3:25 pm - Wednesday January 24, 2018

ആര്‍.എസ്.എസ്. സര്‍സംഘചാലക് ആലുവ തന്ത്ര വിദ്യാപീഠത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ (യഥാരൂപം)

‘പഴയതെന്തും മോശമാണ് എന്ന് പറഞ്ഞു തള്ളിക്കളയുന്ന ഒരു പ്രവണതയാണ് ഇക്കാലത്ത് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ തന്ത്രവിദ്യാപീഠത്തിലേക്ക് പഠിക്കുവാന്‍ വിദ്യാര്‍ഥികളെ ലഭിക്കുവാനും ബുദ്ധിമുട്ടുണ്ടാവാന്‍ ഇടയുണ്ട്.’ ആലുവയില്‍ തന്ത്രവിദ്യാപീഠം ഉത്ഘാടനം ചെയ്യവേ രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
‘പടിഞ്ഞാറന്‍ ശാസ്ത്രം കരുത്തോടെ ആവേശിച്ചിരിക്കുന്ന ഈ സമയത്ത് തദ്ദേശീയമായ ശാസ്ത്രത്തെ ഒന്ന് പരീക്ഷിച്ചു നോക്കുക പോലും ചെയ്യാതെ അവഗണിക്കുകയാണ്. ഇത് ശാസ്ത്രത്തിന്റെ കാലമാണ്. വേദകാലമല്ല എന്നാണു ആധുനികരുടെ മതം. വേദങ്ങളെ അറിയാതെ, അല്ലെങ്കില്‍ അവിടെയും ഇവിടെയും ചിലത് മാത്രം അറിഞ്ഞതിന് ശേഷം ആധുനിക ശാസ്ത്രത്തിന്റെ ആധിപത്യം ഉറപ്പിക്കുവാന്‍ വേണ്ടി അവയെ പാടെ തള്ളിക്കളയുകയാണ്. എന്റെ ബിരുദാനന്തര ബിരുദ പഠനകാലത്ത് റീഡേഴ്‌സ് ഡൈജസ്റ്റ് മാസികയുടെ 75-)ം വര്‍ഷം ആഘോഷിക്കുന്നതിനായി അവര്‍ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയത് കാണാനിടയായി. അതിലെ ഒരു ലേഖനം എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. അമേരിക്കയിലെ ഒരു പ്രമുഖ ശാസ്തജ്ഞന്‍ എഴുതിയ ലേഖനമായിരുന്നു അത്. അതില്‍ ഇപ്രകാരം പറഞ്ഞിരുന്നു. ‘ ശാസ്ത്രം ഇപ്പോള്‍ ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ കണിക വരെ വിഘടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ ഏറ്റവും ചെറിയ കണികകളെ വരെ നാം നോക്കിക്കാണുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഈ കണികകള്‍ സ്വയം അസ്വസ്ഥമാകുന്നു. അങ്ങനെ അസ്വസ്ഥമായിരിക്കുന്ന ഒന്നിനെ നാം എങ്ങനെയാണ് നോക്കി പഠിക്കുക? അതിനെ വീണ്ടും എങ്ങനെയാണ് വിഘടിപ്പിക്കുക? അവിടെ നമ്മുടെ കാഴ്ച നിലയ്ക്കുന്നു. ശാസ്ത്രം പതറുന്നു. പുരോഗതി തടയപ്പെടുന്നു.

ഇനി മറ്റൊന്ന്, നമ്മുടെ മുന്നില്‍ അനേക പ്രകാശവര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള ഒരു നക്ഷത്രത്തിന്റെ പ്രകാശമെത്തുന്നു. ഈ നക്ഷത്രം നമ്മുടെ മുന്നിലാണോ പിന്നിലാണോ യഥാര്‍ഥത്തില്‍ സ്ഥിതി ചെയ്യുന്നത്? അതിന്റെ പ്രകാശത്തിനു അപഭ്രംശം സംഭവിച്ചാണോ അത് നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്? ഇത് യഥാര്‍ത്ഥത്തില്‍ തിരിച്ചറിയണമെങ്കില്‍ നാം പ്രകാശവേഗത്തില്‍ ശരീരം കൊണ്ട് സഞ്ചരിച്ച് അവിടെ എത്തണം. പക്ഷെ അത്ര വേഗത്തില്‍ നാം സഞ്ചരിച്ചാല്‍ നമ്മുടെ ശരീരം പിഞ്ചിക്കീറി വെറും കണികകളായി മാറിപ്പോവും. അവിടെയും ശാസ്ത്രം ഒരു സന്നിഗ്ദ്ധഘട്ടത്തില്‍ പകച്ചു നില്‍ക്കുകയാണ്.’ എന്നിട്ട് ആ ശാസ്ത്രജ്ഞന്‍ തുടരുന്നു… ‘ പ്രകാശവേഗത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുവാന്‍ കരുത്തുള്ള ഒന്നാണ് നമുക്ക് ആവശ്യം. അത് മനുഷ്യന്റെ മനസ്സാണ്. എന്നാല്‍ ഭൗതികത്തില്‍ ഊന്നിയുള്ള ആധുനിക ശാസ്ത്രത്തിന് ഇതുവരെ (അന്ന്) അത്തരം പഠനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ എന്ത് ചെയ്യണം? അത്തരം പഠനങ്ങള്‍ നടത്തിയിട്ടുള്ള ഗ്രന്ഥങ്ങള്‍ വായിക്കണം. ഭാരതത്തിന്റെ സ്വന്തമായ ‘യോഗവാസിഷ്ടം,’ ‘ പതഞ്ജലി യോഗ സൂത്രം’ എന്നീ ഗ്രന്ഥങ്ങളാണ് വായിക്കേണ്ടത്.’ അതെ ആ പടിഞ്ഞാറന്‍ ശാസ്ത്രജ്ഞന്‍ പറഞ്ഞത്, നമ്മുടെ യോഗവാസിഷ്ടം, പതഞ്ജലി യോഗ സൂത്രം എന്നീ ഗ്രന്ഥങ്ങളെക്കുറിച്ചാണ്.

എന്തിനാണ് ഒരു ശാസ്ത്രം മറ്റൊരു ശാസ്ത്രത്തെ വെറുപ്പോടെ നോക്കിക്കാണുന്നത്? ശാസ്ത്രം, ഏതു വസ്തുവിനെക്കുറിച്ചും വിശദമായി പഠിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. ആധുനികശാസ്ത്രം ഭൗതീകമാണ്. ലോകം ഭൗതീകമാണ് എന്നുള്ള കാഴ്ചപ്പാടിലാണ് അതിന്റെ അടിസ്ഥാനം. അതുകൊണ്ട് വിഘടിപ്പിക്കാനാകുന്ന വസ്തുക്കളെ എല്ലാം വിഘടിപ്പിച്ച് അതിനെ മനസ്സിലാക്കുന്നു. അങ്ങനെ ഒരു സമയത്ത് ആ വസ്തു ഇനി വിഘടിപ്പിക്കാനാവാത്ത ഒരു അവസ്ഥയിലെത്തുന്നു. ആ അവസ്ഥയാണ് പരമമായ സത്യം.

പക്ഷെ ആ പരമമായ സത്യം മനസ്സിലാകാന്‍ ഭൗതീകമായ വഴികള്‍ മാത്രമേയുള്ളോ എന്നതാണ് കാതലായ ചോദ്യം. ‘ആന്തരീകജ്ഞാനം ‘ അഥവാ ഇന്റ്യൂഷന്‍ കൊണ്ടും അത് സാധിക്കാം എന്ന് ഇന്ന് ആധുനീക ശാസ്ത്രം മനസ്സിലാക്കിയിരിക്കുന്നു.

ഒരുദാഹരണം പറയാം. ബെന്‍സീന്‍ തന്മാത്രയുടെ ഘടന മനസ്സിലാക്കുന്നതിനായി ശാസ്ത്രജ്ഞനായ കേക്യുലേയ്ക്ക് ഉണ്ടായ സ്വപ്നം അതിവിഭ്രമാകമാണ്. ബെന്‍സീന്‍ തന്മാത്രയെ എങ്ങനെ വിശദീകരിക്കും എന്ന് ആലോചിച്ച് ആലോചിച്ച് അദ്ദേഹം ഉറങ്ങിപ്പോയി. ആ ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്നം കാണുകയാണ് പരസ്പരം വിഴുങ്ങാന്‍ മുതിരുന്ന മൂന്നു പാമ്പുകളെ പോലെ ഒരു വൃത്താകാരത്തില്‍ നൃത്തം ചെയ്യുന്ന ബെന്‍സീന്‍ തന്മാത്രകള്‍! ഇതാണ് അന്തര്‍ജ്ഞാനം. ഇത് നമുക്ക് വ്യക്തിപരമായി മാത്രം അനുഭവേദ്യമാകുന്ന ഒന്നാണ്. നമുക്ക് അത് വിശദീകരിക്കാം. കേക്യുലിന്റെ ഈ അനുഭവം ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചതാണ്.

ഈ വഴി, അന്തര്‍ജ്ഞാനത്തിന്റെ ഈ വഴിയാണ് ഭാരതത്തിന്റെ വഴി. നമ്മുടെ പരമ്പരാഗത വഴി. ഇത് ആത്മീയതയില്‍ ഊന്നിയുള്ളതാണ്. ആദ്യകാല ഉപനിഷത്തുകള്‍ നോക്കുകയാണെങ്കില്‍ കാണുക, പുറമെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പഠനമാണ്. അതായത്, കാറ്റാണോ ബ്രഹ്മം? ആകാശമാണോ ബ്രഹ്മം? അഗ്‌നിയാണോ ബ്രഹ്മം? അതോ ഇനി ഒഴുകുന്ന പുഴയാണോ ബ്രഹ്മം? അങ്ങനെ… പക്ഷെ അവര്‍ക്ക് മനസ്സിലായി അതൊന്നുമല്ല ബ്രഹ്മം എന്ന്. അങ്ങനെ പതിയെ പതിയെ അവര്‍ (ഋഷിമാര്‍) ഉള്ളിലേക്ക് നോക്കുവാന്‍ തുടങ്ങി. എങ്ങനെയാണ് ആത്മീയത കണ്ടെത്തിയതെന്ന് ഉപനിഷത്തുകള്‍ വിശദീകരിക്കുന്ന വരികള്‍ ഉണ്ട്. ഏതോ ഒരു ഭാഗ്യവാനായ ഋഷി ആദ്യമായി പുറമേ ബ്രഹ്മത്തെ തേടുന്നതിനു പകരം ഉള്ളില്‍ തേടുവാന്‍ തുടങ്ങി.

അന്നാണ് ‘അധ്യാത്മം’ ഉണ്ടായത്. അതെന്താണ് പറയുന്നത്? സത്യം ദ്രവ്യത്തിനും അപ്പുറമാണ്. അതുകൊണ്ട് ദ്രവ്യത്തില്‍ അത് തേടാതെ ആത്മാവിലേക്ക് അന്വേഷിക്കുക. അവിടെ മാത്രമേ സത്യത്തെ കാണൂ. ആ സത്യത്തിലാണ് നാം എത്തിച്ചേരേണ്ടത്. അങ്ങനെ ഈ ലോകത്തിലെ എല്ലാ പ്രഹേളികകളും നാം ഓരോന്നായി എടുത്ത് അതിന്റെ ‘അധ്യാത്മ’ത്തെ തേടുക. ഉത്തരങ്ങള്‍ ലഭിക്കും.
അതാണ് നമ്മുടെ, ഭാരതത്തിന്റെ ‘തന്ത്രം.’ നമ്മുടെ വേദങ്ങളില്‍ പറയുന്ന പരമ്പരാഗത പഠന രീതി. ആധുനിക ശാസ്ത്രം അത് എന്താണെന്ന് അന്വേഷിക്കാതെ അപ്പാടെ തള്ളിക്കളയുന്നു.

എന്താണ് തന്ത്രം? യഥാര്‍ത്ഥത്തില്‍ അത് ‘സാങ്കേതികത’ അഥവാ ടെക്‌നോളജി തന്നെയാണ്. ആത്മീയ സാങ്കേതികത. ആധുനിക ശാസ്ത്രം ഭൗതീക സാങ്കേതികതയാണ്. തന്ത്രം അതിപുരാതനവും, ശാസ്ത്രം ഇപ്പോള്‍ പിറന്നതുമാണ്.
ഭൗതീക ശാസ്ത്രത്തില്‍ പരീക്ഷണങ്ങള്‍ ചെയ്തു കാണിക്കുവാനുള്ള വഴികളുണ്ട്. മറ്റുള്ളവര്‍ക്ക് ഗോചരമാവുകയും ബോധ്യമാവുകയും ചെയ്യാനുള്ള വഴികള്‍. അത് ടെലിവിഷനില്‍ കാണിക്കുകയും, യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യാം. എന്നാല്‍ തന്ത്രത്തില്‍ അത് സ്വാനുഭവമാണ്. ആരെയും വിളിച്ചു കാട്ടി ബോധ്യപ്പെടുത്താന്‍ ആവാത്തത്. ആത്മത്തിനു മാത്രം അനുഭവമായത്. രണ്ടും രണ്ടു വഴിയിലൂടെ സത്യത്തെ തേടുന്നു. പുതിയ സാങ്കേതികത വരുമ്പോള്‍ പഴയത് അപ്രത്യക്ഷമാകുന്നു എന്ന് പറയുന്നത് തെറ്റാണ്. പഴയതിന്റെ ഉപയോഗം കുറയുന്നു എന്ന് പറയാം. എന്നാലത് പൂര്‍ണമായും ഇല്ലാതാവുന്നില്ല. കാരണം അത് ഒരു കാലഘട്ടത്തിലെ അറിവാണ്. ഒരറിവും ഇല്ലാതാവുകയില്ല.

ഉദാഹരണത്തിന്, ഇപ്പോള്‍ ആധുനിക ശാസ്ത്രം ‘Oral Rehydration’എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു പാനീയത്തേപ്പറ്റി പറയാം. ഒരു ഗ്ലാസ് വെള്ളത്തില്‍ പഞ്ചസാരയും ഒരുനുള്ളു ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന ഈ പാനീയം എപ്പോള്‍ മുതല്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്നറിയാമോ? കോളറയും, മറ്റു ഉദരരോഗങ്ങളും വന്നു കഷ്ടപ്പെടുന്നവര്‍ക്ക് രോഗാണുക്കളെ നശിപ്പിച്ചാല്‍ മാത്രം പോരാ, ഒരു വഴിക്ക് ശരീരം ബലപ്പെടുത്തുകയും വേണം. ഇന്ന് സലൈന്‍ ഞരമ്പുകളില്‍ കയറ്റുന്ന രീതിക്ക് ബദലായി നമ്മുടെയൊക്കെ വലിയ മുത്തശ്ശിമാര്‍ സ്പൂണില്‍ കോരി നല്‍കിയിരുന്നതാണ് ഈ ‘Oral Rehydration’. ആയുര്‍വേദ മരുന്നുകളോടൊപ്പം അന്ന് നല്‍കിയിരുന്ന ഈ പാനീയം കാലാന്തരത്തില്‍ മറക്കപ്പെട്ടു. എന്നാല്‍ അത് ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നു. ഇതാണ് നമ്മുടെ പാരമ്പര്യം. പരീക്ഷണം ചെയ്തു മനസ്സിലാക്കാതെ കാര്യങ്ങള്‍ തള്ളിക്കളയുന്ന ഈ രീതി മാറ്റിയെടുക്കണം. തെറ്റാണെങ്കില്‍ പോലും അത് പരീക്ഷിച്ചു നോക്കി മാത്രം തെറ്റാണ് എന്ന് പറയുക. അതാണ് ശരിയായ വഴി.

നമ്മുടെ നാട്ടില്‍ ഇന്ന് ശരിയായ ശാസ്ത്രാവബോധം ഉള്ള തലമുറ വളര്‍ന്നു വരേണ്ടത് അനിവാര്യമായിരിക്കുന്നു. ആഴത്തിലുള്ള പഠനം മാത്രമല്ല, ആരുടേയും ചോദ്യങ്ങള്‍ക്ക് ഉറച്ച ഉത്തരങ്ങള്‍ അവയുടെ വിശദീകരണങ്ങളോടൊപ്പം നല്‍കുവാന്‍ കഴിയുന്ന വിദ്യാഭ്യാസം ലഭിച്ച ഒരു തലമുറ. ആ വിദ്യാഭ്യാസം നല്‍കുവാന്‍ ഈ തന്ത്ര വിദ്യാപീഠത്തിന് കഴിയുമെന്ന് ഞാന്‍ ആശിക്കുന്നു. പണ്ട് നമ്മുടെ അറിവുകളെ രാജാക്കന്മാര്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇന്ന് ജനാധിപത്യത്തില്‍ അതിനുള്ള പ്രതീക്ഷ കുറഞ്ഞു വരുന്നു. ഇവിടെ കൂടിയിരിക്കുന്ന പുണ്യാത്മാക്കളോട് ഉള്ള എന്റെ അപേക്ഷ, ഈ ഉദ്യമം ഈ തന്ത്രവിദ്യാപീഠത്തിന്റെയോ, അതിന്റെ ചുമതലക്കാരുടെയോ മാത്രം ഉത്തരവാദിത്തമാക്കാതെ എല്ലാവരും ചേര്‍ന്ന് ഈ ഉദ്യമം സാര്‍ത്ഥകമാക്കാനുള്ള ശ്രമം നടത്തണം എന്നാണ്.

പൈതഗോറസ് തിയറം ഉണ്ടാവുന്നതിനും 900 കൊല്ലം മുന്‍പ് ബോധായന ശുല്‍ബ സൂത്രം സൂത്രം നമുക്കുണ്ടായിരുന്നു. നമ്മുടെ ഗ്രന്ഥങ്ങളില്‍ അത് എഴുതി ചേര്‍ത്തിട്ടുണ്ട്. ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് കോപ്പര്‍ നിക്കസിനും ആധുനീക ശാസ്ത്രജ്ഞര്‍ക്കും മുന്‍പ് നമ്മുടെ വേദങ്ങളില്‍ എഴുതിയിട്ടുണ്ട്. നമ്മുടെ പരീക്ഷണങ്ങള്‍ക്ക് പരീക്ഷണ ശാലകള്‍ ആവശ്യമില്ല. പരീക്ഷണ ശാലകളില്‍ ആധുനീക ശാസ്ത്രത്തിനു കണ്ടുപിടിക്കാന്‍ പറ്റാത്ത പല പ്രപഞ്ച രഹസ്യങ്ങളും നാം എത്രയോ കാലം മുന്‍പ് കണ്ടെത്തിയിരിക്കുന്നു!

ഭാരതത്തിന്റെ ഈ പഠനരീതി ഇന്ന് ആധുനീക ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം ആത്മീയപഠന രീതികള്‍ ആണെന്ന് കണ്ടെത്തിക്കഴിഞ്ഞു. അങ്ങനെ പഠിച്ചിറങ്ങുന്ന ഒരു തലമുറ ഈ ലോകത്തിനു ശാന്തിയും സമാധാനവും നല്‍കും. ഇന്നത്തെ ശാസ്ത്രത്തിന്റെ അപക്വരീതികളുടെ ഫലങ്ങളാണ് ആഗോളതാപനവും മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളും. ഇതെല്ലാം ഒഴിവാക്കിയുള്ള ഒരു വിദ്യാഭ്യാസ രീതി, ആധുനീക ശാസ്ത്രവും ഭാരതീയ തന്ത്രവിദ്യയും സമന്വയിപ്പിച്ച് ലോകനന്മയ്ക്കുതകുന്ന പുതുതലമുറയെ സൃഷ്ടിക്കണം എന്നാണു എന്റെ ആഗ്രഹം.

News Feed
Filed in

serious study and research is needed regarding our traditions: Dr. Mohan Bhagwat

Dr. Mohan Bhagwat interacts with the elite of the city

Related posts