3:19 pm - Saturday February 23, 4897

കഥകളിലൂടെ കാര്യങ്ങള്‍ പറഞ്ഞ് ആര്‍എസ്എസ് സര്‍സംഘചാലക്

കൊളത്തൂര്‍(കോഴിക്കോട്): ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് കഥകളിലൂടെ സരസമായ മറുപടി പറഞ്ഞ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. കണ്ണൂരിലെ ആര്‍എസ്എസ് പ്രാന്തീയ കാര്യകര്‍തൃ വികാസ വര്‍ഗ്ഗില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടയില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം സന്ദര്‍ശിച്ചപ്പോഴായിരുന്നു കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്.

 

മഠാധിപതി സ്വാമി ചിദാനന്ദപുരിയുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷം ആശ്രമഹാളില്‍ ഒത്തുകൂടിയവരോട് മോഹന്‍ഭാഗവത് സംസാരിച്ചു. ശ്രീശങ്കര വിദ്യാമന്ദിരത്തിലെയും ശ്രീശങ്കര ബാലസദനത്തിലെയും വിദ്യാര്‍ത്ഥികളെ കൂടാതെ നൂറുകണക്കിന് പേര്‍ മോഹന്‍ ഭാഗവതിനെ കാണാനെത്തിയിരുന്നു.

 

കേരളത്തിലെന്തുകൊണ്ടാണ് ബിജെപി മുന്നിലെത്താത്തതെന്നായിരുന്നു അഞ്ചാംക്ലാസിലെ യമുനയുടെ ചോദ്യം. താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും ആര്‍എസ്എസ് രാഷ്ട്രീയ മേഖലയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു  . ലക്ഷ്യം നേടിയെടുക്കുന്നതിന് ആവശ്യമായ ഗുണങ്ങള്‍ അനിവാര്യമാണ്. ലക്ഷ്യബോധം, ജ്ഞാനം, സുശീലം, സത്യനിഷ്ഠ, ബലം എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അര്‍ജുനന്റെയും ധ്രുവന്റെയും നചികേതസിന്റെയും കഥകള്‍ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

ആര്‍എസ്എസ് ഇല്ലെങ്കില്‍ ഭാരതത്തിന്റെ സ്ഥിതിയെന്താകുമെന്നായിരുന്നു അഞ്ചാംക്ലാസ്സിലെ ആഞ്ജനേയനറിയേണ്ടിയിരുന്നത്. ആര്‍എസ്എസ് ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് അനുമാനിക്കേണ്ടതില്ല. ആര്‍എസ്എസ് ഉണ്ടല്ലോ എന്നും അദ്ദേഹം മറുപടി പറഞ്ഞു. ദേശത്തിനു വേണ്ടി ജീവിക്കാനും പ്രവര്‍ത്തിക്കാനും സമൂഹം സ്വയം തയ്യാറാവണം. ദേശീയ ചാരിത്ര്യം ഉള്‍ക്കൊണ്ട് ജനത രാഷ്ട്രാനുകൂലമായി ചിന്തിക്കണം-അദ്ദേഹം പറഞ്ഞു.

 

ഇന്നലെ വൈകിട്ട് 3.15 ഓടെ ആശ്രമത്തിലെത്തിയ മോഹന്‍ ഭാഗവതിനെ ആശ്രമ കവാടത്തില്‍ വെച്ച് സ്വാമി ചിദാനന്ദപുരി സ്വീകരിച്ചു. ആശ്രമ നടത്തിപ്പിനെക്കുറിച്ചും പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. സ്വാമി സത്യാനന്ദപുരി, സ്വാമിനി ശിവാനന്ദപുരി, ബ്രഹ്മചാരിമാരായ വേദ ചൈതന്യ, വിവേകചൈതന്യ അഞ്ചര വര്‍ഷത്തെ വേദാന്ത കോഴ്‌സിലെ  പഠിതാക്കള്‍ എന്നിവരെ സര്‍ സംഘചാലക് പരിചയപ്പെട്ടു.

 

സ്വാമി ചിദാനന്ദപുരി കാലിക്കറ്റ് സര്‍വകലാശാല  സനാതനധര്‍മ്മ പീഠത്തില്‍ ചെയ്ത പ്രഭാഷണങ്ങളുടെ സമാഹാര ഗ്രന്ഥമായ സനാതന ധര്‍മ്മ പരിചയം, ഭഗവദ്ഗീതാ ശങ്കരഭാഷ്യത്തിന്റെ സ്വാമി ചിദാനന്ദപുരി വ്യാഖ്യാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ രണ്ട് വാള്യങ്ങള്‍ എന്നിവ സ്വാമി ചിദാനന്ദപുരി മോഹന്‍ ഭാഗതിന് നല്‍കി.

 

ഇന്നലെ 10.45 ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ മോഹന്‍ഭാഗവത് ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, പ്രാന്തപ്രചാരക് പിആര്‍ ശശിധരന്‍, സഹപ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, ഗ്രാമജില്ലാ സംഘചാലക് അഡ്വ. പി.കെ.  ശ്രീകുമാര്‍ എന്നിവരോടൊപ്പം പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടിമാസ്റ്ററുടെ നന്മണ്ടയിലെ  വീട്ടിലെത്തി. ഉച്ചഭക്ഷണത്തിനു ശേഷമാണ് ആശ്രമത്തിലേക്ക് പുറപ്പെട്ടത്. ആശ്രമത്തിലെ സ്വീകരണത്തിന് ശേഷം മോഹന്‍ ഭാഗവതും മറ്റു സംഘകാര്യകര്‍ത്താക്കളും കണ്ണൂരിലേക്ക് പോയി.

 

മോഹന്‍ ഭാഗവതിനൊപ്പം ആര്‍എസ്എസ് അഖില ഭാരതീയ സഹസേവാപ്രമുഖ് ഗുണവന്ത് സിങ് കോത്താരി, അഖിലേന്ത്യാ പ്രചാരക് പ്രമുഖ് അദൈ്വത് ചരണ്‍ ദത്ത് എന്നിവരും ഉണ്ടായിരുന്നു.കണ്ണൂര്‍ ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രാന്തീയ കാര്യകര്‍തൃ വികാസ വര്‍ഗ് ഇന്നാരംഭിക്കും. വര്‍ഗ് 23 ന് വൈകിട്ട് അവസാനിക്കും.

 

Filed in

ഹിന്ദു ഹൃദയ സാമ്രാട്ട് അശോക്‌ സിംഗാള്‍ജിക്കു പ്രണാമങ്ങള്‍

ഹിന്ദു ഹൃദയസാമ്രാട്ട് ശ്രീ. അശോക് സിംഗാള്‍ജിക്കു ജനസഹസ്രങ്ങളുടെ അന്ത്യാഞ്ജലി

Related posts