6:08 am - Friday July 21, 2017

രാധാകൃഷ്ണ ഭട്ട് അന്തരിച്ചു.

കൊച്ചി : രാഷ്ട്രീയ സ്വയംസേവക് സംഘം പ്രാന്തീയ ശാരീരിക് പ്രമുഖ്, പ്രാന്തീയ ബൗദ്ധിക്ക് പ്രമുഖ് തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിരുന്ന വി. രാധാകൃഷണ ഭട്ട് (80) ഇന്ന് രാവിലെ അന്തരിച്ചു. കേരളത്തിലെ സംഘപ്രവര്‍ത്തനത്തിനു അടിത്തറപാകിയ വ്യക്തികളിലൊരാളായ അദ്ദേഹം ഭട്ജി എന്നാണ് അറിയപ്പെട്ടിരുന്നത്. എറണാകുളം തിരുമല ദേവസ്വം ദേശത്തു നിന്നും ആര്‍. ഹരിയേട്ടന്‍, ഭാസ്‌ക്കര്‍ജി എന്നിവര്‍ക്കൊപ്പം വളര്‍ന്നു വന്ന കാര്യകര്‍ത്താവായിരുന്നു. എറണാകുളം ടി ഡി നരേന്ദ്ര പ്രഭാത് ശാഖയിലെ നിലക്കാത്ത ഊര്‍ജ്ജമായിരുന്ന ഭട്ജി മികച്ച സംഘാടകനും ഉജ്വല പ്രഭാഷകനുമായിരുന്നു. ചരിത്രകഥകള്‍ വികാരനിര്‍ഭരമായി പാടി അവതരിപ്പിക്കാനുള്ള (ഗീത് കഹാനി) കഴിവ് അപാരമായിരുന്നു. അടിയന്തരാവസ്ഥയില്‍ 24 മാസം ജയില്‍വാസമനുഷ്ടിച്ചു. സംഘ ചുമതലകള്‍ക്കൊപ്പം മികച്ച പുരാണ കഥാപ്രഭാഷകന്‍, ഹരികഥ പ്രഭാഷകന്‍ എന്നീ നിലയില്‍ പേരെടുത്തു. വിശാലഹിന്ദുസമ്മേളനത്തിന്റെ്റ മുന്‍നിര സംഘാടകന്‍.

ഉപദേശകഥകള്‍, ബോധ കഥകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിറഞ്ഞ ആത്മവിശ്വാസത്തിന്റെ സമൂര്‍ത്ത രൂപമായിരുന്ന ഭട്ജി വിവേകാനന്ദ സേവാ സമിതി എന്ന പേരില്‍ സേവാപ്രവര്‍ത്തനം നടത്തി വരികയായിരുന്നു.

ഭാര്യ ശ്യാമള. ഏക മകള്‍ ശോഭ. മരുമകന്‍ ശ്രീകുമാര്‍ ചാര്‍ട്ടേഡ് അക്വണ്ടന്റ്. അന്തരിച്ച പ്രഫ. മുരളീധര ഭട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സര്‍വ്വകലാശാല പ്രഫസറായിരുന്നു. ഡോ. നിത്യാനന്ദ ഭട് സുകൃതീന്ദ്ര ഓറിയന്റല്‍ റിസര്‍ച്ച് സെന്റര്‍, പ്രഫ. ശിവാനന്ദ ഭട്ട് സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് മുന്‍ പ്രഫസര്‍ എന്നിവര്‍ സഹോദരന്മാരാണ്.

രാധാകൃഷ്ണ ഭട്ട് സംഘശിബിരങ്ങളില്‍ നടത്തിയ ഹൃദയസ്പര്‍ശിയായ ബൗദ്ധിക്കുകളും ഗീത് കഹാനി കാര്യക്രമവും സ്വയംസേവകരുടെ മനസ്സില്‍ എക്കാലവും ജ്വലിച്ചു നില്‍ക്കും. വി. രാധാകൃഷ്ണ ഭട്ട് എന്ന മാതൃകാ സ്വയംസേവകനു വിശ്വസംവാദകേന്ദ്രത്തിന്റെ ആദരാഞ്ജലികള്‍.

Filed in

നവതിയാഘോഷം: ഉദ്ഘാടകന്‍ നളന്ദ വിസി, രാജ്‌നാഥ് സിങ് മുഖ്യാതിഥി

Exclusive Interview of Shri Mohan Bhagwat ji: ‘Social Equality is a Matter of Conviction’

Related posts