9:01 am - Monday February 26, 2018

സ്വയം ഹിന്ദുവെന്നു പറയുന്നവര്‍ ഹിന്ദുക്കള്‍ തന്നെ: ആര്‍എസ്എസ്

ലഖ്‌നൗ: ഞാന്‍ ഹിന്ദുവാണെന്ന് സ്വയം പറയാന്‍ തയ്യാറാകുന്നവരെ ഹിന്ദുക്കളായി കണക്കാക്കാമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു. ഇക്കാര്യത്തില്‍ അവര്‍ പിന്തുടരുന്ന ആചാരങ്ങള്‍ പരിഗണിക്കേണ്ടതില്ല, ലഖ്‌നൗവില്‍ നടന്ന മൂന്നു ദിവസത്തെ അഖില ഭാരതീയ കാര്യകാരി മണ്ഡലിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ്സിലേക്ക് ധാരാളം പേര്‍ വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സംഘം അതിവേഗം വളരുകയാണെന്നു ചൂണ്ടിക്കാട്ടിയ സര്‍കാര്യവാഹ് ഹിന്ദുക്കളല്ലാത്തവരും സംഘത്തിലേക്കു വരുന്നുണ്ടെന്ന് പറഞ്ഞു. അവരേയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമങ്ങളിലും അതിവേഗം സംഘം വളരുകയാണ്. ഈ വര്‍ഷം ഒന്നരലക്ഷത്തോളം യുവാക്കള്‍ സംഘ ശിക്ഷാ വര്‍ഗുകളില്‍ പങ്കെടുത്തു.
സേവന പ്രവര്‍ത്തനങ്ങള്‍ സംഘത്തിന്റെ കാര്യപരിപാടിയാണെന്നു പറഞ്ഞ സുരേഷ് ജോഷി ആ സേവനങ്ങള്‍ രാഷ്ട്രത്തിന്റെ ഏകതയുടെ പ്രതീകമാണെന്ന് വിശദീകരിച്ചു. പ്രളയം നടന്ന ജമ്മു കശ്മീരില്‍ മാത്രമല്ല ഇതു കാണേണ്ടത്. സമൂഹത്തിലെ വനവാസി, പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സംഘം സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഒരു ലക്ഷത്തി അറുപതിനായിരം സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പരിസ്ഥിതി നേരിടുന്ന വെല്ലുവിളി വലുതാണെന്നു പറഞ്ഞ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സമൂഹത്തില്‍ ജലസംരക്ഷണവും വനവല്‍കരണവും സംബന്ധിച്ച ബോധവല്‍കരണം അത്യാവശ്യമായിരിക്കുന്നുവെന്നു അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യത്തില്‍ പഠന ശിബിരങ്ങള്‍ നടത്താന്‍ സംഘം തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷ മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ മാറ്റങ്ങള്‍ക്കുവേണ്ടി അവരുടെ ജാഗ്രത പ്രകടിപ്പിച്ചതുപോലെ ഇന്നത്തെ കഠിന സ്ഥിതിയില്‍നിന്ന് കരകയറാനുള്ള ഉചിതമായ തീരുമാനവും കൈക്കൊള്ളണമെന്ന് അഭിപ്രായപ്പെട്ടു. മുന്‍ സര്‍ക്കാര്‍ രാജ്യത്തിന് ദോഷകരമായിരുന്നു. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു. രാജ്യത്തെ മാറ്റം ആഗ്രഹിക്കുന്നവര്‍ക്കൊപ്പം നിന്ന സംഘം നൂറു ശതമാനം വോട്ടിങ് നടത്താന്‍ ആഹ്വാനം ചെയ്തു, അദ്ദേഹം പറഞ്ഞു.ഹിന്ദുക്കളെ കൂടുതല്‍ ഉണര്‍ത്താന്‍ സംഘം പരിശ്രമിക്കുമെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ സമൂഹം കരുത്തുറ്റതാകണം. എങ്കിലേ രാജ്യം ശക്തമാകൂ, അദ്ദേഹം വിവരിച്ചു.
ഗ്രാമങ്ങള്‍ ശക്തിപ്പെടാന്‍ ഗ്രാമീണര്‍ സ്വന്തം പദ്ധതികളുണ്ടാക്കണം. അവരുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുകയാണു വേണ്ടത്. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പഠിപ്പുണ്ടാകണം. ഗ്രാമങ്ങള്‍ കൂടുതല്‍ സൗകര്യവും സൗന്ദര്യവുമുള്ളതാകണം. അവിടെ പരിസ്ഥിതി സംരക്ഷിക്കണം. ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ ഉണ്ടാകണം. വേര്‍തിരിവുകളില്ലാതെ കുടില്‍ വ്യവസായങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ഇതാണ് സംഘത്തിന്റെ ഗ്രാമവികസന പദ്ധതിയെന്ന് സുരേഷ് ജോഷി പറഞ്ഞു.
സമൂഹത്തിനു ഭരണത്തിന്റെ സഹായം വേണം. സര്‍ക്കാര്‍ ജനതാല്‍പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കണം. അവരുടെ സംവിധാനങ്ങള്‍ നേരാംവണ്ണമാക്കണം. അവര്‍ക്കു സുരക്ഷ ഉറപ്പാക്കണം. സമൂഹത്തിലെ ദോഷങ്ങള്‍ ഇല്ലാതാകാന്‍ സമൂഹം സ്വയം ആദ്യം നേരായ വഴിയില്‍ പ്രവര്‍ത്തിക്കണം. സര്‍ക്കാരിനെ മാത്രം എല്ലാറ്റിനും ആശ്രയിക്കരുത്, സര്‍കാര്യവാഹ് പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചു ചോദിക്കവേ സര്‍ക്കാരിനു സാവകാശം നല്‍കണമെന്നു സര്‍കാര്യവാഹ് പറഞ്ഞു. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉണ്ട്. അവിടെ നിത്യപൂജയും നടക്കുന്നുണ്ട്. അവിടെ ഇനി വേണ്ടത് വിശാലമായ ക്ഷേത്ര നിര്‍മ്മാണമാണ്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ നീക്കുമെന്ന് ഈ സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ പറയുന്നുണ്ട്. അവര്‍ക്കു സമയം കൊടുക്കേണ്ടതുണ്ട്, അദ്ദേഹം വിശദീകരിച്ചു.

 

News Feed

ആര്‍എസ്എസ്സിന്റെ അംഗബലമേറുന്നു

വന്‍ വളര്‍ച്ച,2015ല്‍ മാത്രം രാജ്യത്ത് 5,524 നിത്യശാഖകള്‍ വര്‍ദ്ധിച്ചു:ആര്‍എസ്എസ്

Related posts