന വിധിനിയോഗമാണ് തന്നെ ഈ വേദിയിലെത്തിച്ചതെന്ന മുഖവുരയോടെ അക്കിത്തം, പരമേശ്വര്‍ജിയെ മഹാകവിയെന്ന് വിളിച്ചു. ”സാമൂഹ്യജീവിതത്തില്‍ മാറ്റത്തിന്റെ കൊടിയും പിടിച്ചുനടന്ന മൂന്ന് മഹാകവികളാണുള്ളത്. ഒന്ന് സ്വാമി വിവേകാനന്ദനാണ്. രണ്ടാമന്‍ ശ്രീനാരായണഗുരു. മൂന്നാമത്തേത് നാം ഇന്ന് ആദരിക്കുന്ന പരമേശ്വര്‍ജിയും. ഇത് പറയുമ്പോള്‍ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. പക്ഷേ കാലം നാളെ ഇത് ലോകത്തോട് വിളിച്ചുപറയും എന്ന് എനിക്കുറപ്പുണ്ട്.”’

അനുശോചനങ്ങളെ പരമേശ്വര്‍ജി തിരുത്തി. അനുശോചിക്കാനുള്ളതല്ല ജീവിതമെന്നും അനുസ്മരിക്കാനുള്ളതാണെന്നുമായിരുന്നു ആ തിരുത്തല്‍. എന്നാല്‍ തിരുത്താനുള്ള ഒന്നും പരമേശ്വര്‍ജിയില്‍ നിന്ന് ഉതിര്‍ന്നുവീണില്ല. വെട്ടലും തിരുത്തലുമില്ലാത്ത വൃത്തിയുള്ള ഒരു കവിത പോലെ തൊണ്ണൂറ് പിറന്നാള്‍ പുലരികള്‍. ഓരോ കവിതയും സുരേന്ദ്രന്‍ പഠിച്ചു പാടി. ഒപ്പമിരിക്കുന്നവര്‍ക്കുമുന്നില്‍ ഉറക്കെപ്പാടി…
അകലെയല്ലാ പൊന്നുഷസ്സിന്‍
സുഖദമാം പ്രത്യാഗമം…

 

http://www.janmabhumidaily.com/news590112#ixzz4cXN7Cpmp

ആചാര്യവര്യന്‍

രാജഹംസം

Related posts