3:21 pm - Tuesday March 19, 2002

കൂട്ടം തെറ്റി മേഞ്ഞു നടന്നവര്‍ വീട്ടിലേക്കു മടങ്ങിവരുമ്പോള്‍

ആര്‍. ഹരി
(ആര്‍എസ്എസിന്റെ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്നു ലേഖകന്‍ )

ഓര്‍ക്കാപ്പുറത്ത് ഒരു വാക്കു കടന്നുവന്നിരിക്കുന്നു – ഘര്‍വാപസി. വീട്ടിലേക്കുള്ള മടക്കം എന്നാണര്‍ഥം. ഹിന്ദുധര്‍മത്തില്‍നിന്നു കൂട്ടംതെറ്റി മേഞ്ഞവര്‍ ഒറ്റയ്ക്കും കൂട്ടായും തിരിച്ചുവരുന്നതിനു യാദൃച്ഛികമായി വീണുകിട്ടിയ പേരാണ് ഘര്‍വാപസി.
പേരു പുതിയതാണെങ്കിലും ഈ പ്രക്രിയ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. മുഗളന്മാരുടെ കാലത്ത് ബലപ്രയോഗത്തിലൂടെയും ചതിപ്രയോഗത്തിലൂടെയുമെല്ലാം മതംമാറ്റപ്പെട്ട ഹിന്ദുക്കള്‍ പുനരാഗമനം നടത്തിയത് ദേവലസ്മൃതി അനുശാസിച്ച കര്‍മങ്ങളനുസരിച്ചായിരുന്നു. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടിഷുകാരുടെയും ഊഴമായപ്പോള്‍ പതുക്കെയാണെങ്കിലും സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ആര്യസമാജക്കാരുടെ ശുദ്ധിപ്രസ്ഥാനം വേരുപിടിച്ചുവന്നു. പോയവരെ തിരിച്ചുകൊണ്ടുവരാനുള്ള സംവിധാനങ്ങള്‍ അവരും ഗണ്യമായ തോതില്‍ ഒരുക്കി. മതപരിവര്‍ത്തനം തുടങ്ങിയപ്പോള്‍തന്നെ ഒപ്പമെത്തിയില്ലെങ്കിലും പുനര്‍പരിവര്‍ത്തനവും തുടങ്ങിയിരുന്നു എന്നതാണു സത്യം.ഒപ്പമെത്താന്‍ ഹിന്ദുസമൂഹത്തിനു പരിമിതികളുണ്ടായിരുന്നു. ഏകശിലാരൂപമല്ലല്ലോ ഹിന്ദുസമാജത്തിന്റെ ഘടന. ഒരു പ്രവാചകന്‍, ഒരു ദൈവം, ഒരു സമൂഹം എന്ന നിലയില്‍ വര്‍ത്തിക്കുകയും മതപ്രഘോഷണവും മതംമാറ്റലും തങ്ങളുടെ കടമയായി കരുതുകയും ചെയ്യുന്നതാണ് മുസ്‌ലിം-ക്രിസ്ത്യന്‍ മതങ്ങളുടെ ശൈലി. ആ ശൈലി അനുവര്‍ത്തിക്കാതെതന്നെ സ്വന്തം സമൂഹത്തെ ശിഥിലമാകാതെ സംരക്ഷിക്കുക എന്ന വിഷമകരമായ ബാധ്യതയായിരുന്നു ഹിന്ദു ആചാര്യന്മാര്‍ക്കു നിര്‍വഹിക്കേണ്ടിയിരുന്നത്.

 

ഭാരതത്തിന്റെ മൊത്തം ജനസംഖ്യാവര്‍ധന നിയന്ത്രിച്ചുനിര്‍ത്തേണ്ട ഭാരവും ഹിന്ദുക്കള്‍ക്കു തന്നെയാണല്ലോ. അങ്ങനെ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ അനുപാതം കുറഞ്ഞുകുറഞ്ഞു വന്നു.കുറഞ്ഞാലെന്താ എന്നു ചിന്തിക്കുന്നവരുണ്ടാകാം. ലോകത്തില്‍ ഹിന്ദുക്കള്‍ക്കു ഭൂരിപക്ഷമുള്ള ഏക രാഷ്ട്രമാണ് ഭാരതം. വംശനാശം നേരിടുന്ന ഒരു ജനതയെന്നതിന്റെ പേരിലെങ്കിലും ഈ രാഷ്ട്രം ഹിന്ദുഭൂരിപക്ഷമായിത്തന്നെ നിലനില്‍ക്കേണ്ടത് ആവശ്യമല്ലേ? ഇവിടെ ഭൂരിപക്ഷം ഹിന്ദുക്കളായതിനാലാണല്ലോ നാം അഭിമാനപൂര്‍വം പ്രഘോഷിക്കാറുള്ള മതേതരത്വവും മറ്റും നിലനില്‍ക്കുന്നത്.ഭാരതത്തിന്റെ ഭാഗമായിരുന്നപ്പോള്‍ പാക്കിസ്ഥാനിലോ ബംഗ്ലദേശിലോ മതവിവേചനമുണ്ടായിരുന്നില്ല. എന്നാല്‍ ഭാരതത്തില്‍നിന്നു വേര്‍പെട്ടതിനുശേഷം അവിടെ എന്താണു സ്ഥിതി? മറിച്ച് ഹിന്ദുഭൂരിപക്ഷമായിരുന്ന സിക്കിമിന്റെ കാര്യം നോക്കുക. 1975-ല്‍ ഭാരതത്തില്‍ ലയിക്കുന്നതിനുമുന്‍പ് സിക്കിം ഒരു മതേതര ഭൂവിഭാഗമായിരുന്നു. ലയനത്തിനുശേഷവും ആ സ്ഥിതിയില്‍ ഒരു മാറ്റവും വന്നിട്ടില്ല. എന്തുകൊണ്ട് ഹിന്ദുക്കള്‍ ഭൂരിപക്ഷമായി നിലനില്‍ക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ചരിത്ര യാഥാര്‍ഥ്യങ്ങളിലൂടെ വെളിപ്പെടുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യം കൊടുക്കുന്ന അമേരിക്കപോലും ഔദ്യോഗികമായി ക്രൈസ്തവരാജ്യമാണെന്നോര്‍ക്കണം.

 

ഒരു വസ്തുതകൂടി ഇവിടെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഹിന്ദുമതം, ഭാരതം എന്ന ഭൂവിഭാഗവുമായി വേര്‍പിരിക്കാന്‍പറ്റാത്തവിധം കൂടിച്ചേര്‍ന്നിട്ടുള്ളതാണ്. പൂന്താനത്തിന്റെ ജ്ഞാനപ്പാന മുതല്‍ നിരവധി ഹിന്ദു ആത്മീയകൃതികളില്‍ ഭാരതത്തിന്റെ മഹത്വം എണ്ണിപ്പറയുന്നു. വിശ്വത്തെ ഒരു കിളിക്കൂടായും ഭൂമിയെ മാതാവായും ഭാരതത്തെ മോക്ഷഭൂമിയായും കാണുന്നു എന്നത് ഹിന്ദുദര്‍ശനങ്ങളുടെ മാത്രം പ്രത്യേകതയാണ്. ഭാരതഭൂമിയെ വിട്ടിട്ടുള്ള ആധ്യാത്മിക ജീവിതം ഹിന്ദുവിനു സാധ്യമല്ല. അതിനാല്‍ ഹിന്ദുവിന്റെ മതംമാറ്റത്തിനു വ്യക്തിയുടെ തലം മാത്രമല്ല രാഷ്ട്രത്തിന്റെ മാനംകൂടി കൈവരുന്നു.

 

ഈ ബോധ്യമുള്ളതുകൊണ്ട് 1935-ല്‍ തന്നെ മഹാത്മാഗാന്ധി പറഞ്ഞു: ”നിയമനിര്‍മാണത്തിനുള്ള അധികാരം എനിക്കു കിട്ടിയാല്‍ ഞാന്‍ ആദ്യം ചെയ്യുന്നത് മതപരിവര്‍ത്തനം തടയുക എന്നതായിരിക്കും.” സമാനമായ വീക്ഷണമായിരുന്നു സ്വാമി വിവേകാനന്ദനും ഈ വിഷയത്തില്‍ ഉണ്ടായിരുന്നത്.ഈ പശ്ചാത്തലമൊന്നും മനസ്സിലാക്കാതെയാണ് ഇപ്പോള്‍ ഘര്‍വാപസിയെച്ചൊല്ലിയുള്ള വിവാദം നടക്കുന്നത്. പരിവര്‍ത്തനമാകാം, പുനര്‍പരിവര്‍ത്തനം പാടില്ല എന്ന വിചിത്രമായ വാദവും കേട്ടുതുടങ്ങിയിരിക്കുന്നു. മതം മാറാനോ മാറ്റാനോ ഉള്ള അവകാശം ഫലത്തില്‍ ചിലര്‍ക്കു മാത്രമായി സംവരണം ചെയ്തുകൊടുക്കുന്ന വാദമാണിത്.

 

പണ്ട് ലൂയി വെനിലോട്ട് എന്ന സായ്പ് ഈവക വാദങ്ങളെ പരിഹസിച്ചു പറഞ്ഞിരുന്നു: ”ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ക്ക് അവകാശങ്ങളൊന്നുംതന്നെ അനുവദിക്കാന്‍ സാധ്യമല്ല. പക്ഷേ, നിങ്ങള്‍ ജനാധിപത്യവാദികളാണ്. അതിനാല്‍ ഞങ്ങള്‍ക്ക് എല്ലാ അവകാശങ്ങളും കിട്ടിയേതീരൂ.”ഈ അഭിപ്രായമുള്ളവര്‍ ഹിന്ദുക്കളെ സ്‌നേഹം നടിച്ച് ഉപദേശിക്കും: നിങ്ങള്‍ ഹിന്ദുക്കളല്ലേ. മതംമാറ്റല്‍ എന്നൊക്കെപ്പറയുന്നത് ഹിന്ദുവിനു ചേര്‍ന്നതല്ല. നിങ്ങള്‍ക്ക് ഹിന്ദുമതം വിട്ടുപോകാം. പക്ഷേ, തിരികെവരുന്നതോ വരുത്തുന്നതോ ശരിയല്ല. എന്തൊക്കെപ്പറഞ്ഞാലും ഹിന്ദുസമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ സഹിക്കാന്‍വയ്യാഞ്ഞിട്ടല്ലേ അവര്‍ വിട്ടുപോയത്? അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അഭയംകൊടുത്ത അന്യമതങ്ങളെ ഉപേക്ഷിച്ച് അവര്‍ തിരികെവരുന്നത് നന്ദികേടായിത്തീരും. മാത്രമല്ല, വന്നാല്‍ അവരെ ഏതു ജാതിയില്‍ പെടുത്തും? – ഇങ്ങനെ പോകുന്നു ഉപദേശപരമ്പര.

 

എന്നാല്‍ യാഥാര്‍ഥ്യമെന്താണ്? ആളും അര്‍ഥവും മോഹനവാഗ്ദാനങ്ങളും ഭീഷണിയും ബലപ്രയോഗവും, ഗോവയിലും മറ്റും നടന്നതുപോലെയുള്ള മൃഗീയമായ മര്‍ദനമുറകളും എല്ലാം പ്രയോഗിച്ചിട്ടും ഹിന്ദുക്കളിലെ ചെറിയൊരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനേ അന്യമതങ്ങള്‍ക്കു സാധിച്ചുള്ളൂ. സാമൂഹികമായി ഏറ്റവും അവശതയനുഭവിച്ച പട്ടികജാതി-പട്ടികവര്‍ഗ സഹോദരങ്ങളില്‍ അഞ്ചു ശതമാനത്തെപ്പോലും പരിവര്‍ത്തിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മതംമാറുന്നതിലൂടെ തങ്ങളുടെ സ്വത്വം നഷ്ടപ്പെടുന്നു എന്നു ഹിന്ദുക്കള്‍ എന്നും തിരിച്ചറിഞ്ഞിരുന്നു. ആത്മാവു നഷ്ടപ്പെട്ടവന് എങ്ങും ഗതികിട്ടുകയില്ല എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ ഹിന്ദുസമൂഹം വിട്ടു പുറത്തുവരാനുള്ള ആഹ്വാനങ്ങളെ അവര്‍ പുച്ഛിച്ചു തള്ളി. ഞങ്ങളുടെ സമാജത്തിന്റെ കേട് ഞങ്ങള്‍ തീര്‍ത്തോളാം എന്നായിരുന്നു അവരുടെ നിലപാട്.

 

അന്നത്തെക്കാലത്ത് ഹൈദരാബാദിലെ നൈസാം അഞ്ചു കോടി രൂപയാണ് ഇസ്‌ലാമില്‍ ചേരാനുള്ള ഇനാമായി ഡോ. അംബേദ്കര്‍ക്കു വാഗ്ദാനം ചെയ്തത്. തിരുവിതാംകൂറില്‍ അയ്യങ്കാളിയെ മതംമാറ്റാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. അയ്യങ്കാളിയുടെ സംഘവും പാതിരിമാരുമായി നടത്തിയ പരസ്യസംവാദം പാതിരിമാര്‍ക്കു പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
ഇതൊന്നും മനസ്സിലാക്കാതെ മതംമാറിയവര്‍ ചെന്നിടത്ത് വരത്തന്മാരായി മാറി. പൂയിസ്ലാന്‍ എന്നും അവശക്രിസ്ത്യാനി എന്നും മറ്റുമുള്ള അപഹാസ്യമായ പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്കായി കൈനീട്ടേണ്ട ഗതികേടിലുമായി.

 

ഈ പശ്ചാത്തലത്തില്‍ വേണം ഘര്‍വാപസി എന്ന പ്രതിഭാസത്തെ വിലയിരുത്താന്‍. ജനങ്ങള്‍ ഇപ്പോള്‍ പഴയപോലെ നിരക്ഷരരോ, എളുപ്പം പറ്റിക്കപ്പെടുന്നവരോ അല്ല. ഇരട്ടത്താപ്പുകളെ മനസ്സിലാക്കാനും പറ്റിപ്പോയ അബദ്ധങ്ങള്‍ തിരുത്താനും അവര്‍ പഠിച്ചുകഴിഞ്ഞു. അങ്ങനെയുള്ളവരെ ഇനിയും വാചാടോപങ്ങള്‍ വഴി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതു വൃഥാവിലാവും. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം അവര്‍ക്കും അവകാശപ്പെട്ടതാണല്ലോ.

 

അതല്ല, മതപരിവര്‍ത്തനം തടയുകതന്നെ വേണമെങ്കില്‍ അതിനു ഗാന്ധിജി പറഞ്ഞതുപോലുള്ള നിയമം കൊണ്ടുവരേണ്ടിവരും. അതും ചര്‍ച്ചചെയ്യാവുന്നതേയുള്ളൂ. നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ നടത്തുന്ന മതംമാറ്റം തടയുന്ന ഒരു നിയമവും കേരളത്തില്‍ ഇപ്പോള്‍ നിലവിലില്ല. ഭാരതത്തില്‍തന്നെ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലേ അങ്ങനെയൊരു നിയമം പ്രാബല്യത്തിലുള്ളൂ. അത്തരം നിയമം കേരളത്തിലും കൊണ്ടുവരേണ്ട സമയമായി എന്ന് അടുത്തകാലത്തു കേരള ഹൈക്കോടതിയും ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ആരും അതു പരിഗണിച്ചുകണ്ടില്ല.

 

ഈ വിഷയത്തില്‍ ശ്രീ ഗുരുജി ഗോള്‍വള്‍ക്കര്‍ 1956-ല്‍ തന്നെ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരുന്നു: ”മറ്റൊരു ആരാധനാ സമ്പ്രദായം സ്വീകരിച്ചവര്‍ അതുതന്നെ തുടരുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ സ്വധര്‍മത്തിലേക്കു തിരിച്ചുവരാനാഗ്രഹിക്കുന്നവര്‍ക്കുവേണ്ടി എല്ലാ വാതിലുകളും തുറന്നിടുകതന്നെ വേണം. ഹിന്ദുസമാജം മാനസികമായി അതിനു തയാറാവുകയും വേണം.”സ്വന്തം സമാജത്തോടു കൂറുള്ള ആരും തങ്ങളുടെ എണ്ണം കുറയുന്നതില്‍ ആകുലപ്പെടും; കൂടുന്നതില്‍ സന്തോഷിക്കുകയും ചെയ്യും. ഈ കാഴ്ചപ്പാടിലൂടെയാണ് രാഷ്ട്രീയ സ്വയംസേവകസംഘം ഘര്‍വാപസിയെ വീക്ഷിക്കുന്നത്.

കടപാട് : മലയാള മനോരമ

News Feed
Filed in

ഭാസ്‌ക്കരജ്വോതിസ്വരൂപം

What is Ghar Vapsi : R. Hari

Related posts