3:19 pm - Monday February 23, 5920

എന്റെ വഴികാട്ടി – ഒ. രാജഗോപാല്‍ MLA

പദ്മശ്രീ പി. പരമേശ്വരനു നവതി പ്രണാമം- ഓ രാജഗോപാല്‍ എഴുതുന്നു

വ്യത്യസ്ത തലങ്ങളില്‍ നിന്ന് വന്ന് ഒരു കുടുംബത്തിലെ അംഗമായി. ജനസംഘത്തിലേക്ക് എന്നെ എത്തിച്ചത് പരമേശ്വര്‍ജിയായിരുന്നു. പാലക്കാട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയം. ജനസംഘത്തിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന കെ.രാമന്‍പിള്ള, തന്നെ വന്നു കാണുമായിരുന്നു. പലകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തും. ഭൂനിയമം നടപ്പിലാക്കിയ സമയം. ചെറുകിട കര്‍ഷകരുടെ   ഭൂമി അവര്‍ക്ക്  നഷ്ടപ്പെട്ടു. പാട്ട ഇനത്തില്‍ മാസം തോറും ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ വരുമാനം ഇല്ലാതായതോടെ കുടുംബങ്ങള്‍ പട്ടിണിയിലായി. ഇവരുടെ കേസുകളാണ് ഞാന്‍ വാദിച്ചു കൊണ്ടിരുന്നത്. രാമന്‍പിള്ള ഓഫീസില്‍ വന്നപ്പോള്‍ ഭൂനിയമത്തെക്കുറിച്ച് താങ്കളുടെ പാര്‍ട്ടിയുടെ അഭിപ്രായം എന്തെന്ന് ചോദിച്ചു. പരമേശ്വര്‍ജിയോട് ചോദിച്ചിട്ട് പറയാം എന്നായി. എനിക്ക് പരമേശ്വര്‍ജിയെ നേരിട്ട് അറിയില്ല. ജനസംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണെന്ന് രാമന്‍പിള്ള പറഞ്ഞ അറിവേ ഉള്ളൂ. എന്റെ ജീവിതത്തിലെ വഴികാട്ടിയാണ് പരമേശ്വര്‍ജി.

സംഘശിഷാവര്‍ഗ്ഗ് പാലക്കാട് നടക്കുന്ന സമയം.പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ശിഷാവര്‍ഗ്ഗില്‍ പങ്കെടുക്കാന്‍ എത്തുന്നു. മുന്നൊരുക്കങ്ങളായി പരമേശ്വര്‍ജിയും പാലക്കാട് എത്തി. ഇതോടുനുബന്ധിച്ച് പ്രത്യേകം ക്ഷണിച്ചവരുടെ ഒരു യോഗം നടക്കുന്നുണ്ട്. അതിന്  ക്ഷണിക്കാന്‍ രാമന്‍പിള്ളയോടൊപ്പം പരമേശ്വര്‍ജിയും എന്നെ കാണാന്‍ എത്തി. സംസാരത്തിനിടയില്‍ രാമന്‍പിള്ളയോട് ചോദിച്ച ചോദ്യം ഉന്നയിച്ചു. ദീനദയാല്‍ ഉപാദ്ധ്യായ വരുന്നുണ്ട് അദ്ദേഹത്തോട് ചോദിക്കാം എന്ന് പരമേശ്വര്‍ജിയുടെ മറുപടി. ക്ഷണപ്രകാരം യോഗത്തിന് ഞാന്‍ പോയി. അമ്പതോളം പേരെയുള്ളൂ. ദീനദയാല്‍ എത്തി. പരമേശ്വര്‍ജി പരിഭാഷകനായി നിന്ന് എല്ലാവരെയും പരിചയപ്പെടുത്തി. സംസാരത്തിനിടയില്‍ ഭൂനിയമത്തെക്കുറിച്ച്  ചോദിച്ചു.
ഭൂമിക്ക് ആത്യന്ത അവകാശികള്‍ ഇല്ല. കുറച്ച് സമയം ഉപയോഗപ്പെടുത്താം. അത് സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ ഉത്തരമാണ് എന്നെ ജനസംഘത്തിലേക്ക് എത്തിച്ചത്.

തുടര്‍ന്ന് കോഴിക്കോട് ജനസംഘത്തിന്റെ അഞ്ചുദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. പൂര്‍ണ്ണമായും ഞാന്‍ അതില്‍ പങ്കെടുത്തു. ക്യാമ്പിലെ കാര്യങ്ങള്‍ പരമേശ്വര്‍ജി ചിട്ടയായി സംഘടിപ്പിക്കുന്നതും, പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്നതും  അതിശയത്തോടെ നോക്കിനിന്നു. ദീനദയാല്‍ ഉപാദ്ധ്യായയോടും പരമേശ്വര്‍ജിയോടും അടുത്ത് ഇടപഴകാന്‍ എനിക്ക് കിട്ടിയ അവസരം.   കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് പിറകെ പോകുന്ന സമയം. ഗാന്ധിജിയുടെ ഗ്രാമസ്വരാജ്, സ്വദേശി പ്രസ്ഥാനം തുടങ്ങിയവയെക്കുറിച്ചും ക്യാമ്പില്‍ വച്ച് ഉപാദ്ധ്യായയോട് അഭിപ്രായം ആരാഞ്ഞു. കോണ്‍ഗ്രസുകാര്‍ ഗാന്ധിയുടെ പടം പാര്‍ട്ടി ഓഫീസുകളില്‍ പൂജിക്കുന്നതേ ഉള്ളൂ. പ്രവര്‍ത്തിക്കുന്നില്ല. ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് അതിനെ പരിപോഷിപ്പിക്കണം എന്നായിരുന്നു ഉപാദ്ധ്യായയുടെ മറുപടി. ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക്  ഇറങ്ങാന്‍ കൂടുതല്‍ പ്രേരണ നല്‍കിയ ഉത്തരമായിരുന്നു. അതിന് നിദാനമായത് പരമേശ്വര്‍ജിയും.

deen

പരമേശ്വര്‍ജി ദീനദയാല്‍ ഉപാദ്ധ്യായക്കൊപ്പം

പ്രവര്‍ത്തനം ശക്തിപ്രാപിച്ച് വരവെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  പ്രത്യക്ഷ സമരത്തിനും പരോക്ഷ സമരത്തിനും ആള്‍ക്കാരെ നിശ്ചയിച്ചു. ഞാന്‍ പ്രത്യക്ഷ സമരത്തിലും പരമേശ്വര്‍ജി പരോക്ഷമായ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യുന്നു. എന്നെ പാലക്കാട്ട് നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി. ആറുമാസം കഴിഞ്ഞപ്പോള്‍ കുടുംബാംഗങ്ങളെ കാണാന്‍ സാധിക്കുന്നില്ലെന്നത് ചൂണ്ടിക്കാട്ടി വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് വിയ്യൂരിലേക്ക് മാറ്റി, പാര്‍ട്ടിയുടെ ഒട്ടുമിക്ക നേതാക്കളും പിടിയിലായി. പ്രത്യക്ഷമായി രംഗത്ത് വരാത്തവരും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്ന് തീരുമാനിച്ചു.

പരമേശ്വര്‍ജി തമിഴ്‌നാട്ടിലായിരുന്നു പ്രവര്‍ത്തനം നടത്തിയിരുന്നത്. ഡിഎംകെ മന്ത്രിസഭയായതിനാല്‍ അറസ്റ്റ് കാര്യമായി നടക്കുന്നില്ല, അതിനാലാണ് പരമേശ്വര്‍ജിയുടെ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റിയത്. കേരളത്തില്‍ വന്ന് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനിടയില്‍ പരമേശ്വര്‍ജിയെ അറസ്റ്റ് ചെയ്തു. വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. ഞാന്‍ കിടന്ന സെല്ലിലേക്കായിരുന്നു പരമേശ്വര്‍ജിയെയും കൊണ്ടുവന്നത്. അത് നിയോഗമായിരുന്നു. ജയില്‍മോചിതനായപ്പോള്‍ പരമേശ്വര്‍ജിക്ക് പോകാനിടമില്ല. കാര്യാലയങ്ങള്‍ എല്ലാം പോലീസ് കസ്റ്റഡിയില്‍. ഞാന്‍ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ജനസംഘത്തില്‍ പരമേശ്വര്‍ജി ആള്‍ ഇന്ത്യ സെക്രട്ടറിയും ഞാന്‍ സംസ്ഥാന പ്രസിഡന്റുമായും പ്രവര്‍ത്തിക്കുന്ന കാലം. ആ സമയത്താണ് ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ദല്‍ഹയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍ പരമേശ്വര്‍ജിയും ഉണ്ടായിരുന്നു. പരമേശ്വര്‍ജി  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ മാത്രം വ്യാപൃതനായികഴിയുകയായിരുന്നു. ജനസംഘം മാറി ജനതാ പാര്‍ട്ടിയായ കാലം. രാഷ്ട്രീയ ബഹളങ്ങളില്‍ നിന്ന് മാറി പരമേശ്വര്‍ജി കേരളത്തിലേക്ക്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമേശ്വര്‍ജി മുഴുകി.
ജനതപാര്‍ട്ടിയില്‍നിന്ന് ബിജെപിയുടെ പ്രവര്‍ത്തനം ഭാരതത്തിലെമ്പാടും വ്യാപിക്കുന്നു. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസുകാരെ എണ്ണിയെണ്ണി കൊലപ്പെടുത്തുന്നു.

രാഷ്ട്രീയത്തില്‍ സംസ്ഥാനത്ത്  വേരുറപ്പിക്കണമെങ്കില്‍ പാര്‍ലമെന്റില്‍ പ്രതിനിധി വേണമെന്ന് സംഘടന തീരുമാനിക്കുന്നു. കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് അയയ്ക്കണം. സംഘടനക്ക്  പലവട്ടം ചിന്തിക്കേണ്ടി വന്നില്ല. പരമേശ്വര്‍ജിയെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ തീരുമാനം. ദല്‍ഹിയില്‍ ദീര്‍ഘനാളായി പരമേശ്വര്‍ജി പ്രവര്‍ത്തിച്ചതിന്റെ അനുഭവ പാരമ്പര്യവും പരമേശ്വര്‍ജിക്ക് ഉണ്ട്. ചര്‍ച്ചക്ക് ഇടം കൊടുക്കാതെ പരമേശ്വര്‍ജി എംപി സ്ഥാനം നിരസിക്കുകയായിരുന്നു.

പകരം എന്റെ പേര് നിര്‍ദ്ദേശിച്ചത് പരമേശ്വര്‍ജിയായിരുന്നു. അന്നത്തെ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് മുരളീമനോഹര്‍ ജോഷി ഫോണില്‍ വിളിച്ച് പറയുമ്പോഴാണ് വിവരം ഞാന്‍ അറിയുന്നത്. എന്നോട് പരമേശ്വര്‍ജി സമ്മതം ചോദിച്ചിരുന്നില്ല. പരമേശ്വര്‍ജിയുടെ അനുമതിയോടെ  എംപിയായി, മന്ത്രിയായി ഇപ്പോള്‍ എംഎല്‍എയും. ഇതിനെല്ലാം അര്‍ഹതപ്പെട്ട പരമേശ്വര്‍ജി അധികാരങ്ങളെല്ലാം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതുവരെ എനിക്ക് ലഭിച്ച അംഗികാരങ്ങളെല്ലാം  പൂര്‍ണ്ണമായും പരമേശ്വര്‍ജിയുടെ സംഭാവന.


ജന്മഭൂമി: http://www.janmabhumidaily.com/news489991#ixzz4cVF0G8yM

ഒരു കര്‍മ്മയോഗിയുടെ സഞ്ചാരപഥങ്ങള്‍

ആചാര്യവര്യന്‍

Related posts